TopTop

യൂണിവേഴ്‌സ്റ്റി കോളേജിൽ പരീക്ഷകളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പടുത്തല്‍, കേസിലെ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം

യൂണിവേഴ്‌സ്റ്റി കോളേജിൽ പരീക്ഷകളില്‍ വന്‍ ക്രമക്കേട് നടക്കുന്നതായി മുന്‍ പ്രിന്‍സിപ്പലിന്റെ വെളിപ്പടുത്തല്‍, കേസിലെ പ്രതികള്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടതിനെക്കുറിച്ച് അന്വേഷണം
യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐക്കെതിരെ രൂക്ഷ വിമർ‌ശനവുമായി മുൻ പ്രിൻസിപ്പാൾ. കോളേജിലെ എസ്എഫ്ഐയുടെ സംഘടനാ സംവിധാനം എന്ത് അനാശാസ്യ പ്രവർത്തനങ്ങളും നടത്താൻ പ്രാപ്തമാണെന്നും അതിനുവേണ്ട രാഷ്ട്രീയ പിന്തുണയും അവർ‌ക്കുണ്ടെന്നുമായിരുന്നു മുൻ പ്രിൻസിപ്പാൾ പ്രൊഫസര്‍ എസ് വർഗീസിന്റെ ആരോപണം. എഷ്യാനെറ്റ് ന്യൂസ് ചർച്ചയിലായിരുന്നു പ്രൊഫ. എസ്.വർഗീസിന്‍റെ വെളിപ്പെടുത്തലുകൾ.

വിദ്യാർത്ഥികളിൽ നിന്നും പണം വാങ്ങി മദ്യം വാങ്ങിക്കുടിച്ചതിന് ശേഷം നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് സഹായിക്കുന്ന അധ്യാപകർ പോലും കോളേജിലുണ്ട്. കൂട്ട കോപ്പിയടി എന്നത് പരസ്യമായ രഹസ്യം മാത്രമാണ്. സ്ഥാപനത്തിലെ അധ്യാപക, അനധ്യാപകരിൽ പലരും ഇതിന് പിന്തുണ നൽകുന്നുണ്ട്. യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്ക് പ്യൂണ്‍ ബെ‍ഞ്ചില്‍ നമ്പറിടുന്നതു മുതല്‍ ഇവര്‍ക്ക് സഹായം ചെയ്യുന്ന രീതിയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.

വിദ്യാർത്ഥികൾക്ക് അനുകൂലമായ രീതിയിൽ ഇൻവിജിലേറ്റർമാരെ പോസ്റ്റ് ചെയ്യുന്ന രീതിയാണ് മറ്റൊന്ന്. 120 വരെ വിദ്യാര്‍ഥികളെ ഒരുമിച്ചിരുത്തി ഒന്നോ രണ്ടോ അധ്യാപകരെ ഇന്‍വിജിലേറ്ററാക്കിയാണ് പരീക്ഷ നടത്തുന്നത്. അവിടെ മാസ് കോപ്പിയടിയാണ് ഇതിന്റെ അന്തരഫലം.

വിദ്യാർത്ഥി സംഘട്ടനത്തിനിടെ ബിരുദ വിദ്യാർത്ഥിക്ക് കുത്തേറ്റ സംഭവത്തിൽ പ്രതികളായ വിദ്യാർത്ഥിയുടെ വീട്ടിൽ നിന്നും യൂണിയൻ ഓഫീസിൽ നിന്നും ഉൾപ്പെടെ പരീക്ഷാ പേപ്പറുകൾ ഉള്‍പ്പെടെ കണ്ടെത്തിയതിന് പിന്നാലെയാണ് ഗുരുതര ആരോപണങ്ങളുമായി മുൻപ്രിൻസിപ്പാൾ രംഗത്തെത്തിയത്. റോൾ നമ്പർ എഴുതിയതും അല്ലാത്തതുമായ കെട്ടുകളാണ് യൂണിയൻ ഓഫീസിൽ നിന്നും ജീവനക്കാർ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. അനധികൃതമായി സൂക്ഷിച്ച ഇവയ്ക്കൊപ്പം വകുപ്പുമേധാവിയുടെ സീലും പിടിച്ചെടുത്തു.

അതിനിടെ, വീട്ടിൽനിന്ന് ലഭിച്ച സീൽ കോളേജിൽനിന്ന് കിട്ടിയതാണെന്നാണ് ശിവരഞ്ജിത്ത് പറയുന്നത്. നാക് അക്രഡിറ്റേഷന്റെ ഭാഗമായി നടന്ന ഒരുക്കങ്ങളുടെ സമയത്ത് കോളേജ് ഓഫീസിലെ ഒരു മേശയിൽനിന്നാണ് ഉത്തരക്കടലാസുകൾ എടുത്തുമാറ്റിയതെന്നാണു മൊഴി. ശിവരഞ്ജിത്തിനെതിരേ വ്യാജരേഖ ചമച്ചതിനും നിയമനത്തട്ടിപ്പിനും കേസെടുക്കും. ഇയാളുടെ വീട്ടിൽനിന്ന് കണ്ടെത്തിയ സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ ഡയറക്ടറുടെ സീൽ വ്യാജമാണെന്നു കണ്ടെത്തിയതോടെ വ്യാജരേഖ ചമച്ചതിനും കേസെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നിയമനത്തിന് ശിവരഞ്ജിത്ത് ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി കോളേജിലെ മൂന്നുപേരുടെ നിയമനശുപാർശ തടഞ്ഞുവെയ്ക്കാൻ പി.എസ്.സി. തീരുമാനിച്ചു.. കെ.എ.പി. നാലാം ബറ്റാലിയനിലെ ഒന്നാം റാങ്കുകാരൻ ശിവരഞ്ജിത്ത്, രണ്ടാം റാങ്കുകാരൻ പ്രണവ്, 28-ാം റാങ്കുകാരൻ നിസാം എന്നിവരുടെ നിയമനശുപാർശയാണ് മാറ്റിവെയ്ക്കുന്നത്. ഇവർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതിനെ കുറിച്ച് അന്വേഷണം നടത്താനും നീക്കമുണ്ട്.

അതിനിടെ, അഖിലിനെ കുത്തിവീഴ്ത്തിയ കേസിൽ ഇതുവരെ പ്രധാന പ്രതികളടക്കം ആറു യൂണിറ്റ് ഭാരവാഹികൾ പിടിയിലായി. ഒന്നും രണ്ടും പ്രതികളായ ആറ്റുകാൽ കാർത്തിക നഗർ ശിവകൃപയിൽ ശിവരഞ്ജിത് (23), മണക്കാട് കല്ലാട്ട്മുക്ക് ടി.സി. 49/198 നസീം (28) എന്നിവരെ തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരം കേശവദാസപുരത്തുനിന്ന് ഒാട്ടോറിക്ഷയിൽ പോകുംവഴിയാണ് പോലീസ് പിടികൂടിയത്. അദ്വൈത്, ആരോമൽ, ആദിൽ, ഇജാബ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ.

എന്താണ് കോഴിക്കോടിന്റെ അഭിമാന സംരംഭമായ മഹിളാ മാളില്‍ സംഭവിക്കുന്നത്? അടച്ചുപൂട്ടലോ, അതോ പൂട്ടിക്കാനുള്ള കളികളോ?

Next Story

Related Stories