TopTop
Begin typing your search above and press return to search.

ദിലീപും വിന്‍സെന്‍റും; രാജിയാവുന്ന (കോണ്‍ഗ്രസ്) ധാര്‍മ്മികത

ദിലീപും വിന്‍സെന്‍റും; രാജിയാവുന്ന (കോണ്‍ഗ്രസ്) ധാര്‍മ്മികത

ലൈംഗിക പീഡന കേസില്‍ പ്രതിയായി റിമാന്‍ഡിലായ എം വിന്‍സെന്‍റ് എംഎല്‍എയെ കെപിസിസി സെക്രട്ടറി സ്ഥാനത്ത് നിന്നുള്‍പ്പെടെ പാര്‍ട്ടിയുടെ തിരഞ്ഞെടുത്ത സ്ഥാനങ്ങളില്‍ നിന്ന് നീക്കി. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഈ നടപടി ശ്ലാഘനീയം തന്നെ. “ഉന്നതമായ ജനാധിപത്യ മര്യാദ പാലിച്ചാണ്” തീരുമാനം എന്ന് കെപിസിസി പ്രസിഡന്റ് എം.എം ഹസ്സന്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ പറഞ്ഞതില്‍ ഒരു വസ്തുതാപരമായ ഒരു പിശകില്ലേ? ഉന്നതമായ ജനാധിപത്യ മൂല്യം എന്നു പറയുമ്പോള്‍ ആദ്യം രാജി വെക്കേണ്ടത് എംഎല്‍എ സ്ഥാനം അല്ലേ? അതല്ലേ ജനങ്ങള്‍ നേരിട്ടു തെരഞ്ഞെടുക്കുന്ന പദവി. മറ്റേത് പാര്‍ട്ടി കൊടുക്കുന്നതല്ലേ. അല്ലെങ്കില്‍ പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് കൊടുക്കുന്നത്.

ഈ ഘട്ടത്തിലാണ് രാഷ്ട്രീയ നേതാക്കള്‍ കീഴ്വഴക്കം എന്ന തുരുപ്പ് ചീട്ട് ഇറക്കുക. അവര്‍ പെട്ടെന്നു ചരിത്ര പഠിതാക്കളാകും. സമാനമായ സംഭവങ്ങള്‍ എടുത്തു പുറത്തിടും. അത്തരം സന്ദര്‍ഭങ്ങളില്‍ കൈക്കൊണ്ട നടപടികള്‍ മാനദണ്ഡമായി സ്വീകരിക്കും എന്ന് പറഞ്ഞ് മുഖം രക്ഷിക്കാന്‍ ശ്രമിക്കും.

വിന്‍സന്റിന്‍റെ കാര്യത്തിലും അത് തന്നെ സംഭവിച്ചു. വിന്‍സെന്റിനെതിരെ ശക്തമായ നിലപാടുമായി വന്ന ബിന്ദു കൃഷ്ണയും ഷാനിമോള്‍ ഉസ്മാനും കീഴ്വഴ്ക്കത്തിന്റെ തണലില്‍ അഭയം തേടി. അങ്ങനെ ഉന്നതമായ ജനാധിപത്യ നിലപാട് കാത്തു സൂക്ഷിച്ച് വിന്‍സെന്‍റ് ജയിലിലേക്ക് പോയി. കൂടാതെ കുറ്റാരോപിതനായി ജയിലില്‍ കിടക്കുന്ന വിന്‍സെന്റിനെ കാണാന്‍ മറ്റൊരു കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍ ജയിലില്‍ എത്തുകയും ചെയ്തു.

ഞായറാഴ്ച ദിവസം ജയിലില്‍ സന്ദര്‍ശകര്‍ക്ക് അനുമതി ഇല്ലാതിരുന്നിട്ടും കാണാന്‍ വന്നതും കാണേണ്ടതും ജനാധിപത്യത്തിന്റെ കാവലാളുകള്‍ ആയതുകൊണ്ട് ജയില്‍ നിയമത്തില്‍ ഇത്തിരി വിട്ടു വീഴ്ച ചെയ്തു. അതേ ഇതാണ് ജനാധിപത്യത്തിന്റെ ശക്തി.

ജയിലില്‍ എംഎല്‍എയെ കണ്ടിറങ്ങിയ കെ മുരളീധരന്‍ പറഞ്ഞത് സംഭവത്തില്‍ രാഷ്ട്രീയ ഗൂഡാലോചനയുണ്ട് എന്നാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചു നടന്ന ഗൂഡാലോചനയെ തുടര്‍ന്നാണ് അറസ്റ്റ് നടന്നത് എന്നും മുരളി ആരോപിച്ചു. ഇതേ കാര്യം തന്നെയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിവിധ നേതാക്കള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്.

അതേസമയം ഗൂഡാലോചനയാണെന്നും തെറ്റ് ചെയ്തില്ല എന്നും ബോധ്യമുണ്ടെങ്കില്‍ പിന്നെ എന്തിനാണ് പാര്‍ട്ടി പദവികളില്‍ നിന്നും നീക്കം ചെയ്തത് എന്ന സംശയം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

ഏറ്റവും കൌതുകകരമായ കാര്യം ഇതേ പാര്‍ട്ടിയും അവരുടെ യുവജന വിദ്യാര്‍ത്ഥി സംഘടനകളുമാണ്, കൊച്ചിയില്‍ ആക്രമിക്കപ്പെട്ട നടിക്കെതിരെ പരമാര്‍ശം നടത്തിയെന്നും കുറ്റാരോപിതനായ ദിലീപിന് അനുകൂലമായ നിലപാടെടുത്തു എന്നും ആരോപിച്ച് ഇടതുപക്ഷ എംഎല്‍എമാരായ നടന്മാരുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തിയതും അവരുടെ കോലം കടലില്‍ ഒഴുക്കിയതും കത്തിച്ചതും. ജനങ്ങള്‍ നല്‍കിയ പദവി രാജി വെക്കണം എന്നായിരുന്നു അവരുടെ ആവശ്യം. അതാണിപ്പോള്‍ കോണ്‍ഗ്രസ്സ് നേതൃത്വത്തെ തിരിഞ്ഞു കടിക്കുന്നത്.

വിനാശകാലേ വിപരീത ബുദ്ധി എന്നല്ലാതെ എന്തു പറയാന്‍!

എന്തായാലും സമൂഹത്തിലെ രണ്ട് ഉന്നതന്‍മാരാണ് ജയിലില്‍ ഉള്ളത്. ഒരാളുടെ ജാമ്യത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി; ഹൈക്കോടതി ജാമ്യം അനുവദിച്ചില്ല. വിന്സന്റ് ഇന്ന് ജാമ്യാപേക്ഷ നല്‍കും. രണ്ടു പേരും നിയമത്തിന്റെ പിടിയില്‍ അകപ്പെട്ടിരിക്കുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസിലാണ് എന്നതും ശ്രദ്ധിക്കുക.

ഇന്നിതാ ഒരു നടിയുമായി ബന്ധപ്പെട്ട സ്വകാര്യ ദൃശ്യങ്ങള്‍ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് പാലക്കാട് സ്വദേശിയായ കിരണ്‍ കുമാര്‍ എന്നയാളെ പോലീസ് പിടികൂടിയിരിക്കുന്നു.

സ്ത്രീകള്‍ക്കായി പുതിയ വകുപ്പ് രൂപികരിച്ച ഇടതു സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം കൃത്യമാണ്. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള നടപടിയുടെ കാര്യത്തില്‍ യാതൊരു മെല്ലപ്പോക്കും ഉണ്ടാകില്ല. അതുകൊണ്ടാണ് മുന്‍പും ഇത്തരത്തില്‍ കേസുകള്‍ ഉണ്ടായിട്ടും "ഒരു കേസിലും പോലീസ് ഇങ്ങനെ ധൃതി പിടിച്ച് അറസ്റ്റ് ചെയ്തിട്ടില്ല" എന്ന് കെപിസിസി പരിഭവപ്പെടുന്നത്.

സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories