UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പരോളിലിറങ്ങി യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചതിന് ടിപി വധക്കേസിലെ പ്രതി കൊടി സുനിയെ അറസ്റ്റ് ചെയ്തു

കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണമായി പോലീസ് പറയുന്നത്.

യുവാവിനെ തട്ടിക്കൊണ്ടുപോയ മര്‍ദിച്ചതിന് കൊടി സുനിയെ അറസ്റ്റ് ചെയ്തു. ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന കൊടി സുനി പരോളില്‍ ഇറങ്ങിയപ്പോഴായിരുന്നു സംഭവം. കൈതേരി സ്വദേശി മുഹമ്മദ് റിക്‌സാനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ചുവെന്ന പരാതിയില്‍ കൂത്തുപറമ്പ് പോലീസാണ് സുനിയെ അറസ്റ്റ് ചെയ്തത്.

കൂത്തുപറമ്പ് കോടതിയില്‍ ഹാജരാക്കിയ സുനിയെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് തട്ടിക്കൊണ്ടുപോകലിനും മര്‍ദനത്തിനും കാരണമായി പോലീസ് പറയുന്നത്. 20 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കേസില്‍ സജീര്‍, സമീര്‍, പ്രകാശ് എന്നീ 3 പേര്‍ കൂടി പിടിയിലായിട്ടുണ്ട്. ബാക്കിയുള്ളവര്‍ ഒളിവിലാണ്.

സ്വര്‍ണ്ണക്കടത്തിനായി സുനിയും സംഘവും റിക്‌സാന്റൈ സഹോദരനെ ഗള്‍ഫിലേക്കയച്ചിരുന്നു. എന്നാല്‍ തിരികെയെത്തിയ യുവാവിന്റെ കൈയില്‍ നിന്ന് യാത്രക്കിടെ സ്വര്‍ണം നഷ്ടപ്പെട്ടു. സ്വര്‍ണ്ണം നഷ്ടമായതോടെ സഹോദരന്റെ കൈയില്‍ നിന്ന് പണം തിരികെക്കിട്ടാന്‍ റിക്‌സാനെ തട്ടിക്കൊണ്ടുപോയി കൊടി സുനിയും സംഘവും മര്‍ദിച്ചുവെന്നും അവിടെ നിന്ന് രക്ഷപ്പെട്ട യുവാവിനെ വീട്ടിലെത്തിയും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്.

വയനാട്ടിലെ സ്വകാര്യ റിസോര്‍ട്ടിലേക്കായിരുന്നു യുവാവിനെ തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് മാതാവ് നല്‍കിയ പരാതിയിലാണ് കൊടി സുനിയെ അറസ്റ്റ് ചെയ്തത്. കൊടിസുനി പരോളില്‍ ഇറങ്ങിയ സമയത്താണ് ഈ കുറ്റം ചെയ്തതെന്ന് പോലീസ് പറയുന്നു. 2018ലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍