നടി ആക്രമിക്കപ്പെട്ട കേസില്‍ നടന് ദിലീപിന്റെ അറസ്റ്റോടെ അന്വേഷണം പൂര്‍ത്തിയാകുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കുടുങ്ങേണ്ടവര്‍ എല്ലാവരും കുടുങ്ങുമെന്നും കുറ്റവാളികള്‍ ആരും രക്ഷപ്പെടില്ലെന്നും പിണറായി വ്യക്തമാക്കി.
അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ഗൂഢാലോചനക്കാരുടെ പിന്നാലെ പോകാനല്ല പോലീസ് ശ്രമിക്കുക. കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവര്‍ക്ക് പിന്നാലെ പോകാനെ ആ സമയത്ത് പോലീസിന് സാധിക്കൂ. കേസില്‍ തുടക്കത്തില്‍ തന്നെ കുറ്റവാളികളെ വളരെ വേഗം അറസ്റ്റ് ചെയ്യാന്‍ സാധിച്ചു. ഇതിനൊപ്പം തുടരന്വേഷണം നടത്താന്‍ പോലീസിന് നിര്‍ദ്ദേശം കൊടുത്തിരുന്നു.
ഡിജിപിയോടും ഇടക്കാല ഡിജിപിയോടും അന്വേഷണ സംഘത്തോടും കൃത്യമായി അന്വേഷണം നടത്താനും കുറ്റക്കാര്‍ ആരായാലും പിടികൂടാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും പിണറായി അറിയിച്ചു. ഇനിയും കേസുമായി മുന്നോട്ട് പോകും. കേസില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് മുഖ്യമന്ത്രി നല്‍കുന്നത്.