TopTop

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പോടുകൂടി അയ്യനെ വിളിച്ചുകൊണ്ടുള്ള ആ മാസ് എന്‍ട്രി; തകര്‍ന്നത് പ്രതാപന്‍റെ സ്വപ്നങ്ങളാണ്

തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പോടുകൂടി അയ്യനെ വിളിച്ചുകൊണ്ടുള്ള ആ മാസ് എന്‍ട്രി; തകര്‍ന്നത് പ്രതാപന്‍റെ സ്വപ്നങ്ങളാണ്
തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ കേരളത്തില്‍ ആകെയുള്ള ഇരുപതില്‍ ഇരുപതു സീറ്റും യുഡിഎഫ് നേടുമെന്ന് പ്രഖ്യാപിച്ച കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഇപ്പോള്‍ അത്രക്കങ്ങ് ഉറപ്പു പോരാ. എങ്കിലും പ്രതീക്ഷ കൈവിടാന്‍ അദ്ദേഹം ഒരുക്കമല്ല. നാലഞ്ചു സീറ്റുകളില്‍ അനായാസ വിജയം. ബാക്കി മണ്ഡലങ്ങളില്‍ കടുത്ത മത്സരം. എങ്കിലും ഇരുപതു സീറ്റിലും യുഡിഎഫ് വിജയിക്കും. അല്പം ആശങ്ക ഉണ്ടായിരുന്നത് പാലക്കാട് മണ്ഡലത്തെ ചൊല്ലിയായിരുന്നു. ഇപ്പോള്‍ ആ സീറ്റും ഞങ്ങള്‍ തന്നെ നേടും. എന്നൊക്കെയാണ് ഇന്നലെ ചേര്‍ന്ന കെപിസിസി നേതൃ യോഗത്തിനു ശേഷം മുല്ലപ്പള്ളി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

മുല്ലപ്പള്ളി പ്രകടിപ്പിച്ച പാലക്കാട് മണ്ഡലത്തിലെ വിജയ പ്രതീക്ഷ യുഡിഎഫ് സ്ഥാനാര്‍ഥി വി കെ ശ്രീകണ്ഠനും പങ്കുവച്ചെങ്കിലും തൃശ്ശൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി ടി എന്‍ പ്രതാപന് താന്‍ വിജയിക്കുമോ എന്ന കാര്യത്തില്‍ അത്ര ഉറപ്പു പോരെന്നു മാത്രമല്ല കടുത്ത പരാജയ ഭീതിയാണുള്ളത്. ഇന്നലത്തെ യോഗത്തില്‍ അദ്ദഹം ഇക്കാര്യം തുറന്നു പറയുകയും ചെയ്തു. അല്ലെങ്കിലും പ്രതാപന്‍ ആളൊരു ശുദ്ധനാണ്. ഉള്ളത് ഉള്ളതുപോലങ്ങു തുറന്നു പറയുമെന്ന് അദ്ദഹത്തെ നേരിട്ടറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അപ്രതീക്ഷിതമായി എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി സിനിമ നടന്‍ സുരേഷ് ഗോപി വന്നത് തന്റെ ജയ സാധ്യത ഇല്ലാതാക്കിയെന്നാണ് പ്രതാപന്‍ ആശങ്കപ്പെടുന്നത്. തൃശ്ശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി എന്ന് ഉറപ്പിച്ചു നില്‍ക്കുമ്പോഴാണ് സുരേഷ് ഗോപിയുടെ വരവ്. അല്ലെങ്കിലും എന്തൊരു വരവായിരുന്നു അത്. തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ തലയെടുപ്പോടുകൂടി അയ്യനെ വിളിച്ചുകൊണ്ടുള്ള ആ മാസ് എന്‍ട്രി കണ്ടാല്‍ ടി എന്‍ പ്രതാപന്‍ എന്നല്ല ആരും നടുങ്ങിപ്പോകും.

ശബരിമല വിഷയത്തില്‍ സര്‍ക്കാരുമായും എല്‍ഡിഎഫുമായും ഉടക്കി നില്‍ക്കുന്ന എന്‍എസ്എസിന്റെ സമ്പൂര്‍ണ പിന്തുണ ഉറപ്പാക്കി നില്‍ക്കുന്ന വേളയിലായിരുന്നു പത്തര മാറ്റ് നായര്‍ കൂടിയായ സുരേഷ് ഗോപിയുടെ കടന്നുവരവ്. അതോടെ തൃശ്ശൂരില്‍ തനിക്കു കിട്ടേണ്ടിയിരുന്ന ഹിന്ദു വോട്ടുകള്‍ ഭിന്നിക്കപ്പെട്ടുവെന്നാണ് പ്രതാപന്‍ പറയുന്നത്. നായര്‍ വോട്ടില്‍ മാത്രമല്ല വിള്ളല്‍ വീണത്. ആര്‍എസ്എസ് ഇടപെട്ടു യുഡിഎഫ് അനുകൂല ധീവര വോട്ടുകള്‍ കൂടി പിടിച്ചെടുത്തുവെന്നാണ് പ്രതാപന്റെ ആക്ഷേപം. തന്റെ സമുദായത്തില്‍ കൂടി ആര്‍എസ്എസ് വിള്ളല്‍ സൃഷ്ടിച്ചുകളയുമെന്ന് പ്രതാപന്‍ സ്വപ്നത്തില്‍ പോലും കരുതിയതല്ല. അപ്പോള്‍ പിന്നെ മുല്ലപ്പളിയല്ല ഒടേതമ്പുരാന്‍ നേരിട്ട് വന്നു പറഞ്ഞാല്‍ പോലും തൃശ്ശൂരില്‍ താന്‍ ജയിക്കുമെന്ന് എങ്ങനെ പ്രതാപന്‍ വിശ്വസിക്കും?

എന്നാല്‍ പ്രതാപന്‍ ഇങ്ങനെയൊക്കെ പറയുന്നത് അദ്ദഹത്തിന്റെ എളിമ കൊണ്ടാണെന്നാണ് യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാനെ പോലുള്ളവര്‍ പറയുന്നത്. ബെന്നിക്ക് ഇല്ലെങ്കിലും പ്രതാപന് പണ്ടേ ഉള്ള ഒന്നാണ് എളിമ. അതുകൊണ്ടു കൂടിയാവണമല്ലോ തിരെഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പ്രായമുള്ള ഒരമ്മ തന്റെ സ്വര്‍ണമാല ഊരി പ്രതാപന് നല്‍കിയത്. തിരെഞ്ഞെടുപ്പില്‍ പ്രതാപന് കെട്ടിവെക്കാനുള്ള പണം കണ്ടെത്തുന്നതിലേക്കാണ് ആയമ്മ തന്റെ മാല സമ്മാനിച്ചത്. പണ്ട് ഹരിജന്‍ ഉദ്ധാരണത്തിനുവേണ്ടി ഫണ്ട് ശേഖരിക്കുന്നതിനുവേണ്ടി ഗാന്ധിജി കേരളത്തില്‍ വന്നപ്പോള്‍ വടകരയിലെ പൊതുയോഗ വേദിയില്‍വച്ച് കൗമുദി എന്ന കൊച്ചുബാലിക തന്റെ കൈയ്യില്‍ കിടന്നിരുന്ന സ്വര്‍ണ വള ഊരി ഗാന്ധിജിക്കു നല്‍കിയതുപോലെ, അല്ലെങ്കില്‍ നിര്‍ധനയും നിരക്ഷരയുമായ പാലോറ മാത തന്റെ പശുക്കുട്ടിയെ എകെജിക്കു നല്‍കിയതുപോലുള്ള ഒരു സത്കര്‍മ്മമായിരുന്നു ഇതും.

പക്ഷെ പൂര നഗരിയിലെ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ തലയെടുപ്പുപോലുള്ള തലയെടുപ്പുമായി സുരേഷ് ഗോപി വന്ന് പ്രതാപന്റെ പ്രതീക്ഷകളെയാകെ തകിടം മറിച്ചിരിക്കുന്നു. അപ്പോള്‍ പിന്നെങ്ങിനെ തൃശ്ശൂരില്‍ താന്‍ വിജയിക്കും എന്ന വളരെ ലളിതമായ ചോദ്യം മാത്രമേ പ്രതാപന്‍ ഉന്നയിക്കുന്നുള്ളു. എന്തായാലും ഫലപ്രഖ്യാപനത്തിനു ഇനി കേവലം എട്ടു ദിവസം കൂടിയല്ലേ ഉള്ളു. അപ്പോള്‍ അറിയാമല്ലോ മുല്ലപ്പള്ളിയുടെ വിശ്വാസമോ പ്രതാപന്റെ ആശങ്കയോ ഏതാണ് ശരിയെന്ന്.

Read: പത്ത് ലക്ഷം യു ഡി എഫ് വോട്ട് വെട്ടിനിരത്തിയെന്ന ആരോപണം ഇപ്പോള്‍ ഉന്നയിക്കുന്ന ഉമ്മന്‍ ചാണ്ടി ഈസോപ്പ് കഥയിലെ പുല്‍ച്ചാടി

Next Story

Related Stories