UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ശബരിമലയില്‍ കയറ്റിയത് കണ്ണൂര്‍ പാര്‍ട്ടി ഗ്രാമത്തില്‍ നിന്നുള്ളവരെ, സര്‍ക്കാര്‍ തെരുവില്‍ കലാപമുണ്ടാക്കുന്നുവെന്നും അല്‍ഫോന്‍സ്‌ കണ്ണന്താനം

ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന ഈ സർക്കാരിന് എന്ത് നിലനിൽപ്പാണുള്ളത്? തെറ്റ് തിരുത്തി സമവായത്തിന് ശ്രമിക്കുക എന്നാണ് പറയാനുള്ളതെന്നും കണ്ണന്താനം പറഞ്ഞു.

സുപ്രീം കോടതി വിധിയുടെ മറവിൽ ആക്റ്റിവിസ്റ്റുകളെയും മറ്റും ശബരിമലയിലേക്ക് കയറ്റാൻ ശ്രമിക്കുക വഴി വിശ്വാസികളുടെ വികാരം വൃണപ്പെടുത്താനാണ് സർക്കാർ ഇതുവരെ ശ്രമിച്ചിട്ടുള്ളതെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ്‌ കണ്ണന്താനം. ഇന്ന് നടന്ന സംഭവങ്ങൾ ഒരു ഗൂഡാലോചനയുടെ ഫലമായാണ് സംഭവിച്ചിട്ടുള്ളതെന്നു സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് മാസമായി ശബരിമല വിഷയത്തിൽ സർക്കാരിന്റെ ധാര്‍ഷ്‌ട്യവും ദുരഹങ്കാരവും കാരണം ശബരിമലയിൽ മാത്രമല്ല കേരളത്തിലുടനീളം ഒരു അസ്വാസ്ഥ്യം നിലനിൽക്കുകയായിരുന്നു. ശബരിമലയിൽ അത് പലപ്പോഴും സംഘർഷാവസ്ഥക്കു കാരണമാവുകയും ചെയ്തു. ഇന്ന് ശബരിമലയിൽ നടന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ആ അസ്വാസ്ഥ്യത്തിന് ആക്കം കൂട്ടുകയും കേരളം മുഴുവൻ യുദ്ധക്കളമായി മാറുന്ന ഒരു സാഹചര്യമാണുണ്ടായിരിക്കുന്നത്. കേരളത്തിൽ അങ്ങോളമിങ്ങോളമുള്ള സ്ഥലങ്ങളിലെല്ലാം തന്നെ ഭക്തർ പ്രതിഷേധവുമായി നിരത്തിലിറങ്ങിയിരിക്കുകയാണ്. തിരുവനന്തപുരത്തും പാലക്കാട്ടും നെയ്യാറ്റിൻകരയിലും രൂക്ഷമായ സംഘർഷം നടന്നതായിട്ടാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ഈ ഒരു സാഹചര്യത്തിലേക്കെത്തിച്ച കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരിന് അതിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് പിന്മാറാൻ സാധിക്കില്ല- കണ്ണന്താനം കുറ്റപ്പെടുത്തി.

നേരത്തെ പ്രതിഷേധത്തെ തുടർന്ന് മലകയറ്റം പകുതിയാക്കി മടങ്ങിയ മാവോയിസ്റ് ബന്ധമുണ്ടെന്ന് ആരോപണമുള്ള ബിന്ദു, കനകദുർഗ എന്നി രണ്ടു യുവതികളെ ഇരുട്ടിന്റെ മറവിൽ പോലീസിന്റെ സഹായത്തോടെ പ്രച്ഛന്നം വേഷത്തിൽ ആംബുലൻസിൽ ശബരിമലയിൽ എത്തിച്ചെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും കണ്ണന്താനം പറഞ്ഞു. ഇവർ പുലർച്ചെ ക്ഷേത്രത്തിന്റെ സോപാനത്തിൽ കയറുന്നതും ക്ഷേത്രത്തിൽ നിന്ന് തിരികെ ഇറങ്ങുന്നതുമായ ദൃശ്യങ്ങൾ പോലീസ് തന്നെ ചിത്രീകരിച്ചു മാധ്യമങ്ങൾക്ക് നൽകിയെന്നാണ് ആരോപണം. ആചാരലംഘനം ബോധ്യമാകുന്ന രീതിയിൽ ദൃശ്യങ്ങൾ ലഭിച്ചോയെന്നു തന്നെ അനുഗമിച്ച പോലീസ് ഉദ്യോഗസ്ഥനോട് അതിലൊരു യുവതി ചോദിക്കുന്ന ദൃശ്യം എല്ലാ മാധ്യമങ്ങളും സംപ്രേഷണം ചെയ്തിരുന്നു. ആംബുലൻസിൽ കയറ്റി ശബരിമലയിൽ എത്തിക്കുകയും ആംബുലൻസിൽ തന്നെ അവരെ തിരികെ ഇറക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. രാത്രിയിൽ പമ്പയിലെത്തിയ ബിന്ദുവിനും കനകദുർഗയ്ക്കും താമസമൊരുക്കിയതും പൊലീസാണ്. പോലീസ് മുൻകൈ എടുത്ത് നടത്തിയ ഈ നാടകം സർക്കാർ നടത്തിയ ഗൂഢാലോചനയിൽ നിന്നുരുത്തിരിഞ്ഞു വന്നതാണ്. ശബരിമലയിൽ ദർശനത്തിനു വരുന്ന ഭക്തകൾക്ക് സുഗമമായി ദർശനം നടത്താൻ സംരക്ഷണം നൽകുമെന്ന് മാത്രമാണ് മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ആവർത്തിച്ചു പറഞ്ഞിട്ടുള്ളത്. എന്നാൽ അവർ ഇന്ന് ചെയ്തത് രണ്ടു ആക്ടിവിസ്റ്റുകളെ കണ്ണൂരിലെ പാർട്ടി ഗ്രാമത്തിൽ നിന്ന് പോലീസ് അകമ്പടിയോടെ പമ്പയിലെത്തിക്കുകയും വേഷ പ്രച്ഛന്നം ചെയ്യിച്ച് ആരുമറിയാതെ പതിനെട്ടാംപടി ഒഴിവാക്കി ക്ഷേത്രത്തിലെത്തിക്കുകയുമാണ് ചെയ്തതെന്നും കണ്ണന്താനം ആരോപിച്ചു.

കേരളത്തെ മനഃപൂർവം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് തള്ളിവിടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും നാടിനെ നാശത്തിലേക്ക് നയിക്കുന്ന സർക്കാരിന്റെ ഈ നടപടിയെ ശക്തമായി അപലപിക്കുകയാണെന്നും കണ്ണന്താനം പറഞ്ഞു. ജനങ്ങൾക്ക് സമാധാനവും സുരക്ഷയും നൽകാൻ ബാധ്യസ്ഥരായ സർക്കാർ തെരുവിൽ യുദ്ധമുണ്ടാക്കി അരാജകത്വം സൃഷ്ടിക്കുകയാണ്. വിശ്വാസികളുടെ വികാരത്തിന് മുൻ‌തൂക്കം കൊടുത്തുകൊണ്ടുള്ള സമവായത്തിനാണ് സർക്കാർ ശ്രമിക്കേണ്ടിയിരുന്നത്. അത് ചെയ്തില്ല. ജനാധിപത്യത്തിന് നിരക്കാത്ത കാര്യങ്ങൾ ചെയ്യുന്ന ഈ സർക്കാരിന് എന്ത് നിലനിൽപ്പാണുള്ളത്? തെറ്റ് തിരുത്തി സമവായത്തിന് ശ്രമിക്കുക എന്നാണ് പറയാനുള്ളതെന്നും കണ്ണന്താനം പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍