UPDATES

സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡേഴ്‌സില്‍ 50 ശതമാനം പേരുടെയും മാസവരുമാനം 1000 രൂപയില്‍ താഴെ

918 പേര്‍ സാക്ഷരതാ മിഷന്റെ തുടര്‍ പഠനത്തിന്

സംസ്ഥാനത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ 50 ശതമാനം പേരുടെ മാസ വരുമാനം 1000 രൂപയില്‍ താഴെയെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. സാക്ഷരതാ മിഷന്‍ നടത്തുന്ന തുടര്‍ വിദ്യാഭ്യാസ പരിപാടികളില്‍ പങ്കെടുക്കാന്‍ തയ്യാറായ 918 പേരുടെ ഇടയില്‍ നടത്തിയ സര്‍വ്വേയിലാണ് കണ്ടെത്തല്‍. 20 ശതമാനം പേര്‍ തൊഴില്‍രഹിതരാണ് എന്നും സര്‍വ്വെ കണ്ടെത്തുന്നു. നൂറില്‍ ആറ് പേര്‍ യാചന നടത്തുമ്പോള്‍ 8 പേര്‍ ലൈംഗിക തൊഴിലില്‍ ഏര്‍പ്പെടുന്നു എന്നും സര്‍വ്വേ പറയുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ട്രാന്‍സ്ജെന്‍ഡര്‍ നയത്തിന്റെ ഭാഗമായാണ് ‘സമന്വയ’ എന്ന പേരില്‍ സാക്ഷരതാ മിഷന്‍ തുടര്‍ വിദ്യാഭ്യാസ പരിപാടി ആവിഷ്കരിച്ചിട്ടുള്ളത്. “സ്കൂളില്‍ നിന്നുള്ള കൊഴിഞ്ഞു പോക്ക് ഈ വിഭാഗത്തില്‍ കൂടുതലാണ്. ഏഴിനും പത്തിനും ഇടയില്‍ പഠിക്കുമ്പോഴാണ് കൂടുതല്‍ പേരും വിദ്യാഭ്യാസം അവസാനിപ്പിക്കുന്നത്. വിദ്യാലയങ്ങളില്‍ കളിയാക്കലുകള്‍, കൌമാരത്തില്‍ സ്വന്തം ലിംഗം തിരിച്ചറിയുന്നതും പഠന സൌഹൃദ സാഹചര്യം നഷ്ടമാകുന്നതുമാണ് പഠനം അവസാനിപ്പിക്കാന്‍ നിര്‍ബന്ധിതമാകുന്നത്.” ‘തുടര്‍ വിദ്യാഭ്യാസ സന്നദ്ധരായി 918 ട്രാന്‍സ്ജെന്‍ഡേഴ്സ്’ എന്ന റിപ്പോര്‍ട്ടില്‍ ദേശാഭിമാനി പറയുന്നു.

“ഭിന്ന ലിംഗക്കാര്‍ വിദ്യാഭ്യാസ പുരോഗതി കൈവരിക്കണം” എന്ന് സര്‍വ്വെ പ്രകാശനം ചെയ്ത ആരോഗ്യ, സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ പറഞ്ഞു. ലിംഗമാറ്റ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള തുടര്‍ ചികിത്സ വേണ്ടവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കും എന്നും രണ്ടു മെഡിക്കല്‍ കോളേജുകളില്‍ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വേണ്ട സൌകര്യം ഒരുക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കി. അതുപോലെ തന്നെ നൈപുണ്യ വികസന പരിശീലന പരിപാടികളും ആസൂത്രണം ചെയ്യും എന്നും മന്ത്രി പറഞ്ഞു.

ഈ അടുത്തകാലത്താണ് കൊച്ചി മെട്രോയില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് ജോലി നല്‍കിക്കൊണ്ട് സംസ്ഥാനം മാതൃകയായത്. ഇത് ആഗോള തലത്തില്‍ തന്നെ ശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി. “ഞങ്ങള്‍ തൊഴില്‍ എടുത്തു ജീവിച്ച് കാണിക്കും” എന്നാണ് കൊച്ചി മെട്രോയില്‍ ജോലി കിട്ടിയ രാഗ രഞ്ജിനി അന്ന് അഴിമുഖത്തോട് പറഞ്ഞത്. എന്നാല്‍ തുടര്‍ന്ന് കൊച്ചിയില്‍ താമസിക്കാന്‍ സ്ഥലം കിട്ടാതെ ജോലി കിട്ടിയവര്‍ ഉപേക്ഷിക്കുന്നു എന്ന വാര്‍ത്തയും ഏറെ ഞെട്ടലോടെ നാം കേട്ടു. ഈ സാഹചര്യത്തില്‍ കൊച്ചിയില്‍ താമസ സൌകര്യം ഏര്‍പ്പെടുത്താനുള്ള പദ്ധതി ഉണ്ടെന്ന മന്ത്രിയുടെ പ്രഖ്യാപനം എന്തുകൊണ്ടും സ്വാഗതാര്‍ഹമാണ്.

ട്രാന്‍സ്ജെന്‍ഡര്‍ നയത്തില്‍ കൂടുതല്‍ വ്യക്തതയോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുമ്പോഴും ഈ വിഭാഗക്കാരോടുള്ള സമീപനത്തില്‍ പൊതുസമൂഹത്തിന്റെ ഭാഗത്ത് നിന്നും ആശാവഹമായ മാറ്റം ഉണ്ടാകുന്നില്ല എന്നത് തന്നെയാണ് കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട കൊഴിഞ്ഞു പോക്ക് വാര്‍ത്ത സൂചിപ്പിക്കുന്നത്. മെട്രോയില്‍ ജോലി ചെയ്യുന്നവര്‍ ഉള്‍പ്പെടെ കൊച്ചി പോലീസിന്റെ കയ്യേറ്റത്തിന് ഇരയാകുന്നതും ഇതിനിടയിലുണ്ടായി.

Also Read: എന്നാണ് ഈ ജനാധിപത്യ രാജ്യത്ത് ഞങ്ങള്‍ക്ക് മനുഷ്യരായി ജീവിക്കാന്‍ സാധിക്കുക? ശീതള്‍ ശ്യാം സംസാരിക്കുന്നു

ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് തുല്യ നീതി ഉറപ്പുവരുത്തുമെന്നും അവരുടെ കുടുംബാംഗങ്ങള്‍ക്ക് വേണ്ട ബോധവത്ക്കരണം നടത്തുമെന്നുമുള്ള മന്ത്രിയുടെ പ്രഖ്യാപനത്തെ പോസിറ്റീവായി കാണുമ്പോള്‍ തന്നെ നിയമപാലകരുടെയും പൊതുസമൂഹത്തിന്റെയും സമീപനത്തില്‍ വരുത്തേണ്ട ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളും പ്രധാനമാണ്. സമ്പൂര്‍ണ്ണ സാക്ഷരതാ യജ്ഞം പോലുള്ള പരിപാടികള്‍ വിജയിപ്പിച്ച സാക്ഷരതാ മിഷന് അത് സാധിക്കും എന്നു പ്രതീക്ഷിക്കാം.

Also Read: തൃശൂരില്‍ ഭിന്നലിംഗക്കാര്‍ക്ക് നേരെ പോലീസിന്റെ ചൂരല്‍ പ്രയോഗം; ചികിത്സ നിഷേധിച്ച് ജില്ലാ ആശുപത്രി ഡോക്ടറും

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍