Top

ഹാദിയയുടെ 'ബ്ലൂ വെയില്‍ കളി'; ഹാന്‍സ് രാജ് ആഹിര്‍, സുപ്രീം കോടതി പിന്നെ സെന്‍കുമാറും

ഹാദിയയുടെ
“മലപ്പുറം ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ട്. അവിടെ ഏതാണ്ട് ആയിരം പേരെയൊക്കെയാണ് ഒരു മാസം മതം മാറ്റുന്നത്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ആണ് മുസ്ലീം ആക്കുന്നത്. മേയില്‍ ഞാന്‍ കേരളത്തില്‍ പോയിരുന്നു. ചീഫ് സെക്രട്ടറിയും പോലീസ് മേധാവിയുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ദാരിദ്ര്യമാണോ തൊഴിലില്ലായ്മയാണോ ഭീഷണിയാണോ മതം മാറ്റത്തിന് കരണമെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതു വരെ സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് തന്നിട്ടില്ല” കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ആഹിറിന്റെ ഈ ആരോപണം മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ‘വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി, മലപ്പുറത്ത് മാസം തോറും 1000 പേരെ മതം മാറ്റുന്നു’ എന്ന തലക്കെട്ടില്‍.

ഇതേ വാര്‍ത്ത ‘Kerala govt yet to submit report on religious conversions: Hansraj Ahir’ എന്ന തലക്കെട്ടോടെ ദി ഇന്ത്യന്‍ എക്സ്പ്രസ്സും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഹാദിയ കേസ് എന്‍ ഐ എ അന്വേഷിക്കണം എന്ന സുപ്രീം കോടതി നിര്‍ദേശത്തെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് മന്ത്രി മേല്‍ പറഞ്ഞ ആരോപണം ഉന്നയിച്ചിരിക്കുന്നത്.

ഹാദിയ കേസ് വിഷയത്തിലെ സുപ്രീം കോടതി നിലപാടിനെ കുറിച്ച് പറയുന്നതിന് മുന്‍പ് മന്ത്രിയുടെ കേരള സന്ദര്‍ശന വിശേഷത്തിലേക്ക് വരാം. അത് മാതൃഭൂമി തന്നെ സാമാന്യം വിശദമായി കൈകാര്യം ചെയ്തിട്ടുണ്ട്.

Also Read: ജന്മഭൂമിയിലില്ലെങ്കിലെന്താ മാതൃഭൂമിയിലുണ്ടല്ലോ; കേരളത്തില്‍ ലൌ ജിഹാദെന്ന് തെളിച്ചു പറയാത്തതെന്ത്?

‘മതപരിവര്‍ത്തനങ്ങള്‍ പരിശോധിക്കുന്നു; കേന്ദ്ര മന്ത്രി പോലീസ് മേധാവിയെ കണ്ടു’ എന്ന തലക്കെട്ടോടെ ജൂലൈ ആറിനാണ് വാര്‍ത്ത വന്നത്. (അപ്പോള്‍ മന്ത്രി പറഞ്ഞ മെയ് മാസത്തെ സന്ദര്‍ശനം എന്താണാവോ?)

മാതൃഭൂമി വാര്‍ത്ത ഇങ്ങനെ; “കേരളത്തില്‍ അടുത്തിടെ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണം തുടങ്ങി. പ്രത്യേക പൊതുപരിപാടികള്‍ ഇല്ലാതെ ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹാന്‍സ് രാജ് ഗംഗാറാം കേരളത്തിലെത്തിയത് പ്രധാനമായും ഇക്കാര്യത്തില്‍ വിവര ശേഖരണം ലക്ഷ്യമിട്ടാണെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു.”

“മതംമാറ്റങ്ങള്‍ക്ക് പിന്നിലെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരിശോധിക്കുന്നതെന്നാണ് വിവരം. കേരളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കഴിഞ്ഞ വര്‍ഷം അപ്രത്യക്ഷമായ 21 പേരില്‍ അഞ്ചു പേര്‍ മതം മാറിയവരാണ്”. മാതൃഭൂമി റിപ്പോര്‍ട്ട് തുടരുന്നു. ജൂലൈ 5നു നടത്തിയ മാധ്യമ സമ്മേളനത്തെ അടിസ്ഥാനമാക്കിയാണ് ഈ വാര്‍ത്ത.താന്‍ ജൂലൈ മാസം പറഞ്ഞ കാര്യം ഇപ്പോള്‍ സുപ്രീം കോടതി ഹാദിയ കേസില്‍ നല്കിയ ഉത്തരവുമായി ബന്ധപ്പെട്ട് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ് കേന്ദ്രമന്ത്രി. അതായത് കേരളത്തില്‍ ലൌ ജിഹാദ് എന്ന ബ്ലൂ വെയില്‍ കളി നടക്കുന്നു എന്ന്.

കഴിഞ്ഞ ദിവസം ഹാദിയ കേസില്‍ നിര്‍ണ്ണായക നിര്‍ദേശം നല്കിയ ശേഷം സുപ്രീം കോടതി കൌതുകകരമായ വിശദീകരണം നല്‍കി.

Also Read: മൊബൈലില്ല, ടിവിയില്ല, പത്രമില്ല, അമ്മയോട് സംസാരിക്കാറുമില്ല; ഹാദിയ നേരിടുന്നത് കടുത്ത മനുഷ്യവകാശ ലംഘനം

ഹാദിയ പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയാണ് എന്ന ഭര്‍ത്താവ് ഷഫിന്‍ ജഹാന്റെ അഭിഭാഷകനായ കപില്‍ സിബാല്‍ ചൂണ്ടിക്കാണിച്ചപ്പോഴാണ് കോടതി ബ്ലൂ വെയില്‍ താരതമ്യം എടുത്തിട്ടത്. ബ്ലൂ വെയില്‍ ഗെയിമിനെ കുറിച്ച് കേട്ടിട്ടില്ലേ എന്ന് ചോദിച്ച കോടതി ‘മാനസികമായി സ്വാധീനിച്ച് ഇത്തരം കാര്യങ്ങള്‍ ഒരാളെക്കൊണ്ട് എന്തും ചെയ്യിക്കും’ എന്നാണ് വിശദീകരിച്ചത്.

സുപ്രീം കോടതിയുടെ നടപടി സംഘപരിവാറിന്റെ പ്രൊപ്പഗാണ്ട ഗെയിമുകളെ എങ്ങിനെ അരക്കിട്ടുറപ്പിക്കുന്നു എന്ന് കഴിഞ്ഞ ദിവസം അഴിമുഖം പ്രസിദ്ധീകരിച്ച എഡിറ്റോറിയല്‍ കുറിപ്പില്‍ വിശദീകരിക്കുന്നുണ്ട്. "ഒരു മുതിര്‍ന്ന വ്യക്തിയില്‍ നിന്ന് അവരുടെ മതംമാറ്റ സംബന്ധമായ കാര്യങ്ങളിലെ സത്യാവസ്ഥ അന്വേഷിച്ചറിയാന്‍ രാജ്യത്തെ ഏറ്റവും പ്രമുഖ തീവ്രവാദ വിരുദ്ധ സേനയുടെ ആവശ്യമില്ല. ഹാദിയ മതംമാറ്റം നടത്തുകയും വിവാഹം കഴിക്കുകയും ചെയ്ത കാര്യം അന്വേഷിക്കാന്‍ എന്‍.ഐ.എയോട് സുപ്രീം കോടതി ആവശ്യപ്പെട്ടതിലൂടെ, ഹിന്ദുത്വ ശക്തികള്‍ ഇന്നുന്നയിച്ചു കൊണ്ടിരിക്കുന്ന വാദങ്ങള്‍ക്ക് ശക്തിപകരുകയായിരുന്നു. ജാതി, മതം എന്നിവ പരിഗണിക്കാതെ വിവാഹം കഴിക്കുന്നത് ഹിന്ദുക്കള്‍ക്കെതിരായ ഗൂഡാലോചനയുടെ ഭാഗമാണെന്ന അവരുടെ വാദം മാത്രമാണ് ഇതുകൊണ്ട് അരക്കിട്ടുറപ്പിക്കുന്നത്."

Also Read: ഹിന്ദുത്വയ്ക്കുള്ള ചട്ടുകമല്ല, ഭരണഘടനാ അവകാശങ്ങളുളള ഇന്ത്യന്‍ പൌരയാണ് ഹാദിയ, മൈ ലോര്‍ഡ്‌!

ആഹിര്‍ ജൂലൈയില്‍ വന്നു പോയതിന്റെ നാലു ദിവസങ്ങള്‍ക്ക് ശേഷമാണ് വിരമിച്ച പോലീസ് മേധാവി ടിപി സെന്‍കുമാര്‍ കേരളത്തില്‍ ലൌ ജിഹാദുണ്ടായിരുന്നു എന്ന പ്രസ്താവനയുമായി ബിജെപി സംഘടിപ്പിച്ച പരിപാടിയില്‍ പ്രത്യക്ഷപ്പെട്ടത് എന്നതും ആലോചനാമൃതം.

Also Read: ലൌ ജിഹാദ്: ‘ആട്ടിന്‍ തോലിട്ട ചെന്നായ’യെ തിരിച്ചറിയുമ്പോള്‍

അപ്പോള്‍ സംഘപരിവാര്‍ നടത്തുന്ന ബ്ലൂ വെയില്‍ കളി എങ്ങിനെയുണ്ട്? ഹന്‍സ് രാജ് ആഹിര്‍, ടിപി സെന്‍ കുമാര്‍, സുപ്രീം കോടതി, എന്‍ ഐ എ ഓരോരുത്തര്‍ തങ്ങളുടെ ടാസ്ക്കുകള്‍ പൂര്‍ത്തിയാക്കുമ്പോള്‍ ഈ നാടുണ്ടാകുമോ എന്തോ?

Next Story

Related Stories