UPDATES

മക്കളിലാത്ത വൃന്ദാ കാരാട്ടും ഒരുപാട് ‘മക്കളു’ള്ള മോദിയും; വേദനയുടെ ജീവശാസ്ത്രത്തെ കുറിച്ച് ഒരു കുമ്മനം സിദ്ധാന്തം

രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂലയുടെ വേദനയോ? നജീബിന്റെയും ജുനൈദിന്റെയും ഉമ്മമാരുടെ വേദനയോ? ഗൌരി ലങ്കേഷിന്റെ അമ്മ ഇന്ദിര ലങ്കേഷിന്റെ വേദനയോ?

വൃന്ദാ കാരാട്ടിന് മക്കളില്ലാത്തതുകൊണ്ട് ഹാദിയയുടെ മാതാപിതാക്കളുടെ വേദന മനസിലാവില്ലെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറഞ്ഞതായി മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഹാദിയയുടെ അച്ഛന്‍ അശോകനെ സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കുമ്മനം. “വൃന്ദാ കാരാട്ടിന്റെയും മനുഷ്യാവകാശ പ്രവര്‍ത്തകരുടെയും നിലപാട് കോടതി അലക്ഷ്യമാണ്. മുസ്ലീം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും കൂട്ടരും സ്വന്തം മക്കളെ സിറിയയിലേക്ക് അയയ്ക്കുമോ? വിമര്‍ശനം ഉന്നയിക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആദ്യം മതം മാറട്ടെ”- മനോരമ റിപ്പോര്‍ട്ട് തുടരുന്നു.

നേരത്തെ, ഹാദിയ കേസില്‍ കോടതിവിധി വ്യക്തിസ്വാതന്ത്ര്യത്തിൻ മേലുള്ള കടന്നുകയറ്റമാണെന്ന് വൃന്ദ കാരാട്ട് വിമർശിച്ചിരുന്നു. കോടതി ഹാദിയക്ക് പറയാന്‍ ഉള്ളത് കേട്ടിരുന്നില്ല. ഹാദിയ വീട്ടുതടങ്കലില്‍ ആണെന്നും സുപ്രീം കോടതിയെ സമീപിക്കാനുള്ള സംസ്ഥാന വനിതാ കമ്മീഷന്റെ നീക്കം അഭിനന്ദാര്‍ഹമാണെന്നും അവർ കോഴിക്കോട് പറഞ്ഞു.

ഹാദിയയ്ക്കു മൗലികമായ അവകാശങ്ങളുണ്ട്. ഹരിയാനയിലെ ഖാപ് പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന പ്രാകൃത ശിക്ഷയാണു ഹാദിയയ്ക്കും നൽകിയിരിക്കുന്നത്. ഇഷ്ടപ്പെട്ട ജീവിത പങ്കാളിയെ തിരഞ്ഞെടുത്ത ഹാദിയെ കുറിച്ചുള്ള അന്വേഷണമല്ല ദേശീയ അന്വേഷണ ഏജന്‍സി നടത്തേണ്ടത്. ദേശസുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളാവണം. ഹാദിയ കേസില്‍ മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ടെന്നതിന്റെ അടിസ്ഥാനത്തില്‍ വനിത കമ്മിഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ സുപ്രീം കോടതിയെ സമീപിച്ചതിനെയും വൃന്ദാ കാരാട്ട് അഭിനന്ദിച്ചിരുന്നു. (മനോരമ)

കുമ്മനം, മുന്‍ ഹിന്ദു ഐക്യവേദി നേതാവ് എന്ന നിലയില്‍ താങ്കളെ വേദനിപ്പിക്കുന്നത് എന്താണ് എന്ന് വ്യക്തമാണ്. ജനാധിപത്യ സംവിധാനത്തില്‍ എല്ലാവരെയും ഒരു പോലെ കാണുമെന്ന് കരുതപ്പെടുന്ന ഒരു പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ ആണെങ്കിലും താങ്കള്‍ അടിസ്ഥാനപരമായി ഒരു ഹിന്ദുത്വ നേതാവാണ് എന്ന കാര്യത്തില്‍ ആരെങ്കിലും എതിര്‍പ്പ് പറയുമെന്ന് തോന്നുന്നില്ല. ബിജെപിയുടെ തലപ്പത്തേക്കു വരുന്നതിന് മുന്‍പ് താങ്കള്‍ രാവോളം പണിയെടുത്തതും ഘോരഘോരം സംസാരിച്ചതും ഹിന്ദു വിശ്വാസികളുടെ ‘അഭ്യുന്നതി’ക്ക് വേണ്ടിയായിരുന്നു. താങ്കള്‍ അന്നത് ചെയ്തതില്‍ തെറ്റുമില്ല. അപരമത വിശ്വാസ വിദ്വേഷം ഒഴികെ മത സ്വാതന്ത്ര്യം അനുവദിക്കുന്ന ഒരു ജനാധിപത്യ രാജ്യത്തിലെ പൌരനാണെല്ലോ താങ്കളും.

പക്ഷേ താങ്കള്‍ ഇന്നലെ ഹാദിയയയുടെ പിതാവിനെ കണ്ട് പറഞ്ഞതിലെ മത-രാഷ്ട്രീയ ദുഃസ്സൂചനകള്‍ താങ്കളിലെ തീവ്ര ഹിന്ദുത്വ സംഘപരിവാറുകാരനെ എത്ര പെട്ടെന്നാണ് പുറത്തുകൊണ്ടുവന്നത് എന്ന് കണ്ട് അമ്പരക്കുകയാണ് പൊതുസമൂഹം.

“രാഷ്ട്രീയപാര്‍ട്ടികള്‍ ഇത് രാഷ്ട്രീയവത്ക്കരിക്കുന്നത് ശരിയല്ല” എന്ന താങ്കളുടെ ഉപദേശവും ക്ഷ പിടിച്ചു. കാരണം താങ്കള്‍ വൃന്ദാ കാരാട്ടിനെയും കുഞ്ഞാലിക്കുട്ടിയെയും തിരഞ്ഞു പിടിച്ചു വിമര്‍ശിക്കാന്‍ കാരണം അവര്‍ താങ്കള്‍ നേതൃത്വം കൊടുക്കുന്ന പാര്‍ട്ടിയുടെ മുഖ്യ എതിരാളികളായ പാര്‍ട്ടികളെ പ്രതിനിധീകരിക്കുന്നു എന്നത് തന്നെയല്ലേ? അപ്പോള്‍ താങ്കള്‍ കളിക്കുന്നതും രാഷ്ട്രീയമല്ലാതെ മറ്റെന്താണ്?

കഴിഞ്ഞ ദിവസം ഹാദിയയുടെ പിതാവ് ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ഇതാണ്. “ഞാനൊരു നിരീശ്വരവാദിയാണ്. എന്റെ മകളാണ് എന്റെ ജീവിതവും സമ്പാദ്യവും. അവള്‍ മറ്റ് മതക്കാരെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചാലും ഞാന്‍ സന്തോഷിക്കുകയും പിന്തുണ നല്‍കുകയും ചെയ്യും. മതപരിവപര്‍ത്തനത്തിനും എതിരല്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ അജണ്ടയില്‍ അവള്‍ പെട്ടുപോകരുത് എന്ന് മാത്രമേ ആഗ്രഹമുള്ളൂ..”

Also Read: മിശ്രവിവാഹത്തിനോ മതപരിവര്‍ത്തനത്തിനോ എതിരല്ല; മതതീവ്രവാദികളുടെ പിടിയിലാവരുതെന്നെയുള്ളൂ: ഹാദിയയുടെ പിതാവ്

അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമല്ലേ? രാഷ്ട്രീയ കളിയല്ല കുമ്മനം ഇവിടെ നടക്കുന്നത്. മതസംഘങ്ങളുടെ സങ്കുചിതവും മനുഷ്യത്വ വിരുദ്ധവുമായ സ്ഥാപിത താത്പര്യങ്ങളാണ്. നാട്ടില്‍ സംഘര്‍ഷങ്ങള്‍ പടര്‍ത്താനുള്ള ഗൂഢ താത്പര്യങ്ങളാണ്. താങ്കളും അവരുടെ കൂടെ കൂടുന്നു എന്നതാണ് നിര്‍ഭാഗ്യകരമായ സത്യം.

Also Read: ആതിര (ആയിഷ), ഹാദിയ (അഖില); മതസംഘങ്ങള്‍ പന്താടുകയാണ് ഈ പെണ്‍കുട്ടികളെ

ഇനി മക്കളിലാത്തവര്‍ക്ക് വേദന അറിയില്ല എന്ന താങ്കളുടെ സിദ്ധാന്തത്തെ കുറിച്ച്.

രോഹിത് വെമൂലയുടെ അമ്മ രാധിക വെമൂലയുടെ വേദനയോ? നജീബിന്റെയും ജുനൈദിന്റെയും ഉമ്മമാരുടെ വേദനയോ? ഗൌരി ലങ്കേഷിന്റെ അമ്മ ഇന്ദിര ലങ്കേഷിന്റെ വേദനയോ?

ഇതൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസിലാവാത്തത് മേല്പറഞ്ഞ കാരണം കൊണ്ടാണോ?

ചില പ്രധാനവാര്‍ത്തകള്‍

മുംബൈ എല്‍ഫിന്‍സോണ്‍ റെയില്‍വേ സ്റ്റേഷനില്‍ തിക്കിലും തിരക്കിലും പെട്ട് 22 പേര്‍ മരിച്ചതാണ് ഇന്നത്തെ പ്രധാന ദേശീയ വാര്‍ത്ത. പരേല്‍ സ്റ്റേഷനെയും എല്‍ഫിന്‍സോണ്‍ റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന പാലം ബ്രിട്ടിഷുകാര്‍ പണിഞ്ഞതാണ്. എപ്പോഴും വന്‍തിരക്ക് അനുഭവപ്പെട്ടറുള്ള ഈ പാലം മാറ്റിപ്പണിയണം എന്നാവശ്യം കാലങ്ങളായി ഉന്നയിക്കപ്പെടുന്നതാണ്.

ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ട ഒരു യാത്രക്കാരന്‍ പറഞ്ഞത് ഇതാണ്, “ജനങ്ങള്‍ക്ക് ബുള്ളറ്റ് ട്രെയിന്‍ അല്ല വേണ്ടത്… ഇതുപോലുള്ള പാലങ്ങള്‍ റിപ്പയര്‍ ചെയ്യുകയാണ്” (എന്‍ഡിടിവി)

“ചോലനായ്ക്ക യുവതിയുടെ മൃതദേഹം ഊരിലെത്തിച്ചത് ഒമ്പത് കിലോമീറ്റർ ചുമന്ന്” എന്ന മാധ്യമം ഓണ്‍ലൈന്‍ വാര്‍ത്തയും ഞെട്ടിക്കുന്ന ഒന്നാണ്. ഇത് നടന്നിരിക്കുന്നത് ഒറീസയിലോ ബീഹാറിലോ അല്ല. കേരളത്തിലെ നിലമ്പൂരിലുള്ള കരുളായി വനപ്രദേശത്താണ്.

പനി ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ചോലനായ്ക്ക യുവതിയുടെ മൃതദേഹമാണ് നാട്ടുകാര്‍ ചുമന്നു വീട്ടിലെത്തിച്ചത്. വനപാത ദുർഘടമായതിനാൽ ആംബുലൻസിന് യാത്ര തുടരാൻ സാധിക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം ചുമക്കേണ്ടി വന്നത്.

ഇനിയും ഒന്നാം നമ്പര്‍ എന്നു മേനി നടിക്കണോ?

“മാധ്യമങ്ങൾ മുഖം തിരിച്ചു, പ്രേക്ഷകർ വാരിപ്പുണർന്നു”- ദിലീപ് ചിത്രം രാമലീലയെ കുറിച്ചുള്ള മനോരമയുടെ പിആര്‍ ലേഖനത്തെ കുറിച്ചും പറയാതെ വയ്യ. ലേഖനം തുടങ്ങുന്നത് ഇങ്ങനെ;

“ദിലീപിന്റെ ഏറ്റവും പുതിയ സിനിമയായ രാമലീലയെ ചില മുഖ്യധാരാ മാധ്യമങ്ങൾ സ്വീകരിച്ചത് തണുപ്പൻ മട്ടിൽ. ഒപ്പമിറങ്ങിയ ചിത്രങ്ങളെ വാഴ്ത്തി പാടിയപ്പോഴും രാമലീലയെ അംഗീകരിക്കാൻ ആദ്യം പലരും തയ്യാറായില്ല. പിന്നീട് പ്രേക്ഷക പ്രതികരണം ചിത്രത്തിനനുകൂലമായതോടെ അവരിൽ ചിലർ നിലപാടു മാറ്റുകയും ചെയ്തു.”

അപ്പോള്‍ മനോരമ എന്താണ് സ്വതന്ത്ര മാധ്യമമോ?

Also Read: ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍