UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിഎസ് കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി രണ്ടര വര്‍ഷത്തിനിടെ ചെലവഴിച്ചത് നാലര കോടി; സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഒന്നും സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ല

വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമേ 13 ലക്ഷം രൂപയാണ് ഇതുവരെ ചെയര്‍മാന് ശമ്പള ഇനത്തില്‍ നല്‍കിയിരിക്കുന്നത്.

വിഎസ് അച്യുതാനന്ദന്‍ ചെയര്‍മാനായ ഭരണപരിഷ്‌ക്കാര കമ്മിഷന്റെ പ്രവര്‍ത്തനത്തിനായി രണ്ടര വര്‍ഷത്തിനിടെ സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് നാലര കോടി രൂപ. കൂടാതെ വിഎസിന്റെ നേതൃത്വത്തില്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ ഒന്നും തന്നെ സര്‍ക്കാര്‍ പരിഗണിച്ചിട്ടില്ലെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ പരിശോധിച്ച് ആവശ്യമായ തിരുത്തലുകളും ശുപാര്‍ശകളും നടത്തുകയാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്റെ ചുമതല.

വിജിലന്‍സ് സംവിധാനം പരിഷ്‌ക്കരണം, കപ്പാസിറ്റി ഡെവലപ്പ്‌മെന്റ് ഓഫ് സിവില്‍ സര്‍വന്റ്‌സ്, വെല്‍ഫെയര്‍ ടു റൈറ്റ്‌സ് – ഇപ്ലിമെന്റേഷന്‍ ഓഫ് സെലക്ട് ലെജിസ്ലേഷന്‍സ് – എ റിവ്യൂ, എന്നീ പേരുകളില്‍ മൂന്നു റിപ്പോര്‍ട്ടുകളാണ് ഭരണപരിഷ്‌ക്കാര കമ്മിഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചത്. എന്നാല്‍ ഈ മൂന്ന് ശുപാര്‍സകളും സര്‍ക്കാര്‍ ഇതുവരെ പരിഗണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

മുന്‍ ചീഫ് സെക്രട്ടറി സി പി നായര്‍, നീലാ ഗംഗാധരന്‍ എന്നിവരാണ് കമ്മിഷനിലെ അംഗങ്ങള്‍. കമ്മിഷന്‍ ചെയര്‍മാന് കാബിനറ്റ് പദവിയും അംഗങ്ങള്‍ക്ക് ചീഫ് സെക്രട്ടറിയുടെ അധികാരങ്ങളുമാണ് നല്‍കിയിരിക്കുന്നത്. അഞ്ച് താല്‍ക്കാലിക ജീവനക്കാര്‍ ഉള്‍പ്പെടെ 17 ജീവനക്കാര്‍ കമ്മിഷനിലുണ്ട്. ചെയര്‍മാന് പ്രൈവറ്റ് സെക്രട്ടറി അടക്കം 12 ജീവനക്കാരുമുണ്ട്.

കമ്മിഷന്‍ ഓഫിസിലെ ജീവനക്കാര്‍ – 1 അഡീ. സെക്രട്ടറി, 1 ഡെപ്യൂട്ടി കളക്ടര്‍,1 ഫിനാന്‍സ് ഓഫീസര്‍, 2 അണ്ടര്‍ സെക്രട്ടറി, 1 സെക്ഷന്‍ ഓഫീസര്‍, 3 അസിസ്റ്റന്റ്, രണ്ട് കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (മലയാളം), 1 കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് (ഇംഗ്ലീഷ്), 3 ഓഫീസ് അറ്റന്‍ഡന്റ് (ദിവസവേതനം), 1 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 1 ഡ്രൈവര്‍.

വിഎസിന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളത്, 1 പ്രൈവറ്റ് സെക്രട്ടറി, 1 അസി.പ്രൈവറ്റ് സെക്രട്ടറി, 2 പഴ്‌സണല്‍ അസിസ്റ്റന്റ്, 1 സ്റ്റെനോഗ്രാഫര്‍, 4 ക്ലാര്‍ക്ക്, 2 ഡ്രൈവര്‍, 1 കുക്ക് എന്നിവരാണ്. ഔദ്യോഗിക വസതിയുള്‍പ്പടെ മന്ത്രിമാര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും കമ്മിഷന്‍ ചെയര്‍മാനുമുണ്ട്. വിവിധ ആനുകൂല്യങ്ങള്‍ക്ക് പുറമേ 13 ലക്ഷം രൂപയാണ് ഇതുവരെ ചെയര്‍മാന് ശമ്പള ഇനത്തില്‍ നല്‍കിയിരിക്കുന്നത്.

കമ്മിഷന്‍ അംഗം സി പി നായര്‍ക്ക് നിലവില്‍ ലഭിക്കുന്ന പെന്‍ഷന് പുറമേ 75,000 രൂപ പ്രതിമാസ ഓണറേറിയമായി ലഭിക്കും. ചീഫ് സെക്രട്ടറിക്ക് തുല്യമായ യാത്രാബത്തയും ദിനബത്തയുമുണ്ട്. സര്‍ക്കാര്‍ ഗസ്റ്റ് – റസ്റ്റ് ഹൗസുകളില്‍ ചീഫ് സെക്രട്ടറിക്ക് തതുല്യമായ പരിഗണന ലഭിക്കും. കമ്മിഷന്റെ ഓരോ സിറ്റിങിനും 2,500 രൂപയും ലഭിക്കും. ഔദ്യോഗിക വാഹനം ടൂറിസം വകുപ്പാണ് നല്‍കുന്നത്.

പാര്‍ടൈം അംഗം നീലാ ഗംഗാധരന്റെ ആസ്ഥാനം ബംഗളൂരുവിലാണ്. മാസ വേതനം 37,500 രൂപയ്ക്ക് പുറമേ 10,000രൂപ അലവന്‍സുണ്ട്. ചീഫ് സെക്രട്ടറിക്ക് തുല്യമായ യാത്രാബത്തയും ദിനബത്തയും, ഓരോ സിറ്റിങിനും 2500 രൂപ ഫീസുമുണ്ട്. ഔദ്യോഗിക വാഹനം ടൂറിസം വകുപ്പ് നല്‍കും.

വികാസ് ഭവന്‍ ഐഎംജി കാംപസിലാണ് ഭരണ പരിഷ്‌കാര കമ്മിഷന്റെ ഓഫീസ്. 2016 ഓഗസ്റ്റ് ആറാം തീയതിയാണ് നാലാം ഭരണ പരിഷ്‌ക്കാര കമ്മിഷനെ നിയമിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മുമ്പ് മുഖ്യമന്ത്രിമാരാണ് കമ്മിഷന്‍ ചെയര്‍മാന്‍ സ്ഥാനം വഹിച്ചിരുന്നതെങ്കിലും വിഎസിന് ഉന്നതപദവി നല്‍കുന്നതിന്റെ ഭാഗമായിട്ടായിരുന്നു കമ്മിഷന്‍ രൂപീകരണം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍