TopTop
Begin typing your search above and press return to search.

പനി മരണം 100 കടക്കുമ്പോള്‍ ഈഡിസ് കൊതുകുകളോടാവട്ടെ രാഷ്ട്രീയക്കാരേ നിങ്ങളുടെ കലിപ്പ്

പനി മരണം 100 കടക്കുമ്പോള്‍ ഈഡിസ് കൊതുകുകളോടാവട്ടെ രാഷ്ട്രീയക്കാരേ നിങ്ങളുടെ കലിപ്പ്

“കേരളത്തില്‍ ഈ വര്‍ഷം പനി ബാധിച്ച് മരിച്ചവരുടെ എണ്ണം നൂറിലേക്ക് കടക്കുന്നു. ഇന്നലെ ഉച്ചവരെ മരിച്ചവരുടെ എണ്ണം 99 ആണ്.” കേരളം നാണക്കേടിലേക്ക് എന്ന തലക്കെട്ടില്‍ കേരള കൌമുദി പത്രം ഒന്നാം പേജില്‍ കൊടുത്ത വാര്‍ത്തയാണിത്. ഇത് ഒരു മനുഷ്യ ദുരന്തമല്ലേ? സഹജീവികള്‍ ഇഞ്ചിഞ്ചായി കൊല്ലപ്പെടുന്ന ദാരുണമായ അവസ്ഥ. പിന്നെ എങ്ങനെയാണ് നാണക്കേടാകുക. പതിവ് പനി സീസണ്‍ തീരാന്‍ ഇനിയും രണ്ടര മാസം കൂടി ഉണ്ട് എന്ന് പത്രം തന്നെ പറയുന്നത് വായിക്കുമ്പോഴാണ് കാത്തിരിക്കുന്ന വലിയ ദുരന്തത്തിന്റെ വ്യാപ്തി മനസിലാകുക. ആരോഗ്യ സൂചികകളില്‍ വികസിത രാജ്യങ്ങള്‍ക്ക് തുല്യമായ ഒരു സംസ്ഥാനം നാണക്കേട് കാരണം തലയില്‍ മുണ്ടിട്ട് നടക്കാം എന്ന ധ്വനിയുണ്ടാക്കുന്ന ദുരന്ത റിപ്പോര്‍ട്ടിംഗ് എന്തായാലും അനൌചിത്യമായി പോയി.

“സംസ്ഥാനത്ത് മിനിഞ്ഞാന്നു വരെ ഡെങ്കി സ്ഥിരീകരിച്ചത് 6119 പേര്‍ക്കാണ്. തിരുവനന്തപുരം ജില്ലയില്‍ ഇത് 3667 ആണ്. ഡെങ്കിപ്പനി ബാധിച്ചു മരിച്ച 11 പേരില്‍ അഞ്ചും തിരുവനന്തപുരത്താണ്. സംസ്ഥാനത്ത് 593 പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചതില്‍ 222 പേരും തലസ്ഥാന ജില്ലക്കാര്‍. എഴുമരണം റിപ്പോര്‍ട്ട് ചെയ്തതില്‍ രണ്ടും തിരുവനന്തപുരത്ത്.” കേരള കൌമുദി റിപ്പോര്‍ട്ട് തുടരുന്നു.

തലസ്ഥാനത്തിന്റെ ഈ 'മാനക്കേട്' മാറ്റാന്‍ പോലീസിന്റെ കൂടി സഹായത്തോടെ ഡെങ്കിപ്പനി പ്രതിരോധ നടപടികള്‍ ഊര്‍ജ്ജിതമാക്കാനുള്ള തയ്യാറെടുപ്പിലാണ് തിരുവനന്തപുരം നഗരസഭ. പിണറായി സര്‍ക്കാര്‍ അധികാരമേറ്റത് മുതല്‍ ഭള്ള് വിളിയുടെ അയ്യരുകളിയായിരുന്നു കേരള പോലീസിന്. നഗരസഭയുടെ നീക്കം വിജയിച്ചാല്‍ കേരളം മുഴുവന്‍ വ്യാപകമാക്കാവുന്ന ഒരു പരിപാടി. ഡെങ്കി പടര്‍ത്തുന്ന ഈഡിസ് കൊതുകിനെ ഓടിച്ചിട്ട് പിടിക്കുന്ന കേരള പോലീസ്. നിലവിലുള്ള ചീത്തപ്പേര് മാറികിട്ടുകയും ചെയ്യും. മാത്രമല്ല ആരോഗ്യ പ്രവര്‍ത്തകരുടെ സൌമ്യമായ ബോധവത്ക്കരണ പ്രവര്‍ത്തനം കൊണ്ടൊന്നും മലയാളിക്ക് വൃത്തി ബോധം ഉണ്ടാവുമെന്ന് തോന്നുന്നില്ല. അതിനു ചിലപ്പോള്‍ പോലീസിന്റെ മൂന്നാം മുറ തന്നെ വേണ്ടി വരും.

പക്ഷേ പോലീസ് ആസ്ഥാനത്തെ തമ്മിലടി കാണുമ്പോള്‍ എന്തെങ്കിലും നല്ല കാര്യം ഈ പോലീസിനെ കൊണ്ട് ചെയ്യാന്‍ സാധിക്കുമോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. സുപ്രീം കോടതി ഉത്തരവും വാങ്ങി പോലീസ് ആസ്ഥാനത്ത് എത്തിയ ഡിജിപി ടി പി സെന്‍കുമാറിനെ ഫോഗിംഗ് നടത്തി തുരത്താനുള്ള ശ്രമത്തിലാണ് തച്ചങ്കരിയും കൂട്ടരും. “അതീവ രഹസ്യവിഭാഗമായ ടി സെക്ഷന്‍ തന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ആണെനൂം അവിടെ തീര്‍പ്പാക്കാനുള്ള ഫയലുകള്‍ ഉടന്‍ തനിക്ക് കൈമാറണമെന്നും പോലീസ് മേധാവി ടിപി സെന്‍കുമാര്‍ ഉത്തരവിട്ടപ്പോള്‍ അതിനെതിരെ ഹെഡ്ക്വാര്‍ട്ടേഴ്സ് എഡിജിപി ടോമിന്‍ തച്ചങ്കരി ആഭ്യന്തര സെക്രട്ടറിക്ക് രഹസ്യ റിപ്പോര്‍ട്ട് നല്കിയിരിക്കുകയാണ്” എന്നാണ് മലയാള മനോരമയുടെ മുഖ്യ വാര്‍ത്ത. വിരമിക്കാന്‍ ദിവസങ്ങള്‍ മാത്രമുള്ളപ്പോള്‍ ഫയലുകള്‍ ആവശ്യപ്പെടുന്നത് ദുഷ്ടലാക്കോടെയാണ് എന്നാണ് തച്ചങ്കരിയുടെ വാദം. എന്തായാലും പോലീസ് ആസ്ഥാനത്ത് സര്‍ക്കാര്‍ തച്ചങ്കരിയെ നിയമിച്ചിരിക്കുന്നത് സാര്‍ത്ഥകമായി. സര്‍ക്കാരിന്റെ കണ്ണും കാതും ഒക്കെയാണെല്ലോ തച്ചങ്കരി ഇപ്പോള്‍.

പോലീസ് കാര്യങ്ങള്‍ മുറ പോലെ നടക്കട്ടെ. നമുക്ക് ഡെങ്കിയിലേക്ക് തന്നെ വരാം.

“ഡെങ്കിപ്പനി കൂടാന്‍ കാലാവസ്ഥാ വ്യതിയാനവും രൂക്ഷമായ വരള്‍ച്ചയും” കാരണം ആണെന്ന് പുതിയ ആരോഗ്യവകുപ്പ് മേധാവി ഡോ. സരിത ആര്‍ എല്‍ പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അത് വായിച്ചപ്പോഴാണ് നമ്മുടെ സര്‍ക്കാരിന് അങ്ങനെ ഒരു വകുപ്പുണ്ടല്ലോ എന്ന കാര്യം ഓര്‍ത്തത്. പൂട്ടാന്‍ തയ്യാറെടുത്ത് നില്‍ക്കുന്ന കാലാവസ്ഥാ വ്യതിയാന വകുപ്പ്. ഡോ. സരിതയുടെ വാക്കുകള്‍ മുഖവിലയ്ക്കെടുത്താല്‍, പണിയില്ല എന്നു പറഞ്ഞു പൂട്ടാന്‍ തയ്യാറെടുക്കുന്ന കാലാവസ്ഥാ വ്യതിയാന വകുപ്പിന് പണിയുണ്ട് എന്നു സാരം. “മുഖ്യമന്ത്രി പിണറായി വിജയന്‍ കൈകാര്യം ചെയ്യുന്ന ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പിനു കീഴിലുള്ള പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിന്റെ രണ്ട് മേഖല ഓഫീസുകള്‍ പൂട്ടി. ഈ ഓഫിസുകളിലുള്ള ജീവനക്കാര്‍ക്ക്‌ മതിയായ ജോലികള്‍ കണ്ടെത്താന്‍ കഴിയുന്നില്ല എന്നതാണ് പൂട്ടാനുള്ള കാരണം.” നേരത്തെ അഴിമുഖം റിപ്പോര്‍ട്ട് ചെയ്തിരുന്നു (അഴിമുഖം റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം)

പാര്‍ട്ടി ഓഫീസിലെ കസേരയുടെ കാല്‍ ഓടിഞ്ഞാല്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധയ്ക്ക്. വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ആരോഗ്യ ഹര്‍ത്താല്‍ സംഘടിപ്പിക്കാവുന്നതാണ്. ആ ദിവസം മറ്റെല്ലാ പണിയും നിര്‍ത്തി വെച്ച് കൊതുകുകളുടെ ഉറവിടങ്ങള്‍ നശിപ്പിക്കുന്ന പരിപാടികളില്‍ ഏര്‍പ്പെടാന്‍ അണികളോട് ആഹ്വാനം ചെയ്യുക. മതഭ്രാന്തും രാഷ്ട്രീയ വിദ്വേഷങ്ങളും തല്‍ക്കാലം ഒഴിവാക്കുക. നവ മാധ്യമങ്ങളിലെ പൊങ്കാലകള്‍ക്ക് ഒരു ദിനം അവധി കൊടുക്കുക.

കോണ്‍ഗ്രസ്സിന്റെ നഷ്ടപ്പെട്ട അടിത്തറ പുനഃസ്ഥാപിക്കാന്‍ നേതാക്കള്‍ ബൂത്തുകളിലേക്ക് ഇറങ്ങണമെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാവ് എ കെ ആന്റണി കോണ്‍ഗ്രസ്സ് കുടുംബ സംഗമങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് ഇന്നലെ തിരുവനന്തപുരത്ത് ആവശ്യപ്പെട്ടത്. വൃദ്ധയായ ഒരു സ്ത്രീയോട് ആന്റണി കുശലം ചോദിക്കുന്ന ചിത്രം സഹിതം മാതൃഭൂമി ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. "വോട്ട് നോക്കിയുള്ള രാഷ്ടീയ പ്രവര്‍ത്തനത്തിന് ഇനി സാധ്യതയില്ല. പരിസ്ഥിതി പ്രശ്നങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്"- ആന്റണി പറഞ്ഞു. കോണ്‍ഗ്രസ്സുകാരെ ഇതാണ് സുവര്‍ണ്ണാവസരം. പ്രമുഖമായ രണ്ട് പാര്‍ട്ടികള്‍ അക്രമ രാഷ്ട്രീയത്തില്‍ മുങ്ങി കിടക്കുമ്പോള്‍ ഈഡിസ് കൊതുകുകളോട് ആവട്ടെ നിങ്ങളുടെ കലിപ്പ്.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories