TopTop

അപകടം ബെഹ്റയുടെ ഓഫീസില്‍ നിന്നും 500 മീറ്റര്‍ അകലെ; ഒന്നാം പ്രതി വിഐപികളുടെ മുന്‍പില്‍ മുട്ട് വിറക്കുന്ന പോലീസ്

അപകടം ബെഹ്റയുടെ ഓഫീസില്‍ നിന്നും 500 മീറ്റര്‍ അകലെ; ഒന്നാം പ്രതി വിഐപികളുടെ മുന്‍പില്‍ മുട്ട് വിറക്കുന്ന പോലീസ്
“കവടിയാര്‍,വഴുതയ്ക്കാട്, ഓവര്‍ബ്രിഡ്ജ് എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. അമിത വേഗം, സിഗ്നല്‍ ലംഘനം എന്നിവ പിടികൂടുന്നതിന് വേണ്ടിയാണ് ക്യാമറകള്‍ സ്ഥാപിച്ചത്” ഒരാളുടെ മരണത്തിനിടയാക്കിയ കവടിയാറിലെ കാറപകടത്തിന്റെ ഫോളോ അപ് വാര്‍ത്തയില്‍ മാതൃഭൂമി എഴുതുന്നു.

“കവടിയാറും വഴുതയ്ക്കാടുമുള്ള പോലീസിന്റെ നിരീക്ഷണ ക്യാമറകളും ഫലപ്രദമല്ല. രാജ്ഭവന്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ മേഖലയായ കവടിയാറില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പോലീസ് കണ്‍ട്രോള്‍ റൂമില്‍ എത്തില്ല. നഗരത്തിലെ മിക്ക നിരീക്ഷണ ക്യാമറകള്‍ക്കും രാത്രി കാഴ്ചകള്‍ പകര്‍ത്താനുള്ള ശേഷിയില്ല.” മാതൃഭൂമി തുടരുന്നു.

ഇത് സാങ്കേതിക പ്രശ്നം. എന്നാല്‍ വന്‍തോക്കുകള്‍ക്ക് മുന്‍പില്‍ പോലീസ് മുട്ടുവിറച്ച് നില്‍ക്കുന്നതോ?

“പോലീസിനെ വകവെയ്ക്കുന്നവരല്ല ഇതുവഴി ചീറിപ്പാഞ്ഞു വരുന്നത്. ഇനി പിടികൂടിയാല്‍ സ്റ്റേഷനില്‍ എത്തുന്നതിന് മുന്‍പേ വിട്ടയക്കാന്‍ പറഞ്ഞുകൊണ്ടു മുകളില്‍ നിന്നും ഫോണ്‍ കോള്‍ വരും” ഒരു പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇന്നലെ നടന്നത് മത്സര ഓട്ടമാണോ എന്ന കാര്യത്തില്‍ പോലീസിന് ഇതുവരെ തീരുമാനിക്കാന്‍ കഴിഞ്ഞിട്ടില്ല. ഡി ജി പി ലോകനാഥ ബെഹ്റയുടെ ഓഫീസിന് മുന്‍പിലൂടെയാണ് ഈ കാര്‍ ചീറിപ്പാഞ്ഞത് എന്നോര്‍ക്കണം. ദൃക്സാക്ഷികള്‍ മത്സര ഓട്ടമാണ് എന്നു പറയുമ്പോള്‍ അത് സ്ഥിരീകരിക്കാന്‍ പോലീസ് ഇതുവരെ തയ്യാറായിട്ടില്ല.

തലസ്ഥാന നഗരത്തിന്റെ ഏറ്റവും സുരക്ഷാ പ്രധാന മേഖലയില്‍ നടന്ന ഒരു അപകടത്തിന്റെ കാര്യത്തില്‍ അവ്യക്തത തുടരുന്നത് സംശയങ്ങള്‍ക്ക് ഇട നല്‍കും. പ്രത്യേകിച്ചും ഈ റോഡില്‍ ഇതുപോലെ നിരവധി സംഭവങ്ങള്‍ പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും പരാതികള്‍ ലഭിക്കുകയും ചെയ്തിട്ടുണ്ട് എന്ന യാഥാര്‍ഥ്യം നിലനില്‍ക്കുമ്പോള്‍.

“പണവും അധികാരവും ഉള്ളവര്‍ നിരത്ത് റേസ് ട്രാക്കുകള്‍ ആക്കുമ്പോള്‍ കൈയും കെട്ടി നില്‍ക്കേണ്ട അവസ്ഥയിലാണ് പോലീസ്” എന്നു മാതൃഭൂമി റിപ്പോര്ട്ട് ചെയ്യുന്നതിലെല്ലാമുണ്ട്.

ഇന്നലെ അപകടത്തില്‍ മരിച്ചതും പരുക്കേറ്റതും നഗരത്തിലെ വ്യവസായ പ്രമുഖരുടെ മക്കളാണ് എന്ന കാര്യം ശ്രദ്ധിയ്ക്കുക.

http://www.azhimukham.com/kerala-illegal-bike-or-car-racing-in-kowdiar/

2017ല്‍ മാത്രം ഈ റോഡില്‍ 38 അപകടങ്ങളാണ് നടന്നത് എന്നാണ് പോലീസിന്റെ കണക്ക്. മരണപ്പെട്ടത് ഇന്നലത്തെ അടക്കം നാലു പേരും.

തലസ്ഥാനം ഞെട്ടിയ അപകട വാര്‍ത്തയോടെ വെള്ളയമ്പലം-കവടിയാര്‍ റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പോലീസ് തീരുമാനിച്ചിട്ടുണ്ട് എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നല്ല കാര്യം. പക്ഷേ അത് എത്ര കാലത്തേക്ക് എന്ന ചോദ്യമാണ് ജീവന്‍ പണയം വെച്ചു ഈ വഴിയിലൂടെ യാത്ര ചെയ്യുന്നവര്‍ ചോദിക്കുന്നത്.

2012 ആഗസ്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് പ്രശസ്ത കാറോട്ടക്കാരന്‍ നരയന്‍ കാര്‍ത്തികേയനെ കൊണ്ടുവന്ന് ഇതിലൂടെ ഫോര്‍മുല വണ്‍ സ്പോര്‍ട്ട്സ് കാര്‍ ഓടിക്കാന്‍ തീരുമാനിച്ചിരുന്നു. പരാതികളെ തുടര്‍ന്ന് നിയമ ലംഘനം ആകും എന്നു ഭയന്ന് സംഘാടകര്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു.

അതും കൂടി നടന്നിരുന്നെങ്കില്‍ വെള്ളയമ്പലം-കവടിയാര്‍ റോഡ് ഒരു ഫോര്‍മുല റേസിംഗ് റോഡായി സര്‍ക്കാര്‍ പ്രഖ്യാപിച്ച് പൊതുജനങ്ങളെ വഴി തിരിച്ചു വിടേണ്ടി വരുമായിരുന്നു. നാട്ടുകാരുടെ ജീവ ഭാഗ്യം അത് നടക്കാഞ്ഞത്!

http://www.azhimukham.com/trending-moral-policing-kawadiar-accident/Next Story

Related Stories