TopTop

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..

ആസ്തി 92,37,60,033; എന്നിട്ടും കയ്യിട്ടുവാരിയോ മന്ത്രി ചാണ്ടി താങ്കള്‍..
92 കോടി ആസ്തിയുള്ള ഗതാഗത മന്ത്രി തോമസ് ചാണ്ടി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്കുള്ള ഗതാഗതം ശരിയാക്കാന്‍ വേണ്ടി 28.5 ലക്ഷം ചിലവാക്കി റോഡ് ടാര്‍ ചെയ്തു എന്ന വാര്‍ത്ത കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മാധ്യമങ്ങളില്‍ കറങ്ങി നടക്കുന്നുണ്ട്. പക്ഷേ സര്‍ക്കാരെന്തെങ്കിലും പറയുകയോ രാഷ്ട്രീയ പാര്‍ട്ടികള്‍ റിസോര്‍ട്ടില്‍ കൊടിക്കുത്തുകയോ ചെയ്തതായി വാര്‍ത്തകള്‍ കണ്ടില്ല. നെഹ്രു ട്രോഫി വള്ളം കളിയുടെ ഭാഗമായി തന്റെ ഉടമസ്ഥതയിലുള്ള ലേക്ക് പാലസ് റിസോര്‍ട്ടിലേക്ക് പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് റോഡ് പണിഞ്ഞു എന്നാണ് ആരോപണം. “ഹാര്‍ബര്‍ എഞ്ചിനീയറിംഗ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഫണ്ടില്‍ നിന്നും 28.5 ലക്ഷം ചിലവാക്കിയാണ്” റോഡ് ടാര്‍ ചെയ്തിരിക്കുന്നത് എന്നു
ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്
റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇന്ത്യന്‍ എക്സ്പ്രസ്സിലെ ഒന്നാം പേജ് വാര്‍ത്തയില്‍ നിന്നും മനസിലാക്കാന്‍ കഴിയുന്നത് തുടക്കത്തിലെ മരവിപ്പിന് ശേഷം പാര്‍ട്ടികള്‍ പതുക്കെ ഉണര്‍ന്നു തുടങ്ങി എന്നാണ്. പ്രതിപക്ഷ പാര്‍ട്ടികളായ കോണ്‍ഗ്രസ്സും ബിജെപിയും മാത്രമല്ല സ്വന്തം പാര്‍ട്ടിയിലെ ആളുകള്‍ വരെ തോമസ് ചാണ്ടിക്ക് എതിരായി നിരന്നു കഴിഞ്ഞു. നാഷണല്‍ യൂത്ത് കോണ്‍ഗ്രസ്സ് ചാണ്ടിക്ക് എതിരെ അന്വേഷണം വേണം എന്ന ആവശ്യം ഉയര്‍ത്തിയതായി ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ മുഖ്യ ഭരണകക്ഷിയായ സിപിഎമ്മോ സിപിഎമ്മിനെതിരെ നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആഞ്ഞടിക്കാറുള്ള സിപിഐയോ മുന്നണി മര്യാദാ 'മൌനം' പാലിക്കുകയാണ് എന്നു വേണം കരുതാന്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി തൊഴിലാളിവര്‍ഗ്ഗ പാര്‍ട്ടികള്‍ നേതൃത്വം നല്‍കുന്ന സ്വകാര്യ സ്വത്തിനെതിരായ പ്രത്യയശാസ്ത്രം മുറുകെ പിടിക്കുന്ന ഇടതു മുന്നണിയില്‍ നിന്നായിരുന്നു എന്നത് ചരിത്രത്തിന്റെ വൈരുദ്ധ്യവും പ്രഹസനവുമാണ്. 2016 മെയ് വരെയുള്ള സ്വത്ത് വിവര കണക്ക് പ്രകാരം തോമസ് ചാണ്ടിയുടെ സ്വത്ത് 92,37,60,033 ആണ്. തൊട്ടു മുന്‍പത്തെ തെരഞ്ഞെടുപ്പില്‍ അത് 39.71 കോടി ആയിരുന്നു. ഒരു വര്‍ഷം കൊണ്ട് എന്തായാലും നല്ലൊരു ശതമാനം കൂടിയിട്ടുണ്ടാകും എന്ന കാര്യത്തില്‍ സംശയമില്ലല്ലോ. അതായത് 100 കോടി കവിഞ്ഞിട്ടുണ്ടാകും എന്നര്‍ത്ഥം. ബിസിനസാണല്ലോ ബിസിനസ്.

ഹണിട്രാപ്പില്‍ പെട്ടപ്പോള്‍ ഉദാത്തമായ ധാര്‍മ്മികതയുടെ പേരില്‍ എകെ ശശീന്ദ്രന്‍ രാജിവെച്ചൊഴിഞ്ഞ കസേരയിലാണ് ഈ മുതലാളി രാഷ്ട്രീയ നേതാവ് കയറി ഇരിക്കുന്നത്. ഒരു മുതലാളി മന്ത്രി ആവാന്‍ പാടില്ല എന്നൊന്നും ഭരണഘടനയില്‍ എഴുതിവെച്ചിട്ടില്ല. ഏതൊരു പൌരനെയും പോലെ സമ്പന്നര്‍ക്കും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയും എം എല്‍ എയോ എം പിയോ ആകുകയും വേണമെങ്കില്‍ മന്ത്രിയാകുകയും ഒക്കെ ചെയ്യാം. പ്രധാനമന്ത്രിയും ആവാം. അതാണ് ജനാധിപത്യത്തിന്റെ പ്രത്യേകത. ജനാധിപത്യത്തിന്റെ കളിത്തൊട്ടില്‍ എന്നറിയപ്പെടുന്ന അമേരിക്കയില്‍ ജയിച്ചു കയറിയത് രാജ്യത്തെ ഏറ്റവും വലിയ സമ്പന്നരില്‍ ഒരാളാണെന്ന് ഓര്‍ക്കുക.

പക്ഷേ ഒരു കാര്യമുണ്ട്. ജനങ്ങള്‍ നല്‍കിയ അധികാരം സ്വന്തം ബിസിനസ് പുഷ്ടിപ്പെടുത്താന്‍ ഉപയോഗിക്കരുത്. ജനാധിപത്യത്തിന്റെ അന്തസത്ത അതാണ്. ഇവിടെ തോമസ് ചാണ്ടി നേരിടുന്ന ആരോപണം ഈ പുഷ്ടിപ്പെടുത്തലിന്റെ ആണ്.

“കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തും ഈ സര്‍ക്കാരിന്റെ കാലത്ത് ഇതുവരെയും ചികിത്സ ചെലവിനായി ഏറ്റവുമധികം തുക ചെലവഴിച്ച എംഎല്‍എയാണ് തോമസ് ചാണ്ടി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ട് കോടി രൂപയാണ് ചികിത്സാ ചെലവിനായി ഈ എംഎല്‍എ പൊതുഖജനാവില്‍ നിന്നും വാങ്ങിയത് അതേസമയം പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ഇതുവരെ ചികിത്സയ്ക്കായി ഏറ്റവുമധികം തുക ചെലവിട്ടതും തോമസ് ചാണ്ടി തന്നെ. അധികാരമേറ്റ് പത്ത് മാസം മാത്രം പിന്നിടുമ്പോള്‍ വിദേശത്തു നടത്തിയ ചികിത്സയ്ക്കുള്‍പ്പെടെ രണ്ട് കോടിയോളം രൂപ ചാണ്ടി സംസ്ഥാന ഖജനാവില്‍ നിന്നും കൈപ്പറ്റി കഴിഞ്ഞു.” തോമസ് ചാണ്ടി മന്ത്രി പദത്തില്‍ കയറിയപ്പോള്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അല്‍പ്പം ചരിത്രം താഴെ കൊടുത്ത ലിങ്കില്‍ വായിക്കാം.

Also Read: കുവൈറ്റ് ചാണ്ടി, മന്ത്രി തോമസ് ചാണ്ടിയാകുമ്പോള്‍; കേരളം മാറുകയാണ്

അപ്പോള്‍ പൊതുജനങ്ങളുടെ പോക്കറ്റടിക്കുന്നത് ഈ കുബേരന് ഒരു പതിവാണ് എന്നു സാരം.

ഏറ്റവും ഒടുവില്‍ എന്‍ സി പി നേതാവ് ഉഴവൂര്‍ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിലും തോമസ് ചാണ്ടിയുടെ പേര് ഉയര്‍ന്നുവന്നിരിക്കുന്നു. ഉഴവൂരിന്റെ മരണത്തിന് കാരണമായത് ചാണ്ടിയുടെ അടുപ്പക്കാരുടെ ഭീഷണിയാണെന്ന രീതിയിലായിരുന്നു വാര്‍ത്ത. ഉഴവൂരിന്റെ സംസ്കാര ചടങ്ങില്‍ പോലും തോമസ് ചാണ്ടി പങ്കെടുത്തില്ല എന്ന ആരോപണം പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെയാണ് ഉയര്‍ത്തിയത്. എന്തായാലും ഉഴവൂരിന്റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ ക്രൈം ബ്രാഞ്ച് അന്വേഷിച്ചു വരികയാണ്.ഇടതു മുന്നണിയോടാണ് മുഖ്യ ചോദ്യം. മുന്നണി ബാധ്യതയുടെ പേരില്‍ ആരോപണങ്ങളുടെ നീണ്ട ചരിത്രമുള്ള അതിപ്പോഴും തുടരുന്ന ഒരാളെ മന്ത്രിസഭയില്‍ നിലനിര്‍ത്തേണ്ടതുണ്ടോ? പഴയത് പോട്ടെ, കുറഞ്ഞത് ഏറ്റവും പുതിയ ടാറിംഗ് അഴിമതി എങ്കിലും തെറ്റാണ് എന്നു തെളിയിച്ച് അഗ്നി ശുദ്ധി വരുത്തി തിരികെ കയറിയാല്‍ മതി എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാത്തതെന്ത്?

Also Read: ഉഴവൂര്‍ വിജയനെ തളര്‍ത്തിയത് എന്‍സിപിക്കകത്തെ ചേരിപ്പോരും നേതാക്കളുടെ അധിക്ഷേപവും?


നേരത്തെ മരുമോന്‍റെ നല്ല അമ്മാവനായതിന്റെ പേരില്‍ അതിശക്തനായ ഒരു മന്ത്രി രാജിവെച്ചൊഴിഞ്ഞ മന്ത്രിസഭയാണ് ഇത്. അവിടെയാണ് എക്കാലത്തും ആരോപണങ്ങളുടെ കളിത്തോഴനായ തോമസ് ചാണ്ടി പൂര്‍ണ്ണ സുരക്ഷിതനായി ആരാലും കല്ലെറിയപ്പെടാതെ ഇരിക്കുന്നത്. എന്താണാവോ അതിന്റെ രഹസ്യം? ചാണ്ടിച്ചായന് മാത്രമേ അതറിയൂ..

ഉമ്മന്‍ ചാണ്ടി മന്ത്രിസഭയുമായി ഒരു തുലനം സാധ്യമല്ലെങ്കിലും മന്ത്രിമാര്‍ അഴിമതി ആരോപണത്തില്‍ പെടാത്ത ഒരു മന്ത്രിസഭയാണ് ഇത്. സ്വജനപക്ഷപാതവും ലൈംഗിക ആരോപണവും ഒക്കെ വന്നപ്പോള്‍ ഉടനടി തീരുമാനവും ഉണ്ടായി. അങ്ങനെ നോക്കുമ്പോള്‍ ചാണ്ടിയോട് തല്‍ക്കാലം ബെഞ്ചിലിരിക്കാന്‍ പറയേണ്ട സമയമായി. പിണറായി മന്ത്രിസഭയുടെ അഴിമതി വിരുദ്ധ പ്രതിച്ഛായ നിലനിര്‍ത്താന്‍ അതാവശ്യമാണ് താനും.

ദേശീയ തലത്തില്‍ നോക്കുകയാണെങ്കില്‍ നിതീഷ് കുമാറിന് പിന്നാലെ ബിജെപി പാളയത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് ശരത് പവാര്‍. അപ്പോള്‍ പിന്നെ ഓടുന്ന പട്ടിക്ക് ഒരു മുഴം മുന്‍പേ എറിയുന്നതല്ലേ പിണറായി നല്ലത്?

ഒടുവില്‍ കേട്ടത്; തോമസ് ചാണ്ടിക്ക് എതിരെയുള്ള ആരോപണം അന്വേഷിക്കണം എന്നു പഴയ സഹപ്രവര്‍ത്തകന്‍ കൂടിയായ രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. തോമസ് ചാണ്ടി കാര്യം കുറച്ചു കൂടി അങ്ങ് വ്യക്തമാക്കി. ടാറിംഗ് സിബിഐ അന്വേഷിക്കണം പോലും. അല്ല പിന്നെ..! ഈ കാര്യം ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാന്‍ പോവുകയാണ് മന്ത്രി. അതാണ് ചാണ്ടിയന്‍ ധാര്‍മ്മികത!

Next Story

Related Stories