TopTop
Begin typing your search above and press return to search.

അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

“കേരളത്തെ വിരട്ടാന്‍ ആരും ഇറങ്ങിപ്പുറപ്പെടേണ്ട” മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞത് ഇന്ന് കേരളത്തില്‍ എത്തിയ അരുണ്‍ ജെയ്റ്റ്ലിയോടും കൂടി ആയിരിക്കാം. ശ്രീകാര്യത്ത് കൊലചെയ്യപ്പെട്ട ആര്‍ എസ് എസ് കാര്യവാഹക് രാജേഷിന്റെ വീടും ആക്രമിക്കപ്പെട്ട കൌണ്‍സിലര്‍മാരുടെ വീടുകളും കേന്ദ്ര പ്രതിരോധ മന്ത്രി ഇന്ന് സന്ദര്‍ശിക്കുകയാണ്. രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് കതിരൂര്‍ മനോജ് കൊല്ലപ്പെട്ടപ്പോള്‍ ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് വന്നത് പോലെ ഒരു രാഷ്ട്രീയ അഭ്യാസം.

പിണറായി ഇന്നലെ പറഞ്ഞത് ഇതാണ്. “കേരളത്തില്‍ ക്രമസമാധാനം തകര്‍ന്നു എന്നു പ്രചരിപ്പിക്കുന്നതില്‍ സംഘ പരിവാറിന്റെ നിക്ഷിപ്ത താത്പര്യമുണ്ട്. ആര്‍ എസ് എസ് വര്‍ഗ്ഗീയ സംഘടന മാത്രമല്ല, കേന്ദ്ര ഭരണം നിയന്ത്രിക്കുന്ന സംഘടന കൂടി ആണ് എന്നു മനസിലാക്കണം. ആര്‍ എസ് എസ് ആഗ്രഹിക്കുന്നതൊന്നും കേരളത്തില്‍ നടക്കുന്നില്ല. ഇവിടെ നിലനില്‍ക്കുന്ന ശക്തമായ മതനിരപേക്ഷ ബോധമാണ് കാരണം.” (ദേശാഭിമാനി)

പിണറായി പറയുന്ന മതനിരപേക്ഷ ബോധം കൊണ്ട് പിടിച്ചു നിര്‍ത്താന്‍ പറ്റുമോ ആര്‍ എസ് എസിന്റെ പടപ്പുറപ്പാട് എന്നതാണ് വലിയ ചോദ്യം.

അരുണ്‍ ജെയ്റ്റ്ലി കേന്ദ്ര പ്രതിരോധ മന്ത്രി ആണെങ്കിലും ഇന്ന് കേരളത്തില്‍ എത്തുന്നത് ബിജെപിയുടെ ദേശീയ നേതാവായിട്ടാണ്. ജെയ്റ്റ്ലിക്ക് പിന്നാലെ ആര്‍ എസ് എസ് മേധാവി മോഹന്‍ ഭാഗവതും കേരളത്തില്‍ എത്തുന്നുണ്ട്. ആഗസ്ത് 14നാണ് ഭാഗവതിന്റെ സന്ദര്‍ശനം. സംഘപരിവാര്‍ സംഘടനകളുടെ ‘ശുദ്ധീകരണ’വും സംഘര്‍ഷങ്ങള്‍ സംബന്ധിച്ച വിലയിരുത്തലും ലക്ഷ്യമിട്ടാണ് മോഹന്‍ ഭാഗവത് വരുന്നത്. 'ശുദ്ധീകരണം' എന്ന് ഉദ്ദേശിച്ചത് മെഡിക്കല്‍ കോഴ അടക്കം അഴിമതി ആരോപണങ്ങള്‍ ആയിരിക്കാം.

മറ്റൊരു പ്രധാനവാര്‍ത്ത കണ്ണൂര്‍ മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ഒരു കേരള യാത്ര ഈ മാസം ഒടുവില്‍ ബിജെപി സംഘടിപ്പിക്കാന്‍ പോകുന്നു എന്നുള്ളതാണ്. അമിത് ഷാ 100 കിലോ മീറ്റര്‍ യാത്ര ചെയ്യും എന്നാണ് മാതൃഭൂമി പത്രം പറയുന്നത്. “കേരളത്തിലെ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സിപിഎമ്മിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയുള്ള പ്രചരണം കൊഴുപ്പിക്കാനാണ് സംഘപരിവാര്‍ തീരുമാനമെന്ന്” മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ അമിത് ഷാ യാത്ര ചെയ്യും. എന്തുകൊണ്ട് ഈ ജില്ലകള്‍ എന്നത് രാഷ്ട്രീയമായ ചില കൂട്ടിക്കിഴിക്കലുകള്‍ക്ക് വിധേയമാക്കാവുന്നതാണ്. തിരുവനന്തപുരം ആക്രമ പരമ്പരകളുടെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ അക്രമം ഉണ്ടായ ജില്ലയാണ് കോട്ടയം. കണ്ണൂര്‍ ബിജെപി എല്ലാ കാലത്തും ഉയര്‍ത്തിക്കാണിക്കുന്ന കമ്യൂണിസ്റ്റ് ആക്രമണ രാഷ്ട്രീയത്തിന്റെ പ്രതീകം. തൃശൂരും തിരുവനന്തപുരവും അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ പിടിച്ചെടുക്കണം എന്നു ബിജെപി ആഗ്രഹിക്കുന്ന രണ്ടു ജില്ലകള്‍. കോഴിക്കോട് ബിജെപിക്ക് മികച്ച അടിത്തറയുള്ള സ്ഥലം. ചുരുക്കി പറഞ്ഞാല്‍ അമിത് ഷാ ഇറങ്ങി നടക്കും എന്ന് പറയുന്ന ജില്ലകളാണ് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി ലക്ഷ്യമിടുന്നത് എന്ന് സാരം.

Also Read: കാനം ഒന്നു സൂക്ഷിച്ചോളൂ; അമിത് ഷാ കണ്ണുവച്ചിരിക്കുന്ന രണ്ടു സീറ്റുകള്‍ നിങ്ങളുടെയാണ്

ബിജെപി നടത്താന്‍ പോകുന്നത് അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള രാഷ്ടീയ പരീക്ഷണമാണ്. അല്ലാതെ ആര്‍എസ്എസ് സഹസര്‍സംഘചാലക് ദത്താത്രേയ ഹൊസബലെയൊക്കെ ഭീഷണിപ്പെടുത്തുന്നത് പോലെ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള മണ്ടത്തരമൊന്നും ബിജെപി കാണിക്കില്ല. അങ്ങനെ ചെയ്താല്‍ അതിന്റെ ഗുണം ആരായിരിക്കും കൊണ്ടുപോവുക എന്ന് മനസിലാക്കാനുള്ള ബുദ്ധിയൊക്കെ അമിത് ഷായ്ക്കും കൂട്ടര്‍ക്കും ഉണ്ട്. പക്ഷേ ആ രാഷ്ട്രീയ അന്തരീക്ഷം 2019ലെ തിരഞ്ഞെടുപ്പ് വരെ നിലനിര്‍ത്താന്‍ ബിജെപി ശ്രമിക്കും എന്നതില്‍ തര്‍ക്കമില്ല.

Also Read: കോഴ, ഹവാല, കള്ളനോട്ട്; കേരള ബിജെപിയില്‍ തല്ല് മുറുകുന്നു

കുമ്മനം രാജശേഖരന്‍ നയിക്കുന്ന കേരള യാത്രയില്‍ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഹ് ചൌഹാന്‍, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫട്നവീസ്, ഗോവ മുഖ്യമന്ത്രിയെ മനോഹര്‍ പരീക്ക് തുടങ്ങി നിരവധി കേന്ദ്ര മന്ത്രിമാരും പങ്കെടുക്കും എന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

കാര്യങ്ങള്‍ ഇങ്ങനെ കൈവിട്ടു പോകുമ്പോള്‍ കേരളത്തിലെ മുഖ്യ പ്രതിപക്ഷമായ കോണ്‍ഗ്രസ്സ് എന്താണ് ചെയ്യുന്നത്?

സിദ്ധാര്‍ത്ത് ഭരതന്റെ പുതിയ സിനിമയായ വര്‍ണ്യത്തില്‍ ആശങ്കയില്‍ ഒരു കവലയുണ്ട്. അമ്മായിക്കവല. കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്സ്, ഹിന്ദുത്വ പാര്‍ട്ടികളുടെ ഓഫീസുള്ള ഒരു ടിപ്പിക്കല്‍ കേരള കവല. ഇതില്‍ കമ്യൂണിസ്റ്റുകാരും ഹിന്ദുത്വ പാര്‍ട്ടിക്കാരും ഭയങ്കര ആക്ടീവാണ്. തല്ലും കൊലയും ഹര്‍ത്താലും ഒക്കെയായി അവര്‍ തിരക്കിലാണ്. കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ ഓഫീസില്‍ ആളും അനക്കവുമില്ല. ആകെ ഉള്ളത് സന്ദേശം സിനിമയില്‍ 'നാരിയല്‍ കാ പാനി' ചോദിക്കുന്ന ഇന്നസെന്‍റ് അവതരിപ്പിച്ച തൊപ്പിയിട്ട ഹിന്ദിക്കാരന്‍ ഹൈക്കമാന്‍ഡ് നേതാവിന്റെ ഒരു ഫ്ലക്സ് മാത്രം.

നിലവില്‍ കെപിസിസി ആസ്ഥാനത്തിന്റെ അവസ്ഥയും ഇത് തന്നെയാണ്. ബിജെപി മൈതാനത്ത് നിറഞ്ഞു കളിക്കുമ്പോള്‍ ഗ്യാലറിയില്‍ ഉറക്കം തൂങ്ങി കളി കാണുകയാണ് കോണ്‍ഗ്രസ്സ്. എന്തായാലും സ്വാതന്ത്ര്യ ദിനത്തില്‍ ന്യൂന പക്ഷങ്ങള്‍ക്ക് എതിരെയുള്ള അക്രമണങ്ങള്‍ക്കെതിരെ കെപിസിസി അദ്ധ്യക്ഷന്‍ ഹസ്സന്റെ വക ഉപവാസ അനുഷ്ഠാനം ഉണ്ട്. ഹസ്സന്‍ജിയെക്കൊണ്ട് ഇത്രയൊക്കെയേ സാധിക്കുകയുള്ളൂ.

എന്തായാലും കേന്ദ്രമന്ത്രിമാരെ അടക്കം ഇറക്കിയുള്ള സംഘപരിവാറിന്റെ കളിക്ക് രാഷ്ട്രീയമായി തന്നെ മറുപടി കൊടുക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. അതിന്റെ ആദ്യ പടി എന്ന നിലയില്‍ അരുണ്‍ ജെയ്റ്റ്ലി വരുന്ന ഇന്ന് രാജ്ഭവന് മുന്‍പി‌ല്‍ 21 രക്തസാക്ഷി കുടുംബാംഗങ്ങളെ പങ്കെടുപ്പിച്ച് ധര്‍ണ്ണ നടത്തുകയാണ് സിപിഎം. ഒപ്പം സിപിഎം തിരുവനന്തപുരം ജില്ല സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ജെയ്റ്റ്ലിക്ക് ഒരു തുറന്ന കത്തും എഴുതിയിട്ടുണ്ട്.

ഇനി സിപിഐ എറണാകുളം ജില്ല സെക്രട്ടറി പി രാജുവിന്റെ കോമഡി കൂടി പറഞ്ഞിട്ടു നിര്‍ത്താം. “ചോരച്ചാലുകള്‍ നീന്തിക്കയറിയ ആളെന്നാണ് മുഖ്യമന്ത്രിയെക്കുറിച്ച് പറയുന്നത്. പക്ഷേ, ഇടയ്ക്കിടയ്ക്ക് അദ്ദേഹത്തിന് പേടിച്ചു പനി വരുന്നുണ്ട്” എന്നാണ് രാജുവിന്റെ പിണറായി പരിഹാസം.

എന്തായാലും കാനത്തിന് കാര്യത്തിന്റെ ഗൌരവം പിടികിട്ടിയിട്ടുണ്ട്. രേഖാമൂലം വിശദീകരണം നല്‍കണമെന്ന് ആവശ്യപ്പെടിരിക്കുകയാണ് കാനം സഖാവ് ജില്ലാ സെക്രട്ടറിയോട്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories