TopTop
Begin typing your search above and press return to search.

ദല്ലാള്‍ 'സതീശ് നായര്‍ കുമ്മനത്തിന്റെ വലംകൈ'; കൊള്ളാം 'ഭാവി മുഖ്യമന്ത്രീ'!

ദല്ലാള്‍ സതീശ് നായര്‍ കുമ്മനത്തിന്റെ വലംകൈ; കൊള്ളാം ഭാവി മുഖ്യമന്ത്രീ!

“സതീശ് നായര്‍ കുമ്മനത്തിന്റെ വലംകൈ”. ദേശാഭിമാനിയാണ് സതീശ് നായര്‍ എന്ന ഡല്‍ഹി ദല്ലാളും ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സംഗതി സത്യമാണെങ്കില്‍ ഭാവി മുഖ്യമന്ത്രിയുടെ പോക്ക് കറക്റ്റ് റൂട്ടിലൂടെയാണ്. സോളാര്‍ കേസില്‍ ആടിയുലഞ്ഞപ്പോഴാണ് ഡല്‍ഹിയില്‍ ഉമ്മന്‍ ചാണ്ടിക്കും ഉണ്ടായിരുന്നു ഇതുപോലൊരു സഹായി എന്ന വാര്‍ത്ത നാട്ടുകാര്‍ അറിഞ്ഞത്. ഡല്‍ഹിയില്‍ സരിതാ നായര്‍ക്ക് വേണ്ട സഹായം എല്ലാം ചെയ്തുകൊടുത്തത് തോമസ് കുരുവിള എന്ന ഈ സഹായി ആയിരുന്നു എന്നായിരുന്നു അന്നുയര്‍ന്ന ആരോപണം.

“കുമ്മനം ഡല്‍ഹിയില്‍ എത്തുമ്പോള്‍ പ്രധാന സഹായി എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നത്” ഈ സതീശ് നായര്‍ ആണെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “അയ്യപ്പ സേവാ സമാജം ഭാരവാഹി അയ്യപ്പദാസാണ് സതീശ് നായരെ കുമ്മനത്തിന് പരിചയപ്പെടുത്തിയത്. ഡല്‍ഹിയിലെ കാര്യങ്ങള്‍ നോക്കി നടത്താന്‍ പറ്റിയ ആളെന്ന നിലയില്‍ ഇയാളെ കുമ്മനം ഒപ്പം കൂട്ടുകയായിരുന്നു” എന്നും ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

ആരോപണ വിധേയനായ മറ്റൊരാള്‍ കുമ്മനത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം എന്ന് പരിചയപ്പെടുത്തിയ രാകേഷ് ശിവരാമനാണ്. നെയ്യാറ്റിന്‍കര സ്വദേശിയായ ഇയാള്‍ ബിജെപിയുടെ പ്രവര്‍ത്തകന്‍ മാത്രമാണ് എന്നാണ് ബിജെപിയുടെ ഔദ്യോഗിക വിശദീകരണം.

മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ ഇത് വെറും ഊഹാപോഹം മാത്രമാണ് എന്നാണ് കുമ്മനം രാജശേഖരന്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ വിഷയം ലോക്സഭയില്‍ അടക്കം വലിയ കോലാഹലമായപ്പോള്‍ ബിജെപി സഹകരണ സെല്‍ കണ്‍വീനര്‍ ആര്‍ എസ് വിനോദിനെ പുറത്താക്കാന്‍ കുമ്മനം നിര്‍ബന്ധിതനാവുകയായിരുന്നു. ആരോപണം അതീവ ഗുരുതരമാണ് എന്നാണ് കുമ്മനത്തിന്‍റേതായി ഒടുവില്‍ വന്ന പ്രസ്താവന.

അതേസമയം കോഴയോടൊപ്പം ബിജെപിയെ അലട്ടുന്നത് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് ചോര്‍ന്നതാണ്. വര്‍ക്കല മെഡിക്കല്‍ കോളേജിന് അനുമതിക്കായി 6 കോടി രൂപ കോഴ വാങ്ങി എന്ന പരാതി കിട്ടിയപ്പോള്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ അന്വേഷണം നടത്താന്‍ കുമ്മനം നിര്‍ദ്ദേശിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കെ പി ശ്രീശന്‍, എ കെ നസീര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ടാണ് മാധ്യമങ്ങള്‍ക്ക് ചോര്‍ന്ന് കിട്ടിയത്. അതേസമയം താന്‍ കൊടുത്ത മൊഴിയല്ല മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടില്‍ ഉള്ളത് എന്ന ആരോപണവുമായി പുറത്താക്കപ്പെട്ട ആര്‍ എസ് വിനോദും രംഗത്ത് എത്തിയിട്ടുണ്ട്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ടി രമേശിന് കോഴയുമായി ബന്ധമില്ലെന്ന് വിഷയം അന്വേഷിച്ച എ കെ നസീര്‍ പറഞ്ഞതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്തായാലും കേന്ദ്ര നേതൃത്വം അടങ്ങിയിരിക്കില്ല എന്നുറപ്പായി കഴിഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ പേരില്‍ കേരളത്തിലെ ബിജെപി നേതൃത്വം വ്യാപകമായ അഴിമതിക്ക് കൂട്ട് നില്‍ക്കുന്നുഎന്ന നിഗമനത്തിന്റെ അടിസ്ഥാനത്തില്‍ ബിജെപി ദേശീയ നേതൃത്വം കര്‍ശന നടപടിക്ക് ഒരുങ്ങുകയാണ് എന്നാണ് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കേരളത്തിലുള്ള പ്രതീക്ഷകള്‍ തച്ചു തകര്‍ക്കുന്നതായി മാറിയിരിക്കുകയാണ് വിവാദം എന്നാണ് വിലയിരുത്തല്‍. ഉള്‍പ്പാര്‍ട്ടി റിപ്പോര്‍ട്ട് ചോര്‍ന്നത്തില്‍ വി മുരളീധരനുള്ള പങ്കും അന്വേഷിക്കും എന്നും റിപ്പോര്‍ട്ടുകളുണ്ട്. കടുത്ത നടപടി വേണമെന്ന ആവശ്യവുമായി ആര്‍ എസ് എസ് സംസ്ഥാന നേതൃത്വവും രംഗത്ത് എത്തിക്കഴിഞ്ഞു.

വിഷയം ബിജെപിയില്‍ ഒതുങ്ങി നില്‍ക്കില്ല എന്നാണ് കേട്ടപാതി കേള്‍ക്കാത്ത പാതി വെള്ളാപ്പള്ളി നടത്തിയ പത്രസമ്മേളനം സൂചിപ്പിക്കുന്നത്. എന്‍ഡിഎയില്‍ നിന്നും ബിഡിജെഎസ് പുറത്തുവരണം എന്ന ആവശ്യം അദ്ദേഹം ഉയര്‍ത്തി കഴിഞ്ഞു. കേരള എന്‍ഡിഎയുടെ ജോയിന്‍റ് കണ്‍വീനര്‍ തുഷാര്‍ വെള്ളാപ്പള്ളി ഈ കാര്യവുമായി ബന്ധപ്പെട്ട് അമിത് ഷായെ കാണും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. (ഇതേ എന്‍ഡിഎയുടെ കേരളത്തിലെ വൈസ് ചെയര്‍മാനായ രാജീവ് ചന്ദ്രശേഖറിന്റെ ഏഷ്യാനെറ്റ് ചാനലിലാണ് വാര്‍ത്ത ആദ്യം വന്നത് മറ്റൊരു 'കൌതുകം'; അതിന് ഗ്രൂപ്പ് പോരുമായി ബന്ധമൊന്നും ഇല്ലെന്നാണ് അവകാശവാദങ്ങളും).

അതേ സമയം കിട്ടിയ അവസരം നന്നായി മുതലാക്കാനുള്ള ശ്രമത്തിലാണ് ഇടതു വലതു മുന്നണികള്‍. ലോക്സഭയില്‍ ഒന്നിച്ചു നടത്തിയ പോരാട്ടം ആ സൂചനയാണ് നല്‍കുന്നത്. തിരുവനന്തപുരത്തെ സിപിഎം നേതാവിന്റെ പരാതിയില്‍ സംസ്ഥാന സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ട് കഴിഞ്ഞു.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories