UPDATES

ട്രെന്‍ഡിങ്ങ്

കൊല്ലപ്പെട്ടത് ഹിന്ദുത്വയുടെ വിമര്‍ശകയാണ്; അത് തെളിച്ചു തന്നെ പറയണം

കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചു നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന ഗൌരി അന്നേ സംഘപരിവാറിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു

ബിജെപി എം പി അടക്കമുള്ള നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസില്‍ കഴിഞ്ഞ വര്‍ഷം ശിക്ഷിക്കപ്പെട്ടതിനു പിന്നാലെ ദി വയര്‍.കോമിന് നല്‍കിയ അഭിമുഖത്തില്‍ ഗൌരി ലങ്കേഷ് പറഞ്ഞു, “വിയോജിക്കാനുള്ള അവകാശമാണ് ഇവിടെ വെല്ലുവിളിക്കപ്പെട്ടിരിക്കുന്നത്”. അങ്ങനെ പറഞ്ഞ് ഒരു വര്‍ഷം തികയും മുന്‍പ് തന്നെ ഹിന്ദുത്വ സംഘടനകളുടെ ശക്തയായ വിമര്‍ശകയും മാധ്യമ പ്രവര്‍ത്തകയുമായ ഗൌരി ലങ്കേഷ് അക്രമികളാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടിരിക്കുന്നു.

‘Indian journalist critical of Hindu extremists is shot dead in Bangalore’ എന്നു തന്നെയാണ് ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിബിസി അടക്കമുള്ള അന്താരാഷ്ട്ര മാധ്യമങ്ങള്‍ വലിയ പ്രധാന്യത്തോടെയാണ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകയെ കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതും.

ഗൌരി ലങ്കേഷിന്റെ കൊലപാതക വാര്‍ത്ത അറിഞ്ഞ ഉടനെ പ്രസിദ്ധ കന്നഡ എഴുത്തുകാരനായ കെ മാറുളി സിദ്ധപ്പ ഇങ്ങനെ പ്രതികരിച്ചു, “ധാബോല്‍ക്കര്‍, പന്‍സാരെ, കല്‍ബുര്‍ഗി എന്നിവരെ കൊന്നവര്‍ തന്നെ ഗൌരി ലങ്കേഷിനെയും കൊന്നു”.

സംശയത്തിന്റെ മുന നീളുന്നത് അവരിലേക്ക് തന്നെ.

എഴുത്തുകാരനും ചിന്തകനുമായ എം.എം കല്‍ബുര്‍ഗി കൊല്ലപ്പെട്ടപ്പോള്‍ ബജ്രംഗ് ദള്‍ നേതാവ് ബുവിത് ഷെട്ടി ഇങ്ങനെ ട്വീറ്റ് ചെയ്തു, “ഹിന്ദുയിസത്തെ പരിഹസിക്കൂ, പട്ടിയെ പോലെ മരിച്ചു വീഴൂ” എന്നായിരുന്നു.

“നിര്‍ഭാഗ്യവശാല്‍, മനുഷ്യാവകാശത്തിനും വ്യാജ ഏറ്റുമുട്ടലിനും എതിരെ സംസാരിക്കുന്ന എല്ലാവരും മാവോയിസ്റ്റ് അനുകൂലികളായി ചിത്രീകരിക്കപ്പെടുകയാണ്”- കഴിഞ്ഞ വര്‍ഷം ന്യൂസ് ലോണ്ട്രി വെബ്സൈറ്റിനോട് ഗൌരി ലങ്കേഷ് പറഞ്ഞു. “അതോടൊപ്പം ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെയുള്ള എന്റെ വിമര്‍ശനം, എന്റെ വിമര്‍ശകരെ എന്നെ ഹിന്ദു വിരോധിയായി ചിത്രീകരിക്കാന്‍ പ്രേരിപ്പിച്ചിരിക്കുന്നു. എന്നാല്‍ സമത്വ പൂര്‍ണ്ണമായ ഒരു സമൂഹം സൃഷ്ടിക്കാന്‍ സാമൂഹ്യ പരിഷ്കര്‍ത്താവ് ബസവണയും ഡോ. അംബേദ്ക്കറം നടന്ന വഴികളിലൂടെ നടക്കുക എന്നത് എന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തമാണ്”.

കല്‍ബുര്‍ഗിയുടെ വധത്തില്‍ പ്രതിഷേധിച്ചു നടന്ന പ്രക്ഷോഭങ്ങളില്‍ മുന്നണിയില്‍ ഉണ്ടായിരുന്ന ഗൌരി അന്നേ സംഘപരിവാറിന്റെ നോട്ടപ്പുള്ളികളില്‍ ഒരാളായിരുന്നു.

താന്‍ എഡിറ്ററായ ലങ്കേഷ് പത്രികയില്‍ അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചു എന്നതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ ഗൗരി ലങ്കേഷിനെ കഴിഞ്ഞ വര്‍ഷം നവംബറില്‍ ആറു മാസം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചിരുന്നു. ഹുബള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയാണ് ശിക്ഷ വിധച്ചത്. ധര്‍വാര്‍ഡ് ബിജെപി എംപിയായ പ്രഹ്ലാദ് ജോഷിയും ബിജെപി നേതാവായ ഉമേഷ് ദുഷിയുമാണ് ഗൌരിക്കെതിരെ കേസ് കൊടുത്തത്.

Also Read: ബിജെപി നേതാക്കള്‍ നല്‍കിയ അപകീര്‍ത്തി കേസ്; മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിനു പിഴയും തടവു ശിക്ഷയും

അതേ സമയം ഗൌരി ലങ്കേഷിന്റെ കൊലപാതകം നിര്‍ഭയവും സ്വതന്ത്രവുമായ മാധ്യമ പ്രവര്‍ത്തനത്തിന് നേരെയുള്ള ആക്രമണമാണ് എന്ന് പ്രസ്സ് ക്ലബ് ഓഫ് ഇന്ത്യ അഭിപ്രായപ്പെട്ടു.

കമ്മിറ്റി ടു പ്രൊട്ടക്ട് ജേര്‍ണലിസ്റ്റ് കഴിഞ്ഞ വര്‍ഷം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 27 മാധ്യമ പ്രവര്‍ത്തകരാണ് 1992 മുതല്‍ ഇന്ത്യയില്‍ കൊല്ലപ്പെട്ടത്.

കല്‍ബുര്‍ഗി കൊല്ലപ്പെട്ടതിന് മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തിന്റെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ച ആഴ്ചപ്പതിപ്പിന്റെ എഡിറ്റര്‍ ലിംഗണ്ണ സത്യാംപ്ടെ കൊല്ലപ്പെട്ടത്. പിന്നീട് നരേന്ദ്ര മോദിയെ വിമര്‍ശിച്ചതിന്റെ പേരില്‍ ഡോ. യു ആര്‍ അനന്തമൂര്‍ത്തിക്കും കല്‍ബുര്‍ഗിക്ക് ശേഷം ഡോ. കെ എസ്  ഭഗവാനും എതിരെ കൊലവിളി നടത്തിയ സംഘപരിവാരം ഇപ്പോഴിതാ ഗൌരി ലങ്കേഷിനെ  നിശബ്ദയാക്കിയിരിക്കുന്നു.

എന്നാല്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞതുപോലെ, “സത്യത്തെ ഒരിക്കലും നിശബ്ദമാക്കാന്‍ സാധിക്കുകയില്ല” എന്ന യാഥാര്‍ഥ്യം എന്നാണ് ഇവര്‍ മനസിലാക്കുക.

Also Read: അരുംകൊലകളും ബൗദ്ധിക ആത്മഹത്യകളും; സംഘ പരിവാറിന് മൂച്ചു കൂടുമ്പോള്‍

സാജു കൊമ്പന്‍

സാജു കൊമ്പന്‍

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍