ന്യൂസ് അപ്ഡേറ്റ്സ്

വളാഞ്ചേരി പോക്സോ കേസ്: മന്ത്രി കെ ടി ജലീലിനെതിരെ പെൺകുട്ടിയുടെ സഹോദരി

പ്രതി ഷംസുദ്ദീന്റെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു

എൽഡിഎഫ് വളാഞ്ചേരി നഗരസഭാ കൗൺസിലർ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ മന്ത്രി കെടി ജലീലിനെതിരെ പെൺകുട്ടിയുടെ സഹോദരി. മന്ത്രിയുടെ ഇടപെടലാണ് പ്രതിയെ കണ്ടെത്താൻ കഴിയാത്തതിന് പിന്നിലെന്നാണ് പീഡനത്തിന് ഇരയായ പെൺകട്ടിയുടെ മൂത്ത സഹോദരിയുടെ ആരോപണം. കേസ് ഇല്ലാതാക്കാൻ ശ്രമിക്കുകയാണ്. ഇതിന് പിന്നിൽ ഉന്നത ഇടപെടലുണ്ട്. പ്രതി ഷംസുദ്ദീന്റെ സഹായികൾ നിരന്തരം ഭീഷണിപ്പെടുത്തുകയും സമ്മർദ്ദത്തിലാക്കാൻ ശ്രമിക്കുകയും ചെയ്യുകയാണ്. ഒത്തുതീർപ്പിന് വഴങ്ങാനാണ് പൊലീസിനെക്കൊണ്ട് തന്റെ ഭർത്താവിനെതിരെ കേസെടുപ്പിച്ചതെന്നും പെൺകുട്ടിയുടെ സഹോദരി ആരോപിക്കുന്നു.

ഇന്നലെ പരാതിക്കാരിയായ 16കാരിയുടെ സഹോദരീ ഭർത്താവിനെതിരെയും പോക്സോ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരുന്നു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സഹോദരി ഭർത്താവ് പീഡിപ്പിച്ചതായുള്ള പെൺകുട്ടിയുടെ വെളിപ്പെടുത്തലിലാണ് നടപടി. എൽഡിഎഫ് നഗരസഭാ കൗൺസിലർക്കെതിരെ പോക്സോ പ്രകാരം അന്വേഷണം തുടരുന്നതിനിടെയാണ് സഹോദരിയുടെ ഭർത്താവിനെതിരെയും കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിനിടെയായിരുന്നു സഹോദരിയുടെ ഭർത്താവിനെതിരെ വെളിപ്പെടുത്തൽ നടത്തിയത്. ഇതുപ്രകാരമാണ് പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഇതിന് പിന്നാലെയാണ് മന്ത്രിക്കെതിരെ വിമർശനം കടുപ്പിച്ച് കുട്ടിയുടെ സഹോദരി രംഗത്തെത്തുന്നത്. ഭർത്താവിനെതിരായ ആരോപണവും യുവതി നിഷേധിക്കുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു വെളിപ്പെടുത്തൽ.

“ഭർത്താവിൽ നിന്ന് മോശം അനുഭവം ഉണ്ടായതായി അനിയത്തി ഇതുവരെ ആരോടും പറഞ്ഞിട്ടില്ല. ഭർത്താവിനെതിരെ കള്ളക്കേസെടുത്ത് സമ്മർദ്ദത്തിലാക്കാനും, പരാതി പിൻവലിപ്പിക്കാനുമാണ് ശ്രമം നടക്കുന്നത്. ചൈൽഡ് ലൈന്‍റെ സംരക്ഷണയിലുള്ള പെൺകുട്ടിയെ കാണാനോ സംസാരിക്കാനോ വീട്ടുകാരെ അനുവദിക്കുന്നില്ലെന്നും” പെൺകുട്ടിയുടെ സഹോദരി ആരോപിച്ചു.

അതിനിടെ കേസിൽ പ്രതിയായ വളാഞ്ചേരി നഗരസഭാ എൽഡിഎഫ് കൗൺസിലർ ഷംസുദ്ദീൻ വിദേശത്തേക്ക് കടന്നെന്ന് സംശയിക്കുന്നതായി പോലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഷംസുദ്ദീന് ബിസിനസ് ബന്ധങ്ങളുള്ള മലേഷ്യയിലേക്കോ തായ്‍ലന്‍റിലേക്കോ കടന്നുവെന്നാണ് പൊലീസ് കരുതുന്നത്. ഇതിന് പിറകെയാണ് മലപ്പുറം പൊലീസാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയത്. പതിനാറ് വയസുകാരിയായ പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിക്കുന്നുവെന്നാണ് ഇയാൾക്കെതിരായ കേസ്.

വളാഞ്ചേരി നഗരസഭ 32ാം വാർഡിലെ ഇടതുപക്ഷ സ്വതന്ത്ര കൗൺസിലറായ ഷംസുദ്ദീൻ നടക്കാവിലിനെതിരെ പതിനാറ് വയസുകാരിയായ പെൺകുട്ടി പരാതി നൽകിയതോടെയാണ് പീഡന വാർത്ത പുറത്തറിയുന്നത്. ഒരു വർഷമായി ഷംസുദ്ദീൻ തന്നെ ലൈംഗികമായി പീഡിപ്പിക്കുകയാണെന്നാണ് പെൺകുട്ടി ചൈൽഡ് ലൈനോട് വെളിപ്പെടുത്തിയത്. പരാതി ഉയർന്നതിന് പിറകെ തന്നെ ഷംസുദ്ദീൻ ഒളിവിൽ പോവുകയായിരുന്നു.

Also Read- മാണിയുടെ പിന്‍ഗാമി ആരാകണം? മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും നേര്‍ക്കുനേര്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍