TopTop

പിതാജിയുടെ ‘മാഫി...’; കോടതിമുറിയിലും ദേര സച്ചയുടെ ആഡംബര മുറിയിലും

പിതാജിയുടെ ‘മാഫി...’; കോടതിമുറിയിലും ദേര സച്ചയുടെ ആഡംബര മുറിയിലും
ബലാത്സംഗ കേസില്‍ ദേര സച്ച സൗദ തലവനും സ്വയംപ്രഖ്യാപിത ദൈവവുമായ ഗുര്‍മീത് റാം റഹിമിന് പ്രത്യേക സിബിഐ കോടതി 20 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. രണ്ട് ബലാത്സംഗക്കേസുകളിലായി 10 വര്‍ഷം വീതമാണ് തടവ്. രണ്ടും വെവ്വേറെ അനുഭവിക്കണം. കൂടാതെ ഇയാള്‍ ബലാത്സംഗം ചെയ്ത പെണ്‍കുട്ടികള്‍ക്ക് 15 ലക്ഷം വീതം നഷ്ടപരിഹാരവും നല്‍കണം. ഇത് നല്‍കിയില്ലെങ്കില്‍ ജയില്‍ ശിക്ഷ വീണ്ടും നീളും. വിധി കേട്ട ആള്‍ദൈവം കോടതി മുറിയില്‍ പൊട്ടിക്കരഞ്ഞു. ദയയ്ക്ക് വേണ്ടി യാചിച്ചു. മാഫി..!

"ശിക്ഷയെക്കുറിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു ജഡ്ജി ആരാഞ്ഞപ്പോള്‍, 'എനിക്കു മാപ്പ് തരണം' എന്നു പറഞ്ഞ് ഗുര്‍മീത് വിതുമ്പി" എന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

റാം റഹീം ബലാത്സംഗം ചെയ്ത പെണ്‍കുട്ടികളോട് ആശ്രമത്തിലെ മറ്റ് സന്യാസികള്‍ ചോദിച്ചിരുന്നത് ബാബ നിങ്ങള്‍ക്ക് മാപ്പ് നല്‍കിയോ എന്നായിരുന്നു. ബാബയുടെ ഇരുണ്ട ലോകത്ത് സന്യാസിനിമാര്‍ ബലാത്സംഗത്തിന് പകരം ‘മാപ്പ്’ എന്ന വാക്കാണ് ഉപയോഗിച്ചിരുന്നത്.

ഭാഷയുടെ വിരോധാഭാസം!

2002ല്‍ അന്നത്തെ പ്രധാനമന്ത്രി വാജ്പേയിക്ക് ബാബ ബലാത്സംഗം ചെയ്തതായി പരാതിപ്പെട്ടുകൊണ്ട് കത്തയച്ച യുവതി സിബിഐ ജഡ്ജിയുടെ മുന്‍പാകെ നല്‍കിയ മൊഴിയില്‍ ഇങ്ങനെ പറയുന്നു; ‘പിതാജി മാപ്പ് നല്‍കിയോ?’ എന്ന മറ്റ് വനിതാ സന്യാസിനിമാരുടെ ചോദ്യത്തിന്റെ അര്‍ത്ഥം എന്താണെന്ന് ആദ്യം തനിക്ക് മനസിലായിരുന്നില്ല. 1999 ആഗസ്ത് 28/29 തിയ്യതികളില്‍ റാം റഹീമിന്റെ അണ്ടര്‍ഗ്രൌണ്ട് മുറിയിലേക്ക് വിളിക്കപ്പെട്ടപ്പോഴാണ് മാപ്പിന്റെ അര്‍ത്ഥം തനിക്ക് പിടികിട്ടിയത്. മുറിയില്‍ എത്തിയ തന്നോട് ഭൂതകാലത്തില്‍ താന്‍ എന്തെങ്കിലും പാപം ചെയ്തിട്ടുണ്ടോ എന്നു സ്വാമി ചോദിച്ചു. കോളേജില്‍ പഠിക്കുന്ന കാലത്ത് തനിക്ക് ഒരു പയ്യനുമായി ബന്ധമുണ്ടായിരുന്ന കാര്യം സ്വാമിയോട് പറഞ്ഞു. ഇപ്പോള്‍ നീ ഈ ഒരു സാധ്വി ആയിരിക്കുന്നു എന്നും നിന്റെ ശരീരത്തിന്റെയും മനസിന്റെയും പൂര്‍ണ്ണ നിയന്ത്രണം തനിക്കാണെന്നും വേഴ്ചയിലൂടെ നിന്റെ അപവിത്രമായ ശരീരത്തെ ശുദ്ധീകരിക്കുകയാണെന്നും റാം റഹീം പറഞ്ഞു.വിധി കേട്ട റാം റഹീം നിറഞ്ഞ കണ്ണുകളോടെ പറഞ്ഞു. “ഞാന്‍ നിരപരാധിയാണ്. എന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. എനിക്കു മാപ്പ് തരണം" കൊള്ളാം സ്വാമി. താങ്കളുടെ ആശ്രമത്തിലെ അനുയായികള്‍ താങ്കളുടെ പരാക്രമങ്ങളെ കുറിച്ച് സൂചിപ്പിക്കാന്‍ ഉപയോഗിച്ച കോഡ് വാക്ക് താങ്കള്‍ക്ക് ഉപയോഗിക്കേണ്ടി വന്നിരിക്കുന്നു. അതിന്റെ യഥാര്‍ഥ അര്‍ത്ഥത്തില്‍.

Also Read: ഉത്തരേന്ത്യന്‍ ആള്‍ദൈവങ്ങള്‍ ദക്ഷിണേന്ത്യക്കാരെ കണ്ടു പഠിക്കണം: പിടിക്കപ്പെട്ടവരും പിടിക്കപ്പെടാത്തവരും


വിധി പ്രഖ്യാപനം കഴിഞ്ഞിട്ടും ജയിലിലേക്ക് പോകാന്‍ വിസമ്മതിച്ച റാം റഹീം മിനുട്ടുകളോളം കോടതി മുറിയാക്കി മാറ്റിയ ജയില്‍ മുറിയില്‍ നിലകൊണ്ടു. ബാബ 'മനുഷ്യ സ്നേഹി'യാണെന്നും സ്വച്ഛ ഭാരത് അഭിയാന്‍റെ മുന്നണിപ്പോരാളി ആണെന്നും ഒക്കെ വക്കീലിനെക്കൊണ്ട് വാദിപ്പിച്ചു നോക്കിയിട്ടും ജഡ്ജിയുടെ കണ്ണു തുറന്നില്ല.

Also Read: ഹരിയാനയിലെ ബലാത്സംഗ സ്വാമി ആള്‍ദൈവങ്ങളുടെ മണ്ണായ കേരളത്തോട് പറയുന്നത്

ജയിലഴികള്‍ ഭേദിച്ച് ഈ അമാനുഷികന്‍ പറന്നുയരുമെന്നും തങ്ങളുടെ ഇടയിലേക്ക് പറന്നിറങ്ങുമെന്നും കരുതിയിട്ടാകണം പാവം ആനുയായികള്‍ ഗുര്‍മീത് കുറ്റക്കാരനാണെന്ന് പ്രഖ്യാപിച്ചപ്പോള്‍ കാണിച്ച കന്നംതിരിവുകള്‍ ഒന്നും ഇന്നലെ കാണിച്ചില്ല. ലക്ഷക്കണക്കിനു വരുന്ന അനുയായികള്‍ ക്ഷമയോടെ പുറത്തു കാത്തിരുന്നു. സ്റ്റേറ്റിന്റെ കാവലില്‍.

ഒടുവില്‍ 1997 നമ്പര്‍ ജയില്‍ മുറിയിലേക്ക് റാം റഹീം നയിക്കപ്പെട്ടു. വേണമെങ്കില്‍ ഒരു മനുഷ്യനു ആത്മീയമായ ശുദ്ധീകരണം നടത്താന്‍ പറ്റിയ സ്ഥലം. വിമലീകരിക്കാന്‍ 'അപവിത്ര'കളായ സന്യാസിനിമാരും ആഡംബര കാറുകളും 700 ഏക്കര്‍ പരന്നു കിടക്കുന്ന ആശ്രമ വാടിയും അതിനുള്ളില്‍ 'വിമലീകരണ' പ്രക്രിയ നടത്തുന്ന അണ്ടര്‍ഗ്രൌണ്ട് മുറിയും ഉണ്ടാകില്ലെന്ന് മാത്രം. സിനിമയില്‍ അഭിനയിക്കാനും മ്യൂസിക് ആല്‍ബങ്ങള്‍ ചെയ്യാനും സമയം കാണില്ലെന്ന് മാത്രം. എന്നാല്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാനും യോഗ നടത്താനും ഇഷ്ടം പോലെ സമയം കിട്ടും. 20 വര്‍ഷം എന്നത് ചിട്ടയായ ആത്മീയ ജീവിതത്തിലൂടെ വിശുദ്ധ പദവിയിലേക്ക് ഉയരാന്‍ മതിയായ കാലം തന്നെ.

Also Read: റാം റഹിം സിംഗ്; വെറുമൊരു കോമാളിയല്ല കരുണാമയനായ ഈ പഞ്ചനക്ഷത്ര ബാബ

അങ്ങനെയെങ്കില്‍ ആര്‍ഷ ഭാരത ചരിത്രത്തിലെ പ്രഗത്ഭരായ സന്യാസിവര്യന്‍മാരുടെ നിരയിലേക്ക് റാം റഹീമിന് ഉയരാം. സ്വയം പ്രഖ്യാപിത ആള്‍ദൈവം സ്വയം വിചാരിക്കണം എന്നുമാത്രം.

(കവര്‍ചിത്രം കടപ്പാട്: ടൈംസ് ഓഫ് ഇന്ത്യ)

Also Read: ആള്‍ദൈവങ്ങളുടെ സ്വന്തം രാജ്യം; ശിക്ഷിക്കപ്പെട്ട പ്രമുഖര്‍ ഇവരൊക്കെയാണ്

Next Story

Related Stories