ന്യൂസ് അപ്ഡേറ്റ്സ്

ഉത്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ അപകടം; ഇന്ന് റിപ്പോര്‍ട്ട് നല്‍കണമെന്ന് റെയില്‍വേ മന്ത്രി

അപകടത്തിന് പിന്നിലെ ഉത്തരവാദികളെക്കുറിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം

മുസാഫര്‍നഗറില്‍ ഉത്കല്‍ എക്‌സ്പ്രസ് ട്രെയിന്‍ പാളം തെറ്റിയുണ്ടായ അപകടത്തില്‍ 21 പേര്‍ കൊല്ലപ്പെടുകയും 100ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റെയില്‍വേ മന്ത്രി ആവശ്യപ്പെട്ടു. റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തലിനോടാണ് മന്ത്രി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അപകടത്തിന് പിന്നിലെ ഉത്തരവാദികളെക്കുറിച്ച് ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

എന്തെങ്കിലും വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെടുന്നു. ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാണെന്നും അപകടത്തില്‍ ഇരയായവര്‍ക്കുള്ള ആശുപത്രി സേവനങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി പറയുന്നു. ഗതാഗത പുനസ്ഥാപനത്തിനാണ് മുന്‍ഗണന നല്‍കുന്നത്. അപടത്തില്‍പ്പെട്ട ഏഴ് കോച്ചുകള്‍ ട്രാക്കില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ടെന്നും മന്ത്രി ട്വിറ്ററില്‍ കുറിച്ചു.

അതേസമയം പാളം തെറ്റലിന് പിന്നില്‍ കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണിയാണെന്ന ആരോപണം റെയില്‍വേ സുരക്ഷ കമ്മിഷണര്‍ പരിശോധിച്ചുവരികയാണെന്ന് ട്രാഫിക് വിഭാഗം അംഗം മൊഹമ്മദ് ജംഷാദ് അറിയിച്ചു. എന്ത് വിധത്തിലുള്ള അറ്റകുറ്റപ്പണിയാണ് ഇവിടെ നടന്നതെന്നാണ് പരിശോധിച്ചുവരുന്നത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ സുരക്ഷ വീഴ്ചയാണ് അപകടത്തിന് കാരണമെന്ന് തെളിഞ്ഞാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കും.

കഴിഞ്ഞ പത്ത് ദിവസത്തോളമായി അപകടമുണ്ടായ പാലത്തിന്റെ ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നുണ്ടെന്നാണ് നാട്ടുകാര്‍ നല്‍കുന്ന മൊഴി. ഇതൊരു സാധാരണ പരിശോധന മാത്രമായിരുന്നെന്നും റെയില്‍വേ മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും ഡല്‍ഹി ഡിവിഷന്‍ ഡിആര്‍എം ആര്‍എന്‍ സിംഗ് അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍