TopTop
Begin typing your search above and press return to search.

വരമ്പത്തല്ല, പാടത്ത്

വരമ്പത്തല്ല, പാടത്ത്

“കള്ളിമുണ്ടുടുത്ത് തലയില്‍ തോര്‍ത്തും കെട്ടി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പാടത്തേക്കിറങ്ങി. ഞാറുനടീല്‍ യന്ത്രമോടിച്ച് കോടിയേരി ഞാറ് നട്ടതോടെ വരമ്പില്‍ കൂടിനിന്ന ആയിരങ്ങള്‍ ഇന്‍ക്വിലാബിന്റെ ഈരടികള്‍ മുഴക്കി. ഞാറ്റു പാട്ടുകളും നാടന്‍ പാട്ടുകളും വിപ്ലവ ഗാനങ്ങളും മുഴങ്ങി.” ദേശാഭിമാനിയുടെ ഇന്നത്തെ ഈ റിപ്പോര്‍ട്ട് 60 വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ ഏതോ ഒരു കെപിഎസി നാടകത്തില്‍ നിന്നും അടിച്ചു മാറ്റിയതാണ് എന്നു തോന്നും വായിക്കുമ്പോള്‍. വിപ്ലവത്തിന്റെ എല്ലാ കാല്‍പ്പനികതയും തന്റെ വരികളിലേക്ക് ആവാഹിച്ചിട്ടുണ്ട് ലേഖകന്‍.

2018 ഫെബ്രുവരി 22 മുതല്‍ 25 വരെ തൃശൂരില്‍ നടക്കുന്ന സിപിഎം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികള്‍ക്കുള്ള ഭക്ഷണത്തിനാവശ്യമായ ജൈവ അരി കൃഷി ചെയ്യുന്നതിന്റെ ഭാഗമായുള്ള ഞാറ് നടീലിന്റെ ഉദ്ഘാടന സീനാണ് മേല്‍ കണ്ടത്. ഒല്ലൂരിലെ പുത്തൂര്‍ തളിയാംകുന്ന് പാടശേഖരത്തിലാണ് പാര്‍ട്ടി കൃഷി ചെയ്യുന്നത്. പുത്തൂര്‍ കാര്‍ഷിക കാര്‍ഷികേതര സഹകരണ സംഘത്തിന്റെയും കര്‍ഷക കൂട്ടായ്മകളുടെയും നേതൃത്വത്തിലാണ് കൃഷി നടക്കുക.

വല്ലാത്തൊരു പ്രതീകാത്മക ഗാഭീര്യമുണ്ട് ആ കാഴ്ചയ്ക്ക്. ചരിത്രം നിന്നു തുടിക്കുന്നുണ്ട് അവിടെ. പ്രത്യേകിച്ചും മൂലധനത്തിന്റെ നൂറ്റി അന്‍പതാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തില്‍ കൂടി നോക്കുമ്പോള്‍. കൊടിയേരിയുടെ ഇരുവശത്തും ഇരിക്കുന്നത് പി കെ ബിജു എംപിയും സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനുമാണ് എന്നതും അര്‍ത്ഥപൂര്‍ണ്ണം.

കമ്യൂണിസത്തിന്റെ ആദ്യ നടത്തിപ്പ് പരിപാടിയായ റഷ്യന്‍ വിപ്ലവത്തിന് 40 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു വഴിയിലൂടെ കമ്യൂണിസം അധികാരം പിടിച്ചടക്കിയ സ്ഥലമാണ് കേരളം. ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ അധികാരത്തില്‍ വന്ന കമ്യൂണിസ്റ്റ് സര്‍ക്കാരിനെ റഷ്യയെക്കാള്‍ അമേരിക്ക ഭയന്നു. അവര്‍ സി ഐ എ ചാരന്മാരെ അയച്ചു. വിമോചന സമരം എന്ന പേരില്‍ നാട്ടില്‍ കലാപങ്ങള്‍ ഉണ്ടാക്കി. ഒടുവില്‍ റഷ്യന്‍ പ്രേമിയും സോഷ്യലിസ്റ്റുമായ നെഹ്റുവിന് പോലും പിടിച്ചു നില്‍ക്കാനായില്ല. ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു.

http://www.azhimukham.com/cia-declassified-cables-on-first-communist-government-outser/

ആ കമ്യൂണിസ്റ്റ് സര്‍ക്കാര്‍ തുടക്കമിട്ട കാര്‍ഷിക ബന്ധ ബില്ലും ഭൂപരിഷ്ക്കരണവുമാണ് കേരളത്തിലെ കാര്‍ഷിക മേഖലയുടെ നട്ടെല്ലൊടിച്ചത് എന്നു ചില ദോഷൈകദൃക്കുകള്‍ പറയുന്നതു കേട്ടിട്ടുണ്ട്. കാര്‍ഷിക ഭൂമികളെ തുണ്ടുകളാക്കി കിടപ്പാടമാക്കി മാറ്റി പോലും. പക്ഷേ,സ്വന്തമായി കിടപ്പിടം ഇല്ലാതിരുന്ന മഹാഭൂരിപക്ഷം വരുന്ന കര്‍ഷക തൊഴിലാളികള്‍ക്കും അധഃസ്ഥിതര്‍ക്കും അന്തി ഉറങ്ങാന്‍ ഒരു ഇടം കിട്ടി എന്ന യാഥാര്‍ഥ്യത്തിന് മുന്‍പില്‍ എന്തായാലും മുഖം തിരിക്കാന്‍ പറ്റില്ല. എന്നാല്‍ ഇപ്പോള്‍ ദളിത് വിഭാഗങ്ങള്‍ ഭൂമിക്ക് വേണ്ടി നടത്തുന്ന സമരം രണ്ടാം ഭൂപരിഷ്ക്കരണം എന്ന ആവശ്യം ഉയര്‍ത്തുന്നുണ്ട് എന്നതും കണ്ടില്ലെന്നു നടിക്കരുത്.

ഭൂപരിഷ്ക്കരണവും ട്രേഡ് യൂണിയന്‍ പ്രസ്ഥാനങ്ങളും ഗള്‍ഫ് പ്രവാസവും ഒക്കെ കൂടി സൃഷ്ടിച്ച ഒരു സാമൂഹ്യ വികസന അന്തരീക്ഷത്തില്‍ കേരളം വല്ലാതങ്ങ് മാറി എന്നത് യാഥാര്‍ഥ്യമാണ്. റോഡും കറന്‍റും സ്കൂളുകളും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും സഹകരണ സംഘങ്ങളും ഇല്ലാത്ത കേരളീയ ഗ്രാമങ്ങളെ കണ്ടെത്തുക പ്രയാസം. സാമൂഹ്യ സൂചികകളില്‍ നാം വികസിത രാജ്യങ്ങളോടൊപ്പം എത്തി. അമേരിക്ക ഭയപ്പെട്ടതും അതുതന്നെയല്ലേ?

പക്ഷേ, ഇതിനിടയില്‍ ഒരു കാര്യം സംഭവിക്കുന്നുണ്ടായിരുന്നു. കേരളത്തിന്റെ മുഖമുദ്രയായ വയലുകളും കാര്‍ഷിക ഭൂമികളും നീര്‍ത്തടങ്ങളും പതുക്കെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അത് സാമൂഹിക ജീവിതത്തെ മാത്രമല്ല മലയാളിയുടെ ആവാസ വ്യവസ്ഥയെ തന്നെ ബാധിച്ചുകൊണ്ടിരുന്നു.

http://www.azhimukham.com/rice-price-hike-kerala-agriculture-sector-facing-serious-issues/

യാഥാര്‍ത്ഥത്തില്‍ വയലില്‍ ഇറങ്ങി ഞാറ് നട്ട കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ ഒന്നിന്റെ നേതാവ് നല്കിയ സന്ദേശത്തെ ഇങ്ങനെ വായിച്ചെടുക്കുന്നതായിരിക്കും നല്ലത്. കേരളം നേരിടുന്ന പാരിസ്ഥിതിക ആരോഗ്യ പ്രതിസന്ധിയെ സിപിഎം അഭിസംബോധന ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.

“സംസ്ഥാന സമ്മേളനത്തിന് ആവശ്യമായ അരിയും പച്ചക്കറിയും മത്സ്യവും മാര്‍ക്കറ്റില്‍ നിന്നും വാങ്ങാതെ സ്വയം കണ്ടെത്താനാണ് പാര്‍ട്ടി ശ്രമിക്കുന്നത്” കോടിയേരി പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

അത് കുറച്ചു കൂടി വ്യക്തമായി ദേശാഭിമാനിയിലുണ്ട്. “സമ്മേളനത്തിന്റെ ഭക്ഷണാവശ്യങ്ങള്‍ക്കുള്ള വിഭവങ്ങളെല്ലാം വിപണിയില്‍ നിന്നും വാങ്ങാതെ കൃഷിയിലൂടെയും ജനകീയമായും സംഭരിക്കും. നെല്ല്, പച്ചക്കറി, മത്സ്യം എന്നിവ കൃഷിയിറക്കും. സംയോജിത കൃഷി, പാര്‍ട്ടി നേതൃത്വത്തില്‍ നടപ്പാക്കും.”

http://www.azhimukham.com/onam-festival-price-hike-government-measures-cpim-organic-farming-mb-santhosh/

“ഹരിത കേരളം പദ്ധതിയുടെ ഭാഗമായി സിപിഎം ജൈവകൃഷി വ്യാപിപ്പിക്കുന്നുണ്ട്. മൂന്നു വര്‍ഷമായി ഇത് വിജയകരമായി തുടരുകയാണ്. ഓണനാളുകളില്‍ 2000 വിപണന കേന്ദ്രങ്ങള്‍ തുറന്ന് വിഷരഹിത പച്ചക്കറി വില്‍പ്പന നടത്തി. അടുത്ത ഘട്ടത്തില്‍ പച്ചക്കറിക്കൊപ്പം മറ്റ് കൃഷികളും ഉള്‍പ്പെടുത്തി സംയോജിത കൃഷി നടത്തും. പച്ചക്കറി, നെല്ല്, മത്സ്യ കൃഷി എന്നിവയ്ക്കൊപ്പം ആട്, കോഴി, എരുമ, പശു തുടങ്ങി മാട് കൃഷിയും നടത്തി പാലുല്‍പ്പാദനവും മാംസോല്‍പ്പാദാനവും ലക്ഷ്യം വെക്കുന്നുണ്ട്”- കോടിയേരി പാര്‍ട്ടി കാഴ്ചപ്പാട് വ്യക്തമാക്കുന്നു.

വേണമെങ്കില്‍ ഒരു ഗാന്ധിയന്‍ അലയൊലിയുണ്ട് ഈ വര്‍ത്തമാനത്തില്‍ എന്നു പറയാം. സ്വാശ്രയത്വം എന്ന ഫിലോസഫി. ഇഎംഎസ്, ജനകീയാസൂത്രണം എന്ന വികസന കാഴ്കപ്പാട് ഇന്ത്യന്‍ കമ്യൂണിസ്റ്റുകളുടെ മുന്‍പില്‍ വെച്ചതും ഗാന്ധിയന്‍ വികസന കാഴ്ചപ്പാടുകളെ അങ്ങനെ തള്ളിക്കളയാന്‍ പറ്റില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലായിരുന്നു.

ഇന്നത്തെ മനോരമയില്‍ പ്രസിദ്ധീകരിച്ച കോടിയേരിയുടെ ചിത്രത്തിന് കൊടുത്തിരിക്കുന്ന അടിക്കുറിപ്പും ആശംസകളുമായി എത്തിയ പുത്തൂര്‍ സെന്‍റ് തോമസ് പള്ളി വികാരി ഫാദര്‍ ഫ്രാന്‍സിസ് താരകന്റെ സാന്നിധ്യത്തെ കുറിച്ചും രണ്ട് വാക്ക് പറയാതെ വയ്യ.

'യന്ത്രം നടും… ഞങ്ങള്‍ കൊയ്യും..' ഞാറു നടീല്‍ യന്ത്രം പ്രവര്‍ത്തിപ്പിക്കുന്ന കൊടിയേരിയുടെ ചിത്രത്തിന് മനോരമ കൊടുത്തിരിക്കുന്ന അടിക്കുറിപ്പ് ഇതാണ്. കാര്‍ഷിക മേഖലയിലെ യന്ത്രവത്ക്കരണത്തിനെതിരെ ഒരു കാലത്ത് സിപിഎം നേതൃത്വത്തിലുള്ള കര്‍ഷക തൊഴിലാളികള്‍ സമരം നടത്തിയതിനെ ഓര്‍മ്മിപ്പിക്കുകയാണ് മനോരമ. എന്തായാലും ആ ഓര്‍മ്മപ്പെടുത്തല്‍ വായനക്കാരില്‍ ഒരു ചെറു ചിരി ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. ചരിത്രത്തിന്റെ വൈരുദ്ധ്യത്തെ കുറിച്ചോര്‍ത്തുള്ള അന്ധാളിപ്പും.

അടുത്തത് കാതോലിക്ക പുരോഹിതന്റെ സാന്നിധ്യമാണ് (ജാള്യത കൊണ്ടോ എന്തോ മനോരമ ഈ കാര്യം മറച്ചുവെച്ചു). വിമോചന സമരം ഏറെ തിളച്ചുമറിഞ്ഞ ജില്ല കൂടിയാണ് തൃശൂര്‍. അതിന്റെ തൃശൂരിലെ നേതാക്കളാകട്ടെ കാത്തോലിക്ക പള്ളിയും. (ടി വി ചന്ദ്രന്റെ 'ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം' എന്ന ചിത്രത്തില്‍ ചാലക്കൂടി ഭാഗത്തെ ഒരു ഗ്രാമീണ മേഖലയില്‍ നടന്ന വിമോചന സമര അന്തരീക്ഷം വളരെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട്.)

തൃശൂര്‍ ആര്‍ച്ച് ബിഷപ്പ് അന്ന് സ്കൂളുകളില്‍ വായിക്കാന്‍ തയ്യാറാക്കിയ ഒരു പ്രാര്‍ത്ഥന കേള്‍ക്കുക;

"സ്നേഹമുള്ള നല്ല ഈശ്വരാ... കമ്യൂണിസം എന്ന ഭീകരനായ ശത്രു ഞങ്ങളെയും ഞങ്ങളുടെ വിദ്യാലയങ്ങളെയും വിഴുങ്ങുന്നതിന് വേണ്ടി ഇന്നിതാ ആഞ്ഞടുക്കുന്നു. ദൈവ വിശ്വാസത്തിലും ശരിയായ വിജ്ഞാനത്തിലും ഞങ്ങളെ വളര്‍ത്തുന്നതിനുവേണ്ടി മാതാവായ തിരുസഭയും ഞങ്ങളുടെ രക്ഷകര്‍ത്താക്കളും നിരവധി ക്ലേശങ്ങള്‍ സഹിച്ചു സ്ഥാപിച്ചിട്ടുള്ള ഞങ്ങളുടെ പരിപാവനമായ പള്ളിക്കൂടങ്ങള്‍ നിരീശ്വരതയും ഭൌതികത്വവും ഞങ്ങളുടെ പിഞ്ചു ഹൃദയങ്ങളില്‍ നട്ടു വളര്‍ത്തുന്ന കളരികളാക്കാന്‍ അങ്ങ് ഒരു നാളും അനുവദിക്കരുത്. രക്തം ചിന്തിയും മരണം കൈവരിച്ചും അവയെ സംരക്ഷിക്കുന്നതിന് വിശ്വാസ തീക്ഷ്ണതയും മനസിന്റെ ധീരതയും ഞങ്ങള്‍ക്ക് തരേണമേ, ആമേന്‍." (1957-59: വാര്‍ത്തകള്‍ക്കപ്പുറം-ശ്രീകല എം എസ്)

http://www.azhimukham.com/atheists-better-than-double-life-as-fraudulent-catholic-pope/

എന്തായാലും പുത്തൂര്‍ സെന്‍റ് തോമസ് പള്ളി വികാരിയുടെ വരവ് കേരളത്തിലെ കാതോലിക്ക പള്ളിക്ക് കമ്യൂണിസത്തോടുള്ള വര്‍ഗ്ഗ ശത്രുത തീരുന്നതിന്റെ സൂചനായായിട്ടും കൂടി കാണാം. പോപ്പ് തിരുമേനി ക്യൂബ സന്ദര്‍ശിച്ചല്ലോ. അതില്‍ കൂടുതല്‍ എന്തുവേണം.

ഇനി പാര്‍ട്ടി കൃഷിയിലേക്ക്. കലാവസ്ഥാ വ്യതിയാനം കാരണം തുലാവര്‍ഷം ചതിച്ചില്ലെങ്കില്‍ 110 ദിവസം കൊണ്ട് വിളവെടുക്കാന്‍ കഴിയുന്ന ജ്യോതി നെല്ല് 100 മേനി കൊയ്യും എന്നു പ്രതീക്ഷിക്കാം.

അങ്ങനെ വീണ്ടും "ഞങ്ങള് കൊയ്യും വയലെല്ലാം ഞങ്ങളുടേതാകും പൈങ്കിളിയേ" എന്നുറക്കെയുറക്കെ പാടാം.

മെത്രാന്‍ കായലില്‍ കൃഷി ഇറക്കിയും വരട്ടാര്‍ നദിയെ തിരിച്ചു പിടിച്ചും ഗവണ്‍മെന്‍റും ചില കാര്യങ്ങള്‍ ചെയ്യുന്നുണ്ട്.

കാര്യങ്ങള്‍ ഇങ്ങനെയും ശരിയാകട്ടെ..

http://www.azhimukham.com/kerala-reclamation-of-varattar-river-by-people-dhanya/


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories