Top

തോമസ് ചാണ്ടിയും സുരേഷ് ഗോപിയും ജനങ്ങളെ കൊള്ളയടിക്കുന്ന ചില നിര്‍മ്മലന്‍മാരും

തോമസ് ചാണ്ടിയും സുരേഷ് ഗോപിയും ജനങ്ങളെ കൊള്ളയടിക്കുന്ന ചില നിര്‍മ്മലന്‍മാരും
തോമസ് ചാണ്ടിയുടെ നില കൂടുതല്‍ പരുങ്ങലിലായിരിക്കുന്നു. ഗവണ്‍മെന്റിലും നിയമത്തിന്റെ മുന്‍പിലും മുന്നണിയിലും.

"ത്വരിതാന്വേഷണം കോടതി ഉത്തരവിട്ടിട്ടുണ്ടെങ്കില്‍ അതിനാവശ്യമായ തെളിവുകള്‍ കോടതിയുടെ മുന്നിലുണ്ടാകും. കോടതി നിര്‍ദേശമനുസരിച്ച് മുന്നോട്ട് പോകും"; മന്ത്രി തോമസ് ചാണ്ടിക്കെതിരായ കോട്ടയം വിജിലന്‍സ് കോടതിയുടെ ഉത്തരവിനോട് പ്രതികരിച്ചുകൊണ്ട് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞത് വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള ലേക് പാലസ് റിസോര്‍ട്ടിലേക്ക് നിലം നികത്തി റോഡ് നിര്‍മ്മിച്ചു എന്ന പരാതിയിലാണ് കോടതി ഉത്തരവ്. എം പി മാരായ പിജെ കുര്യന്‍, കെ ഇ ഇസ്മയില്‍ എന്നിവരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം നടത്തിയത്.

നേരത്തെ ബന്ധു നിയമന വിവാദത്തില്‍ കോടതി ഇടപെടല്‍ ഉണ്ടായിട്ടില്ലെങ്കിലും ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മന്ത്രി ഇപി ജയരാജനെതിരെ വിജിലന്‍സ് ത്വരിതാന്വേഷണം നടത്തിയിരുന്നു. ആ വിവാദം ഒടുവില്‍ ജയരാജന്റെ രാജിയിലാണ് കലാശിച്ചത്. എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ നിഗൂഡമായ സംരക്ഷണം സിപിഎമ്മില്‍ നിന്നും ലഭിക്കുന്നുണ്ട് എന്ന പരാതി വ്യാപകമായുണ്ട്. കോടതിയുടെ ഉത്തരവോടെ ഈ സംരക്ഷണ കവചം പൊളിയും എന്നു വിശ്വസിക്കാം.

ആലപ്പുഴ ജില്ലാ കളക്ടര്‍ ടിവി അനുപമയുടെ റിപ്പോര്‍ട്ടാണ് തോമസ് ചാണ്ടി നിയമ ലംഘനം നടത്തി എന്നുള്ളതിന് ആധികാരിക രേഖ. എന്നാല്‍ സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഈ കണ്ടെത്തലുകളെ നിരാകരിക്കുന്നതോടൊപ്പം കേസ് നീട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള നിലപാടുകളാണ് എടുത്തതെന്ന് മലയാള മനോരമയുടെ ഒന്നാം ലീഡ് വാര്‍ത്ത പറയുന്നു.

http://www.azhimukham.com/newswrap-corporate-slavery-and-casteism-in-new-kerala-keralapiravi-thoughts-sajukomban/

സര്‍ക്കാരിന്റെ വാദങ്ങളില്‍ ചിലത്; പ്രദേശവാസികള്‍ക്ക് ഗുണം കിട്ടുന്ന രീതിയിലാണ് റോഡ് നിര്‍മ്മിച്ചത്, പ്രതിപക്ഷ നേതാവിന്റെ ഉള്‍പ്പടെ ആറ് പരാതികള്‍ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം കാത്തിരിക്കുകയാണ്, സമാനമായ പരാതികള്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളതുകൊണ്ടു ഇപ്പോള്‍ അന്വേഷണത്തിന്റെ ആവശ്യമില്ല. തോമസ് ചാണ്ടിക്കെതിരായ അന്വേഷണ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് ആവശ്യപ്പെട്ടപ്പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചെയ്തത് എന്നും മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം കായല്‍ നികത്തിയിട്ടില്ല എന്ന വാദം സര്‍ക്കാര്‍ കോടതിയില്‍ ഉന്നയിച്ചു എന്ന ആരോപണത്തെ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ ദുര്‍ബലമായ രീതിയില്‍ പ്രതിരോധിച്ചത് കോടതിയില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ കൈക്കൊണ്ട നിലപാടിലുള്ള അതൃപ്തിയായിട്ടു വേണം കാണാന്‍. “സര്‍ക്കാരിന് അങ്ങനെയൊരു വാദം ഉണ്ടെന്ന് കോടതി പറഞ്ഞിരിക്കാന്‍ ഇടയില്ല” എന്നാണ് മന്ത്രി പറഞ്ഞത്.

എന്തായാലും തോമസ് ചാണ്ടിയുടെ രാജി മുറവിളി ഇടതു മുന്നണിയില്‍ ശക്തമാകും എന്ന കാര്യത്തില്‍ സംശയമില്ല. മുന്‍ യു ഡി എഫ് മന്ത്രിമാരുടെ കാര്യത്തില്‍ ത്വരിത പരിശോധന വന്നപ്പോള്‍ രാജി ആവശ്യം ഉന്നയിച്ച് ഇടതു മുന്നണി വലിയ സമരങ്ങള്‍ നടത്തിയിരുന്നു. അന്ന് മന്ത്രിമാര്‍ രാജി വെച്ചില്ലെങ്കിലും തങ്ങള്‍ എടുത്ത നിലപാടില്‍ നിന്നും പിന്നോക്കം പോകാന്‍ ഇടതു മുന്നണിക്ക് എത്ര കണ്ട് കഴിയും എന്നാണ് പൊതുസമൂഹം ഉറ്റുനോക്കുന്നത്. മന്ത്രിയുടെ രക്ഷയ്ക്കായി ന്യായീകരണങ്ങളുമായി വരാന്‍ പുതിയ സാഹചര്യത്തില്‍ സിപിഎമ്മിനും ബുദ്ധിമുട്ടുണ്ടാകും.

http://www.azhimukham.com/news-wrap-graft-charge-against-millionaire-minister-thomas-chandy-sajukomban/

‘രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്ലാം കുഴപ്പത്തില്‍ ആക്കുകയാണോ?’ എന്നു കഴിഞ്ഞ ദിവസം മുഖ്യമന്ത്രി തോമസ് ചാണ്ടിയോടെ ചോദിച്ചു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അത് ശരിയാണെങ്കില്‍ ഇനി മുഖ്യമന്ത്രിക്ക് പോലും രക്ഷിക്കാന്‍ കഴിയാത്ത നിലയിലേക്കാണ് ചാണ്ടിയുടെ പോക്ക്.

സുരേഷ് ഗോപി എം പി അടക്കം എഴുപതു പേര്‍ക്ക് ആഡംബര കാര്‍ നികുതി വെട്ടിപ്പ് കേസില്‍ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് അയച്ചു. തിരുവനന്തപുരം ആര്‍ ടി ഒ ആണ് സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ചത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ള പിവൈ05എ 99 എന്ന പോണ്ടിച്ചേരി രജിസ്ട്രേഷന്‍ കാര്‍ കഴിഞ്ഞ ഒരുമാസമായി കേരളത്തില്‍ ഓടുന്നു എന്നാണ് നോട്ടീസില്‍ പറയുന്നത്.

സുരേഷ് ഗോപിയെ കൂടാതെ നിരവധി സിനിമാ പ്രവര്‍ത്തകരും ബിസിനസുകാരും ടാക്സ് വെട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള രണ്ടായിരത്തോളം കാറുകള്‍ കേരളത്തില്‍ ഓടുന്നുണ്ട് എന്നാണ് കണക്ക്. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ നിന്നും വാങ്ങിയതിന് ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി രജിസ്ട്രേഷന്‍ ചെയ്തിട്ടുള്ളതാണ്.

http://www.azhimukham.com/cinema-road-tax-evasion-allegation-against-amala-pau-suresh-gopy-they-are-challenging-law-and-people-rakeshsanal/

2013ല്‍ ഋഷിരാജ് സിംഗിന്റെ കാലത്ത് ഇത്തരം വ്യാജ രജിസ്ട്രേഷന്‍ കേസുകള്‍ വന്‍തോതില്‍ കണ്ടെത്തിയിരുന്നു എങ്കിലും ആ റിപ്പോര്‍ട്ട് നടപടി ഒന്നും എടുക്കാതെ യു ഡി എഫ് ഗവണ്‍മെന്‍റ് ഫ്രീസറില്‍ വെയ്ക്കുകയായിരുന്നു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. “ആ പട്ടികയില്‍ സിനിമാക്കാര്‍, ബിസിനസുകാര്‍, ബാറുടമകള്‍, വിദേശ മലയാളികള്‍, മുസ്ലീംലീഗ് നേതാവിന്റെ ബന്ധു എന്നിവരെല്ലാം ഉണ്ടായിരുന്നു” എന്നും മലയാള മനോരമ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം സുരേഷ് ഗോപിക്കെതിരെ ഉയര്‍ന്ന ആരോപണം ബിജെപിയെ ക്ഷീണിപ്പിക്കും എന്ന കാര്യത്തില്‍ സംശയമില്ല. പ്രത്യേകിച്ചും നികുതി വെട്ടിപ്പ് തടയാന്‍ വേണ്ടി ജി‌എസ് ടി പോലുള്ള ടാക്സ് പരിഷ്കാരങ്ങള്‍ കൊണ്ടുവരികയും അത് വലിയ നേട്ടമായി കൊട്ടിഘോഷിച്ചു നടക്കുകയും ചെയ്യുന്ന സമയത്ത്. ഈ വിഷയത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികരണം ഇതുവരെയായി വന്നിട്ടില്ല എന്നത് അവരുടെ ഇടയിലെ ആശയകുഴപ്പത്തെ തന്നെയാണ് സൂചിപ്പിക്കുന്നത്.നിര്‍മ്മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതിയെ സഹായിക്കുന്നു എന്നു സംശയിക്കുന്ന മുന്‍ മന്ത്രിയുടെ രണ്ട് പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തു എന്നൊരു വാര്‍ത്ത മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ ദിവസം ഒരു നിക്ഷേപകന്‍ ആത്മഹത്യ ചെയ്തതോടെയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. സ്ഥാപന ഉടമ കെ നിര്‍മ്മലന്‍ രണ്ട് മാസമായി ഒളിവിലാണ്.

പ്രതിയുടെ 120-ഓളം കോടിയുടെ സ്വത്ത് റിസീവര്‍ കണ്ടുകെട്ടിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ പെട്ട 12 സ്ഥലങ്ങള്‍,വാണിജ്യ സമുച്ചയങ്ങള്‍, നിരവധി വാഹനങ്ങള്‍ എന്നിവ ഇതില്‍ പെടുന്നു.

ഏകദേശം പതിമൂവായിരത്തോളം ഇടപാടുകാരില്‍ നിന്നും കോടികള്‍ നിക്ഷേപമായി സ്വീകരിച്ചു ഉടമ മുങ്ങുകയായിരുന്നു. ചിട്ടി കമ്പനി രജിസ്റ്റര്‍ ചെയ്തത് തമിഴ്നാട്ടില്‍ ആയതുകൊണ്ട് തുടക്കത്തില്‍ കേരള പോലീസ് അന്വേഷണത്തില്‍ അമാന്തം കാണിച്ചിരുന്നു. എന്നാല്‍ ഒരു ഇടപാടുകാരന്‍ ആത്മഹത്യ ചെയ്തതതോടെ കാര്യങ്ങള്‍ കൈവിട്ടു പോകും എന്ന തിരിച്ചറിവിലാണ് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. അതേസമയം രണ്ടു മാസം കഴിഞ്ഞിട്ടും നിര്‍മ്മലനെ പിടിക്കാന്‍ കഴിയാത്തത് പ്രതിക്ക് ഉന്നതരായ രാഷ്ട്രീയക്കാരുയായുള്ള ബന്ധം കാരണം ആണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.

തോമസ് ചാണ്ടിയും സുരേഷ് ഗോപിയും കെ നിര്‍മ്മലനുമൊക്കെ തെളിയിക്കുന്നത് നമ്മുടെ രാഷ്ട്രീയ സമൂഹം എത്ര മാത്രം അഴിമതിയും നിയമ ലംഘനവും നിറഞ്ഞതാണ് എന്ന യാഥാര്‍ഥ്യമാണ്. കോടികളുടെ ആസ്തി ഉണ്ടായിരിക്കുമ്പോള്‍ തന്നെ പൊതുഖജനാവില്‍ നിന്നും ജനങ്ങളുടെ നികുതിപ്പണം തട്ടിച്ചെടുക്കാന്‍ കാണിക്കുന്ന ഉളുപ്പില്ലായ്മയെ ആണ്. ജനങ്ങളുടെ സമ്പാദ്യം കൊള്ളയടിക്കാന്‍ രാഷ്ട്രീയ നേതാക്കളും തട്ടിപ്പ് ബിസിനസുകാരും ഒത്തുചേരുന്ന ഭീതിദമായ കാഴ്ചയാണ്.

http://www.azhimukham.com/kerala-ka-antony-writing-about-thomas-chandy-and-his-new-challenge/

Next Story

Related Stories