UPDATES

ഇന്ധന വില; പോക്കറ്റടിക്കാര്‍ നാണിക്കുന്ന കൊള്ള

മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില

“വന്‍ തോതിലുള്ള ഹൈവേ, റോഡ് വികസന പദ്ധതികള്‍, റെയില്‍വെയുടെ ആധുനികവത്ക്കരണം, വിപുലീകരണം, ഗ്രാമീണ ശുചിത്വ പദ്ധതികള്‍, കുടിവെള്ളം, പ്രാഥമിക ആരോഗ്യം, വിദ്യാഭ്യാസം എന്നിവയ്ക്ക് നമുക്ക് പണം നീക്കി വെക്കേണ്ടതുണ്ട്. ഇതിനായി നീക്കി വെക്കുന്ന പണത്തിന്റെ തോതും വര്‍ധിച്ചിട്ടുണ്ട്. എവിടുന്നാണ് ഇതിനുള്ള പണം സര്‍ക്കാരിന് കിട്ടുക” – കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ ചോദിക്കുന്നു.

ന്യായമായ ചോദ്യം. എല്ലാം ജനത്തിന് വേണ്ടി.

ജൂലൈ, ആഗസ്ത് മാസങ്ങള്‍ കൊണ്ട് പെട്രോള്‍ വില 7 രൂപയോളം കൂടിയതില്‍ പൊതുജനങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന അസ്വസ്ഥതയെ അഭിസംബോധന ചെയ്യുകയായിരുന്നു മന്ത്രി. മൂന്നു വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ഇപ്പോള്‍ പെട്രോള്‍, ഡീസല്‍ വില. ഡല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ വില 70.38 രൂപയും ഡീസല്‍ വില 58.72 രൂപയുമായി. മുംബയില്‍ പെട്രോള്‍ വില 80 രൂപയുടെ അടുത്തെത്തി എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ കൊച്ചിയില്‍ ഇന്നലെ പെട്രോളിന് 73.04 രൂപയും ഡീസലിന് 62.74 രൂപയുമായിരുന്നു വില. തിരുവനന്തപുരത്ത് ഇത് യഥാക്രമം 74.22 രൂപയും 64.85 രൂപയുമാണ്.

500, 1000 രൂപയുടെ കറന്‍സി പിന്‍വലിച്ചപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു പറഞ്ഞതും ഇതു തന്നെയായിരുന്നു. എല്ലാം രാജ്യത്തിന് വേണ്ടി; അപ്പോള്‍ ജനങ്ങള്‍ സഹിക്കേണ്ടി വരും. നമുക്കൊന്നിച്ചു പോരാടാം. പക്ഷേ തിരിച്ചു വന്ന കള്ളപ്പണത്തിന്റെ കണക്ക് വന്നപ്പോള്‍ എല്ലാം വെറും വാചകമടി മാത്രമായിരുന്നു എന്നു വെളിവായി.

ജൂണ്‍ 16 മുതലാണ് ദൈനംദിനമായി ഇന്ധന വില പുനഃക്രമീകരിക്കുന്ന സംവിധാനം രാജ്യത്ത് നടപ്പിലാക്കിയത്. ഈ പരിഷ്കാരങ്ങളില്‍ നിന്നും അണുവിട മാറില്ലെന്ന് മന്ത്രി പ്രധാന്‍ ഇന്നലെ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേ സമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ ഉണ്ടാകുന്ന കുറവ് രാജ്യത്തെ എണ്ണ വിലയില്‍ വ്യത്യാസം വരുത്തുന്നില്ല എന്നതാണ് യാഥാര്‍ഥ്യം.

പെട്രോള്‍, ഡീസല്‍ വിലക്കയറ്റം; ഇടപെടില്ലെന്നു കേന്ദ്രം

ഇന്ധന വിലയുടെ എക്സൈസ് നികുതിയില്‍ മാറ്റം വരുത്തുമോ എന്ന ചോദ്യത്തിന് അത് ധനമന്ത്രാലയമാണ് തീരുമാനിക്കേണ്ടത് എന്നു പറഞ്ഞ് ഒഴിയുകയാണ് മന്ത്രി ചെയ്തത്. കൂടാതെ നടക്കാന്‍ സാധ്യതയില്ലാത്ത ഒരു ആവശ്യം ഉന്നയിക്കുകയും ചെയ്തു. ഇന്ധന വില ജി‌ എസ് ടിയുടെ പരിധിയില്‍ കൊണ്ടുവരണമെന്ന്.

2014-15 കാലഘട്ടത്തില്‍ ഇന്ധനത്തില്‍ നിന്നും കേന്ദ്രത്തിന് നികുതി വരുമാനമായി കിട്ടിയത് 99,000 കോടി രൂപയാണ് എങ്കില്‍ 2016-17 കാലഘട്ടത്തില്‍ അത് 2,42,000 കോടിയായി ഉയര്‍ന്നു. ഇരട്ടിയില്‍ കൂടുതലുള്ള വര്‍ദ്ധനവ്. അതുകൊണ്ടു തന്നെ പണം കായ്ക്കുന്ന ഈ മരം വെട്ടാന്‍ എന്തായാലും ധനവകുപ്പ് ശ്രമിക്കാന്‍ സാധ്യതയില്ല.

പിന്നെ നിയന്ത്രിക്കേണ്ടത് എണ്ണ കമ്പനികളെയാണ്. എണ്ണ കമ്പനികളുടെ പ്രവര്‍ത്തനത്തില്‍ യാതൊരു ഇടപെടലും നടത്തില്ലെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഇത് ഒരു താത്ക്കാലിക പ്രതിഭാസം മാത്രമാണ് എന്നു പറഞ്ഞ മന്ത്രി, കാരണം അമേരിക്കയിലെ കൊടുങ്കാറ്റിന്റെ തലയില്‍ കൊണ്ടിടുകയും ചെയ്തു. “അമേരിക്കയില്‍ ചുഴലി കൊടുങ്കാറ്റു കാരണം 13 ശതമാനം റിഫൈനറികളും അടച്ചിടേണ്ടി വന്നു. ഇത് ക്രൂഡ് ഓയില്‍ വിലയെ ബാധിച്ചിട്ടുണ്ട്” – മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

പ്രതിദിന വിലനിര്‍ണയ രീതി ആരംഭിച്ചപ്പോള്‍ ആദ്യ ദിനങ്ങളില്‍ ഇന്ധന വിലയില്‍ കുറവുണ്ടായെങ്കിലും “ജൂലൈ ഒന്നു മുതല്‍ കൂടിത്തുടങ്ങി. ദിവസവും പത്തും പതിനഞ്ചും പൈസ കൂടുന്നത് ആദ്യം ജനങ്ങളുടെ ശ്രദ്ധയില്‍ വന്നില്ല. എന്നാല്‍, രണ്ടുമാസം കൊണ്ട് എഴുരൂപയോളം കൂടി എന്ന കാര്യം വെളിപ്പെട്ടതോടെ പ്രതിഷേധം ശക്തമാവുകയായിരുന്നു” എന്നു മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ എവിടെ ആരാണ് പ്രതിഷേധം നടത്തുന്നത് എന്നത് മാത്രം മലയാള മനോരമ റിപ്പോര്‍ട്ടില്‍ ഇല്ല.

“നേരത്തെ ഇന്ധന വില 3 രൂപ കൂടിയാല്‍ പോലും പ്രതിപക്ഷ കക്ഷികളും ജനങ്ങളും പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങുമായിരുന്നു. ഇന്ധനവിലയുടെ പകുതിയും നികുതിയായി ചോര്‍ത്തുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ക്രൂഡ് ഓയില്‍ വില വര്‍ദ്ധനയെന്ന് പറഞ്ഞു കണ്ണടച്ച് ഇരുട്ടാക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ അധിക നാള്‍ നീളില്ല”- എന്നു കേരള കൌമുദി പറയുന്നു.

എന്തായാലും ഈ കാര്യത്തില്‍ രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ നിശബ്ദരാണ്. പല കാര്യങ്ങളിലും എന്ന പോലെ.

‘ഇന്ധനം വഴി തീവെട്ടിക്കൊള്ള’ എന്ന പേരില്‍ സാമ്പത്തിക വിദഗ്ധ ഡോ. മേരി ജോര്‍ജ്ജ് എഴുതിയ ഒരു ലേഖനം മലയാള മനോരമ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 1972 കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിയ ഓയില്‍പൂള്‍ അക്കൌണ്ട് സംവിധാനം പൊളിച്ചടുക്കിയത് 2002ലെ ആദ്യ എന്‍ ഡി എ സര്‍ക്കാരാണ് എന്നു മേരി ജോര്‍ജ്ജ് ആരോപിക്കുന്നു. ഘട്ടം ഘട്ടമായി വിപണിക്ക് വിട്ടു കൊടുക്കുകയായിരുന്നു സര്‍ക്കാര്‍ ചെയ്തത്. അന്ന് പറഞ്ഞ ന്യായം എപ്പോള്‍ രാജ്യാന്തര വിപണിയില്‍ ഇന്ധനത്തിന് വില കുറയുന്നോ അന്നിവിടെ കുറയും എന്നായിരുന്നു.

എന്നാല്‍ 2016 ക്രൂഡ് ഓയിലിന് ബാരലിന് 115 ശതമാനം വിലയിടിഞ്ഞു 38 ഡോളര്‍ ആയപ്പോള്‍ ഇന്ത്യയില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം മാത്രമേ വിലക്കുറവുണ്ടായുള്ളൂ എന്നു മേരി ജോര്ജ്ജ് ചൂണ്ടികാണിക്കുന്നു.

ഇന്ധന വിലയുടെ പേരില്‍ ആരാണ് ജനങ്ങളെ പറ്റിക്കുന്നതില്‍ മുന്‍പില്‍ എന്നേ അറിയേണ്ടതുള്ളൂ… സര്‍ക്കാരോ അതോ എണ്ണ കമ്പനികളോ?

Also Read: ഭൌമരാഷ്ട്രീയം എന്നാല്‍ എണ്ണ രാഷ്ട്രീയം-പരഞ്ചോയ് ഗുഹ തകുര്‍ത്ത എഴുതുന്നു

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍