കോഴിക്കോട് മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ 'രാജ്യദ്രോഹി'കളാക്കി ജനം ടിവി വാര്‍ത്ത നല്‍കിയതിന് പിന്നാലെ കോളേജ് ചെയര്മാന് അമീന് അബ്ദുള്ളയെ സസ്പെന്‍ഡ് ചെയ്തു. ഡോ. കഫീല്‍ ഖാനുമായി ഒരു ഇന്ററാക്ടീവ് സെഷന് നടത്തിയതിനെ തുടര്‍ന്നാണ് പരിപാടിയില്‍ പങ്കെടുത്ത മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളെ ജനം ടിവി 'രാജ്യദ്രോഹി'കളാക്കി ചിത്രീകരിച്ചത്.
'കഴിഞ്ഞ വര്‍ഷം മെയ് 13ാം തിയതി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഡോ. കഫീല്‍ ഖാനുമായി ഒരു ഇന്ററാക്ടീവ് സെഷന് നടത്തിയിരുന്നു. മാസങ്ങള്‍ കഴിഞ്ഞ് നടന്ന ഒരു HDS (Hospital Development Society) മീറ്റിങില്‍ പ്രസ്തുത പരിപാടിയില്‍ രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങള്‍ നടന്നെന്ന് ആരോപിക്കപ്പെട്ടു. തുടര്‍ന്ന് പ്രിന്‍സിപ്പാള്‍ കോളേജ് ലെവലില്‍ അന്വേഷണം പ്രഖ്യാപിക്കുകയും Dr.രാജീവന് സാര്‍(pathology) അന്വേഷിച്ച് രാജ്യവിരുദ്ധപ്രവര്ത്തനങ്ങളൊന്നും നടന്നിട്ടില്ല എന്ന് ഒക്ടോബര്‍ 30ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു.
HDSലെ ചില സ്ഥാപിതതാല്പര്യക്കാര് വിഷയം വീണ്ടും ഉന്നയിക്കുകയും അന്വേഷണം വേണമെന്നാവശ്യപ്പെടുകയും ചെയ്തു. ഈ സമയത്തൊന്നും രാജീവന് സാറുടെ അന്വേഷണറിപ്പോര്‍ട്ട് പ്രിന്‍സിപ്പാള്‍ HDSലോ കളക്ടര്‍ക്കോ സമര്‍പ്പിച്ചില്ല. ഇക്കാര്യം 'രാജ്യവിരുദ്ധപ്രവര്‍ത്തനം നടന്നു' എന്ന രീതിയില്‍ HDS മിനുട്സില്‍ രേഖപ്പെടുത്തുകയും 03-03-19ന് ഒരു ചാനല്‍ വാര്‍ത്തയാക്കുകയും ചെയ്തു. പ്രസ്തുത ചാനല്‍ കോളേജിലെ മെഡിസിന് പ്രൊഫസര്‍ Dr.ആഖില്‍ കളനാടിനെ പ്രത്യേകം ടാര്‍ഗറ്റ് ചെയ്ത് പൊതുസമൂഹത്തിനിടയില്‍ അപമാനിക്കുന്ന രീതിയിലാണ് വാര്‍ത്ത പ്രചരിപ്പിച്ചത്.
നമ്മുടെ കോളേജിലെ എല്ലാവര്ക്കും പ്രിയങ്കരനായ ഒരു അധ്യാപകനെ അടിസ്ഥാനരഹിതമായ ആരോപണത്തിന്റെ പേരില്‍ വ്യക്തിഹത്യ നടത്തുന്നതിനെതിരെ independents, sfi, abvp, hsa, pg association തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തില്‍ സംയുക്തസമരസമിതി രൂപീകരിക്കകയും പ്രിന്‍സിപ്പാളിനെ കാണുകയും ചെയ്തു. പ്രിന്‍സിപ്പാള്‍ വളരെ ലാഘവത്തോടെയാണ് വിഷയത്തെ കണ്ടത്. ശേഷം 05-03-19ന് സംയുക്തസമരസമിതി പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. എന്നിട്ടും അധികാരികളുടെ ഭാഗത്ത് അധ്യാപകനെ സംരക്ഷിക്കാനുള്ള യാതൊരു നടപടിയും ഇല്ലെന്ന് മനസ്സിലായതോടെ 06-03-19 ബുധനാഴ്ച രാവിലെ സംയുക്തസമരസമിതി യോഗം ചേരുകയും സമരസമിതിയുടെ ആവശ്യങ്ങള്‍ പ്രിന്‍സിപ്പലിനെ ബോധിപ്പിച്ച് സമാധാനപരമായി തന്നെ വിഷയം പരിഹരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു.
മിനുട്സ് തിരുത്തുക, അന്വേഷണറിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സമരസമിതിയുടെ പ്രതിനിധികള്‍ പ്രിന്‍സിപ്പലിനെ കണ്ട് സംസാരിച്ചു. എന്നാല്‍ വളരെ നിരുത്തരവാദിത്വപരമായാണ് അദ്ദേഹം പെരുമാറിയത്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അദ്ദേഹം താല്പര്യം കാണിക്കുന്നില്ലെന്ന് മനസ്സിലായപ്പോള്‍ പുറത്തുനിന്നിരുന്ന വിദ്യാര്‍ഥികള്‍ പ്രിന്‍സിപ്പലിന്റെ റൂമിലേക്ക് കയറുകയും ഘരാവോ ചെയ്യുകയും ചെയ്തു.
സമരം തുടര്‍ന്നുകൊണ്ടിരിക്കെ സൂപ്രണ്ട് ഡോ.സജിത്കുമാര്‍ സാറും കൂടെ ഡോ.സന്തോഷ് കുര്യാക്കോസ് സാറും അവിടെയെത്തി. സമരനേതാക്കള്‍ ആവശ്യങ്ങള്‍ ഓരോന്നായി അവതരിപ്പിക്കുകയും പ്രിന്‍സിപ്പലും സൂപ്രണ്ടും അവ വാക്കാല്‍ അംഗീകരിക്കുകയും ചെയ്തു. സമരസമിതിയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചുവെന്ന് എഴുതി ഒപ്പിട്ടു നല്കുവാന് വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഉടനെ ഒപ്പിട്ടു തരാന്‍ പറ്റില്ലെന്നും ഒരു യോഗം വിളിച്ച് മിനുട്സാക്കി ഒപ്പിടാമെന്നും പ്രിന്‍സിപ്പാള്‍ മറുപടി നല്കി. തുടര്‍ന്ന് അദ്ദേഹം തന്റെ പ്രൈവറ്റ് റൂമിലേക്ക് പോയി.
നമ്മുടെ ആവശ്യങ്ങള്‍ അടങ്ങിയ അപേക്ഷ പ്രിന്‍സിപ്പാലിന് കൈമാറി. അത് ഓഫീസില്‍ നല്കി മിനുട്സ് രൂപത്തിലാക്കി അടുത്ത ദിവസം രാവിലെ 11 മണിക്ക് മുന്നെ ഒപ്പിടാമെന്നും HDS മീറ്റിംഗ് നാളെ തന്നെ വിളിച്ചു ചേര്‍ത്തു വിദ്യാര്‍ത്ഥി പ്രാതിനിധ്യത്തോടുകൂടി ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നും പ്രിന്‍സിപ്പല്‍ വാക്ക് നല്കി.
തീര്‍ത്തും സമാധാനപരമായിട്ടു തന്നെയാണ് സമരം നടന്നിട്ടുള്ളത്. മൂന്ന് മണിക്കൂര്‍ നീണ്ട ഘരാവൊയില് വിദ്യാര്‍ഥികളാരും തന്നെ പ്രിന്‍സിപ്പലിനെ ദേഹോപദ്രവം ഏല്‍പ്പിച്ചിട്ടില്ല. എന്നാല്‍ പ്രിന്‍സിപ്പലിനെ ശാരീരികമായി ആക്രമിച്ചെന്ന രീതിയില്‍ തെറ്റായ ആരോപണമുയര്‍ത്തി കോളേജ് യൂണിയന് ചെയര്മാന് അമീന് അബ്ദുള്ളയെ സസ്പെന്റ് ചെയ്യുകയും ഉടനടി ഹോസ്റ്റലില്‍ നിന്നും ക്യാമ്പസില്‍ നിന്നും പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തിരിക്കുകയാണ്.
കോളേജിലെ ഒരു അധ്യാപകനെ രാജ്യദ്രോഹിയാക്കി മാറ്റി സമൂഹമധ്യത്തില്‍ അപമാനിക്കാനുള്ള ശ്രമങ്ങള്‍ക്കെതിരെ വിദ്യാര്‍ഥികള്‍ ഒറ്റക്കെട്ടായാണ് സമരം ചെയ്തത്. അതിന്റെ പേരില്‍ ചെയ്യാത്ത കുറ്റം ചുമത്തി ചില വിദ്യാര്‍ഥികള്‍ക്ക് നേരെ അച്ചടക്കനടപടികള്‍ സ്വീകരിക്കാനുള്ള അധികാരികളുടെ ശ്രമങ്ങള്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. മേല്പറഞ്ഞ സംഭവത്തിലെ കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമമായിട്ടേ ഇതിനെ കാണാന്‍ കഴിയൂ. ഇത്തരം പ്രതികാരനടപടികള്ക്കെതിരെയും കുറ്റക്കാരെ സംരക്ഷിക്കാനുള്ള ശ്രമത്തിനെതിരെയും ശക്തമായി തന്നെ മുന്നോട്ടുപോവുമെന്നും എല്ലാ വിദ്യാര്‍ഥികളും ഒറ്റക്കെട്ടായി കൂടെ നില്‍ക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.'