TopTop
Begin typing your search above and press return to search.

കേരളത്തില്‍ നിന്ന് 20,000 കുട്ടികളെ കാണാതായെന്നറിഞ്ഞിട്ടും ഒരാള്‍ക്കും നെഞ്ചു പൊള്ളുന്നില്ലേ?

കേരളത്തില്‍ നിന്ന് 20,000 കുട്ടികളെ കാണാതായെന്നറിഞ്ഞിട്ടും ഒരാള്‍ക്കും നെഞ്ചു പൊള്ളുന്നില്ലേ?

വേണ്ടിടത്തും വേണ്ടാത്തയിടത്തും ദൈവത്തിന്റെ സ്വന്തം നാട് എന്ന ക്ലീഷേ അലങ്കാരം കൊണ്ടു നടക്കുന്ന മലയാളികളുടെ നെഞ്ചിലേക്ക് തീ കോരിയിടുന്ന ഒരു കണക്ക് നോബല്‍ സമ്മാന ജേതാവ് കൈലാസ് സത്യാര്‍ത്ഥി ഇന്നലെ പുറത്തു പറഞ്ഞു. “സാക്ഷരതയും സാമൂഹികബോധവും കൂടുതലുള്ള സമൂഹമാണ് കേരളത്തിലേത്. പക്ഷേ കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ കേരളവും അപകടകരമായ ദിശയിലാണ് നീങ്ങുന്നത്. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ ഇവിടെ വര്‍ധിക്കുകയാണ്. വീട്ടിനുള്ളിലാണ് കുട്ടികള്‍ കൂടുതല്‍ ചൂഷണം ചെയ്യപ്പെടുന്നത് എന്നതാണ് ഞെട്ടിക്കുന്ന കാര്യം. 2013-15 കാലഘട്ടത്തില്‍ കേരളത്തില്‍ നിന്നും 20,000 കുട്ടികളെ കാണാതിയിട്ടുണ്ട്. അവര്‍ എവിടെപ്പോയി?”

മലയാള മനോരമയില്‍ മഹേഷ് ഗുപ്തന്‍ നടത്തിയ അഭിമുഖത്തിലാണ് സത്യാര്‍ത്ഥിയുടെ ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍.

“കുട്ടിക്കടത്ത് സംഘങ്ങള്‍ ഇവിടെയും സജീവമാണ് എന്നല്ലേ ഇതിനര്‍ത്ഥം?” സത്യാര്‍ത്ഥി ചോദിക്കുന്നു.

കൈലാസ് സത്യാര്‍ത്ഥിയുടെ ഭാവനയില്‍ വിരിഞ്ഞ കണക്കല്ല ഇത്. നമ്പര്‍ വണ്ണായ കേരളത്തെ തകര്‍ക്കാന്‍ വേണ്ടി ഒരു ഉത്തരേന്ത്യന്‍ സാമൂഹ്യ പ്രവര്‍ത്തകന്റെ ശ്രമവുമല്ല. ബച്പന്‍ ബചാവോ ആന്തോളന്‍ എന്ന സംഘടന രൂപീകരിച്ച് 1980 മുതല്‍ കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്നതിന്റെ അനുഭവ പരിചയത്തിന്റെയും പഠനത്തിന്റെയും വെളിച്ചത്തില്‍ പറഞ്ഞതാണ് ഇത്. കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് 2014ല്‍ നോബല്‍ സമ്മാനം നേടിയ ഒരു വ്യക്തിക്ക് ഉത്തരവാദിത്തരഹിതമായി ഇത്തരം കാര്യങ്ങള്‍ പറയാന്‍ സാധിക്കില്ല.

കഴിഞ്ഞ രണ്ടു വര്‍ഷമായി ഈ കണക്കുകള്‍ നമ്മുടെ മുന്‍പിലുണ്ട്. 2015നു ശേഷമുള്ള കണക്കുകളും നമ്മുടെ മുന്‍പിലുണ്ട്. ശക്തമായ പോലീസ് സംവിധാനം നമുക്കുണ്ട്. ശിശു ക്ഷേമ സമിതികളും ശിശു സംരക്ഷണ സമിതികളും നമുക്കുണ്ട്. ബാലാവകാശ കമ്മീഷന്‍ നമുക്കുണ്ട്. കുട്ടികളുടെ കാര്യം കൂടി നോക്കുന്ന സാമൂഹ്യ നീതി വകുപ്പും ഉണ്ട്. എന്നിട്ടും നമ്മുടെ കുഞ്ഞുങ്ങള്‍ ആക്രമിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? അവര്‍ കാണാതാകുന്നത് എങ്ങോട്ടാണ്? അവരെ കണ്ടെത്താന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?

“ഒരു കുട്ടിയെങ്കിലും സുരക്ഷിതമല്ലെങ്കില്‍ നാം ആശങ്കപ്പെടണം”, സത്യാര്‍ത്ഥിയുടെ ഈ വാക്കുകളുടെ കരുതല്‍ നമ്മുടെ ഭരണാധികാരികള്‍ എന്നാണ് ഉള്‍ക്കൊള്ളുക.

“രാജ്യത്തു പോക്‌സോ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുന്നുണ്ടെങ്കിലും പത്തു ശതമാനം കേസുകളില്‍ മാത്രമാണു നടപടി ഉണ്ടാകുന്നത്. ചില കേസുകള്‍ 40 വര്‍ഷം വരെ നീളുന്നു എന്നത് കയ്‌പ്പേറിയ യാഥാര്‍ഥ്യമാണ്” കുട്ടികള്‍ക്കെതിരായ ആക്രമത്തില്‍ സര്‍ക്കാരും സമൂഹവും ഒന്നിച്ചു നിന്നു പോരാടണം എന്ന ആഹ്വാനവുമായി നടത്തുന്ന ഭാരത യാത്രയുടെ ഭാഗമായി തിരുവനന്തപുരത്ത് എത്തിയതായിരുന്നു നോബല്‍ ജേതാവ്. “കുട്ടികളുടെ സുരക്ഷയ്ക്കായി സന്ധിയില്ലാത്ത യുദ്ധം പ്രഖ്യാപിക്കുകയാണ്” താനെന്നാണ് സത്യാര്‍ത്ഥി ഇന്നലെ തിരുവനന്തപുരത്ത് പറഞ്ഞത്.

Also Read: പീഡിപ്പിക്കപ്പെടുന്ന കുട്ടികളും അവര്‍ പ്രസവിക്കുന്ന കുഞ്ഞുങ്ങളും എവിടെപ്പോകുന്നു? ഞെട്ടിക്കും ഈ കണക്കുകള്‍

മുഖ്യമന്ത്രി പിണറായി വിജയന്‍, സാമൂഹ്യ നീതി വകുപ്പ് മന്ത്രി കെ കെ ശൈലജ എന്നിവര്‍ ഭാരത യാത്രയില്‍ പങ്കാളികളായി.

പീഡോഫീലിയയെ ശക്തമായി നേരിടുമെന്ന് തന്റെ പ്രസംഗത്തില്‍ പിണറായി വിജയന്‍ പറഞ്ഞു. “ശിശു പീഡനത്തെ ന്യായീകരിച്ചുകൊണ്ടുള്ള സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും സര്‍ക്കാര്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുമെന്നും ഏതൊക്കെ തരത്തില്‍ ന്യായീകരിച്ചാലും വിലപ്പോവില്ല” എന്നും പിണറായി വിജയന്‍ പറഞ്ഞു. “താരതമ്യേന കേരളത്തില്‍ കുട്ടികള്‍ സുരക്ഷിതരായാണ് വളരുന്നത്” മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പോള്‍ കൈലാസ് സത്യാര്‍ത്ഥി പറഞ്ഞ 20,000 കുട്ടികളുടെ കണക്കോ, മുഖ്യമന്ത്രി? അട്ടപ്പാടിയില്‍ പോഷകാഹാര കുറവ് മൂലം മരണപ്പെടുന്ന പിഞ്ചു കുഞ്ഞുങ്ങളുടെ കണക്കോ? വിദ്യാലയങ്ങളുടെ പടി കാണാന്‍ കഴിയാതെ കൊഴിഞ്ഞു പോകുന്ന ആദിവാസി കുട്ടികളുടെ ബാല്യങ്ങളുടെ കണക്കോ? നമുക്ക് വേണ്ടി കോണ്‍ക്രീറ്റ് കോട്ടകള്‍ കെട്ടിപ്പടുക്കാന്‍ കുടുംബവുമായി ഇവിടെയെത്തുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ മക്കളുടെ നഷ്ടബാല്യങ്ങളുടെ കണക്കോ?

അതിനെല്ലാമുള്ള ഉത്തരങ്ങള്‍ നിങ്ങള്‍ തന്നെ തയ്യാറാക്കിയ ഈ പട്ടികകളിലുണ്ട്. അതൊന്നു കണ്ണു തുറന്നു നോക്കുക..

ഇന്നലെ ശ്രീകൃഷ്ണ ജയന്തി കൂടി ആയിരുന്നു. പണ്ടുമുതല്‍ സംഘപരിവാറിന്റെ ബാലഗോകുലവും ഈ അടുത്തകാലം മുതല്‍ സിപിഎമ്മിന്റെ ബാലസംഘവും കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഘോഷയാത്രകള്‍ സംഘടിപ്പിച്ചാണ് ഈ ദിവസം ആഘോഷിക്കാറ്. രണ്ടു കൂട്ടരെയും സംബന്ധിച്ചിടത്തോളം ‘catch them young’ സിദ്ധാന്തം അനുസരിച്ചുള്ള കലാപരിപാടി എന്നതില്‍ കവിഞ്ഞ് എന്തെങ്കിലും സാമൂഹ്യ മാനങ്ങള്‍ ഉണ്ടെന്ന് വിശ്വസിക്കാന്‍ പറ്റുന്ന തരത്തിലുള്ള സാമൂഹ്യ മാറ്റമൊന്നും ഈ പരിപാടി കൊണ്ടുട്ടായിട്ടില്ല. (ശ്രീകൃഷ്ണ ജയന്തി ദിനം സമുചിതമായി ആചരിക്കാന്‍ സിപിഎം തീരുമാനിച്ചിട്ട് കുറച്ചു വര്‍ഷങ്ങളേ ആയുള്ളൂ എങ്കിലും അവരുടെ കുട്ടികളുടെ സാംസ്കാരിക സംഘടനയായ ബാലസംഘം കുട്ടികളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി എന്നോര്‍ക്കുക).

ഇനിയെങ്കിലും ഈ ആഘോഷ കെട്ടുകാഴ്ചകള്‍ അവസാനിപ്പിച്ച് യാഥാര്‍ത്ഥ്യത്തിലേക്ക്‌ ഇറങ്ങിവരൂ എന്നു മാത്രമേ ഈ സംഘടനകളോട് പറയാനുള്ളൂ...

Also Read: ആ കുഞ്ഞുങ്ങള്‍ ഉറങ്ങാതെ വെളുപ്പിച്ചെടുത്ത രാത്രികളെക്കുറിച്ച് കൂടി നിങ്ങള്‍ ഓര്‍ക്കണം


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories