TopTop
Begin typing your search above and press return to search.

149 തടവുകാരുടെ മോചനം: ചില വാക്കുകള്‍ അങ്ങനെയാണ്, അത് പാലിക്കാനുള്ളതാണ്

149 തടവുകാരുടെ മോചനം: ചില വാക്കുകള്‍ അങ്ങനെയാണ്, അത് പാലിക്കാനുള്ളതാണ്

ഷാര്‍ജ 149 ഇന്ത്യന്‍ തടവുകാരെ മോചിപ്പിച്ചു.

ചില തീരുമാനങ്ങള്‍ അങ്ങനെയാണ്. അത് പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങില്ല.

ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രിം കൗണ്‍സില്‍ അംഗവുമായ ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയും കേരള മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍ നടന്ന ചര്‍ച്ചയില്‍ നിരവധി നിര്‍ദേശങ്ങളും ആവശ്യങ്ങളും ഉന്നയിക്കപ്പെടുകയുണ്ടായി. അതില്‍ ദേശീയ ശ്രദ്ധ ആകര്‍ഷിച്ച ഒന്നായിരുന്നു സിവില്‍ കേസുകളില്‍ പെട്ട് ഷാര്‍ജ ജയിലില്‍ കഴിയുന്ന ഇന്ത്യാക്കാരായ തടവുകാര്‍ക്ക് പൊതുമാപ്പ് നല്‍കി വിട്ടയക്കാനുള്ള പ്രഖ്യാപനം.

കേരള സന്ദര്‍ശനം കഴിഞ്ഞ് നാട്ടിലെത്തിയ ഷാര്‍ജ ഭരണാധികാരി അതിന് ഒട്ടും കാലതാമസം വരുത്തിയില്ല.

അതേസമയം ഷാര്‍ജ ഭരണാധികാരി നാട്ടിലെത്തുന്നതിന് മുന്‍പ് കേരള സര്‍ക്കാരും ഒരു പ്രഖ്യാപനത്തില്‍ തീരുമാനമെടുത്തു. യു എ ഇ കോണ്‍സുലേറ്റിന് കെട്ടിടം പണിയാന്‍ ഭൂമി നല്‍കുക എന്നുള്ളതായിരുന്നു അത്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു തീരുമാനം. പേരൂര്‍ക്കട വില്ലേജില്‍ 70 സെന്‍റ് സ്ഥലം 90 വര്‍ഷത്തേക്ക് പാട്ടത്തിന് നല്‍കാനാണ് തീരുമാനം.

ഷാര്‍ജ ജയിലില്‍ നിന്നും മോചിതരായവരില്‍ ചിലര്‍ നാട്ടിലേക്ക് മടങ്ങി എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. അവരുടെ 35.58 കോടി രൂപയുടെ സാമ്പത്തിക ബാധ്യതകള്‍ ഷാര്‍ജ ഭരണകൂടം തന്നെ അടച്ചു തീര്‍ത്തു. 20 മുതല്‍ 60 വയസ്സു വരെയുള്ളവരെയാണ് വിട്ടയച്ചത്. അതില്‍ 15 വര്‍ഷമായി ശിക്ഷ അനുഭവിക്കുന്നവരും ഉണ്ടെന്ന് മാതൃഭൂമിയുടെ റിപ്പോര്‍ട്ട് പറയുന്നു.

“ടാക്സി ഡ്രൈവരായിരുന്ന മുഹമ്മദ് മുസ്തഫ ഷൌക്കത്ത് എന്നയാള്‍ 2002ല്‍ ജയിലില്‍ ആയതാണ്. സാമ്പത്തിക ക്രമക്കേടായിരുന്നു ചുമത്തിയ കുറ്റം. മോചന വാര്‍ത്ത അവിശ്വസനീയമായിരുന്നു എന്നു ഷൌക്കത്ത് പറഞ്ഞു. തിരിച്ചു നാട്ടിലെത്തി കുടുംബത്തെ കാണാന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.” (മാതൃഭൂമി)

അതേസമയം ഷാര്‍ജ ഭരണാധികാരിക്ക് കേരളം സമര്‍പ്പിച്ച വികസന നിര്‍ദേശങ്ങളില്‍ ഉടന്‍ നടപടി എടുക്കാന്‍ ഷാര്‍ജയില്‍ നിന്നുള്ള ഉന്നതതല സംഘം ഉടന്‍ കേരളത്തില്‍ എത്തുമെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള ഒരു ഉന്നത സംഘത്തെ ഷാര്‍ജയിലേക്കും ക്ഷണിച്ചിട്ടുണ്ട്.

Also Read: ഡോ. ഷെയ്ഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി ‘അറബി കച്ചവടക്കാരന്‍’ എന്ന സ്റ്റീരിയോടൈപ്പിനെ തകര്‍ക്കുമ്പോള്‍

ചടുലമായ മറ്റൊരു നീക്കത്തില്‍ യു എ ഇയിലെ മറ്റ് ജയിലുകളില്‍ തടവില്‍ കഴിയുന്ന തടവുകാരുടെ മോചനത്തിന് വേണ്ടി ഇടപെടണം എന്നാവശ്യപ്പെട്ട് പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിന് കത്തയച്ചു. മറ്റ് ഗള്‍ഫ് രാജ്യങ്ങളുമായും ഇക്കാര്യം സംസാരിക്കണം എന്നു കത്തില്‍ ആവശ്യമുണ്ട്. യു എ യില്‍ ആകെ 1376 ഇന്ത്യക്കാര്‍ ജയിലില്‍ കഴിയുന്നുണ്ട് എന്നാണ് കണക്ക്. സൌദി അറേബ്യയില്‍ 2046-ഉം.

ഇന്നത്തെ മറ്റ് ചില വാര്‍ത്തകള്‍

കെപിസിസി തിരഞ്ഞെടുപ്പ് തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നു. തെരഞ്ഞെടുപ്പില്‍ ക്രമക്കേടും സ്വജനപക്ഷപാതവും ആരോപിച്ചുള്ള ഹര്‍ജിയില്‍ തിരുവനനന്തപുരം മുന്‍സിഫ് കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒരു ജനാധിപത്യ പാര്‍ട്ടിയുടെ സംഘടനാ തെരഞ്ഞെടുപ്പില്‍ കോടതി ഇടപെടുന്നു എന്നത് അഭിലഷണീയമല്ല. എന്നാല്‍ എങ്ങനെ ആ സാഹചര്യം ഉണ്ടായി എന്നത് ഇനിയെങ്കിലും കോണ്‍ഗ്രസ്സ് നേതൃത്വം പരിശോധിക്കേണ്ടിയിരിക്കുന്നു.

ബിജെപിയോട് അകന്ന വെള്ളാപ്പള്ളിയുടെ വൈ കാറ്റഗറി സെക്യൂരിറ്റി പിന്‍വലിക്കാന്‍ നീക്കം നടക്കുന്നു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ 12 സി ഐ എസ് എഫുകാരുടെ സംരക്ഷണയാണ് വെള്ളാപ്പള്ളിക്ക് ഉള്ളത്. 2016 ജനുവരിയിലാണ് തീവ്രവാദ ഭീഷണിയുണ്ട് എന്നു പറഞ്ഞ് വെള്ളാപ്പള്ളിക്ക് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയത്. ബിജെപിയും വെള്ളാപ്പള്ളിയും ഡിവോഴ്സാകുന്നതിന്റെ ചില കണക്കുതീര്‍ക്കലുകള്‍. അത്രതന്നെ.

Also Read: ടീം കുമ്മനം വിട്ട് വെള്ളാപ്പള്ളി ഇറങ്ങുകയായി സുഹൃത്തുക്കളേ; അടുത്തത് ജാനുവോ?

കണ്ണൂരില്‍ കീഴാറ്റൂരില്‍ റോഡ് വികസനത്തിന് വേണ്ടി നടക്കുന്ന ജനകീയ സമരത്തിന് താല്‍ക്കാലിക വിജയം. ദേശിയപാത ബൈപ്പാസിനുള്ള പി ഡബ്ല്യു ഡി വിജ്ഞാപനം തല്‍ക്കാലം പുറപ്പെടുവിക്കില്ലെന്ന് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. ജയിംസ് മാത്യു എം എല്‍ എ, സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥര്‍ എന്നിവരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. വയല്‍ക്കിളികള്‍ എന്ന പരിസ്ഥിതി കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രദേശത്തെ സിപിഎം പ്രവര്‍ത്തകര്‍ തന്നെയാണ് സമരത്തിന് നേതൃത്വം നല്കിയത്. എന്നാല്‍ പിന്നീട് ബിജെപി, സിപിഐ, മുന്‍ നക്സലൈറ്റ് പ്രവര്‍ത്തകര്‍, ജമാ അത്തെ ഇസ്ലാമി തുടങ്ങിയവര്‍ സമരത്തില്‍ ഇടപെട്ടതോടെ സിപിഎം ജില്ലാ നേതൃത്വം രംഗത്ത് വരികയായിരുന്നു. എന്തായാലും പുതിയ തീരുമാനത്തോടെ ഒരു തലവേദന താല്‍ക്കാലികമായി ഒഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് സിപിഎം.

ഭീകരര്‍ മോചിപ്പിച്ച ഫാദര്‍ ടോം ഉഴുന്നാലില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടതാണ് മറ്റൊരു പ്രധാന വാര്‍ത്ത. "എന്നെ ബന്ധിയാക്കിയവര്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിച്ചു. അവരിലും നന്‍മയുണ്ട്. നന്‍മയുള്ളതിനാലാണ് എന്നെ അവര്‍ ജീവനോടെ വിട്ടത്" ഡല്‍ഹിയിലെ വാര്‍ത്താ സമ്മേളനത്തില്‍ ഉഴുന്നാലില്‍ പറഞ്ഞു.

രോഹിങ്ക്യന്‍ മുസ്ലീംങ്ങള്‍ ഒഴിഞ്ഞുപോയ റാഖിന്‍ സന്ദര്‍ശിക്കുന്നതില്‍ നിന്നും ഐക്യ രാഷ്ട്ര സംഘത്തെ മ്യാന്മാര്‍ തടഞ്ഞതാണ് സുപ്രധാന വിദേശ വാര്‍ത്തകളില്‍ ഒന്ന്. മ്യാന്‍മര്‍ കാരണം വ്യക്തമാക്കിയിട്ടില്ല. ഒരു മാസത്തിനിടെ അഞ്ചു ലക്ഷത്തോളം രോഹിങ്ക്യന്‍ മുസ്ലീങ്ങളാണ് രാജ്യം വിട്ടത്. നേരത്തെ യു എന്‍ സന്നദ്ധ സേവകരെയും മ്യാന്‍മര്‍ തിരിച്ചയച്ചിരുന്നു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories