Top

എവിടെ ആ ആരാധക കൂട്ടം? അഥവാ ഒരു പൂന്താനം സ്റ്റൈല്‍ ജീവിതാവസ്ഥ

എവിടെ ആ ആരാധക കൂട്ടം? അഥവാ ഒരു പൂന്താനം സ്റ്റൈല്‍ ജീവിതാവസ്ഥ
കഴിഞ്ഞ രണ്ടു ദിവസമായി മലവെള്ളപ്പാച്ചില്‍ പോലെ ഒഴുകി വരുന്ന വാര്‍ത്തകള്‍ക്കിടയില്‍ ദിലീപ് ഫാന്‍സ് അസോസിയേഷനെ കുറിച്ച് ഒരു വാര്‍ത്തയെങ്കിലും കിട്ടുമോ എന്നു തിരയുകയായിരുന്നു. നടന്റെ അറസ്റ്റില്‍ പ്രതിഷേധം രേഖപ്പെടുത്തി ദിലീപ് ഫാന്‍സ് അസോസിയേഷന്‍, നടന്റെ അറസ്റ്റില്‍ ഞെട്ടല്‍ രേഖപ്പെടുത്തി ദിലീപ് ആരാധകര്‍, കേസ് കെട്ടിച്ചമച്ചതെന്ന് ദിലീപ് ആരാധകര്‍, ഞങ്ങളുടെ നായകന്‍ അങ്ങനെ ചെയ്യില്ല: ദിലീപ് ആരാധകര്‍.... ഇങ്ങനെ ഒരു തലക്കെട്ടും എവിടേയും കണ്ടില്ല.

എവിടെപ്പോയി നിങ്ങളുടെ പിന്നാലെയുണ്ട് എന്ന് നിങ്ങള്‍ അഹങ്കരിച്ച ആരാധക കൂട്ടം? ബോക്സ് ഓഫീസില്‍ കിടിലം കൊള്ളിക്കുന്ന സിനിമകള്‍ക്ക് കിടക്കപ്പായില്‍ നിന്നും കണ്ണു തിരുമ്മി എഴുന്നേറ്റ് ടിക്കറ്റ് കൌണ്ടറില്‍ ക്യൂ നില്‍ക്കുന്ന, പത്താള്‍പ്പൊക്കത്തില്‍ കെട്ടി ഉയര്‍ത്തുന്ന വീര ശൂരപരാക്രമിയായ നായക ഫ്ലക്സില്‍ പാലഭിഷേകം നടത്തുന്ന, സ്ക്രീനില്‍ നായകന്‍റെ രൂപം തെളിയുമ്പോള്‍ ആനന്ദനൃത്തം ചവിട്ടി തുണ്ടുകടലാസ് മഴ പെയ്യിക്കുന്ന മുഖമില്ലാത്ത ആ ആരാധക വൃന്ദത്തിന്‍റെ പൊടി പോലും കാണാനില്ലല്ലോ?

ഇന്നത്തെ കേരള കൌമുദിയുടെ ഒരു തലക്കെട്ട് ഇതായിരുന്നു. “ആര്‍ത്തുവിളിച്ച ആരാധകര്‍ പുലര്‍ച്ചെ കാത്തുനിന്നു കൂവിവിളിച്ചു”. യഥാര്‍ത്ഥത്തില്‍ കൂവി വിളിച്ചത് ദിലീപ് ഫാന്‍സ് ആയിരുന്നോ അതോ മറ്റേതെങ്കിലും നടന്റെ ഫാന്‍സ് ആയിരുന്നോ എന്നൊന്നും കണ്ടെടുത്ത് എഴുതാന്‍ ലേഖന്‍ മെനക്കെട്ടില്ല. (എതിര്‍ നായകന്റെ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശന ദിവസം ചില താരങ്ങള്‍ തങ്ങളുടെ ആരാധകരെ കൂലിയും ബിരിയാണിയും വാങ്ങിച്ചുകൊടുത്ത് കൂവാന്‍ വിടുമെന്ന് കേട്ടിട്ടുണ്ട്) എങ്കിലും ഒരുകാര്യം ഉറപ്പാണ് അവരില്‍ പലരും ദിലിപിന്റെ കോമഡി നംബറുകളും പ്രണയ ഭാവങ്ങളും ആക്ഷന്‍ ത്രില്ലുകളും കണ്ടു രസിച്ചവര്‍ തന്നെയായിരിക്കും.

A Fan Base Vanishes Overnight’ എന്നാണ് ടൈംസ് ഓഫ് ഇന്ത്യ തലക്കെട്ട്. അപ്പോള്‍ താരങ്ങളേ ഇത്രയേ ഉള്ളൂ കാര്യങ്ങള്‍.

ചൊവ്വാഴ്ച രാവിലെ മുതല്‍ പല ദിലീപ് ഫാന്‍ പേജുകളും സോഷ്യല്‍ മീഡിയയില്‍ കിട്ടാതായി എന്നാണ് ടൈം ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് പറയുന്നത്. താന്‍ വേട്ടയാടപ്പെടുകയാണ് എന്ന ജൂണ്‍ ആദ്യവാരത്തിലെ ദിലീപിന്റെ പ്രസ്താവനയെ തുടര്‍ന്ന് #ISupportDileep ഹാഷ് ടാഗ് കാമ്പയിനുകള്‍ നവമാധ്യമങ്ങളില്‍ ആരംഭിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ആക്രമിക്കപ്പെട്ട നടിക്കെതിരെ പോലും വളരെ മോശമായ കമന്റുകളുമായി ആരാധകര്‍ എത്തിയിരുന്നു.

ഇന്ന് രാവിലെ 9 മണിവരെ 20,83,114 പേരാണ് ദിലീപിന്റെ ഔദ്യോഗിക ഫേസ്ബുക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. അതില്‍ അവസാനം പോസ്റ്റ് ചെയ്ത രാമ ലീലയുടെ പോസ്റ്ററിന് കിട്ടിയിരിക്കുന്നത് 21K ലൈക്കാണ്. അതില്‍ ഒരു ആരാധിക ജൂലൈ ഒന്‍പതാം തിയ്യതി പോസ്റ്റ് ചെയ്തിരിക്കുന്ന കമന്‍റ് താരാരാധന എന്ന ദുരന്തത്തിന്റെ നേര്‍ ചിത്രമാണ്.

“എല്ലാവർക്കും എല്ലാം മനസ്സിലാവുന്ന ഒരു ദിവസം വരും ദിലീപേട്ടാ ഞാൻ ദിലീപേട്ടനേയും നാദിർഷയേയും വർഷങ്ങളായി ഓഡിയോ കാസറ്റുകളിലൂടെ കേൾക്കുന്ന ആളാണ് ഇന്നും നിങ്ങൾക്കു വേണ്ടി ആൾക്കാരോടു തർക്കിക്കുകയാണ് നിങ്ങൾ അങ്ങനെ ഒരു മഹാപരാധം ചെയ്യില്ലാന്ന് മനസ്സിനെ ശാന്തമാക്കാൻ നിങ്ങൾക്കു കഴിയട്ടെ എന്നു മനസ്സു നൊന്തു ഈശ്വരനോടു പ്രാർത്ഥിക്കുന്നു എന്റെ കൂട്ടുകാർ എന്നോടു ചോദിച്ചു ഒരു വട്ടം പോലും കണ്ടിട്ടില്ലാത്ത ഒരാളെ എന്താ ഇത്ര വിശ്വാസമെന്ന് പാവപ്പെട്ട കുടുംബത്തിൽ നിന്നും വളർന്നു വന്ന ഒരാളെ മനസ്സിലാക്കാൻ വലിയ പരിജ്ഞാനത്തിന്റെ ആവശ്യമൊന്നുമില്ല.എല്ലാo ശരിയാവും”
ദിലീപ് ഇന്ന് ഒരു തിരിച്ചറിവാണ്. താരാരാധനയുടെ പേരില്‍ എന്തു കോമാളിത്തരവും കാണിക്കുന്ന ആരാധക കൂട്ടത്തിന് മാത്രമല്ല. ദന്തഗോപുരങ്ങളില്‍ വസിക്കുന്ന താരങ്ങള്‍ക്കും.

ഇന്നലെ തെരുവില്‍ കണ്ട അതിക്രമങ്ങള്‍ രാഷ്ട്രീയ കോമാളികളുടെ പബ്ലിസിറ്റി സ്റ്റണ്ടായി തള്ളിക്കളയാം. പഷേ നവമാധ്യമങ്ങളിലൂടെയും വീടകങ്ങളിലെയും ചായക്കടകളിലെയും സംഭാഷണങ്ങളിലൂടെയും നിങ്ങള്‍ കീറി മുറിക്കപ്പെടുകയാണ്. നിങ്ങളെന്ന നായക/നായിക ബിംബത്തിന് സ്ക്രീനില്‍ മാത്രമേ ആയുസ്സുള്ളൂ എന്ന് മനസിലാക്കുക. അത് ജനങ്ങള്‍ ഇഷ്ടപ്പെടുന്നുമുണ്ട്. അതിലൂടെ നിങ്ങള്‍ സിനിമാ വ്യവസായത്തിന് മുതല്‍ക്കൂട്ടാവുന്നതും നല്ലത് തന്നെ. പക്ഷേ അതിനു പുറത്തേക്ക് നിങ്ങളുടെ താരപ്രഭയെ സമ്പത്തും അധികാരവും വാരിക്കൂട്ടാനും നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്താനും എതിരാളികളെ വെട്ടിവീഴ്ത്താനും ഉപയോഗിക്കുമ്പോഴാണ് അതൊരു സാമൂഹ്യ വിരുദ്ധത ആയി മാറുന്നത്.

അതുകൊണ്ട് താരങ്ങളെ ടൈംസ് ഓഫ് ഇന്ത്യയുടെ പൂന്താനം സ്റ്റൈല്‍ തലക്കെട്ട് നിങ്ങളുടെ ടാഗ് ലൈന്‍ ആക്കുക. “Fans will Vanish Overnight”. രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....

അടിക്കുറിപ്പ്: ദിലീപിനെ കുടുക്കിയ തെളിവായതും ഈ ആരാധക ഭ്രാന്താണ് എന്നതാണ് കൌതുകകരം. ജോര്‍ജ്ജേട്ടന്‍സ് പൂരത്തിന്റെ ചിത്രീകരണത്തിനിടയില്‍ എടുത്ത ആ ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഫാന്‍ സെല്‍ഫി.

Next Story

Related Stories