TopTop
Begin typing your search above and press return to search.

കായിക മേലാളന്‍മാരോട്, തൊടുന്യായങ്ങള്‍ നിരത്താതെ നീതി നടപ്പാക്കൂ; ചിത്രയ്ക്കൊപ്പം

കായിക മേലാളന്‍മാരോട്, തൊടുന്യായങ്ങള്‍ നിരത്താതെ നീതി നടപ്പാക്കൂ; ചിത്രയ്ക്കൊപ്പം

“ഇത്തരം അവസരങ്ങള്‍ ജീവിതത്തില്‍ അപൂര്‍വ്വമായി ലഭിക്കുന്നതാണെന്നും അവസരം നഷ്ടപ്പെട്ടാല്‍ ഇനിയൊരിക്കലും കിട്ടാതെ പോകാമെന്നു”മുള്ള പി യു ചിത്ര കേസിലെ കോടതിയുടെ വിധി പ്രസ്താവത്തിലെ മാനുഷികത ഹൃദയസ്പര്‍ശിയാണ്. അത് തൊടേണ്ടവരുടെ ഹൃദയത്തില്‍ തൊടുമോ എന്നാണ് ഇനി അറിയേണ്ടത്.

“ലോക അത്‌ലറ്റിക് മീറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി കായിക താരം പി യു ചിത്രയെ ഉള്‍പ്പെടുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. അത്‌ലറ്റിക് ഫെഡെറേഷന്‍ ഓഫ് ഇന്ത്യയുടെ സിലക്ഷന്‍ നീതിയുക്തമായിരുന്നില്ലെന്ന് കുറ്റപ്പെടുത്തിയ കോടതി വനിതകളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ചിത്ര പങ്കെടുക്കുന്നുവെന്ന് ഫെഡെറേഷന്‍ ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു.” 'തെളിഞ്ഞു ചിത്ര നീതി' എന്ന തലക്കെട്ടില്‍ മലയാള മനോരമയുടെ കായിക പേജില്‍ പി യു ചിത്ര ചിരിച്ചു നില്‍ക്കുന്ന റിപ്പോര്‍ട്ട് ആരെയും സന്തോഷിപ്പിക്കും.

ചിത്രയോട് വിവേചനം കാണിച്ച് മാറ്റി നിര്‍ത്തിയതായി കോടതി കുറ്റപ്പെടുത്തിയ ഈ വിധി ഇന്ത്യന്‍ കായിക മേഖലയെ സംബന്ധിച്ചിടത്തോളം എന്തുകൊണ്ടും നിര്‍ണ്ണായകമാണ് എന്നു മാത്രമല്ല ചരിത്രപരം കൂടിയാണ്.

കോടതി ചൂണ്ടിക്കാണിച്ച ഫെഡെറേഷന്റെ അനീതിയില്‍ ചിലത്;

1. പൊതു സമിതികള്‍ ഏകീകൃത മാനദണ്ഡം പിന്തുടരണം എന്നതാണു പൊതു തത്വം. എന്നാല്‍ പലരോടും പല സമീപനങ്ങളാണ് ഫെഡറേഷന്‍ എടുത്തിരിക്കുന്നത്.

2. ഗുണ്ടൂര്‍ മീറ്റില്‍ പങ്കെടുക്കാത്തവരെ പരിഗണിക്കില്ല എന്നു ഫെഡറേഷന്‍ പറഞ്ഞിട്ടുണ്ടെങ്കിലും അത് പാലിച്ചിട്ടില്ല. ഗുണ്ടൂരില്‍ പങ്കെടുക്കാത്തവരും ലിസ്റ്റില്‍ ഉണ്ട്. അപ്പോള്‍ ഗുണ്ടൂര്‍ മീറ്റ് എന്നത് മാനദണ്ഡമല്ല എന്നു വ്യക്തം.

3. ചിത്രയുടെ ഗുണ്ടൂര്‍ മീറ്റിലെ പ്രകടനം ലോക മീറ്റിനുള്ള യോഗ്യതാ മാനദണ്ഡത്തിന് ഒപ്പം എത്തിയില്ലെന്നായിരുന്നു ഫെഡറേഷന്റെ ന്യായം. അതേ സമയം യോഗ്യതാ മാനദണ്ഡത്തിന്റെ അടുത്തുപോലും എത്താത്തവര്‍ ടീമിലുണ്ട് താനും.

എന്നാല്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീലിന് പോകാനുള്ള നീക്കത്തിലാണ് ഫെഡെറേഷന്‍ എന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ മാസം 24 നു ചിത്രയെ ഒഴിവാക്കി ലിസ്റ്റ് അയച്ചു കഴിഞ്ഞു.സമയം കഴിഞ്ഞു എന്ന സാങ്കേതിക വാദമാണ് ഫെഡെറേഷന്‍ ഉന്നയിക്കുന്നത്. തങ്ങളുടെ വാദം കേള്‍ക്കാതെയാണ് കോടതി വിധി പ്രസ്താവം പുറപ്പെടുവിച്ചത് എന്നും ഫെഡെറേഷന്‍ പറയുന്നു. രാജ്യാന്തര അത്‌ലറ്റിക് ഫെഡെറേഷനില്‍ അമിത സമ്മര്‍ദം ചെലുത്തിയാല്‍ മാത്രമേ ചിത്രയ്ക്ക് മുന്‍പില്‍ സാധ്യത തെളിയുകയുള്ളൂ എന്നിരിക്കെ ഫെഡെറേഷന്റെ പ്രതികൂല നിലപാട് ചിത്രയുടെ അവസരം നഷ്ടപ്പെടുന്നതിനെ ഇടയാക്കുകയുള്ളൂ. .

അതേസമയം “ഹൈക്കോടതി ഉത്തരവ് പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന്” കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ പ്രതികരിച്ചതായി ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രയെ ടീമില്‍ ഉള്‍പ്പെടുത്താന്‍ അത്‌ലറ്റിക് ഫെഡെറേഷന് നിര്‍ദേശം നല്കും എന്നും മന്ത്രി പറഞ്ഞു. "കേന്ദ്ര സര്‍ക്കാര്‍ കായിക താരങ്ങള്‍ക്ക് ഒപ്പമാണെന്നും അവരുടെ വളര്‍ച്ചയ്ക്കുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്നും" വിജയ് ഗോയല്‍ പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

മുപ്പത്തിയഞ്ചാമത് ദേശീയ ഗെയിംസില്‍ കേരളത്തിന്‌ വേണ്ടി മെഡല്‍ നേടിയ കായികതാരങ്ങള്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കുന്നതിന്റെ ഉത്തരവ് കൈമാറിക്കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവന എന്തുകൊണ്ടും അവസരോചിതമാണ്.

“കായികരംഗത്ത് പ്രാഗത്ഭ്യമുള്ളവര്‍ തങ്ങള്‍ക്ക് പിന്നാലെ വരുന്ന ഇളംകുരുന്നുകളെ വിവേചനമില്ലാതെ ഒരേ കണ്ണോടെ കാണണം. വ്യക്തിതാത്പര്യങ്ങള്‍ ഈ രംഗത്ത് കടന്നുവന്നാല്‍ കുട്ടികളുടെ അപാരമായ സാധ്യതകള്‍ക്ക് തിരിച്ചടിയുണ്ടാകും. കുട്ടികളുടെ പ്രത്യാശകള്‍ പോലും ഇത്തരം താത്പര്യങ്ങളുണ്ടായാല്‍ തകരും. അത്തരം പ്രവണതകള്‍ കായികരംഗത്തിന്റെ ഭാവിയെ അന്ധകാരത്തിലാക്കും. നാമുണ്ടാക്കിയ നേട്ടങ്ങളെ തകര്‍ക്കാന്‍ ഇതിടയാക്കും. നാടിന് കായികനേട്ടങ്ങള്‍ സമ്മാനിച്ച താരങ്ങള്‍ക്കൊപ്പം നാടുണ്ടാകും. അന്താരാഷ്ട്ര മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ കഴിയുന്ന പ്രതിഭകള്‍ക്ക് എല്ലാതലത്തിലുള്ള പ്രോത്‌സാഹനങ്ങളും നല്‍കും. ഒരു ദുഷ്പ്രവണതകളും കായികരംഗത്ത് ഉണ്ടാകരുതെന്ന് സര്‍ക്കാരിന് നിര്‍ബന്ധമുണ്ട്.”

പി യു ചിത്രയ്ക്ക് അനുകൂലമായി വന്ന ഹൈക്കോടതിയെ അഭിനന്ദിച്ചുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ച പോസ്റ്റില്‍ പിണറായി ഇങ്ങനെ പറയുന്നു, “ആർക്കും ബോധ്യപ്പെടാത്ത വിചിത്ര കാരണങ്ങൾ ഉന്നയിച്ച് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പൽ പങ്കെടുക്കാൻ പി.യു.ചിത്രക്ക് അത് ലറ്റിക്ക് ഫെഡറേഷൻ ഓഫ് ഇന്ത്യ അവസരം നിഷേധിച്ചതിനെതിരെ സ്പോർട്സിനെ സ്നേഹിക്കുന്ന മുഴുവൻ ആളുകളും പ്രതിഷേധത്തിലായിരുന്നു. ചിത്രയെ ലോകമീറ്റിൽ പങ്കെടുപ്പിക്കണമെന്ന് ഇപ്പോൾ ഹൈക്കോടതി ഉത്തരവിട്ടിരിക്കയാണ്. നിഷേധിക്കപ്പെട്ട നീതി ഹൈക്കോടതിയിലൂടെ ചിത്രക്ക് ലഭിക്കുന്നു. വിധി എന്തുകൊണ്ടും സ്വാഗതാർഹമാണ്. എ.എഫ്.ഐ കടുത്ത അനീതിയാണ് കാണിച്ചതെന്ന് ഹൈക്കോടതിയും സ്ഥിരീകരിച്ചു. ലോക മീറ്റിൽ ചിത്ര തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. ചിത്രക്ക് കേരള സർക്കാരിന്റെയും ജനങ്ങളുടെയും എല്ലാവിധ പിന്തുണയുമുണ്ടാകും.”

തനിക്കനുകൂലമായി വന്ന കോടതി വിധിയില്‍ ആഹ്ളാദവതിയാണ് പിയു ചിത്ര. ഇപ്പോള്‍ ഊട്ടിയിലെ കൂനൂരിലെ പരിശീലന ക്യാമ്പിലാണ് ചിത്രയുള്ളത്. “എനിക്കായി ഒറ്റക്കെട്ടായി നിന്ന കേരളത്തിലെ ജനങ്ങളോട്” ചിത്ര നന്ദി പറഞ്ഞു.

ഇനി നമുക്ക് നീതി നടപ്പാക്കലിനായി കാത്തിരിക്കാം; ചിത്രയ്ക്കൊപ്പം.


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories