കോരിച്ചൊരിയുന്ന മഴയില്‍ നായകന്റെ തകര്‍പ്പന്‍ സ്റ്റണ്ട് കണ്ട് ആവേശം കൊള്ളുന്ന തമിഴ് സിനിമ പ്രേമികള്‍ക്ക് ഇനി നിരാശയുടെ കാലം. തമിഴ്നാട്ടിലെ കടുത്ത ജലക്ഷാമത്തെ തുടര്‍ന്ന് സിനിമയില്‍ മഴ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത് വെട്ടിക്കുറച്ചിരിക്കുകയാണ്. പല സിനിമകളില്‍ നിന്നും മഴ ദൃശ്യങ്ങള്‍ ഒഴിവാക്കി.
പൂര്‍ണ്ണമായും മഴ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യമാകുമ്പോള്‍ വളരെ കുറച്ചു വെള്ളം ഉപയോഗിച്ച് മഴ പെയ്യിക്കും. മഴ പെയ്യുന്ന സീനില്‍ വലിയ കെട്ടിടത്തില്‍ മഴ പെയ്യുന്നതു കാണിക്കുന്നതിനു പകരം ജനാലയിലൂടെ നോക്കുമ്പോള്‍ കാണുന്ന മഴ ചിത്രീകരിക്കും. വലിയ വില കൊടുത്ത് വെള്ളം വാങ്ങി സിനിമ ഷൂട്ടിങ്ങിനായി ഉപയോഗിക്കാമെങ്കിലും പൊതുജനങ്ങള്‍ക്ക് വെളളം കിട്ടാത്ത ഈ സാഹചര്യത്തില്‍ അങ്ങനെ ചെയ്യുന്നത് ശരിയല്ലെന്നും സംവിധായകന് ജി ധനഞ്ജയന് പറഞ്ഞു.
പൊതുവെ ജലക്ഷാമം നേരിടുന്ന തമിഴ്നാട്ടില്‍ ഇതിനു മുന്‍പും ഇത്തരത്തിലുള്ള പ്രതിസന്ധിയുണ്ടായിട്ടുണ്ട്. രജനീകാന്ത് നായകനായ കാല, അജിത് നായകനായ വിശ്വാസം എന്നീ ചിത്രങ്ങളിലെ മഴ രംഗങ്ങള്‍ മുംബൈയിലും ഹൈദരാബാദിലും ചിത്രീകരിച്ചതിനു കാരണവും ജലക്ഷാമം തന്നെയാണ്.
കഴിഞ്ഞ രണ്ടു മാസമായി ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് ചെന്നൈയിലെ ഹോട്ടലുകള്‍ അടയ്ക്കുകയും സ്കൂളുകള്‍ക്ക് അവധി നല്‍കുകയും ചെയ്തിരുന്നു. ഐടി ജീവനക്കാരോട് വീട്ടില്‍ ഇരുന്നു ജോലി ചെയ്യാനും നിര്‍ദ്ദേശിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ മഴ പെയ്തെങ്കിലും ചെന്നൈയിലെ ജലക്ഷാമം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല.