വാര്‍ത്തകള്‍

അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തവണയും ഇരട്ടവോട്ടര്‍മാര്‍; കേരളത്തിലും തമിഴ്‌നാട്ടിലും വോട്ടുള്ളത് ഇരുന്നൂറോളം പേര്‍ക്ക്

തമിഴ്‌നാട്ടിലെ വിളവങ്കോട് മണ്ഡലത്തിലെയും പാറശാല മണ്ഡലത്തിലെയും ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണ് ഇരട്ട വോട്ടര്‍മാരുള്ളത്.

കേരള, തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ ഇത്തവണയും ഇരട്ടവോട്ടര്‍മാര്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി തുടരുന്ന ഈ അപാകത ഇത്തവണയും സംഭവിച്ചിരിക്കുകയാണ്. തിരഞ്ഞടുപ്പ് നിയമപ്രകാരം ഒരാള്‍ രണ്ടിടത്ത് വോട്ട് ചെയ്യുന്നത് ക്രിമിനല്‍ കുറ്റമാണ്. രാജ്യത്ത് ഒരാള്‍ക്ക് ഒരു മണ്ഡലത്തില്‍ മാത്രമെ വോട്ട് ചെയ്യാന്‍ അധികാരമുള്ളൂ. മണ്ഡലങ്ങള്‍ മാറാന്‍ സാധിക്കും. എന്നാല്‍ കേരളത്തിലെ മണ്ഡലത്തിലും തമിഴ്‌നാട്ടിലെ മണ്ഡലത്തിലും വോട്ടിംഗ് ലിസ്റ്റില്‍ പേരുള്ള നിരവധിപേരുണ്ട്.

കേരളവും തമിഴ്‌നാടും അതിര്‍ത്തി പങ്കിടുന്ന തെക്കന്‍ പ്രദേശങ്ങളില്‍ ഇരട്ട വോട്ടുള്ളത് ഇരുന്നൂറോളം പേരുണ്ടന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ വോട്ടേഴ്‌സ് ലിസ്റ്റുകള്‍ പുറത്തായിട്ടുണ്ട്. തമിഴ്‌നാട്ടിലെ വിളവങ്കോട് മണ്ഡലത്തിലെയും പാറശാല മണ്ഡലത്തിലെയും ബൂത്തിലെ വോട്ടേഴ്‌സ് ലിസ്റ്റിലാണ് ഇരട്ട വോട്ടര്‍മാരുള്ളത്.

തമിഴ്‌നാട്ടിലെ വിളവങ്കോട് മണ്ഡലത്തിലെ 166ാം നമ്പര്‍ ബൂത്തിലെ ക്രമനമ്പര്‍ 151, 152, 153, 154, 155, വരെയുള്ളവര്‍ പാറശാല മണ്ഡലത്തിലെ 146ാം ബൂത്തിലെ ക്രമനമ്പര്‍ 657, 660, 662, 663 എന്നിങ്ങനെ വോട്ടുളളവരാണ്. കൂടാതെ വിളവങ്കോട് 166ാം നമ്പര്‍ ബൂത്തിലെ തന്നെ ക്രമനമ്പര്‍ 778, 784, 787 എന്നിവര്‍ക്ക് പാറശാലയിലെ ബൂത്ത് നമ്പര്‍ 149ല്‍ ക്രമനമ്പര്‍ 407, 408, 409 എന്നിവയിലുമുണ്ട്.

കളിയിക്കവിളയിലെ ഇഞ്ചിവിളയിലെ ഒരു ബൂത്തില്‍ മാത്രം 30ഒാളം ഇരട്ട വോട്ടര്‍മാരുണ്ട്. കളിയിക്കവിള, പനച്ചമൂട്, വെള്ളച്ചിപ്പാറ, അയിങ്കാമം, ഊരമ്പ്, കാക്കവിള, കോഴിവിള തുടങ്ങിയ സ്ഥലങ്ങളില്‍ ഇരട്ട വോട്ടര്‍മാരുണ്ട്. അതിര്‍ത്തി പ്രദേശത്ത് തമിഴ്‌നാട്ടിലും കേരളത്തിലുമായി താമസിക്കുമ്പോള്‍ എടുത്ത തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചാണ് ഇവര്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടിയിരിക്കുന്നത്.

പാറശാല, നെയ്യാറ്റിന്‍കര, കോവളം മണ്ഡലങ്ങളിലായി ഇരുന്നൂറോളം ഇരട്ട വോട്ടുകളുള്ള സാഹചര്യത്തില്‍ 74 പേരെ മാത്രമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ കണ്ടെത്തി തമിഴ്‌നാടിന് നല്‍കിയത്. തമിഴ്‌നാട്ടില്‍ ഏപ്രില്‍ 18നാണ് തിരഞ്ഞടുപ്പ്. ഇതുകഴിഞ്ഞാല്‍ ഇരട്ടവോട്ടുകള്‍ കണ്ടെത്തിയ ബൂത്തുകളിലെ വോട്ടിങ് വിവരം കേരളത്തിന് കൈമാറുന്നതിനാണ് കമ്മീഷന്റെ നടപടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍