Top

അബ്രാഹ്മണന്‍ പൂജിച്ചാല്‍ അയ്യപ്പന്‍ കനിയില്ലേ?; ചെട്ടിക്കുളങ്ങര അവസാനിക്കുന്നില്ല

അബ്രാഹ്മണന്‍ പൂജിച്ചാല്‍ അയ്യപ്പന്‍ കനിയില്ലേ?; ചെട്ടിക്കുളങ്ങര അവസാനിക്കുന്നില്ല
"ശബരിമല മേല്‍ശാന്തി പദവി ബ്രാഹ്മണരില്‍ തന്നെ നിലനിര്‍ത്താന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പതിവുള്ള തന്ത്രം പയറ്റുന്നു." ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രത്തിലെ അയിത്ത വാര്‍ത്തയ്ക്ക് പിന്നാലെ കേരളത്തിലെ ഏറ്റവും വലിയ ക്ഷേത്രത്തില്‍ നടക്കുന്ന ജാതി വിവേചനത്തിന്റെ കഥയാണ് ഇന്നത്തെ കേരള കൌമുദിയുടെ മുഖ്യവാര്‍ത്ത.

"ശബരിമല മേല്‍ശാന്തി പദവിയിലേക്ക് ഇക്കൊല്ലം അപേക്ഷിച്ച അബ്രാഹ്മണരെ ഒഴിവാക്കി ബ്രാഹ്മണരെ മാത്രമാണ് ഇന്റര്‍വ്യൂവിന് വിളിച്ചിരിക്കുന്നത്"- കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. "അബ്രാഹ്മണരുടെ അപേക്ഷ നിരസിച്ചതായി പോലും അറിയിപ്പ് നല്‍കിയിട്ടുമില്ല. അഞ്ച്, ആറ് തീയതികളില്‍ ബോര്‍ഡ് ആസ്ഥാനത്താണ് ഇന്‍റര്‍വ്യൂ".

ചെട്ടിക്കുളങ്ങര ദേവി ക്ഷേത്രത്തില്‍ കീഴ്ശാന്തിയായി നിയമിക്കപ്പെട്ട ഈഴവ സമുദായക്കാരനായ സുധികുമാര്‍ ചുമതലയേല്‍ക്കുന്നത് തടസ്സപ്പെടുത്തിയത് ഈ അടുത്ത കാലത്താണ്. അബ്രാഹ്മണനെ ശാന്തിക്കാരനാക്കുന്നതിനെതിരെ ആര്‍ എസ് എസ് നേതൃത്വത്തിലുള്ള ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രമേയം പാസാക്കുകയായിരുന്നു. തുടര്‍ന്ന് ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

"നല്ല നായന്‍മാരും നമ്പൂതിരിമാരുമൊക്കെ താമസിക്കുന്ന സ്ഥലത്ത് വെറുതെ ഒരു ചോകോനെ പിടിച്ച് ശാന്തിക്കാരനായി വയ്ക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അതുകൊണ്ട് തന്ത്രിക്കും ശ്രീദേവീ വിലാസം ഹിന്ദുമത കണ്‍വന്‍ഷനും ഞങ്ങള്‍ നാട്ടുകാരുടെ പൂര്‍ണ പിന്തുണയുണ്ട്’- രഞ്ജിത്ത് എന്ന ചെട്ടികുളങ്ങര സ്വദേശി അഴിമുഖത്തിനോട് പറഞ്ഞത് ഇങ്ങനെയായിരുന്നു.

"ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കീഴ്‌വഴക്കം അങ്ങനെയാണ്. ആ കീഴ്‌വഴക്കം അതേപടി തുടരുക എന്നേ തന്ത്രിക്ക് പറയാന്‍ കഴിയൂ. അത് ഞാനും പറഞ്ഞു. ഇത് ജാതിയുടേയോ മതത്തിന്റേയോ പ്രശ്‌നമല്ല. ആചാരങ്ങള്‍ അതേപടി നിലനില്‍ക്കുക എന്നതാണ് ഏതിന്റേയും സ്വത്വം എന്ന് പറയുന്നത്. അത് ക്ഷേത്രങ്ങളിലായാലും വ്യക്തികള്‍ക്കായാലും എല്ലാം അങ്ങനെ തന്നെ. കേരളത്തില്‍ പൊതുവെ കേരള ബ്രാഹ്മണന്‍മാര്‍ ആണ് ഈ ആചാരം അനുഷ്ഠിച്ചുവരുന്നതെന്നാണ് മനസ്സിലായിട്ടുള്ളത്. ക്ഷേത്രത്തിന്റെ സംവിധാനം മാറ്റാന്‍ പറയാന്‍ തന്ത്രിക്ക് അധികാരമില്ല." ക്ഷേത്രം തന്ത്രി പ്ലാക്കുടി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി പറഞ്ഞ കാരണം ഇതാണ്.



ഒടുവില്‍ ദേവസ്വം ബോര്‍ഡ് കര്‍ശന നിലപാടെടുക്കുകയും ഉടന്‍ തന്നെ സുധികുമാറിനെ കീഴ്ശാന്തിയായി നിയമിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. തുടര്‍ന്നും ഇയാള്‍ക്കെതിരെ ആര്‍ എസ് എസ് ഭീഷണി ഉണ്ടായി എന്നതും ശ്രദ്ധിയ്ക്കുക.

Also Read: ‘നല്ല നായന്മാര്‍ക്കും ബ്രാഹ്മണന്മാര്‍ക്കും ഇടയിലേക്ക് ഒരു ചോകോനോ’? ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ അബ്രാഹ്മണനായ ശാന്തിക്കാരന് അയിത്തം

2002ലെ സുപ്രീം കോടതി ഉത്തരവും 2014 ലെ സര്‍ക്കാര്‍ സര്‍ക്കുലറും പ്രകാരം ദേവസ്വം ബോര്‍ഡിലെ ഒരു നിയമനത്തിലും ജാതി വിവേചനം പാടില്ല എന്നാണ്. ഇത് അട്ടിമറിച്ചുകൊണ്ടാണ് ശബരിമലയില്‍ ഇത്രകാലവും മേല്‍ശാന്തി നിയമനം നടന്നത് എന്നും കേരളകൌമുദി റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്തായാലും ഒരു കാര്യം ഉറപ്പ്; വെള്ളാപ്പള്ളി ലക്ഷ്യമിടുന്ന നമ്പൂതിരി മുതല്‍ നായാടി വരെയുള്ള സമത്വ സുന്ദര ഹൈന്ദവ സമൂഹമൊന്നും പൂവണിയാന്‍ പോകുന്നില്ല. തല്‍ക്കാലം നാളികേര വികസനം കൊണ്ട് സമാധാനിക്കുക തന്നെ. ഈഴവന്റെ ജീവിതം എപ്പോഴും തെങ്ങില്‍ കെട്ടിയ വടമായി കാണാനാണല്ലോ പലര്‍ക്കും താത്പര്യം. അവിടെ സ്വയം പ്രഖ്യാപിത ന്യൂ ജനറേഷന്‍ നവോത്ഥാന നായകന്‍ രാഹുല്‍ ഈശ്വരും അടുത്ത ജന്മത്തില്‍ ബ്രാഹ്മണന്‍ ആകാന്‍ കൊതിക്കുന്ന സുരേഷ് ഗോപിയുമൊക്കെയേ വാഴുകയുള്ളൂ.

Also Read: ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

ക്ഷേത്ര പ്രവേശന വിഷയത്തില്‍ ജാഗ്രതക്കുറവ് കാട്ടിയ സഖാവ് കടകംപള്ളി മന്ത്രിയുടെ പ്രതികരണം എന്താണാവോ?

ഇനി ജനാധിപത്യ പാര്‍ട്ടിയായ കോണ്‍ഗ്രസ്സിലെ അവസ്ഥയോ?

ഇന്നത്തെ കേരളകൌമുദിയുടെ എഡിറ്റ് പേജില്‍ 'യോഗ്യരായ നേതാക്കള്‍ ദളിതരില്‍ ഉണ്ട്' എന്ന തലക്കെട്ടില്‍ കോണ്‍ഗ്രസ്സ് നേതാവ് കൊടിക്കുന്നില്‍ സുരേഷുമായി ഒരു അഭിമുഖമുണ്ട്.

അതിലെ ഒരു ചോദ്യം ഇങ്ങനെ.

കെ പി സി സി പ്രസിഡണ്ട് സ്ഥാനത്ത് ദളിതരെ പരിഗണിക്കുന്നതില്‍ എന്താണ് തടസ്സം?

ഉത്തരം: കെ പി സി സി പ്രസിഡന്റിനെ നിശ്ചയിക്കുന്നത് പല സമവാക്യങ്ങളുടെ അടിസ്ഥാനത്തിലാണ്.

അതേ, കൊടിക്കുന്നില്‍. കോണ്‍ഗ്രസ്സില്‍ മാത്രമല്ല സമൂഹത്തിലും ഈ സമവാക്യങ്ങള്‍ തന്നെയാണ് ഇപ്പോഴും പ്രശ്നം.



മറ്റ് ചില പ്രധാനവാര്‍ത്തകള്‍.

മാസങ്ങള്‍ക്ക് മുന്‍പ് ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ട തമിഴ്നാട്ടുകാരന്‍ മുരുഗന് ഒരു തുടര്‍ച്ച ഉണ്ടായിരിക്കുന്നു. കുറ്റിപ്പുറത്താണ് സംഭവം. സുഹൃത്തിന്റെ വെട്ടേറ്റ് തൂങ്ങിയ കാലുമായി തിരുച്ചിറപ്പള്ളി സ്വദേശി രാജേന്ദ്രന്‍ ആംബുലന്‍സില്‍ അലഞ്ഞത് 350 കിലോമീറ്റര്‍. ഒടുവില്‍ കോയമ്പത്തൂരിലെ മെഡിക്കല്‍ കോളേജില്‍ എത്തിച്ചാണ് ചികിത്സ ലഭ്യമാക്കിയത്. (മാതൃഭൂമി)

മുഖ്യമന്ത്രീ, മന്നിപ്പ് കേള്‍ക്കുന്നത് ഇനിയും തുടരാം. നമ്മുടേത് ഒരു കച്ചവടക്കാരുടെ സമൂഹമാണ്. അവിടെ താങ്കളുടെ പാര്‍ട്ടിയുടെ മാനിഫെസ്റ്റോ പറയുന്നതു പോലെ വെട്ടേറ്റു തൂങ്ങിയ കാല്‍ ഒരു ചരക്ക് മാത്രമാണ്.

Also Read: ‘പാണ്ടി’കളോട് കേരള മുതല്‍വര്‍ തന്‍ മന്നിപ്പ്

പാചക വാതക സിലിണ്ടറിന് വീണ്ടും വില വര്‍ധിപ്പിച്ചു. ഒന്നര രൂപയാണ് കൂട്ടിയത്. പെട്രോളിനും ഡീസലിനും ദിനംപ്രതി വില വര്‍ദ്ധിപ്പിക്കുന്ന രീതി പാചക വാതകത്തിന്റെ കാര്യത്തിലും തുടര്‍ന്നാല്‍ ജനജീവിതം താറുമാറാകും എന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ 488.68 രൂപയാണ് വില. മെയ് 30നു ശേഷം അഞ്ചാം തവണയാണ് വില വര്‍ദ്ധിപ്പിക്കുന്നത്.

കുമ്മനം രാജശേഖരന്റെ ജനരക്ഷാ യാത്ര നാളെ പയ്യന്നൂരില്‍ തുടങ്ങും. അമിത് ഷായുടെ സാന്നിധ്യം തന്നെയാണ് യാത്രയുടെ ഹൈലൈറ്റ്. കണ്ണൂരില്‍ മാത്രം പൂര്‍ണ്ണമായും പദയാത്രയായിട്ടാണ് യാത്ര പോവുക. അമിത് ഷാ 10 കിലോമീറ്റര്‍ നടക്കും. കമ്യൂണിസ്റ്റ് പാര്‍ട്ടി പിറന്ന പിണറായിയും അമിത് ഷാ സന്ദര്‍ശിക്കും. തലശ്ശേരിയിലും പ്രസംഗിക്കും. 'ചുവപ്പ് ജിഹാദി'ക്കെതിരെയുള്ള ഈ യാത്ര കേരളം പിടിച്ചെടുക്കാനുള്ള തങ്ങളുടെ ആവനാഴിയിലെ വജ്രായുധം എന്ന മട്ടിലാണ് ബിജെപി പ്രചരിപ്പിക്കുന്നത്.

ജി എസ് ടി നിരക്കുകള്‍ കുറച്ചേക്കും എന്ന കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുടെ പ്രസ്താവനയാണ് പ്രധാന ദേശീയ വാര്‍ത്തകളില്‍ ഒന്ന്. ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ ഇടപെടലിന് ഇത്ര പെട്ടെന്ന് പരിഹാരമോ? അദ്ദാണ്...

Also Read: മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

Next Story

Related Stories