UPDATES

പ്രവാസം

കമ്പനി ചതിച്ചു, താമസവും ഭക്ഷണവും ഇല്ലാതെ നാലു മാസമായി സൗദിയില്‍ കുടുങ്ങിയ 20 ഇന്ത്യന്‍ തൊഴിലാളികളെ മലയാളികള്‍ രക്ഷിച്ചു

അഷ്‌റഫ് മുവാറ്റുപുഴയെ കൂടാതെ ജുവയുടെ പ്രവര്‍ത്തകരായ അബ്ദുല്‍ കരീം ഖാസിമി, സലീം ആലപ്പുഴ, നൂഹ് പാപ്പിനിശ്ശേരി, അഡ്വ. ആന്റണി, ഉസ്മാന്‍ ഒട്ടുങ്ങല്‍, ജയന്‍ തച്ചമ്പാറ എന്നിവരാണ് തൊഴിലാളികള്‍ക്ക് സഹായത്തിനായി പ്രവര്‍ത്തിച്ചത്.

താമസവും ഭക്ഷണവും ഇല്ലാതെ നാലു മാസമായി സൗദി അറേബ്യയില്‍ കുടുങ്ങിയ ഇരുപതോളം ഇന്ത്യന്‍ തൊഴിലാളികളെ മലയാളികളായ സാമൂഹികപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ രക്ഷപ്പെടുത്തി. മുംബൈയിലെ ഒരു ട്രാവല്‍ ഏജന്‍സി വഴി റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു കമ്പനിയിലേയ്ക്ക് നാലു മാസം മുമ്പാണ് പുതിയ വിസയില്‍ തൊഴിലാളികള്‍ എത്തുന്നത്. ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആളുകളാണ് ഇവര്‍.

കമ്പനി കീഴ് കരാര്‍ അടിസ്ഥാനത്തില്‍ ഇവരെ മറ്റൊരു കമ്പനിയിലേയ്ക്ക് ജോലിക്ക് വിടുകയായിരുന്നു. സൗദിയിലെത്തി താമസ രേഖ (ഇഖാമ) എടുക്കേണ്ട തൊണ്ണൂറ് ദിവസത്തിനു ശേഷവും മാതൃ കമ്പനി രേഖകള്‍ ശരിയാക്കാത്തതിനെ തുടര്‍ന്ന് കരാര്‍ അടിസ്ഥാനത്തില്‍ ജോലിക്ക് എടുത്ത കമ്പനിയെയും ഇവരെയും പ്രോജക്ടില്‍ നിന്നു പിരിച്ച് വിട്ടു. എന്നാല്‍ അത് വരെയുള്ള ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നല്‍കാന്‍ ഇരു കമ്പനികളും തയാറായില്ല.

തുടര്‍ന്ന് റിയാദിലെ ഇവരുടെ മാതൃ കമ്പനി ഹെഡ് ഓഫീസില്‍ എത്തി വിവരമറിയിച്ചെങ്കിലും നേരത്തെ ജോലി ചെയ്ത ശമ്പളം നല്‍കാതെ ജുബൈലിലെ മറ്റൊരു കമ്പനിയിലേയ്ക്ക് ഇവരെ കരാര്‍ അടിസ്ഥാനത്തില്‍ വീണ്ടും മറിച്ച് നല്‍കി. ജുബൈലിലെ പുതിയ കമ്പനി മുന്നോട്ട് വച്ച ശമ്പളം ഉള്‍പ്പെടെയുള്ള തൊഴില്‍ വ്യവസ്ഥകള്‍ അംഗീകരിക്കാനാവാത്തതിനാല്‍ തൊഴിലാളികള്‍ തൊഴിലെടുക്കാന്‍ വിസമ്മതിക്കുകയും ആദ്യം ജോലി ചെയ്ത നാലു മാസത്തെ കുടിശ്ശികക്കായി ആവശ്യപ്പെടുകയും ചെയ്തു.

എന്നാല്‍ നിലവിലെ കമ്പനി ആവശ്യപ്പെട്ടപ്രകാരം ഇവരെ താമസിപ്പിച്ച സ്വകാര്യ തൊഴില്‍ ക്യാമ്പില്‍ നിന്ന് ഇവരെ പുറത്താക്കുകയായിരുന്നു. ഭക്ഷണം പോലുമില്ലാതെ സാധന സാമഗ്രികളുമായി പെരുവഴിയിലായ ഇവരെ അടുത്ത് ക്യാമ്പിലെ ചില മലയാളികള്‍ ജുബൈല്‍ വെല്‍ഫയര്‍ അസോസിയേഷനില്‍ (ജുവ) എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ക്ക് ഭക്ഷണവും താല്‍ക്കാലിക താമസ സ്ഥലവും ശരിയാക്കുകയും പോലീസില്‍ ഹാജരാക്കുകയും ചെയ്തു.

മുപ്പതോളം പേരാണ് മുംബൈ വഴി, ഗ്രൂപ്പ് വിസയില്‍ റിയാദില്‍ എത്തിയിരുന്നതെങ്കിലും ജുവ-യുടെ സഹായത്തോടെ 20 പേര്‍ക്ക് മറ്റൊരു കമ്പനിയിലേയ്ക്ക് നിയമവിധേയമായി തൊഴില്‍ മാറാന്‍ കഴിഞ്ഞു. പഴയ കമ്പനിയില്‍ നിന്നുള്ള കുടിശ്ശിക ലഭിക്കാനുള്ള നിയമ പോരാട്ടത്തിലാണ് ഇപ്പോഴിവര്‍. കേസില്‍ നിന്ന് പിന്‍മാറാന്‍ ആ കമ്പനിയില്‍ നിന്ന് സമ്മര്‍ദ്ദവും ഭീഷണിയും ഉള്ളതായിട്ടാണ് ജുവ വൈസ് പ്രസിഡന്റ് അഷ്‌റഫ് മുവാറ്റുപുഴയുടെ വെളിപ്പെടുത്തല്‍.

അഷ്‌റഫ് മുവാറ്റുപുഴയെ കൂടാതെ ജുവയുടെ പ്രവര്‍ത്തകരായ അബ്ദുല്‍ കരീം ഖാസിമി, സലീം ആലപ്പുഴ, നൂഹ് പാപ്പിനിശ്ശേരി, അഡ്വ. ആന്റണി, ഉസ്മാന്‍ ഒട്ടുങ്ങല്‍, ജയന്‍ തച്ചമ്പാറ എന്നിവരാണ് തൊഴിലാളികള്‍ക്ക് സഹായത്തിനായി പ്രവര്‍ത്തിച്ചത്. ജുബൈലിലെ വിവിധ സാമൂഹ്യ-സാംസ്‌കാരിക-രാഷ്ട്രീയ സംഘടനകളുടെ സംയുക്ത കൂട്ടായ്മയാണ് ജുബൈല്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന ജുവ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍