TopTop
Begin typing your search above and press return to search.

കുളത്തൂപ്പുഴയില്‍ നാടുകടത്തല്‍, ആലുവയില്‍ വരവേല്‍പ്പ്; പുതിയ ഒന്നാം നമ്പര്‍ കേരളമാണ്

കുളത്തൂപ്പുഴയില്‍ നാടുകടത്തല്‍, ആലുവയില്‍ വരവേല്‍പ്പ്; പുതിയ ഒന്നാം നമ്പര്‍ കേരളമാണ്

"ജയില്‍ വിട്ടു, ഇനി വേണ്ടപ്പെട്ടവരുടെ സ്നേഹത്തടവില്‍"- മാതൃഭൂമിയുടെ ഇന്നത്തെ ഒരു തലക്കെട്ടാണ് ഇത്.

സഹപ്രവര്‍ത്തകയെ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ഗുരുതര കുറ്റം ചാജ്ജ് ചെയ്യപ്പെട്ട് 86 ദിവസം ജയിലില്‍ കിടന്ന ശേഷം നിയമപരമായ ഒരു സ്വാഭാവിക പ്രക്രിയ എന്ന നിലയില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒരു പ്രതിയെ കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.

ആരാധകര്‍ ആര്‍പ്പുവിളിക്കുന്നതും ലഡു വിതരണം ചെയ്യുന്നതും പാലഭിഷേകം നടത്തുന്നതും മനസിലാക്കാം. ലോകത്ത് എല്ലായിടത്തും ആരാധകര്‍ ഇതൊക്കെ തന്നയേ ചെയ്യുകയുള്ളൂ. പക്ഷേ ഉത്തരവാദപ്പെട്ട മാധ്യമങ്ങളോ?

തങ്ങളുടെ പൈങ്കിളി ഭാഷയിലുള്ള അതിവൈകാരിക റിപ്പോര്‍ട്ടുകള്‍, പ്രതി ചെയ്തു എന്നു പറയുന്ന കുറ്റത്തെ പൊതുബോധത്തിന് മുന്‍പില്‍ ലഘൂകരിക്കും എന്ന അറിവില്ലാഞ്ഞിട്ടല്ല. മറിച്ച് നിര്‍ലജ്ജമായ കച്ചവടം തന്നെ.

സിനിമയില്‍ സ്നേഹസ്വരൂപനും നീതിമാനുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നത് അയാള്‍ കുറ്റം ചെയ്തിട്ടില്ല എന്ന് മുന്‍കൂര്‍ തീരുമാനിക്കാനുള്ള തെളിവുകള്‍ അല്ല. ആ തിരനായകന്‍റെ പ്രതിച്ഛായയെ ഈ കേസിനെ സംബന്ധിച്ച ചര്‍ച്ചകളിലേക്ക് നിരന്തരം കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗം തന്നെയാണ് ഇത്തരം റിപ്പോര്‍ട്ടുകളും. കാവ്യ ഭാഷയും അലങ്കാരങ്ങളും തൊങ്ങലുകളും എത്രത്തോളം ആകാമെന്നതു തീരുമാനിക്കുന്നിടത്തും കൂടിയാണ് ജേര്‍ണലിസം ന്യായയുക്തമാകുന്നത്.

മാധ്യമങ്ങളോട് സംസാരിക്കരുത് എന്ന കര്‍ശന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചതെങ്കിലും ഇനി നമ്മള്‍ മാധ്യമങ്ങളിലൂടെ കാണാന്‍ പോകുന്നത് താല്‍ക്കാലികമായെങ്കിലും നഷ്ടപ്പെട്ട പൊതുസമ്മതിയുടെ വീണ്ടെടുക്കലിനായുള്ള സൂപ്പര്‍താരത്തിന്റെ പി ആര്‍ അഭ്യാസമായിരിക്കും.

അമിതാഹ്ളാദം പ്രകടിപ്പിക്കുന്നവര്‍ (അത് ആരാധകര്‍ ആയാലും മാധ്യമങ്ങളായാലും) ഒരു കാര്യം ഓര്‍ക്കുന്നത് നന്നായിരിക്കും. അവിടെ കൂടിയിരിക്കുന്നവര്‍ മാത്രമല്ല വായനക്കാര്‍. മഹാഭൂരിപക്ഷം പേരും ആലുവ സബ്ജയിലിന് മുന്നിലേക്ക് പാഞ്ഞു വരാത്തവര്‍ ആണ്.

"നടിയെ ആക്രമിച്ച കേസില്‍ അന്വേഷണത്തിന്റെയും തെളിവെടുപ്പിന്റെയും പ്രധാന ഘട്ടങ്ങള്‍ പൂര്‍ത്തിയായതോടെ ദിലീപിന്റെ ജാമ്യം തള്ളിയ സാഹചര്യത്തില്‍ മാറ്റമുണ്ടെന്ന് കോടതി വിലയിരുത്തി" എന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്. "മജിസ്ട്രേറ്റിന് മുന്‍പാകെയുള്ള ഇരുപതിലധികം സാക്ഷികളുടെ മൊഴിയാണ് വാക്കാലുള്ള തെളിവ്. പ്രധാന സാക്ഷികളുടെ മൊഴി വേറെയുമുണ്ട്. അതിനാല്‍ വിചാരണയില്‍ ഇടപെട്ടേക്കുമെന്ന് പ്രോസിക്യൂഷന്‍ ആശങ്ക അറിയിച്ചു", മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു.

Also Read: ദിലീപ്, ഇപ്പോള്‍ അഡ്വ. സിപി ഉദയഭാനു; തകരുന്ന പൊതുസമ്മതികള്‍

അതേസമയം ആരാധക ഭ്രാന്ത് റിപ്പോര്‍ട്ട് ചെയ്യാന്‍ അത്യാവേശം കാണിച്ച മാധ്യമങ്ങളില്‍ പലരും ദിലീപിന് ജാമ്യം നല്‍കിയാല്‍ വിചാരണയില്‍ ഇടപെട്ടേക്കുമെന്ന പോലീസിന്റെ ആശങ്ക റിപ്പോര്‍ട്ട് ചെയ്യാന്‍ മറന്നു പോയി എന്നതും ശ്രദ്ധിയ്ക്കുക. കുറ്റപത്രം നല്‍കുന്ന പ്രക്രിയ അതിന്റെ അന്തിമ ഘട്ടത്തില്‍ ആണെങ്കിലും കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്ന പ്രതി അതിശക്തനാണ് എന്നതാണ് ഈ കേസിലെ സുപ്രധാനമായ കാര്യം. എത്ര കര്‍ശനമായ ഉപാധികള്‍ ജാമ്യത്തില്‍ വെച്ചാലും അവശേഷിക്കുന്ന തെളിവുകള്‍ ഉന്മൂലനം ചെയ്യപ്പെടുന്ന സാഹചര്യവും സാക്ഷികള്‍ സ്വാധീനിക്കപ്പെടുന്ന സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പ് പറയാന്‍ സാധിക്കില്ല.

ദിലീപിന് ജാമ്യം ലഭിച്ചത് അന്വേഷണത്തെ ഒരു തരത്തിലും ബാധിക്കില്ലെന്ന് പ്രത്യേക അന്വേഷണ സംഘാംഗം സി ഐ ബിജു പൌലോസ് പറഞ്ഞു. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ കണ്ടെത്തുന്നതിന് അടുത്തെത്തിയിരിക്കുന്നു തങ്ങള്‍ എന്നാണ് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിലൂടെയുള്ള ബിജു പൌലോസിന്റെ അവകാശ വാദം.

ജാമ്യം തുടരന്വേഷണത്തെ ബാധിക്കില്ലെന്ന് ഡിജിപിയും ജാമ്യം ലഭിച്ചതില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ചയില്ലെന്ന് ആലുവ റൂറല്‍ എസ് പി എ വി ജോര്‍ജ്ജും പറഞ്ഞതായി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു. അതേ സമയം കൌമുദിയുടെ ഒരു പ്രധാന സബ് സ്റ്റോറിയുടെ തലക്കെട്ട് തന്നെ- 'പോലീസിന് നടുക്കം, ആശങ്ക' എന്നാണ്.

മാസങ്ങള്‍ക്ക് മുന്‍പാണ് ഹരിയാനയില്‍ ബലാത്സംഗ കുറ്റത്തിന് ആള്‍ദൈവമായ ഗുര്‍മീത് സിംഗിനെ കോടതി ശിക്ഷിച്ചത്. തുടര്‍ന്ന് രാജ്യം കണ്ടത് സമാനതകളില്ലാത്ത ആക്രമണങ്ങള്‍ ആയിരുന്നു. കലാപത്തില്‍ 32പേര്‍ കൊല്ലപ്പെടുകയും കോടികളുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തു.

ഇന്നലെ ഒരു ബലാത്സംഗ കേസ് പ്രതിക്ക് ജാമ്യം മാത്രമാണ് കിട്ടിയത്. അയാള്‍ കുറ്റവിമുക്തന്‍ ആക്കപ്പെട്ടിട്ടില്ല. ജാമ്യം കിട്ടിയപ്പോഴുള്ള ആരാധക 'ഭ്രാന്ത്' ഇതാണെങ്കില്‍ ഇയാള്‍ ശിക്ഷിക്കപ്പെടുകയോ അല്ലെങ്കില്‍ കുറ്റവിമുക്തനാക്കപ്പെടുകയോ ചെയ്താല്‍ എന്തായിരിക്കും കഥ?

കഴിഞ്ഞ ദിവസം കുളത്തൂപ്പുഴയില്‍ ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ട ഏഴു വയസുകാരിയുടെ കുടുംബത്തെ ജനക്കൂട്ടം നാട്ടില്‍ നിന്നും ഓടിച്ചുവിട്ടു. ഇവിടെ കൊച്ചിയില്‍ ബലാത്സംഗം ചെയ്യാന്‍ ക്വട്ടേഷന്‍ കൊടുത്തു എന്ന കുറ്റത്തിന് പ്രതി ചേര്‍ക്കപ്പെട്ട ഒരാളെ മധുരം വിളമ്പിയും പാലഭിഷേകം നടത്തിയും ആരാധക കൂട്ടം വരവേല്‍ക്കുന്നു. അതേ, പ്രബുദ്ധ സാംസ്കാരിക കേരളം 'മുന്നേറുക' തന്നെയാണ്...! ഒന്നാം നമ്പറായി..

Also Read: ‘പിഴച്ച’ സ്ത്രീകളെ തുരത്തി നാട്ടുകാര്‍; കുളത്തൂപ്പുഴയില്‍ കൊല്ലപ്പെട്ട ഏഴുവയസുകാരിയുടെ കുടുംബത്തെ നാടുകടത്തി ആള്‍ക്കൂട്ട നീതി

ദിലീപിന് ജാമ്യം കൊടുത്തതില്‍ ഏറ്റവും പ്രതിഷേധമുള്ള രാഷ്ട്രീയ പാര്‍ട്ടി ബിജെപിയായിരിക്കും. അകത്തും പുറത്തും ഏറെ പ്രതിബന്ധങ്ങള്‍ മറികടന്നാണ് കുമ്മനംജിയുടെ, ജനങ്ങളെ രക്ഷിക്കാനുള്ള യാത്ര തുടങ്ങിയത്. ദിലീപിന്റെ ജാമ്യ വാര്‍ത്ത വന്നതോടെ മാധ്യമങ്ങളുടെ സര്‍വ്വ ശ്രദ്ധയും അങ്ങോട്ടേക്ക് തിരിഞ്ഞു. അമിത് ഷാ അടക്കമുള്ള ദേശീയ നേതാക്കളുടെയും മറ്റും ആവേശ പ്രസംഗവും പദസഞ്ചലനവും ഒക്കെ ഉണ്ടായിട്ടും പരിപാടിയുടെ ഗ്ലാമര്‍ അങ്ങു പോയിക്കിട്ടി.

എന്നാലും മാതൃഭൂമി അമിത് ഷായ്ക്കും ദിലീപിനും തുല്യ പ്രാധാന്യം നല്‍കിക്കൊണ്ട് തങ്ങളുടെ മെയ് വഴക്കം ഒന്നാം പേജില്‍ പ്രദര്‍ശിപ്പിച്ചു. മറ്റെല്ലാ മാധ്യമങ്ങളും ഒരു ദേശീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പങ്കെടുക്കുന്ന പരിപാടിക്ക് നല്‍കേണ്ട പ്രാധാന്യത്തോടെ ഒന്നാം പേജില്‍ തന്നെ വാര്‍ത്ത നല്കിയിട്ടുണ്ട്.

കേരളത്തിലെ രക്തക്കറയ്ക്ക് ഉത്തരവാദി സിപിഎമ്മും മുഖ്യമന്ത്രി പിണറായി വിജയനുമാണ് എന്നതായിരുന്നു അമിത് ഷായുടെ പ്രസംഗത്തിന്റെ ഹൈലൈറ്റ്.

അപ്പോള്‍ ഗുജറാത്തിലെ രക്തക്കറയ്ക്ക് ആരാണ് അമിത് ജി ഉത്തരവാദി? വര്‍ഷങ്ങളായി ചോദിക്കുന്ന ഒരു ചോദ്യമാണ്. പഴകി. സാന്ദര്‍ഭികമായി വെറുതെ ചോദിച്ചു എന്നെ ഉള്ളൂ. ഒപ്പം, കേരളത്തിലെ മണ്ണില്‍ വന്നു തന്നെ പറയാന്‍ പറ്റുന്ന കാര്യമാണോ, കണ്ണൂരിലെ രക്തക്കറയ്ക്ക് സിപിഎം മാത്രമാണ് ഉത്തരവാദിയെന്ന്?

മറ്റ് ചില പ്രധാന വാര്‍ത്തകള്‍

ഗുര്‍മീത് റാം റഹീം സിംഗിന്റെ വളര്‍ത്തു പുത്രി ഹണിപ്രീത് ഇന്‍സാനെ പൊലീസ് അറസ്റ്റ് ചെയ്തു. ഛണ്ഡീഗഡ് ഹൈവേയ്ക്ക് സമീപത്തുവച്ചാണ് ഹണിപ്രീതിനെ അറസ്റ്റ് ചെയ്യുന്നത്. രാജ്യദ്രോഹം കുറ്റം ചുമത്തപ്പെട്ട ഹണിപ്രീത് ഏറെ നാളായി ഒളിവിലായിരുന്നു.

Also Read: റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

പൊതുമേഖലാ ബാങ്കുകളില്‍ നിന്നടക്കം കോടികളുടെ വായ്പയെടുത്ത് തിരിച്ചടക്കാതെ വിദേശത്തേക്ക് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യയെ ലണ്ടന്‍ പൊലീസ് അറസ്റ്റ് ചെയ്തു. ഉടനടി തന്നെ മല്യക്ക് വെസ്റ്റ് മിനിസ്റ്റര്‍ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.

ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ കൊല ചെയ്യപ്പെട്ട കേസില്‍ ആരോപണ വിധേയനായ പ്രമുഖ അഭിഭാഷകന്‍ സിപി ഉദയാഭാനുവിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അതേസമയം കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിലെ സിസിടിവി ദൃശ്യത്തില്‍ ഉദയഭാനു പല തവണ വന്നതിന്റെ തെളിവ് ഉണ്ടെന്നാണ് പോലീസ് നല്‍കുന്ന സൂചന.

പോപ്പുലര്‍ ഫ്രണ്ടിനെ തീവ്രവാദ സംഘടനയായി പ്രഖ്യാപിക്കാന്‍ ഒരുങ്ങുന്നു എന്നൊരു വാര്‍ത്ത മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ദേശസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്നു എന്ന കാരണം പറഞ്ഞാണ് സംഘടനയെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നത്.

അതേസമയം, ഹാദിയയെ ബലം പ്രയോഗിച്ച് നിയന്ത്രിക്കാന്‍ സാധിക്കില്ല എന്ന സുപ്രീം കോടതി നിരീക്ഷണം ദേശാഭിമാനി ഒന്നാം പേജില്‍ തന്നെ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. പൂര്‍ണ്ണമായ അധികാരം പിതാവിന് മാത്രമല്ലെന്നും കോടതി പറഞ്ഞു.

Also Read: ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories