TopTop
Begin typing your search above and press return to search.

കേരളത്തില്‍ ദുരൂഹമായി മരണപ്പെട്ടത് ഇരുപതോളം കന്യാസ്ത്രീകള്‍; പല കേസുകളും കുഴിച്ചുമൂടപ്പെട്ടു

കേരളത്തില്‍ ദുരൂഹമായി മരണപ്പെട്ടത് ഇരുപതോളം കന്യാസ്ത്രീകള്‍; പല കേസുകളും കുഴിച്ചുമൂടപ്പെട്ടു
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ബലാല്‍സംഗം ചെയ്തെന്ന കന്യാസ്ത്രീയുടെ പരാതിയും നീതി തേടി കന്യാസ്ത്രീകള്‍ പ്രക്ഷോഭവുമായി തെരുവിലിറങ്ങിയതും സംസ്ഥാനത്ത് ഏറ്റവും വലിയ ചര്‍ച്ചയായി കത്തിനില്‍ക്കുന്നതിനിടെയാണ് മറ്റൊരു കന്യാസ്ത്രീ ദുരൂഹ സാഹര്യത്തില്‍ മരിച്ചിരിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. കൊല്ലം പത്തനാപുരത്തെ മൗണ്ട് താബുര്‍ ദയറ കോണ്‍വെന്റെിലെ കിണറ്റിലാണ് മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ കീഴിലുള്ള സെന്റ് സ്റ്റീഫന്‍ സ്‌കൂളിലെ അധ്യാപികയായ സിസ്റ്റര്‍ സൂസനെ (54) ഇന്ന് രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കിണറിന്‍ സമീപത്ത് കണ്ട രക്തക്കറയെ തുടര്‍ന്ന് നടത്തിയ പരിശോധനയിലായിരുന്നു കിണറില്‍ മൃതദേഹം കണ്ടെത്തിയത്. കോണ്‍വെന്റിലെ സിസ്റ്ററുടെ മുറിയില്‍ ഇവരുടെ മുറിച്ച മുടിയുടെ അവശിഷ്ടങ്ങളും, രക്തക്കറയും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപോര്‍ട്ട്. കൊല്ലം കല്ലട സ്വദേശിയാണ് സിസ്റ്റര്‍ സൂസന്‍.

ബിഷപ്പ് ബലാല്‍സംഗം ചെയ്‌തെന്ന പരാതി പറഞ്ഞ കന്യാസ്ത്രീക്ക് നീതിതേടിയും തങ്ങളുടെ ജീവന്‍ അപകടത്തിലാണെന്നും ആരോപിച്ച് ഒരു സംഘം സന്യാസിനിമാര്‍ തെരുവില്‍ സമരം ചെയ്തതിന് പിറകെയാണ് പത്തനാപുരത്തെ സംഭവം എന്നതും ശ്രദ്ധേയമാണ്. കുറവിലങ്ങാട് വെച്ചു തന്നെ വധിക്കാന്‍ ശ്രമിച്ചിരുന്നതായും കന്യാസ്ത്രീ മൊഴി കൊടുത്തിരുന്നു.

കേരളത്തിലെ സഭകളുടെ ചരിത്രത്തില്‍ ഇന്നു വരെ ദുരൂഹസാഹചര്യത്തില്‍ മരിച്ച കന്യാസ്ത്രീകളുടെ എണ്ണം ഇരുപതിലധികം വരുമെന്നാണ് കണക്കുകള്‍ പറയുന്നത്.

1987-ല്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്‍റ, 1992-ല്‍ സിസ്റ്റര്‍ അഭയ, 1993ല്‍ സിസ്റ്റര്‍ മേഴ്സി, 1998-ല്‍ പാലാ കോണ്‍വെന്റില്‍ കൊല്ലപ്പെട്ട സിസ്റ്റര്‍ ബിന്‍സി, അതേവര്‍ഷം കോഴിക്കോട് കല്ലൂരിട്ടിയില്‍ സിസ്റ്റര്‍ ജ്യോതിസ്, 2000ല്‍ പാലാ സ്നേഹഗിരി മഠത്തിലെ സിസ്റ്റര്‍ പോള്‍സി, 2006ല്‍ റാന്നിയിലെ സിസ്റ്റര്‍ ആന്‍സി വര്‍ഗ്ഗ, കോട്ടയം വാകത്താനത്ത് സിസ്റ്റര്‍ ലിസ, 2008ല്‍ കൊല്ലത്ത് സിസ്റ്റര്‍ അനുപ മരിയ, 2011ല്‍ കോവളത്ത് സിസ്റ്റര്‍ മേരി ആന്‍സി, 2015 ഡിസംബര്‍ ഒന്നിന് വാഗമണ്ണില്‍ മരിച്ച ലിസാ മരിയ ഇപ്പോള്‍ പത്തനാപുരത്തെ സിസ്റ്റര്‍ സൂസന്‍. എന്നാല്‍ ഈ ദുരൂഹ മരണങ്ങളില്‍ പലതിലും അന്വേഷണം എങ്ങും എത്തിയില്ലെന്നതും വസ്തുതയാണ്. അധികാരസ്ഥാനങ്ങളില്‍ വരെ വലിയ സ്വാധീനം ചെലുത്താന്‍ കഴിവുള്ള പ്രബലരായ സഭകളിലായിരുന്നിട്ടും  അന്വേഷണം വേണ്ട രീതിയില്‍ നടത്താന്‍ ഒരു ചെറുവിരല്‍ അനക്കാന്‍ പോലും ഈ മരണങ്ങളെ തുടര്‍ന്ന് സഭ തയ്യാറായിയിട്ടില്ല.

1987 ജൂലൈ ആറിന് കൊല്ലപ്പെട്ട സിസ്റ്റര്‍ ലിന്റയുടെ കൊലപാതകമായിരുന്നു കേരളത്തിന്റെ ചരിത്രത്തില്‍ ഒരു കന്യാസ്ത്രീ ആദ്യമായി ദുരൂഹ സാഹര്യത്തില്‍ മരിച്ചതായി റിപോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ ഈ സംഭവത്തിലെ അന്വേഷണത്തെ കുറിച്ച് ഇന്ന് ആര്‍ക്കും വ്യക്തമായ ധാരണയില്ല. മഠത്തിലെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയിലായിരുന്നു സിസ്റ്റര്‍ ലിന്‍ഡയുടെ മൃതദേഹം കണ്ടെത്തിയത്. പിന്നീട് കൊട്ടിയത്ത് സിസ്റ്റര്‍ ബീനയും ഇത്തരത്തില്‍ മരണപ്പെട്ടു, തൃശ്ശൂരില്‍ സിസ്റ്റര്‍ ആന്‍സി, കൊല്ലം തില്ലേരിയില്‍ സിസ്റ്റര്‍ മഗ്ദേല എന്നിവരുടെ മരണങ്ങളും ഏറെ വിവാദമായി.

പിന്നീടാണ് കോളിളക്കം സൃഷ്ടിച്ച സിസ്റ്റര്‍ അഭയ കൊലക്കേസ്. 1992 മാര്‍ച്ച് 27 നാണ് 19 കാരിയായ സിസ്റ്റര്‍ അഭയയെ കോട്ടയം ക്നാനായ കത്തോലിക്ക രൂപതയ്ക്ക് കീഴിലുള്ള സെന്‍റ് പയസ് ടെന്‍ത് കോണ്‍വെന്റെിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന് അന്നു തന്നെ ആരോപണം ഉയര്‍ന്നിരുന്നെങ്കിലും 26 വര്‍ഷം പിന്നിടുമ്പോഴും കേസ് എങ്ങും എത്താത്ത നിലയിലാണ്. ഇതിനിടെ കേസ് അന്വേഷിച്ച് ഉദ്യോഗസ്ഥന്‍ ആത്മഹത്യചെയ്തു, കൂടാതെ 2008 ല്‍ കേസുമായി ബന്ധപ്പെട്ട് പുരോഹിതരായ തോമസ് കോട്ടൂര്‍, ജോസ് പൂതൃക്കയില്‍, സിസ്റ്റര്‍ സ്റ്റെഫി എന്നിവരെ സി ബി ഐ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കേസിലെ പ്രാഥമിക തെളിവുകള്‍ നശിപ്പിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാണിച്ച് മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ടി മൈക്കിള്‍ നല്‍കിയ ഹര്‍ജിയിയില്‍ 2013ല്‍ വാദം കേള്‍ക്കവെ തുടരന്വേഷണം നടത്തുവാന്‍ ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ രണ്ടാം പ്രതിയായ ഫാദര്‍ ജോസ് പൂതൃക്കയലിനെ 2018 ല്‍ പ്രത്യേക സി.ബിഐ കോടതി പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്.

1998ല്‍ കോഴിക്കോട് മുക്കത്തെ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ അന്തേവാസിയായിരുന്ന സിസ്റ്റര്‍ ജ്യോതിസിന്റെ മരണമായിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ച മറ്റൊന്ന്. കോണ്‍വെന്റിലെ കിണറില്‍ തന്നെയായിരുന്നു ജ്യോതിസിന്റെയും മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും കുറ്റവാളികളെ കണ്ടെത്താന്‍ ഇതുവരെയായിട്ടില്ല. സംഭവത്തില്‍ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് സിസ്റ്റര്‍ ജ്യോതിസിന്റെ പിതാവ് ഹൈക്കോടതിയില്‍ ഹരജിയും നല്‍കിയിരുന്നു.

2011 ഓഗസ്റ്റ് മാസം 17 നാണ് തിരുവനന്തപുരം പൂങ്കുളത്തെ കോണ്‍വെന്റിലെ ജലസംഭരണിയില്‍ കോട്ടയം സ്വദേശി സിസ്റ്റര്‍ മേരി ആന്‍സിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്്. കേസ് ആത്മഹത്യയാക്കി തീര്‍ക്കാനുള്ള ശ്രമം നടന്നെന്ന് തുടക്കത്തില്‍ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. എന്നാല്‍ പിന്നീട് കേസ് പള്ളി വികാരി ഫാ. ആന്റണി റെബല്ലയിലേക്ക് നീണ്ടു. മകളെ കൊലപ്പെടുത്തിയതെന്ന് മാതാപിതാക്കള്‍ ആരോപിക്കുകയും ചെയ്തു. എന്നാല്‍ സംഭവം കഴിഞ്ഞ് ഏഴ് കൊല്ലം പിന്നിടുമ്പോഴും കുറ്റവാളികള്‍ മറവില്‍ തന്നെയാണ്.

2015 ഡിസംബര്‍ 1 നായിരുന്നു വാഗമണ്‍ ഉളുപ്പുണി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ മരിയ (42)യെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തലേന്നത്തെ പ്രാര്‍ത്ഥന കഴിഞ്ഞ് ഉറങ്ങാന്‍ പോയ സിസ്റ്റര്‍ ലിസയെ പിറ്റേന്ന് കാലത്ത് പ്രാര്‍ത്ഥനക്ക് കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കരയില്‍ ചെരിപ്പുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് കിണറ്റില്‍ പരിശോധന നടത്തിയത്. മാനസിക സമ്മര്‍ദത്തിന് ചികില്‍സ തേടിയിരുന്ന വ്യക്തിയായിരുന്നു ഇവരെന്നാണ് മരണത്തിന് ശേഷം റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

2015 സപ്തംബര്‍ 17 നായിരുന്നു 69 കാരിയായ സിസ്റ്റര്‍ അമലയെ പാലായിലെ ലിസ്യൂ കര്‍മ്മലീത്താ കോണ്‍വെന്റില്‍ തലയ്ക്കടിയേറ്റു മരിച്ച നിലിയില്‍ കണ്ടെത്തിയത്. കൊല്ലപ്പെടുന്നതിന് മുന്‍പ് സിസ്റ്റല്‍ ബലാല്‍ സംഗത്തിന് ഇരയായിരുന്നതായി പിന്നീട് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞിരുന്നു. സംഭവത്തില്‍ സതീഷ്ബാബു എന്നായാളെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിദ്വാറിലെ അയ്യപ്പാശ്രമത്തിന്റെ ഗസ്റ്റ് ഹൗസില്‍ നിന്നാണ് ഉത്തരാഖണ്ഡ് പോലീസ് പിടികൂടിയത്. കാസര്‍കോട് സ്വദേശിയായ പ്രതി സതീശ് ബാബുവിന്റെ മാനസിക വൈകല്യമാണെന്ന് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം.

ദുരൂഹമരണങ്ങള്‍ ആത്മഹത്യയും, സ്വാഭാവിക മരണങ്ങളാക്കിയും എഴുതിത്തള്ളാന്‍ പലരും പരസ്യമായും രഹസ്യമായും ഇറങ്ങിത്തിരിച്ചപ്പോള്‍  ബന്ധുക്കളുടെയും നാട്ടുകാരുടെയും ഇടപെടലുകള്‍ മൂലമാണ് പലതും വാര്‍ത്തയായത്. നിരവധി മരണങ്ങള്‍ മുതല്‍ ലൈംഗികാരോപണങ്ങള്‍ വരെ സഭകള്‍ ഇടപെട്ട് ഒതുക്കിതീര്‍ത്തിട്ടുണ്ടെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഈ കേസുകളില്‍ ഒട്ടുമിക്കവയും കേരള പോലീസിന്റെ ഫയലുകളില്‍ ചുരുളഴിയാതെ കിടക്കുകയാണ്.

Next Story

Related Stories