TopTop
Begin typing your search above and press return to search.

തോക്കും ഭീഷണിയുമായി ഇതാ മൂന്ന് ജനാധിപത്യ പൂജാരികള്‍

തോക്കും ഭീഷണിയുമായി ഇതാ മൂന്ന് ജനാധിപത്യ പൂജാരികള്‍

തൊഴിലാളികള്‍ക്ക് നേരെ തോക്ക് ചൂണ്ടി പിസി ജോര്‍ജ്ജ് എംഎല്‍എ 'താര'മായപ്പോള്‍ യഥാര്‍ത്ഥ താരങ്ങള്‍ മൌനത്തിന്റെ കൂട്ടിലൊളിച്ചതാണ് ഇന്നലെ മലയാളികളെ ചിരിപ്പിച്ചതും ചിന്തിപ്പിച്ചതുമായ രണ്ടു സംഭവങ്ങള്‍. എന്നാല്‍ ക്ലൈമാക്സില്‍ നായകന്റെ വെടിയേറ്റ് കൊല്ലപ്പെടാന്‍ മാത്രം വിധിക്കപ്പെടാറുള്ള ചില നടന്മാര്‍ ഇന്നലെ സ്ക്രീന്‍ നിറഞ്ഞാടുന്നതും അലറുന്നതുമൊക്കെ നാം കണ്ടു. പലപ്പോഴും പ്രബുദ്ധമെന്ന് പറയുന്ന ജനാധിപത്യ സംവിധാനവും അതിലെ കളിക്കാരും കോമാളികളും സാമൂഹ്യ ബോധമില്ലാത്തവരും ചിലപ്പോള്‍ സാമൂഹ്യ വിരുദ്ധര്‍ തന്നെയും ആണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്നലത്തെ സംഭവങ്ങള്‍.

മുണ്ടക്കയത്തായിരുന്നു പിസി ജോര്‍ജ്ജിന്റെ പരാക്രമം. കൈയേറ്റ ആരോപണം അന്വേഷിക്കാന്‍ എത്തിയ ജോര്‍ജിനെ വെള്ളനാടി ഹാരിസണ്‍ പ്ലാന്റേഷന്‍ റബ്ബര്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ തടയുകയായിരുന്നു. വര്‍ഷങ്ങളായി എസ്റ്റേറ്റിന് സമീപം താമസിക്കുന്ന ജനങ്ങളെ എസ്റ്റേറ്റ് മുതലാളിമാരുടെ പിന്തുണയോടെ തൊഴിലാളികള്‍ ഉപദ്രവിക്കുന്നു എന്നായിരുന്നു പരാതി. സ്ഥലവാസികള്‍ എംഎല്‍എ എന്ന നിലയില്‍ പിസി ജോര്‍ജ്ജിന് പരാതി നല്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പിസി അവിടെ എത്തിയത്. അത് നല്ല കാര്യം തന്നെ. ഒരു എംഎല്‍എ എന്ന നിലയില്‍ ജനത്തിനോടുള്ള ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ പി സി കാണിക്കുന്ന ഈ ആവേശം ഏതൊരു എംഎല്‍എക്കും മാതൃകയാക്കാവുന്നതാണ്.

എന്നാല്‍ അവിടെ എത്തിയപ്പോള്‍ സീന്‍ ഡാര്‍ക്കായി. തൊഴിലാളികള്‍ പിസി ഗോ ബാക്ക് വിളിക്കാന്‍ തുടങ്ങി. ഇതെന്താ ബ്രിട്ടീഷുകാര്‍ ഭരിക്കുന്ന നാടോ. ഹാരിസണ്‍ യുകെ കമ്പനിയാണെന്നതൊക്കെ ശരി തന്നെ. പക്ഷേ പിസി സ്വതന്ത്ര ഇന്ത്യയിലെ പൌരനും ജനാധിപത്യത്തിന്റെ ശ്രീകോവിലിലെ ഒരു പൂജാരിയുമാണ്. സ്വന്തം പാര്‍ട്ടിയുടെ പേരില്‍ കോണ്‍ഗ്രസ്സ് ഉണ്ടെങ്കിലും പിസി അഹിംസാവാദിയൊന്നുമല്ല. ഗാന്ധി ഭക്തനാണെങ്കിലും ഗാന്ധിയനല്ല. പിസിക്കിഷ്ടം ഭഗത് സിംഗിന്റെ വഴിയാണ്.പിന്നെ മുന്‍ പിന്‍ ആലോചിച്ചില്ല. വെള്ളക്കാര്‍ക്ക് കങ്കാണി പണി എടുക്കുന്ന തൊഴിലാളികള്‍ക്ക് നേരെ അരയില്‍ നിന്നു തോക്ക് വലിച്ചെടുത്ത് പിസി യുദ്ധത്തിന്നു തയാറായി. എന്നാല്‍ സംഭവം കൈവിട്ട കളിയാവും എന്നു മനസിലായപ്പോള്‍ പിസിയെ സമാധാനിപ്പിച്ച് കാറില്‍ കയറ്റി രക്ഷപ്പെടുത്തുകയായിരുന്നു പോലീസ്.

"ആസിഡ് ബള്‍ബുകളും മാരകായുധങ്ങളുമായി എസ്റ്റേറ്റ് ഗുണ്ടകള്‍ പ്രതികരിക്കാന്‍ നില്‍ക്കുകയാണെന്ന് സൂചന ലഭിച്ചതിനെ തുടര്‍ന്ന് സ്വയരക്ഷയ്ക്കായാണ് തോക്ക് എടുത്തതെന്ന്" പിസി ജോര്‍ജ്ജ് പറഞ്ഞതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. പിസി ജോര്‍ജ്ജ് തങ്ങളുടെ നേരെ 'ഗ്രാമീണ ഭാഷ' പ്രയോഗിച്ചതായി തൊഴിലാളികളും ആരോപിച്ചു. എന്തായാലും പി സി അടക്കമുള്ള ജനപ്രതിനിധികള്‍ ഉറക്കമിളച്ചു ചിന്തിച്ച് ചര്‍ച്ച ചെയ്തു തയ്യാറാക്കുന്ന നിയമം നടപ്പിലാക്കാന്‍ ബാധ്യസ്ഥരായ പോലീസ് പിസിക്കെതിരെ കേസെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. തന്നെ ആക്രമിക്കാന്‍ ശ്രമിച്ച തൊഴിലാളികള്‍ക്ക് നേരെ പരാതി കൊടുക്കാന്‍ പിസി ഇതുവരെ തയ്യാറായിട്ടുമില്ല. തന്നെ കൊല്ലാന്‍ വന്നവരാണെങ്കിലും അവരും തന്റെ വോട്ടര്‍മാരല്ലേ. അവരോട് ക്ഷമിക്കാന്‍ ഒരു എംഎല്‍എക്ക് കഴിഞ്ഞില്ലെങ്കില്‍ അയാള്‍ ആ സ്ഥാനത്തിരിക്കാന്‍ യോഗ്യനാണോ?

ഇതേ ചോദ്യം തന്നെയാണ് ഇന്നലെ കൊച്ചിയിലെ ക്രൌണ്‍ പ്ലാസയിലെ ശീതീകരിച്ച മാധ്യമ സമ്മേളന ഹാളിലും മുഴങ്ങിയത്. ഈ താര എംഎല്‍എമാര്‍ യോഗ്യന്‍മാരോ? ട്രോളര്‍മാര്‍ പറയുന്നതു പോലെ മലയാളത്തിലെ നടീ നടന്മാരുടെ സംഘടനയായ അമ്മ, അമ്മായിയമ്മയായി മാറിയ നിമിഷങ്ങള്‍. രണ്ട് എംഎല്‍എമാരും ഒരു എം പിയും, തിരഞ്ഞെടുപ്പ് യുദ്ധത്തില്‍ സുധീരം പോരാടി വീണ ഒരു ജനാധിപത്യവാദിയും സാധിക്കുമെങ്കില്‍ രാജ്യസഭയുടെ അകത്തളം കാണാന്‍ കൊതിച്ചു നില്‍ക്കുന്ന ഒരു സൂപ്പര്‍ താരവും ഈ ജനാധിപത്യ രാഷ്ട്രത്തെ സംരക്ഷിച്ചു നിര്‍ത്തുന്ന സൈന്യത്തിലെ ഒരു കേണലും ഒക്കെ തിളങ്ങി നിന്ന വേദിയായിരുന്നു അത്.

നടി ആക്രമിക്കപ്പെടുന്ന സമയത്തെ ഡിജിപി ലോകനാഥ് ബെഹ്റ ഒന്നും മിണ്ടരുത് എന്നു പറഞ്ഞതുകൊണ്ടാണ് താന്‍ ഒന്നും പറയാത്തത് എന്നാണ് അമ്മ പ്രസിഡണ്ടും എം പിയുമായ ഇന്നസെന്‍റ് പറഞ്ഞത്. നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന ഉമ്മന്‍ തിയറിയിലാണ് പുള്ളിക്ക് വിശ്വാസം. അപ്പോ സഖാവേ, സലീം കുമാറും ദിലീപും ഒക്കെ നടിയെ പ്രസ്താവനകളിലൂടെ അപമാനിക്കുകയുണ്ടായല്ലോ. അതില്‍ എന്തെങ്കിലും നടപടി? ഇത്തരം സ്ത്രീ വിരുദ്ധ ഡയലോഗുകള്‍ സിനിമകളില്‍ ഉടനീളം പറഞ്ഞുശീലമായതിനാല്‍ പുള്ളിക്ക് തന്നെ അതില്‍ എന്തെങ്കിലും കാര്യമുള്ളതായി തോന്നുന്നില്ല. അച്ചായന് എല്ലാം ഒരു തമാശയല്ലേ?

ഇനി നമ്മുടെ രണ്ട് എംഎല്‍എമാരുടെ കാര്യമോ? അവര്‍ ഇന്നസെന്റിനെ പോലെ 'കോമാളി' താരമല്ല. പലപ്പോഴും വില്ലന്‍ വേഷം കെട്ടിയിട്ടുള്ളവരാണ്. ക്ലൈമാക്സില്‍ നായകന്റെ ഇടി എല്‍ക്കാന്‍ വിധിക്കപ്പെട്ടവര്‍. അവര്‍ക്ക് എന്തും പറയാം. സിനിമയില്‍ തിരക്കഥാകൃത്തുക്കള്‍ അങ്ങനെയൊരു സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പക്ഷേ എംഎല്‍എമാര്‍ എന്ന നിലയില്‍ അങ്ങനെയൊക്കെ പറയാമോ? അതും ഇടതുപക്ഷ എംഎല്‍എമാര്‍.

മാധ്യമ പ്രവര്‍ത്തകരോടായിരുന്നു ഇന്നലെ ഇവരുടെ പരാക്രമം. നടിക്ക് വേണ്ടി വേണ്ട രീതിയില്‍ ശബ്ദിക്കാത്തതിനും എന്നാല്‍ നടന് വേണ്ടി ആവശ്യത്തില്‍ കൂടുതല്‍ ശബ്ദിക്കുന്നതിനെയും കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ആവര്‍ത്തിച്ചുള്ള ചോദ്യമാണ് ഈ ജനാധിപത്യ പൂജാരികളെ അരിശം കൊള്ളിച്ചത്. "മാധ്യമ പ്രവര്‍ത്തകാരാണ് എന്നു കരുതി എന്തും ചോദിക്കാമെന്ന് കരുതേണ്ട" എന്നായിരുന്നു മുകേഷ് എംഎല്‍എയുടെ ഭീഷണി; ഒരു പിണറായി ലൈന്‍.

ഇന്നലെ ഒരു ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ രാജസേനന്‍ പറഞ്ഞത് പോലെ കെ ബി ഗണേഷ് കുമാറിനെ വെറുതെ വിടാം. മൂപ്പര്‍ പെട്ടെന്നു റെയിസാവും അത് പോലെ തണുക്കുകയും ചെയ്യും. ഗണേഷ് റെയിസായതിന്‍റെ ഫലം അനുഭവിച്ച വന്ദ്യ വയോധികയാനായ നേതാവിന്റെ രാഷ്ട്രീയ പക്ഷത്താണ് ഇപ്പോള്‍ ഈ നടന്‍ എന്നതും ജനാധിപത്യത്തിന്റെ ലീലാവിലാസം തന്നെ.

ഇനി മാധ്യമ സമ്മേളനത്തില്‍ നെടുങ്കന്‍ ഡയലോഗുമായി എത്തിയ ദേവന്‍ എന്ന മലയാള സിനിമയിലെ സുന്ദര വില്ലനോ? സംസ്ഥാനത്തെ ജനങ്ങളെ മുഖ്യധാര രാഷ്ട്രീയപാര്‍ട്ടിയുടെ കരാളഹസ്തത്തില്‍ നിന്നും രക്ഷിക്കാന്‍ കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം സംഘടന സ്ഥാപിച്ച ആളാണ്. 2004ല്‍ വടക്കാഞ്ചേരിയില്‍ നിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെടുകയും ചെയ്തു ഈ വീരന്‍. ഇപ്പോള്‍ പൈസയ്ക്ക് അല്പം മുട്ടുള്ളതുകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്.

എന്നാല്‍ രണ്ടു പേരുടെ നിശബ്ദത കണ്ടാണ് കേരള സമൂഹം മൂക്കത്ത് വിരല്‍ വെച്ചത്. ഒരാള്‍ പലപ്പോഴും രാജ്യസഭ എംപി സ്ഥാനം കപ്പിനും ചൂണ്ടിനും ഇടയില്‍ നഷ്ടപ്പെട്ടയാളും രണ്ടാമത്തെയാള്‍ സാമൂഹ്യ പ്രതിബദ്ധത ഉണരുമ്പോള്‍ ബ്ലോഗിലൂടെ തൂലിക പടവാളാക്കുന്ന കേണല്‍ സാബും. മമ്മൂട്ടി മേലേടത്ത് രാഘവന്‍ നായരുടെ ഭാവത്തില്‍ അന്തഃസംഘര്‍ഷങ്ങള്‍ മുഴുവന്‍ മുഖത്ത് ആവാഹിച്ച് ക്രൌണ്‍ പ്ലാസയുടെ മേല്‍ക്കൂരയിലേക്ക് കണ്ണുകള്‍ പായിച്ചപ്പോള്‍ ലാലേട്ടന്‍ മോദി സ്റ്റൈലിലായിരുന്നു. മൂപ്പര്‍ ഇന്നലെ മുഴുവന്‍ കണ്ണില്‍ കണ്ടവരോടൊപ്പം ഒക്കെ നിന്നു സെല്‍ഫി എടുത്തു കളിക്കുകയായിരുന്നു. ഇതിലെന്തെങ്കിലും രാഷ്ട്രീയ സൂചനയുണ്ടോ? വേറെ പണിയൊന്നും ഇല്ലെങ്കില്‍ ആര്‍ക്കും ചിന്തിക്കാവുന്നതാണ്.

ജനസേവകനായ ഒരു മകന്‍ കൂടിയുണ്ട് അമ്മയ്ക്ക്. അദ്ദേഹത്തിന്റെ കാര്യം കൂടി പറഞ്ഞിട്ടു ഈ കുറിപ്പ് അവസാനിപ്പിക്കാം. അമ്മയോട് പിണങ്ങി വീട് വിട്ടിറങ്ങിയ ഒരു മകന്‍. അമ്മയുടെ മറ്റ് മക്കളുടെ ഉഡായിപ്പുകളിലൊന്നും ഈ മകന് താത്പര്യമില്ല. തന്റെ സഹോദരങ്ങള്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ അമ്മയുടെ ജന്മവാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഇദ്ദേഹം പാലക്കാട് ആദിവാസികള്‍ക്കിടയില്‍ അവരുടെ കണ്ണീരൊപ്പുകയായിരുന്നു. തന്റെ സ്വന്തം സാമ്പാദ്യത്തില്‍ നിന്നും ആദിവാസികളുടെ ഉന്നമനത്തിനായി 50 ലക്ഷം രൂപ പ്രഖ്യാപിച്ചിരിക്കുകയാണ് ഈ നടന്‍ എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. (പണ്ട് എസിയുടെ കറന്‍റ് ചാര്‍ജ്ജ് അടക്കാന്‍ കാശില്ല എന്നു പറഞ്ഞു കണ്ണീര്‍ വാര്‍ത്ത ആളാണ്.) എന്തൊരു വേദനിക്കുന്ന കോടീശ്വരന്‍ അല്ലേ?


സാജു കൊമ്പന്‍

സാജു കൊമ്പന്‍

മാനേജിംഗ് എഡിറ്റര്‍

Next Story

Related Stories