TopTop

ലോട്ടറി: കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ മിസോറം സര്‍ക്കാരിന്റെ പരസ്യം

ലോട്ടറി: കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ മിസോറം സര്‍ക്കാരിന്റെ പരസ്യം
മിസോറം ലോട്ടറിയോടുള്ള കേരള സര്‍ക്കാരിന്റെ നിലപാടിനെതിരെ മിസോറം സര്‍ക്കാരിന്റെ പരസ്യം. കേരളത്തിലെ പ്രമുഖ പത്രങ്ങളിലെല്ലാം ഈ പരസ്യം മിസോറം ലോട്ടറി ഡയറക്ടറുടെ പേരില്‍ നല്‍കിയിട്ടുണ്ട്. കേരളത്തില്‍ ലോട്ടറി വില്‍പനയും നറുക്കെടുപ്പും നടത്തുന്നത് നിയമപരമാണ്, അത് തടയുന്നത് അന്യായമാണ്. പശ്ചിമ ബംഗാള്‍, പഞ്ചാബ്, ഗോവ തുടങ്ങിയവയടക്കം നിരവധി സംസ്ഥാനങ്ങളില്‍ മിസോറം ലോട്ടറി വില്‍പന നടത്തിവരുന്നുണ്ട്. ആ സംസ്ഥാനങ്ങളിലെ സര്‍ക്കാര്‍ തടസ്സമുണ്ടാക്കുന്നില്ല. തുടങ്ങിയ കാര്യങ്ങളാണ് പരസ്യത്തില്‍ പറയുന്നത്.

ലോട്ടറിയുടെ മൊത്ത വിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന്റ് ഡല്‍ഹി സ്വദേശിയായ ഉടമടക്കം മൂന്ന് പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. 5.67 കോടിയുടെ ലോട്ടറിയും പിടിച്ചെടുത്തിരുന്നു. ഇതേ തുടര്‍ന്ന് വിതരണം നിലച്ചത്തോടെ ലോട്ടറിയുടെ കേരളത്തിലെ നടത്തിപ്പ് താത്ക്കാലികമായി നിര്‍ത്തിവെക്കാന്‍ മിസോറാം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ലോട്ടറി വില്‍പന സംബന്ധിച്ച് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന്റെ പശ്ചാത്തലത്തിലാണ് പരസ്യം നല്‍കിയിരിക്കുന്നത്.


കേരളത്തില്‍ ജിഎസ്ടി നടപടിക്രമങ്ങള്‍ ശക്തമാക്കിയതോടെയാണ് ലോട്ടറിയുടെ മുഴുവന്‍ നടപടിക്രമങ്ങളും നിര്‍ത്തിവെക്കാന്‍ മിസോറാം സര്‍ക്കാറും ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സും തീരുമാനിച്ചത്. ജൂലൈ 31 ടിക്കറ്റ് വില്‍പന തുടങ്ങി ആദ്യ നറുക്കെടുപ്പ് ഓഗസ്റ്റ് ഏഴിന് തുടങ്ങി ആഴ്ചതോറും നറുക്കെടുപ്പ് നടത്തുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്. ഇതു സംബന്ധിച്ച പരസ്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച തൃപ്തികരമായ രേഖകള്‍ ഒന്നും കേരള സര്‍ക്കാരിന് നല്‍കിയിരുന്നില്ല.

ആദ്യഘട്ടത്തില്‍ തന്നെ രേഖകള്‍ ഹാജരാക്കണമെന്ന് ജിഎസ്ടി, ടാക്‌സ് വകുപ്പുകള്‍ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് നിര്‍ദേശം നല്‍കിയിരുന്നു. ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് നല്‍കിയ രേഖകള്‍ തൃപ്തികരമല്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് വേണ്ട രേഖകള്‍ നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്ന് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം ജിഎസ്ടി എറണാകുളം ഡെപ്യൂട്ടി കമ്മീഷണര്‍ 15 ദിവസത്തെ സാവകാശംകൂടി വിതരണക്കാര്‍ക്ക് നല്‍കിയിട്ടുണ്ട്.

Next Story

Related Stories