TopTop

കോണ്‍ഗ്രസുകാരേ, തമ്മിലടിക്കുകയെങ്കിലും ചെയ്യൂ; ജനം അറിയട്ടെ നിങ്ങള്‍ ഇവിടെയുണ്ടെന്ന്

കോണ്‍ഗ്രസുകാരേ, തമ്മിലടിക്കുകയെങ്കിലും ചെയ്യൂ; ജനം അറിയട്ടെ നിങ്ങള്‍ ഇവിടെയുണ്ടെന്ന്
13 ദിവസം നീണ്ടു നില്‍ക്കുന്ന നിയമസഭാ സമ്മേളനം ആരംഭിച്ചു കഴിഞ്ഞു. സിപിഎമ്മിനോ ബിജെപിക്കോ കേരളത്തിലെ ജനങ്ങള്‍ക്കോ അല്ല ഈ നിയമ സഭാ സമ്മേളനം നിര്‍ണ്ണായകമാകാന്‍ പോകുന്നത്. അത് കോണ്‍ഗ്രസ്സിനാണ്. “Congress redrafts strategy to meet challenges in Kerala” എന്ന ദി ഹിന്ദുവിലെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത് അതാണ്.

പ്രധാന പ്രതിപക്ഷം എന്ന നിലയില്‍ പൊതു ചര്‍ച്ചകളില്‍ നിന്നും ബിജെപിയാല്‍ പുറന്തള്ളപ്പെട്ട കോണ്‍ഗ്രസ്സ്, ബിജെപി ഇല്ലാത്ത (രാജഗോപാല്‍ ഉണ്ടായിട്ട് പ്രത്യേകിച്ചു കാര്യമൊന്നുമില്ലെന്ന് കഴിഞ്ഞ ഒരു വര്‍ഷത്തെ കാലയളവ് തെളിയിച്ചു കഴിഞ്ഞു) നിയമസഭയുടെ അകത്തളം എങ്ങനെ ഉപയോഗപ്പെടുത്തും എന്നതിനനുസരിച്ചിരിക്കും കാര്യങ്ങള്‍.

തങ്ങളുടെ രാഷ്ട്രീയമായ ഇടം നിലനിര്‍ത്താന്‍ ഇരട്ട വെല്ലുവിളിയാണ് കോണ്‍ഗ്രസ്സ് നേരിടുന്നത് എന്നാണ് ഹിന്ദു റിപ്പോര്‍ട്ട് പറയുന്നത്. അത് സിപിഎമ്മില്‍ നിന്നും ബിജെപിയില്‍ നിന്നുമാണ്. അക്രമ രാഷ്ട്രീയത്തിന്റെ പേരിലായും മറ്റെന്തിന്റെ പേരിലായാലും നടക്കുന്ന ചര്‍ച്ചകളില്‍ കോണ്‍ഗ്രസ്സ് പലപ്പോഴും അപ്രസക്തമായി പോകുന്നുണ്ട് എന്നത് സത്യമാണ്.

മുതിര്‍ന്ന നേതാക്കളായ എ കെ ആന്റണി, വി എം സുധീരന്‍, വയലാര്‍ രവി തുടങ്ങിയവരൊക്കെ നിശബ്ദരാണ്. ഉമ്മന്‍ ചാണ്ടിയുടെ നിശബ്ദത ഇപ്പോഴും നിഗൂഡമായി തുടരുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജനങ്ങളെ ആകര്‍ഷിക്കുന്ന സമരമുഖങ്ങള്‍ തുറക്കാന്‍ രമേശ് ചെന്നിത്തലയ്ക്ക് ആവുന്നില്ല. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ എം.എം ഹസ്സന്‍ താത്ക്കാലിക പ്രതിഭാസം മാത്രമാണെന്ന് എല്ലാവര്‍ക്കും അറിയാം. വിഡി സതീശനെ പോലെ ഉള്ളവര്‍ എവിടെയുണ്ട് എന്ന് ആര്‍ക്കും അറിയില്ല. പഴയ പല മുന്‍മന്ത്രിമാരും പൊതു ജീവിതം അവസാനിപ്പിച്ചതുപോലെ നിശബ്ദരാണ്. എന്തെങ്കിലും പറയുന്നത് പി.ടി തോമസ് മാത്രമാണ്. നിലപാടുകള്‍ പറയുന്നതിലെ തരാതരം പോലുള്ള മൌനങ്ങള്‍ വി.ടി ബലറാമിനെ പോലുള്ള സോഷ്യല്‍ മീഡിയ യുവ തുര്‍ക്കികളുടെ ഗ്ലാമര്‍ കെടുത്തിക്കളഞ്ഞു.നേരത്തെ ഹൈക്കമാന്‍ഡ് എന്ന പരമമായ ശക്തി സംസ്ഥാന കോണ്‍ഗ്രസ്സിന് മുകളിലേക്ക് പറന്നിറങ്ങാറുണ്ടായിരുന്നു. ഇപ്പോള്‍ അങ്ങനെ വരാനും ചോദിക്കാനും ആരും ഇല്ല എന്ന സ്ഥിതി വന്നിരിക്കുന്നു. കോണ്‍ഗ്രസ്സില്‍ ഗ്രൂപ്പ് പോര് പണ്ടത്തെ പോലെ ശക്തമല്ല എന്നതുകൊണ്ട് കൂടിയാണ് അത് എന്ന കാര്യം പോസിറ്റീവായി പറയാമെങ്കിലും പാര്‍ട്ടിക്ക് ഒരു ദിശാബോധം നല്‍കാന്‍ ദേശീയ നേതൃത്വത്തിന് കഴിയുന്നില്ല എന്നത് യാഥാര്‍ഥ്യമാണ്. കാല്‍ച്ചോട്ടിലെ മണ്ണൊലിച്ചു പോയിക്കഴിഞ്ഞു എന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാനുള്ള ശ്രമത്തിലാണ് ദേശീയ നേതൃത്വം. സ്വന്തം എംഎല്‍എമാരെ അമിത് ഷായുടെ ദല്ലാളന്മാരില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ ഗുജറാത്തില്‍ നിന്നും കര്‍ണ്ണാടകയിലേക്ക് അവരെ കടത്തിക്കൊണ്ടുവരേണ്ട ഗതികേടിലാണ് പാര്‍ട്ടി.

ഈ നിയമസഭാ സമ്മേളനത്തില്‍ കോണ്‍ഗ്രസ്സിന് തലവേദനയാകന്‍ പോകുന്നത് എം വിന്‍സെന്‍റ് എംഎല്‍എ ലൈംഗിക പീഡന കേസില്‍ പെട്ട് ജയിലില്‍ കിടക്കുന്നതാണ്. അതുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകള്‍ സോളാര്‍ സരിത കേസ് അടക്കമുള്ള കാര്യങ്ങള്‍ പൊതു സ്മരണയിലേക്ക് വീണ്ടും കൊണ്ടുവരും എന്നതിനാല്‍ വളരെ ശ്രദ്ധിച്ച് മാത്രമേ ആ വിഷയം കൈകാര്യം ചെയ്യാന്‍ സാധിക്കുകയുള്ളൂ. എന്നാല്‍ അതിന്റെ പേരില്‍ ബഹളം കൂട്ടാതിരിക്കാനും പറ്റില്ല. എംഎല്‍എയുടെ ജാമ്യാപേക്ഷ കോടതിയില്‍ എത്തുന്ന ദിവസം കൂടിയാണ്...

Also Read: അമിത് ഷാ 100 കിലോമീറ്റര്‍ നടന്നാല്‍ കേരളം വിരളുമോ?

പിന്നെയുള്ളത് രാഷ്ട്രീയ അതിക്രമങ്ങളും ക്രമസമാധാനവുമാണ്. ഗവര്‍ണ്ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയതടക്കം ചര്‍ച്ച ചെയ്തുകൊണ്ട് സര്‍ക്കാരിനെയും സിപിഎമ്മിനെയും ബിജെപിയെയും പ്രതിസ്ഥാനത്ത് നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് സാധിക്കും. എന്നാല്‍ അതും ബിജെപിയെ ലൈംലൈറ്റില്‍ നിര്‍ത്തുന്നതിന് ഇടയാക്കും. മാത്രമല്ല അടുത്ത ലോകസഭാ തിരഞ്ഞെടുപ്പ് വരെ രാഷ്ട്രീയ സംഘര്‍ഷ ചര്‍ച്ചയും ക്രമസമാധാന തകര്‍ച്ചയും നിലനിര്‍ത്തി കൊണ്ടുപോവുക എന്നതാണ് ബിജെപിയുടെ തന്ത്രം എന്ന് വ്യക്തമായി കഴിഞ്ഞിട്ടുണ്ട്. ഉഭയകക്ഷി ചര്‍ച്ചയിലൂടെ സിപിഎമ്മും ബിജെപിയും ചില തീരുമാനങ്ങള്‍ കൈക്കൊള്ളുകയും തങ്ങളെ വെറും കാഴ്ചക്കാരായി മാറ്റുകയും ചെയ്തു എന്ന വികാരം കോണ്‍ഗ്രസിനുണ്ട്. എന്നാല്‍ സര്‍വകക്ഷി യോഗത്തില്‍ മുഖ്യമന്ത്രിയുടെ തൊട്ടടുത്ത് തന്നെ രമേശ് ചെന്നിത്തലയ്ക്ക് കസേര നല്‍കുക വഴി അപ്രസക്തമായി എന്ന തോന്നലില്‍ നിന്നും കോണ്‍ഗ്രസ് തത്ക്കാലം വിടുതല്‍ നേടിയിട്ടുണ്ട് എന്നും ഹിന്ദു റിപ്പോര്‍ട്ട് പറയുന്നു.

എന്തായാലും ബിജെപിയുടെ മെഡിക്കല്‍ കോഴ കേസുമായി ബന്ധപ്പെട്ട ചര്‍ച്ച ഉയര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസ്സ് ശ്രമിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഈ കാര്യത്തില്‍ കോണ്‍ഗ്രസ്സിനും സിപിഎമ്മിനും ഒരേ മനസായിരിക്കുകയും ചെയ്യും. കോഴ ആരോപണം ഉയര്‍ന്ന ഉടനെ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചുകൊണ്ട് സര്‍ക്കാര്‍ വ്യക്തമാക്കിയതും അതാണ്. തത്ക്കാലം രാഷ്ട്രീയ കൊലപാതക ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ബിജെപിക്കെതിരെയുള്ള കോഴ ആരോപണം ലൈവായി നിലനിര്‍ത്തേണ്ടത് സിപിഎമ്മിന്റെയും ആവശ്യമാണ്. അരുണ്‍ ജെയ്റ്റ്ലി മെഡിക്കല്‍ കോഴയെ കുറിച്ച് എന്തുകൊണ്ട് പ്രതികരിക്കണം എന്ന ചോദ്യമുയര്‍ത്തി രമേശ് ചെന്നിത്തല ഇട്ട ഫേസ്ബുക്ക് പോസ്റ്റും ശ്രദ്ധിക്കുക."ക്രമസമാധാനത്തെക്കുറിച്ച് മാത്രമല്ല, കേരളത്തിലെ ബിജെപി നേതാക്കൾ നടത്തിയ മെഡിക്കൽ കോളേജ് അഴിമതി, ഹവാല ഇടപാട്, വ്യാജ രസീത് പിരിവ് തുടങ്ങിയ കാര്യങ്ങൾ എന്നിവയെകുറിച്ച് കൂടി അരുൺ ജെയ്റ്റ്‌ലി പ്രതികരിക്കണം" എന്നാണ് പ്രതിപക്ഷ നേതാവിന്റെ പോസ്റ്റ്.അതേ സമയം ജി‌എസ് ടി അടക്കമുള്ള സുപ്രധാനമായ ബില്ലുകള്‍ സംബന്ധിച്ച് ആരോഗ്യകരമായ ചര്‍ച്ചകള്‍ നടക്കേണ്ട ഈ സമ്മേളനം ബജറ്റ് സമ്മേളനം പോലെ ബഹളമയമാവുമോ എന്നത് കാത്തിരുന്ന് കാണാം.

Next Story

Related Stories