Top

"വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല", ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം

"വിഎച്ച്പി-ബിജെപിക്കാര്‍ കോളനിയിലെത്തി കൂട്ടിക്കൊണ്ടുപോയതാണ് ഞങ്ങടെ സ്ത്രീകളെ; കേസ് വന്നപ്പോള്‍ ആരുമില്ല", ശബരിമല സമരത്തില്‍ ആദിവാസികളെ ബലിയാടാക്കുന്നുവെന്ന് ആരോപണം
ശബരിമലയിലേക്ക് പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച വിധിയെ തുടര്‍ന്ന് നിലയ്ക്കലില്‍ ഒരാഴ്ചയായി തുടര്‍ന്ന് വന്ന നാമജപ പ്രതിഷേധം സംഘാര്‍ഷാവസ്ഥയിലേക്ക് എത്തി. തുലാമാസ പൂജയ്ക്കായി ശബരിമലയില്‍ ഇന്ന് നട തുറന്നപ്പോഴും സംഘര്‍ഷ സാഹചര്യങ്ങലുണ്ടായി. ഇന്നലെ നിലയ്ക്കലിലെ നാമജപ പ്രതിഷേധത്തിനെത്തിയ സ്ത്രീകള്‍ പമ്പയിലേക്കുള്ള വാഹനങ്ങള്‍ തടയുകയും സംഘാര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഏഴോളം പേര്‍ക്കെതിരെ കേസ് എടുക്കുകയും ചിലരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

എന്നാല്‍ അറസ്റ്റ് ചെയ്തിരിക്കുന്നതും കേസ് എടുത്തിരിക്കുന്നതും കാര്യങ്ങളുടെ നിജസ്ഥിതി അറിയാതെ അവിടെയെത്തിയ ആദിവാസി വിഭാഗത്തില്‍പ്പെട്ടവരെയാണെന്ന് മലംപണ്ടാരം വിഭാഗം സംഘടനയുടെ സെക്രട്ടറി സതീഷ് അഴിമുഖത്തോട് പറഞ്ഞു. "വിഎച്ച്പിയും ബിജെപി പ്രവര്‍ത്തകരും ഞങ്ങടെ കോളനിയില്‍ എത്തി കൂട്ടിക്കൊണ്ടുപോയതാണ് ഈ സ്ത്രീകളെ... ഇപ്പം കേസ് വന്നപ്പോള്‍ ആരും ഇല്ല. ഇതനുവദിക്കില്ല. ആദിവാസികളെ വച്ച് മുതലെടുക്കാന്‍ സമ്മതിക്കില്ല"
, സതീഷ് പ്രതികരിച്ചു.

ആത്മഹത്യ ഭീഷണി മുഴക്കിയ ആദിവാസി വിഭാഗത്തില്‍പ്പെട്ട നിലയ്ക്കല്‍ സ്വദേശി രത്നമ്മയെ ആണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കൂടാതേ ആറോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ഇന്നലെ വൈകിട്ട് പമ്പയിലേയ്ക്കുള്ള പോലീസ് വാഹനം തടഞ്ഞ് പരിശോധിക്കാനുള്ള പ്രതിഷേധക്കാരുടെ ശ്രമം പോലീസ് അംഗീകരിച്ചില്ല. വാഹനം തടഞ്ഞുനിര്‍ത്തി പരിശോധിക്കുന്നവരില്‍ പലരേയും പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. സമരപ്പന്തല്‍ പൊളിച്ചുനീക്കുകയും ചെയ്തു.

പന്തളം മുതല്‍ നിലയ്ക്കല്‍ വരെയുള്ള വഴികളിലെ പ്രധാന സ്ഥലങ്ങളിലെല്ലാം ശബരിമലയിലെ സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്നുള്ള സമരങ്ങളെ അനുകൂലിച്ചും എതിര്‍ത്തുമുള്ള ബാനറുകളും ചെറിയ യോഗങ്ങളുമെല്ലാം കുറച്ച് ദിവസങ്ങളായി കാണാം. നിലയ്ക്കലിലെ ഈ പ്രതിഷേധ സമരത്തിന് ഒരു നേതൃത്വവും ഇല്ലെന്നും വിശ്വാസികള്‍ സ്വയം സംഘടിച്ചതാണെന്ന് പറയുമ്പോഴും നാമജപ കൂട്ടായ്മയ്ക്ക് പിന്തുണയുമായി എത്തിയവരില്‍ വിശ്വഹിന്ദു പരിഷത്തും വിവിധ ആദിവാസി സംഘടനകളുമുണ്ട്. രാഹുല്‍ ഈശ്വരറും വിവിധ ഹിന്ദു സംഘടനകളുടെ പ്രതിനിധികളും നാമജപത്തിന് എത്തിയിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ അട്ടത്തോടിലെ ഊരുകളില്‍ വിഎച്ച്പി പ്രവര്‍ത്തകര്‍ സന്നദ്ധ പ്രവര്‍ത്തനത്തിന് എത്തിയപ്പോഴാണ് പലരും ശബരിമലയിലെ വിധിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അറിയുന്നത്. ആദിവാസി ഊരുകളിലെ സ്ത്രീകളെ സമരത്തിന്റെ മുന്‍നിരയില്‍ എത്തിക്കുകയാണ് തുടര്‍ന്ന് ഈ സംഘടനകള്‍ ചെയ്തത് എന്നാണ് സതീഷ്‌ തന്നെ ഇപ്പോള്‍ വ്യക്തമാക്കുന്നത്.

https://www.azhimukham.com/trending-pinarayi-speech-in-ldf-public-meeting/

വാഹനങ്ങള്‍ പരിശോധിക്കാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ പോലീസ് ലാത്തി വീശുകയും ചെയ്തു. കെഎസ്ആര്‍ടിസി ബസ് അടക്കമുള്ള വാഹനങ്ങള്‍ പമ്പയിലേയ്ക്ക് കടത്തിവിട്ടു. തീര്‍ത്ഥാടകരെ തടഞ്ഞാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്രയും ഇക്കാര്യം ഇന്നലെ വ്യക്തമാക്കിയിരുന്നു. നിലക്കയ്‌ലില്‍ റോഡിന്റെ ഇരുവശവും 500 പോലീസുകാരെയാണ് നിയോഗിച്ചത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വാഹനമടക്കം ഇങ്ങനെയാണ് നിലക്കലില്‍ നിന്ന് പമ്പയിലേക്ക് കടത്തിവിട്ടത്.

യുവതികള്‍ ശബരിമലയിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ നിന്നിരുന്ന ആചാര സംരക്ഷണ സമിതി പ്രവര്‍ത്തകരെ പൊലീസ് നീക്കി. വടശ്ശേരിക്കര - നിലയ്ക്കല്‍, എരുമേലി - നിലയ്ക്കല്‍ റൂട്ടുകളില്‍ ഒരു വിഭാഗം ആളുകള്‍ ഗതാഗത തടസ്സവും വാഹനപരിശോധനയും നടത്തുന്നത് തടയുന്നതിന് വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള സംഘങ്ങളെ നിയോഗിക്കുന്നുണ്ട്.

https://www.azhimukham.com/kerala-nilakkal-sabarimala-ayyappan-and-tribal-malampandaram-relation-and-women-entry-controversy-report-krishna/

Next Story

Related Stories