Top

ലൈംഗിക പീഡനം; രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ മാത്രമെന്താണ് നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്?

ലൈംഗിക പീഡനം; രാഷ്ട്രീയക്കാര്‍ പ്രതിയാകുമ്പോള്‍ മാത്രമെന്താണ് നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്?
എം വിന്‍സെന്‍റ് എംഎല്‍എയ്ക്ക് ഇന്നലെ ജാമ്യം കിട്ടിയില്ല. വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ നെയ്യാറ്റിന്‍കര ഒന്നാം ക്ലാസ് ജൂഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് എംഎല്‍എയുടെ ജാമ്യാപേക്ഷ തള്ളിയത്. “ജാമ്യം നല്‍കിയാല്‍ അന്വേഷണത്തെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കുകയും ഇരയുടെ ജീവന് ഭീഷണിയാവുകയും ചെയ്യുമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു” എന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

വിന്‍സെന്‍റ് ആയാലും ദിലീപായാലും നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ. പക്ഷേ ഈ രാഷ്ട്രീയക്കാര്‍ ബാലരാമപുരത്ത് കാട്ടിക്കൂട്ടുന്നത് എന്തൊക്കെയാണ്...

വിന്‍സെന്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും യോഗവും കയ്യാങ്കളിയും നടത്തിയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ശക്തി പ്രകടനം. ഇര 164 പ്രകാരം മജിസ്ട്രേറ്റിന് മുന്‍പാകെ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ അകത്തു കിടക്കുന്ന ഒരാളുടെ പേരിലാണ് ഇതൊക്കെ എന്നോര്‍ക്കണം.

സാധാരണ സ്ത്രീപീഡന കേസുകളില്‍ അകത്താകുന്നവര്‍ക്കെതിരെയാണ് പ്രതിഷേധ പ്രകടനങ്ങളും കയ്യാങ്കളിയും നടക്കുക. എന്നാല്‍ സ്വന്തം കൂടാരത്തില്‍ നിന്നും ഒരാള്‍ പ്രതിയാകുമ്പോള്‍ അതങ്ങനെ സമ്മതിച്ചു കൊടുക്കാന്‍ ഒരു വിഷമം.

നേരത്തെ ദിലീപിന് കൂട്ടു നിന്നു എന്നാരോപിച്ച് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ മമ്മൂട്ടിയുടെ വീട്ടിലേക്കടക്കം മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ദിലീപിന് അനുകൂലമായി പി ആര്‍ പണി തുടങ്ങിയിരിക്കുന്നു എന്ന വിമര്‍ശനം വലിയ കോലാഹലം തന്നെ ഉയര്‍ത്തുകയുണ്ടായി.

കഴിഞ്ഞ ദിവസമാണ് മാതൃഭൂമി ചാനലിലെ ജേര്‍ണലിസ്റ്റായ അമലിനെ സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ചു എന്നതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഈ വിഷയത്തില്‍ അമല്‍ കൂടി അംഗമായ പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധവുമായി രംഗത്ത് എത്തുകയുണ്ടായില്ല.

ഇരയുടെ കൂടെ നില്‍ക്കുക എന്നത് തന്നെയാണ് ഒരു പരിഷ്കൃത സമൂഹത്തിന്‍റെ ലക്ഷണം. അപ്പോള്‍ പിന്നെ രാഷ്ട്രീയക്കാര്‍ പ്രതിയാക്കപ്പെടുമ്പോള്‍ മാത്രമെന്താണ് നാട്ടില്‍ കലാപം പൊട്ടിപ്പുറപ്പെടുന്നത്?ഇന്നലെ ഇരുപാര്‍ട്ടികളും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന് നാല് എസ് ഐമാര്‍ ഉള്‍പ്പെടെ 50 പേര്‍ക്കാണ് പരുക്കേറ്റത്. വിന്‍സെന്റിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ അഞ്ചു ദിവസമായി കോണ്‍ഗ്രസ് ബാലരാമപുരത്ത് രാപ്പകല്‍ സമരം നടത്തി വരികയാണ്. അതേ സമയം വിന്‍സെന്‍റ് എംഎല്‍എ സ്ഥാനം രാജിവെക്കണം എന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ ബാലരാമപുരത്ത് രാപ്പകല്‍ സമരം തുടങ്ങുകയായിരുന്നു.

അതേ സമയം സുരക്ഷാ കാരണങ്ങളാല്‍ ഇരയുടെ വീട്ടിലെത്തി തെളിവെടുപ്പ് നടത്തുന്നത് പോലീസ് ഒഴിവാക്കിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനിടെ, വിന്‍സെന്റിനെ തേജോവധം ചെയ്യാന്‍ വേണ്ടി കെട്ടിച്ചമച്ച കേസാണെന്നും ഇതിന് പിന്നിലെ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണം നടത്തണമെന്നുമുള്ള ആവശ്യം ഉന്നയിച്ച് കെപിസിസി പ്രസിഡന്‍റ് എം.എം ഹസ്സന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി; ഇത് ന്യായമായ കാര്യം.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ എന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയാറുള്ള മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി എന്താണ് ഈ കാര്യത്തില്‍ അങ്ങനെ പറയാത്തത്. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് സ്വീക്കരിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയുടെ നിലപാടല്ലേ? ഈ വഴി മാത്രമല്ലേ ദിലീപിനും അമലിനും ഉള്ളൂ..

ഇന്നലെ അന്തരിച്ച അഹിംസാവാദിയായ ഗാന്ധിയന്‍ കെ ഈ മാമ്മന്‍റെ ഓര്‍മ്മയ്ക്ക് മുന്‍പില്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുമ്പോള്‍ എങ്കിലും തങ്ങള്‍ ചെയ്യുന്നതിലെ ശരികേടുകള്‍ മനസിലാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കേണ്ടതായിരുന്നു.

കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വേദിയില്‍ എത്തി കവയത്രി സുഗതകുമാരി ഗാന്ധിയെ മറന്ന കോണ്‍ഗ്രസിനെ അതിനിശിതമായി വിമര്‍ശിച്ചതില്‍ കൂടുതല്‍ എന്തു വേണം കോണ്‍ഗ്രസ് പാര്‍ട്ടിക്ക് സ്വയം ബോധ്യപ്പെടാന്‍.

Next Story

Related Stories