Top

ബീഫ് കഴിച്ച് നടി സുരഭിയുടെ ഓണ 'അഹമ്മതി'; ബീഫ് 'വിഴുങ്ങി' കണ്ണന്താനവും

ബീഫ് കഴിച്ച് നടി സുരഭിയുടെ ഓണ
ആ ബീഫ് കഷണം കണ്ണന്താനത്തിന്റെ പല്ലില്‍ കുരുങ്ങി. എടുത്തു കളയാന്‍ ശ്രമിക്കുന്നതിനിടെ തൊണ്ടയിലും. കേന്ദ്ര ടൂറിസം സഹമന്ത്രിയായി സ്ഥാനമേറ്റതിന്റെ ആഹ്ളാദ തള്ളിച്ചയില്‍ കേരളീയര്‍ ബീഫ് കഴിക്കുന്നത് തുടരും എന്നു പറഞ്ഞതാണ് മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ദഹനക്കേട് ഉണ്ടാക്കിയത്. ‘അതൊരു കെട്ടുകഥയാണെന്നും അക്കാര്യത്തില്‍ തീരുമാനിക്കാന്‍ താന്‍ ഭഷ്യമന്ത്രി അല്ലെന്നു’മാണ് കണ്ണന്താനം മന്ത്രിയുടെ പുതിയ വാദം. എന്‍ ഡി ടിവി അഭിമുഖമായി സംപ്രേക്ഷണം ചെയ്യുകയും നിരവധി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്ത വാര്‍ത്തയെ രായ്ക്കുരാമാനം കെട്ടുകഥയാക്കണമെങ്കില്‍ അമിത് ജിയുടെ വായില്‍ നിന്നും മന്ത്രിയദ്ദേഹം എന്തൊക്കെ കേട്ടിരിക്കാം എന്നു സങ്കല്‍പ്പിക്കാമല്ലോ.

എന്നാല്‍ വിനോദ സഞ്ചാരമന്ത്രി എന്ന നിലയില്‍ ചില ഉത്തരവാദിത്തങ്ങള്‍ ഒക്കെ ഉണ്ട് എന്ന കാര്യം അദ്ദേഹം ഓര്‍ത്തതില്‍ നമുക്ക് സന്തോഷിക്കാം. പ്രത്യേകിച്ചും വിദേശ വിനോദ സഞ്ചാരികളുടെ കാര്യത്തില്‍. ഇന്ത്യാ മഹാരാജ്യത്ത് പറന്നിറങ്ങിക്കഴിഞ്ഞാല്‍ അവരുടെ ജീവനും സ്വത്തിനും അധികാരി ടൂറിസം മന്ത്രിയാണ്. ഇവിടത്തെ ഗോ രക്ഷിതാക്കളുടെ സ്വഭാവം കുറച്ചുകാലത്തെ സഹവാസം കൊണ്ട് തന്നെ കണ്ണന്താനത്തിന് മനസിലായിട്ടുണ്ട്. നാട്ടില്‍ വന്നിറങ്ങി ഏതെങ്കിലും ഹോട്ടലില്‍ ചെന്നു ബീഫ് വരട്ടിയതിന് വിദേശ സഞ്ചാരികള്‍ എങ്ങാനും ഓര്‍ഡര്‍ ചെയ്തു പോയാല്‍.... പിന്നത്തെ പൂരം പറഞ്ഞറിയിക്കേണ്ടല്ലോ. അതുകൊണ്ട് ടൂറിസം സഹമന്ത്രി വിദേശ സഞ്ചാരികള്‍ക്ക് ഒരു
ജാഗ്രതാ നിര്‍ദേശം
നല്‍കി.  ബീഫ് കൊതിയന്‍മാരായ വിദേശികള്‍ സ്വന്തം രാജ്യത്തു നിന്നും വയറുമുട്ടെ ബീഫ് കഴിച്ചിട്ട് ഇന്ത്യയിലേക്ക് വന്നാല്‍ മതി.

എവിടെയെങ്കിലും വെച്ചല്ല കണ്ണന്താനം ഇങ്ങനെ പറഞ്ഞത്. ഭൂവനേശ്വറില്‍ നടക്കുന്ന ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്സ് യോഗത്തിലാണ് ഈ പ്രസ്താവന.അതായത് വിദേശികള്‍ക്ക് ആകര്‍ഷകമായ ടൂര്‍ പാക്കേജുകള്‍ പ്രഖ്യാപിച്ച് അവരെ ഇന്ത്യന്‍ മണ്ണിലേക്ക് ആകര്‍ഷിക്കുന്നവരുടെ യോഗത്തില്‍. അപ്പോള്‍ ഇനി ഒരു കാര്യം ഉറപ്പായി. ഇന്ത്യയില്‍ ബീഫ് കഴിക്കുന്നത് അപകടകരമായതിനാല്‍ തങ്ങളുടെ പാക്കേജില്‍ ബീഫ് ഐറ്റങ്ങള്‍ അനുവദനീയമായിരിക്കില്ല എന്ന് ടൂര്‍ ഓപ്പറേറ്റേഴ്സ് മുന്‍കൂര്‍ അറിയിപ്പായി നല്‍കിയിരിക്കണം എന്നു സാരം.

ഓണത്തിനിടയിലായിരുന്നു കണ്ണന്താനത്തിന്റെ ബീഫ് കച്ചോടം. കഴിഞ്ഞ മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ നല്ല ഗുണമേന്‍മയുള്ള ബീഫ് ലഭ്യമാക്കുകയാണ് തന്റെ ലക്ഷ്യം എന്നു പ്രഖ്യാപിച്ച ബിജെപി സ്ഥാനാര്‍ത്ഥിക്ക് പറ്റിയ അമളി തന്നെയാണ് കണ്ണന്താനത്തിനും പറ്റിയത്. ഒരാവേശത്തിന് കിണറ്റില്‍ ചാടിപ്പോയതാണ്..!

Also Read:കണ്ണന്താനം ബീഫ് പെരട്ട് (ഓണം സ്പെഷ്യല്‍)

ഇതിനിടയില്‍ ഓണ മെനുവില്‍ ബീഫ് ഇല്ല എന്നറിയാതെ ബീഫ് കഴിക്കുകയും അത് ടെലിവിഷനിലൂടെ പ്രചരിപ്പിച്ചു മതവികാരത്തെ ചൊറിപ്പെടുത്തുകയും ചെയ്ത ദേശീയ അവാര്‍ഡ് ജേത്രി സുരഭീ ലക്ഷ്മിക്ക് നേരെ സൈബര്‍ സംഘികള്‍ കല്ലേറ് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് കേള്‍ക്കുന്നത്. മീഡിയ വണ്‍ സംപ്രേക്ഷണം ചെയ്ത
'സുരഭിയുടെ ഓണം'
എന്ന പരിപാടിയില്‍ കൊതി സഹിക്കാന്‍ വയ്യാതെ നടി പൊറോട്ടയും ബീഫും കഴിച്ചതാണ് വിനയായത്. കഴിപ്പ് മാത്രമായിരുന്നെങ്കില്‍ പ്രശ്നമില്ലായിരുന്നു. ഓണവിശേഷങ്ങള്‍ പങ്കുവെച്ചാണ് നടിയുടെ ഈ അഹമ്മതി.നടിയെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. ഒരു അസ്സല്‍ മലബാറുകാരിയുടെ മുന്‍പില്‍ അവിയലും കാളനും ഓലനും സാമ്പാറും ചോറും പൊറോട്ടയും ബീഫ് ഫ്രൈയും ഒക്കെ വെച്ചു ഇഷ്ടമുള്ളത് കഴിക്കാന്‍ പറഞ്ഞാല്‍ പൊറോട്ടയും ബീഫുമല്ലാതെ മറ്റെന്ത് കഴിക്കാനാണ്. അത് ഞങ്ങളുടെ (ഞാനും ഒരു മലബാറുകാരനാണേ) ജൈവികമായ സവിശേഷതയാണ്. അതുകൊണ്ട് തിരുവിതാംകൂറുകാരന്റെ ഓണമല്ല ഞങ്ങള്‍ മലബാറുകാരുടേത് എന്നു മനസിലാക്കുക. പണ്ടൊക്കെ മാംസ ഭക്ഷണമൊക്കെ കഴിക്കുന്നത് തന്നെ ഓണം പോലുള്ള വിശേഷ ദിവസങ്ങളിലാണ്. ഇപ്പോള്‍ പിന്നെ ഹര്‍ത്താലുകളുടെ എണ്ണം കൂടിയപ്പോഴല്ലെ ആളുകള്‍ ഭയങ്കര ചിക്കന്‍, ബീഫ് തീറ്റക്കാരായത്.

“ഓണപ്പരിപാടിയില്‍ ബീഫ് കഴിക്കുന്നത് ശരിയല്ലെന്നും ബീഫ് കഴിക്കുന്നതിലൂടെ ഹിന്ദുക്കളെ അപമാനിച്ചെന്നുമാണ് സമൂഹ മാധ്യമങ്ങളിലൂടെയുള്ള ആക്ഷേപം. ഹിന്ദുക്കള്‍ ഓണത്തിന് മാംസം കഴിക്കാറില്ലെന്നും പിന്നെന്തിനാണ് മാംസം കഴിക്കുന്നതെന്നും ചോദിച്ചാണ് പല പോസ്റ്റുകളും. മുസ്ലീം ചാനലില്‍ പോയി സുരഭി ഹിന്ദുക്കളെ അപമാനിക്കുകയാണ് എന്നു തട്ടി വിട്ടവരും ഉണ്ട്” ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘പെരുന്നാളിന് ചാനലില്‍ വന്നിരുന്നു പന്നിയിറച്ചി കഴിക്കാനും വെല്ലുവിളിയുണ്ട്’ ദേശാഭിമാനി റിപ്പോര്‍ട്ട് തുടരുന്നു.

എന്നാല്‍ ഓണമായലും ഓണപ്പരിപാടി ആയാലും തനിക്കു ഇഷ്ടമുള്ള ഭക്ഷണം കഴിക്കുമെന്നായിരുന്നു സുരഭിയുടെ പ്രതികരണം. എന്തായാലും സുപ്രീം കോടതിയുടെ സ്വകാര്യത മൌലികാവകാശമാക്കികൊണ്ടുള്ള അടുത്ത കാലത്തെ വിധി സംഘി ബുദ്ധികേന്ദ്രങ്ങള്‍ മനസിരുത്തി വായിച്ചു പഠിക്കുന്നത് നന്നായിരിക്കും.

വിയോജിച്ച് സംസാരിക്കുന്നവരെ നടുറോഡില്‍ വെടിവെച്ചു കൊല്ലുന്നതില്‍ ആഹ്ളാദം കൊള്ളുന്ന ഇവര്‍ക്കെന്ത് കോടതിയും നിയമവും ഭരണഘടനയും.

Also Read: സോറി ഗൗരി, നിങ്ങളെ ഈ രാജ്യം അര്‍ഹിക്കുന്നില്ല

Next Story

Related Stories