TopTop
Begin typing your search above and press return to search.

കലാഭവന്‍ മണി, ശ്രീനാഥ്; ദിലീപ് തുറക്കുന്ന രണ്ട് കേസുകള്‍

കലാഭവന്‍ മണി, ശ്രീനാഥ്; ദിലീപ് തുറക്കുന്ന രണ്ട് കേസുകള്‍

നടന്‍ ശ്രീനാഥിന്റെ മരണം സംബന്ധിച്ച കേസ് ഫയല്‍ കാണാതായി. മലയാള സിനിമ ഞെട്ടലോടെ കേട്ട ഒരു വാര്‍ത്തയുടെ പിന്നാമ്പുറം വീണ്ടും തുറക്കപ്പെടുകയാണ്. എഴുവര്‍ഷം മുന്‍പ് നടന്‍ ശ്രീനാഥ് ദുരൂഹസാഹചര്യത്തില്‍ മരിച്ചതുമായ ബന്ധപ്പെട്ട ഫയലാണ് കാണാതായിരിക്കുന്നത്. “ഇതിന്റെ വിവരങ്ങള്‍ തേടി ഒരു മാസം മുമ്പ് വിവരാവകാശ അപേക്ഷ നല്‍കിയവര്‍ക്ക് ഇപ്പോള്‍ രേഖകള്‍ കാണുന്നില്ലെന്നും കിട്ടുന്ന മുറയ്ക്ക് നാല്‍കാമെന്നുമുള്ള മറുപടിയാണ് ലഭിച്ചത്” എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപ് കേസ് ഉയര്‍ത്തിയ ബഹളം ശ്രീനാഥിന്റെ മരണം സംബന്ധിച്ച സംശയങ്ങളെ വീണ്ടും പൊതുസമൂഹത്തിനു മുന്‍പില്‍ എത്തിക്കുകയാണ്.

മോഹന്‍ലാല്‍ നായകനായി പത്മകുമാര്‍ സംവിധാനം ചെയ്ത ശിക്കാര്‍ എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ് 2010 മെയ് മാസത്തില്‍ കോതമംഗലത്തെ മരിയാ ഹോട്ടലിലെ നൂറ്റി രണ്ടാം നമ്പര്‍ മുറിയില്‍ ഞരമ്പ് മുറിച്ച് രക്തം വാര്‍ന്ന നിലയില്‍ ശ്രീനാഥിനെ കണ്ടെത്തിയത്. അമ്മയില്‍ അംഗമല്ലാത്തതിനാല്‍ ശ്രീനാഥിന് അവസരങ്ങള്‍ ലഭിക്കുന്നില്ല എന്ന പരാതി നിലനില്‍ക്കുമ്പോഴായിരുന്നു മരണം. നടന്‍ തിലകന്‍ അന്ന് തന്നെ ഇത് കൊലപാതകമാണ് എന്ന ആരോപണം ഉയര്‍ത്തിയിരുന്നു. ശ്രീനാഥിന്റെ കുടുംബവും മരണത്തില്‍ ദുരൂഹത ആരോപിച്ചിരുന്നു. ശ്രീനാഥിന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ അമ്മയില്‍ നിന്നും പ്രമുഖര്‍ എത്താതിരുന്നത് വലിയ ആരോപണങ്ങള്‍ക്ക് വഴിവയ്ക്കുകയും ചെയ്തു.

മറ്റൊന്ന് കലാഭവന്‍ മണിയുടെ മരണമാണ്. സംവിധായകന്‍ ബൈജു കൊട്ടാരക്കര കലാഭവന്‍ മണിയുടെ മരണത്തില്‍ ദിലീപിന്റെ പങ്കുണ്ട് എന്ന ആരോപണവുമായി രംഗത്ത് എത്തിയതോടെ, സിനിമാ ലോകവും റിയല്‍ എസ്റ്റേറ്റ് മാഫിയയും തമ്മിലുള്ള ബന്ധമാണ് പുറത്തു വന്നിരിക്കുന്നത്. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിന്റെ അന്തിച്ചര്‍ച്ചയിലായിരുന്നു ബൈജു കൊട്ടാരക്കരയുടെ ഈ ആരോപണം. കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ചില ഭൂമി ഇടപ്പാടുകള്‍ ഉണ്ടെന്നായിരുന്നു ആരോപണം. അവതാരകന്‍ വേണു ആ സമയത്ത് ഈ കാര്യത്തിന് അത്ര പ്രാധാന്യം നല്‍കിയില്ലെങ്കിലും മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണനും കേസ് ഇപ്പോള്‍ അന്വേഷിക്കുന്ന സിബിഐയും കാര്യം ഗൌരവമായി എടുത്തിരിക്കുകയാണ്.

സംവിധായകന്‍ ബൈജു കൊട്ടാരക്കരയെ സിബിഐ കൊച്ചി ഓഫീസില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു എന്നു ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ദിലീപും തന്റെ സഹോദരനും തമ്മില്‍ നടത്തി എന്നു പറയുന്ന സാമ്പത്തിക ഇടപാടുകളെ കുറിച്ച് അന്വേഷിക്കണം എന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ആവശ്യപ്പെട്ടതായും ടൈംസിന്റെ റിപ്പോര്‍ട്ടില്‍ ഉണ്ട്.

“തന്റെ കയ്യിലെ എല്ലാ തെളിവുകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്. സിനിമാവ്യവസായത്തിന്റെ ഭാഗമായ ഒരു സ്ത്രീ കോഴിക്കോട് നിന്നും തന്നെ വിളിച്ചിരുന്നു. അവരാണ് ദിലീപും കലാഭവന്‍ മണിയും തമ്മിലുള്ള ഭൂമി ഇടപാടുകളെ കുറിച്ച് തന്നോടു പറഞ്ഞത്.” ബൈജു കൊട്ടാരക്കര പറഞ്ഞതായി ടൈംസിന്റെ റിപ്പോര്‍ട്ട് തുടരുന്നു.

അതേ സമയം കലാഭവന്‍ മണിയുടെ മരണത്തിന് ശേഷം ഒരു തവണ മാത്രമാണ് ദിലീപ് തങ്ങളുടെ വീട്ടില്‍ വന്നതെന്ന് ആര്‍ എല്‍ വി രാമകൃഷ്ണന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

‘ദിലീപിന്റെ ഡി-സിനിമാസ് തിയെറ്ററുള്ള ചാലക്കുടിയിലെ ഭൂമി വാങ്ങിക്കൊടുക്കാന്‍ മുന്‍കൈ എടുത്തത് കലാഭവന്‍ മണിയായിരുന്നു" എന്ന് രാമകൃഷ്ണന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. “കേരളത്തിനകത്തും പുറത്തും ഇവര്‍ ചേര്‍ന്ന് ഭൂമി വാങ്ങിക്കൂട്ടിയതായി പറയപ്പെട്ടിരുന്നു. എന്നാല്‍ മണിയുടെ മരണശേഷം ഇത് സംബന്ധിച്ച ഒരു വിവരവും ഉണ്ടായിട്ടില്ല”- സഹോദരന്‍ പറഞ്ഞതായി ദേശാഭിമാനി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

കുടത്തില്‍ നിന്നും തുറന്നു വിട്ട ഭൂതമാണ് ദിലീപ്. ചിലപ്പോള്‍ നടിയെ ആക്രമിച്ച കേസ് ചെന്നെത്തുക പൊതുസമൂഹത്തെ അമ്പരിപ്പിച്ചേക്കാവുന്ന കണ്ടെത്തലുകളില്‍ ആയിരിക്കും. ഒപ്പം എന്താണ് നമ്മള്‍ കൊട്ടിഘോഷിക്കുന്ന താരങ്ങള്‍ എന്ന തിരിച്ചറിവിലേക്കും.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories