UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈറ്റില മേല്‍പ്പാല നിര്‍മ്മാണം ക്രമക്കേട് കണ്ടെത്തിയ ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍, മാധ്യമങ്ങള്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയെന്ന് ആരോപണം

വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നുവെന്നും വിവരമുണ്ട്

വൈറ്റില മേല്‍പ്പാല നിര്‍മ്മാണത്തിലെ ക്രമക്കേട് പുറത്തുകൊണ്ടുവന്ന ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡു ചെയ്തു. പാലത്തിന്റെ ക്രമക്കേടുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ഉദ്യോഗസ്ഥ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വി കെ ഷൈലാ മോളെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ ഓഫീസാണ് നടപടി എടുത്തിരിക്കുന്നത്.

പാലം നിര്‍മ്മാണത്തിന്റെ രണ്ടാം ഘട്ട പരിശോധനാ റിപ്പോര്‍ട്ടായിരുന്നു ഉദ്യോഗസ്ഥ നല്‍കിയിരുന്നത്. നിര്‍മാണത്തില്‍ ഗുരുതരമായ ക്രമക്കേട് നടന്നെന്നായിരുന്ന ഈ റിപ്പോര്‍ട്ടില്‍ കാണിട്ടിരുന്നത്. എന്നാല്‍ സ്വതന്ത്ര ഏജന്‍സിയുടെ മൂന്നാം ഘട്ട പരിശോധനയില്‍ നിര്‍മാണത്തില്‍ കുഴപ്പമില്ലെന്നാണ് റിപ്പോര്‍ട്ട് നല്‍കിയത്.

രണ്ടാം ഘട്ട റിപ്പോര്‍ട്ട് ഉദ്യോഗസ്ഥ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് മന്ത്രിയുടെ ഓഫീസിന്റെ കണ്ടെത്തല്‍. കൂടാതെ ഉദ്യോഗസ്ഥ ചട്ടങ്ങള്‍ ലംഘിച്ച് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഓഫ് വിജിലന്‍സിന് റിപ്പോര്‍ട്ട് നല്‍കിയത് ക്രമ വിരുദ്ധമാണെന്നും നടപടിയ്ക്ക് കാരണമായി പറയുന്നു. തുടര്‍ന്നാണ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്.

അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിശോധനയ്ക്ക് ശേഷം, പാലം നിര്‍മാണത്തില്‍ ക്രമക്കേടുണ്ടോ എന്ന് സ്വതന്ത്രാന്വേഷണം നടത്തിയത് കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജ് ഓഫ് എഞ്ചിനീയറിംഗിലെ വിദഗ്ധരാണ്. പാലാരിവട്ടം പാലത്തിന്റെ വിവാദങ്ങള്‍ക്ക് പിന്നാലെ വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലും നിലവാരക്കുറവുണ്ടെന്ന ആരോപണം പൊതുമരാമത്ത് വകുപ്പിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

പാല നിര്‍മ്മാണത്തിന്റെ മേല്‍നോട്ടത്തില്‍ ഉദ്യോഗസ്ഥരും കരാറുകാരനും വീഴ്ച വരുത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് വിജിലന്‍സ് കണ്ടെത്തിയിരുന്നു. എന്നാല്‍ നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ പുരോഗതി വിലയിരുത്തേണ്ട ക്വാളിറ്റി കണ്‍ട്രോള്‍ വിഭാഗം പാലം നിര്‍മ്മാണത്തില്‍ എന്തെങ്കിലും തകരാറുള്ളതായി റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്ന് പൊതുമരാമത്ത് മന്ത്രി ജി സുധാകരന്റെ ഓഫീസിനെ ഉദ്ധരിച്ച് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വിജിലന്‍സ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തായതില്‍ മന്ത്രി ജി സുധാകരന്‍ ഉദ്യോഗസ്ഥരെ ശകാരിച്ചിരുന്നുവെന്നും വിവരമുണ്ട്.

Read: “അതേ, ഞങ്ങൾ ഫാഷിസ്റ്റുകളാണ്”: മുസ്സോളിനിയുടെ ജന്മസ്ഥലത്തേക്ക് തീവ്ര വലതുപക്ഷ ടൂറിസ്റ്റുകളുടെ പ്രവാഹം

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍