TopTop
Begin typing your search above and press return to search.

കുമാരസ്വാമിക്ക് ആശ്വാസം: എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനം പാടില്ലെന്ന് സുപ്രീം കോടതി

കുമാരസ്വാമിക്ക് ആശ്വാസം: എംഎല്‍എമാരുടെ രാജിയിലും അയോഗ്യതയിലും ചൊവ്വാഴ്ച വരെ തീരുമാനം പാടില്ലെന്ന് സുപ്രീം കോടതി
കര്‍ണാടക പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് - ജെഡിഎസ് സര്‍ക്കാരിന് താല്‍ക്കാലിക ആശ്വാസം. 18 വിമത എംഎല്‍എമാരുടെ രാജിയില്‍ ചൊവ്വാഴ്ച വരെ തീരുമാനമെടുക്കരുത് എന്ന് സുപ്രീം കോടതി ഉത്തരവിട്ടു.  ഭരണഘടനാപരമായ വിഷയങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. അതേസമയം കര്‍ണാടക നിയമസഭ സ്പീക്കര്‍ കെആര്‍ രമേഷിനെതിരെ  വിമര്‍ശനവും സുപ്രീം കോടതി നടത്തി. സ്‌പീക്കർ സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യുകയാണോ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.

സ്പീക്കർ രാജിയിൽ ഒരു തീരുമാനവും എടുത്തില്ലെന്ന്  എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റോത്താഗി കുറ്റപ്പെടുത്തി.  താൻ തീരുമാനിക്കും സുപ്രീംകോടതി തനിക്ക് ഉത്തരവ് നൽകാൻ ആളല്ല എന്നാണ് സ്‌പീക്കർ പറഞ്ഞത്. 25 മാധ്യമപപ്രവർത്തകർ പങ്കെടുത്ത വാർത്താ സമ്മേളനത്തിൽ ആണ് ഇത് പറഞ്ഞത്. എന്ത് ധൈര്യത്തിലാണ് സ്‌പീക്കർ ഇങ്ങനെ പറഞ്ഞത് എന്ന് റോത്താഗി ചോദിച്ചു. ഇത് ഭരണഘടനയുടെ 190 ആം അനുഛേദവുമായി ബന്ധപ്പെട്ട വിഷയമാണ്. ഇതിന് പിന്നാലെയാണ് സ്പീക്കറെ കോടതി വിമര്‍ശിച്ചത്.

എംഎൽഎമാർ പരസ്യമായി പറയുന്നു സ്വമേധയാ ആണ് രാജിയെന്ന്. പിന്നെ എന്തിന് സംശയിക്കണം എന്ന് മുകുള്‍ റോത്താഗി ചോദിച്ചു. രാജിയുമായി ചെന്ന തങ്ങളോട് പോയി തുലയാന്‍ സ്പീക്കര്‍ പറഞ്ഞതായി വിമത എംഎല്‍എമാര്‍ കോടതിയെ അറിയിച്ചു. സ്പീക്കർക്ക് എതിരെ കോടതിയലക്ഷ്യത്തിന് നോട്ടീസ് അയക്കണമെന്ന് റോത്താഗി ആവശ്യപ്പെട്ടു.

അതേസമയം സ്‌പീക്കർക്ക് എതിരായ റോത്താഗിയുടെ പരാമർശങ്ങളെ ചോദ്യം ചെയ്ത് സ്‌പീക്കർക്ക് വേണ്ടി ഹാജരായ മനു അഭിഷേക് സിംഗ്‌വി രംഗത്തെത്തി.  രാജിയിൽ തീരുമാനം എടുക്കാൻ സാവകാശം വേണമെന്ന് സിംഗ്‌വി. അത് ചട്ടപ്രകാരം ഉള്ള നടപടിയാണ്. അതേസമയം അയോഗ്യരാക്കുന്നതിന് കൂടുതൽ പ്രത്യാഘാതങ്ങൾ ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. രാജി വയ്ക്കുന്നതിന്റെയും അയോഗ്യത കല്പിക്കുന്നതിന്റെയും പ്രത്യാഘാതം ഒന്നല്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

നിയമസഭയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഉത്തരവ് ഇറക്കാൻ സുപ്രീംകോടതിക്ക് അധികാരം ഇല്ല എന്ന് സിംഗ്‌വി വാദിച്ചു. സ്പീക്കറുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീംകോടതി കൈകെട്ടിയിരിക്കണം എന്നാണോ ഉദ്ദേശിക്കുന്നത് എന്നു ചീഫ് ജസ്റ്റിസ് ചോദിച്ചു. സുപ്രീംകോടതി വിധി നടപ്പാക്കാൻ സ്പീക്കർക്ക് ബാധ്യത ഇല്ലെന്നല്ല പറയുന്നതെന്നും സ്പീക്കാറുടെ അധികാരങ്ങൾ ചൂണ്ടിക്കാണിക്കുക മാത്രമാണ് ചെയ്തത് എന്നും  സിംഗ്‌വി പറഞ്ഞു.

അതേസമയം സ്പീക്കർ ഭരണഘടനാ പരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണെന്ന് കുമാരസ്വാമിയുടെ അഭിഭാഷകൻ രാജീവ് ധവാൻ വാദിച്ചു. മുഖ്യമന്ത്രിയുടെ വാദം കേൾക്കാതെയാണ് സുപ്രീംകോടതി ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്. സുപ്രീംകോടതി എന്തു ചെയ്യണം എന്നാണ് ഈ എംഎൽഎമാർ പറയുന്നത്? എംഎൽഎമാർ പറയുന്നത് സർക്കാർ പരാജയപ്പെട്ടു അതുകൊണ്ട് സർക്കാരിനെ വലിച്ചു താഴെ ഇടണം എന്നാണ്.

കോടതിയെ രാഷ്ട്രീയ വിവാനങ്ങളിലേക്ക് വലിച്ചിഴക്കാൻ ആണ് ശ്രമമെന്ന്  കുമാരസ്വാമിയുടെ അഭിഭാഷകൻ ആരോപിച്ചു. സ്പീക്കർ ഭരണഘടനാപരമായ ഉത്തരവാദിത്തം നിറവേറ്റുക മാത്രമാണെന്ന് രാജീവ് ധവാൻ വാദിച്ചു.  എംഎൽഎമാരുമായുള്ള കൂടിക്കാഴ്ചയുടെ ദൃശ്യങ്ങൾ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നു സ്പീക്കർ വാദിച്ചു. സ്പീക്കർ രേഖാ മൂലം നൽകിയ വിശദീകരണം കോടതിക്ക് കൈമാറി.

Next Story

Related Stories