UPDATES

ട്രെന്‍ഡിങ്ങ്

663 പേര്‍ക്ക് ഒരു പോലീസ് ഓഫീസര്‍; ഒരു വിഐപിക്ക് 3 പോലീസുകാര്‍: ഇതാണ് ‘പുതിയ ഇന്ത്യ’

കേരളത്തില്‍ 57 വി ഐപികള്‍ക്ക് 214 സുരക്ഷാ ഉദ്യോഗസ്ഥരുടെ സംരക്ഷണ; ലക്ഷദ്വീപില്‍ ആര്‍ക്കും സുരക്ഷയില്ല

അഞ്ചു മാസം മുന്‍പ് തന്റെ ‘മന്‍ കി ബാത്തി’ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ജനതയോട് പറഞ്ഞു, “പുതിയ ഇന്ത്യയില്‍ വി ഐ പികളില്ല. പകരം ഇ ഐ പിയായിരിക്കും. Every Person is Important”.

എന്നാല്‍ ഇന്ന് ടൈം ഓഫ് ഇന്ത്യ പുറത്തു വിട്ട കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക് അമ്പരപ്പിക്കുന്നതാണ്.

ആകെയുള്ള 19.26 ലക്ഷം പോലീസ് ഉദ്യോഗസ്ഥരില്‍ 56,944 പേര്‍ 20,828 വി ഐ പികളുടെ സുരക്ഷാ ചുമതലയിലാണ്. അതായത് ഓരോ വി ഐ പിക്കും ശരാശരി 2.73 പോലീസ് ഉദ്യോഗസ്ഥര്‍ എന്ന കണക്കില്‍. എന്നാല്‍ സാധാരണ ജനത്തിനുള്ള സുരക്ഷയുടെ കണക്ക് ഇങ്ങനെയാണ്, 663 പേര്‍ക്ക് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ മാത്രം.

നിര്‍ഭാഗ്യവശാല്‍ മോദി പറഞ്ഞതുപോലെ അല്ല കാര്യങ്ങള്‍. നാട്ടില്‍ വി ഐ പി സംസ്കാരം വളരുക തന്നെയാണ്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ബ്യൂറോ ഓഫ് പോലീസ് റിസേര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് വി ഐ പി സംസ്കാരത്തെ സാധൂകരിക്കുന്ന കണക്കുകള്‍ ഉള്ളത്.

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളാണ് വി ഐ പി സുരക്ഷയില്‍ മുന്‍പില്‍. ബീഹാറില്‍ 3200 വി ഐ പികള്‍ക്ക് 6248 സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്ളപ്പോള്‍ ബംഗാളില്‍ 2207 വി ഐ പികള്‍ക്ക് 4233 ഉദ്യോഗസ്ഥരാണ് സുരക്ഷയ്ക്കുള്ളത്. പഞ്ചാബില്‍ 3200 പേര്‍ക്ക് 6248 ഉദ്യോഗസ്ഥരും ജമ്മു ആന്ഡ് കാശ്മീരില്‍ ഇത് 2075 പേര്‍ക്ക് 4,499 എന്ന കണക്കിലാണ്. ഡല്‍ഹിയാണ് ഭീകരന്‍! 489 വി ഐ പികള്‍ക്ക് 7420 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

മാടമ്പി യാത്രകളെ ആരു തടയും?

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ് ഇക്കാര്യത്തില്‍ പിന്നില്‍. ലക്ഷദ്വീപില്‍ മാത്രമാണ് സുരക്ഷയ്ക്ക് പോലീസിനെ നിയോഗിക്കാത്ത ഏക പ്രദേശം. കേരളത്തില്‍ 57 വി ഐപികള്‍ക്ക് 214 പോലീസുകാര്‍, മഹാരാഷ്ട്രയില്‍ 71 പേര്‍ക്ക് 961, തമിഴ്നാട് 109 പേര്‍ക്ക് 228, കര്‍ണ്ണാടക 456 പേര്‍ക്ക് 678 എന്നിങ്ങനെയാണ് കണക്കുകള്‍.

കഴിഞ്ഞ മെയ് ഒന്നു മുതല്‍ റെഡ് ബീക്കണ്‍ ലൈറ്റുകള്‍ അടക്കം ഒഴിവാക്കുന്ന രീതിയില്‍ വി ഐ പി സസ്കാരത്തിന് തടയിടാന്‍ ചില നടപടികള്‍ കേന്ദ്രവും ചില സംസ്ഥാന ഗവന്‍മെന്‍റുകളും കൊണ്ടുവന്നു എങ്കിലും വി ഐ പികള്‍ക്ക് നല്‍കുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടില്ല. പല വി ഐ പികളും ഇതിനെ ജീവന് ഭീഷണി എന്നതിനേക്കാള്‍ സ്റ്റാറ്റസ് സിംബല്‍ ആയിട്ടാണ് കണക്കാക്കിയിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബലാത്സംഗ കുറ്റത്തിന് ഇപ്പോള്‍ ജയിലില്‍ കിടക്കുന്ന ദേര സച്ച തലവന്‍ ഗുര്‍മീത് സിംഗിന് സെഡ് പ്ലസ് സുരക്ഷയാണ് നല്കിയിരുന്നത്. 55 സുരക്ഷാ ഉദ്യോഗസ്ഥര്‍ അടങ്ങുന്ന ഏറ്റവും ഉയര്‍ന്ന കാറ്റഗറി. ഏപ്രിലിലെ മന്‍ കീ ബാത്തിന് ശേഷവും ഈ ദിവ്യന്‍റെ സെക്യൂരിറ്റിയില്‍ യാതൊരു കുറവും വരുത്തിയിരുന്നില്ല. കുറ്റവാളിയായി ശിക്ഷിക്കപ്പെടുകയും അതിനെ തുടര്‍ന്നുള്ള കലാപത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന് ശേഷമാണ് സുരക്ഷാ സംവിധാനം പിന്‍വലിക്കപ്പെട്ടത് എന്നോര്‍ക്കുക.

റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

വിയോജിപ്പുകള്‍ പ്രകടിപ്പിച്ച് ശബ്ദമുയര്‍ത്തുന്ന ഗൌരി ലങ്കേഷിനെ പോലെയുള്ളവര്‍ സ്വന്തം വീട്ടിന് മുന്‍പില്‍ വെടിവെച്ചു കൊല്ലപ്പെടുമ്പോള്‍, ഓടുന്ന വണ്ടിയില്‍ പെണ്‍കുട്ടികള്‍ ബലാത്സംഗം ചെയ്യപ്പെട്ട് റോഡിലേക്ക് വലിച്ചെറിയപ്പെടുമ്പോള്‍, ഉപജീവനത്തിന് തൊഴിലില്‍ ഏര്‍പ്പെടതിന്‍റെ പേരില്‍ പശു സംരക്ഷകരാല്‍ കൊല്ലപ്പെടുമ്പോഴാണ് ഗുര്‍മീതിനെ പോലുള്ള ക്രിമിനല്‍ ആള്‍ ദൈവങ്ങള്‍ക്ക് പൊതു പണം ചിലവിട്ട് സംരക്ഷണം കൊടുക്കുന്നതു എന്നു തിരിച്ചറിയുക.

ഈ തിരിച്ചറിവാണു ഡല്‍ഹിയില്‍ വി ഐ പി സംസ്കാരത്തിനെതിരെ പ്രചരണം നടത്തിയ ആം ആദ്മി പാര്‍ട്ടിയെ അധികാരത്തിലേറ്റിയത് എന്ന് ഓര്‍ക്കുന്നതും നന്നായിരിക്കും.

അപ്പോള്‍ വാചകമടി മാത്രം പോര എന്നു സാരം.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍