TopTop

ജപ്തി ഇല്ല, കര്‍ഷകരെ തെരുവിലിറക്കാന്‍ ബാങ്കുകളെ അനുവദിക്കില്ല; ചിലതൊക്കെ ശരിയാവുന്നുണ്ട്

ജപ്തി ഇല്ല, കര്‍ഷകരെ തെരുവിലിറക്കാന്‍ ബാങ്കുകളെ അനുവദിക്കില്ല; ചിലതൊക്കെ ശരിയാവുന്നുണ്ട്
“ഒരുവശത്ത് കേന്ദ്രവും സംസ്ഥാനവും വിവിധ ഭവനപദ്ധതികളില്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നു. മറുവശത്ത് വായ്പക്കുടിശികയുടെ പേരില്‍ ജപ്തി ചെയ്ത് വീടില്ലാത്ത ലക്ഷക്കണക്കിനു പേരെ സൃഷ്ടിക്കുന്നു. ഇത് ഒഴിവാക്കേണ്ടതുണ്ട്”. മുഖ്യമന്ത്രി പിണറായി വിജയന്‍ വിരല്‍ ചൂണ്ടിയ ദുരന്തപൂര്‍ണ്ണമായ വൈരുദ്ധ്യം നമ്മുടെ വികസന പേച്ചുകളുടെ പൊള്ളത്തരത്തെ തന്നെയാണ് തുറന്നുകാട്ടുന്നതാണ്. “ചെറുകിടക്കാരുടെ കൃഷിഭൂമിയും കിടപ്പിടവും ജപ്തിചെയ്യില്ല” എന്ന ഇന്നലത്തെ നിയമ സഭാ പ്രമേയം അത് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ മുഖ്യ വാര്‍ത്തയായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. കര്‍ഷകരുടെ പത്രമായ മലയാള മനോരമ അത് അകം പേജ് വാര്‍ത്തയാക്കിയപ്പോള്‍ തൊഴിലാളി വര്‍ഗ്ഗ പത്രമായ ദേശാഭിമാനിക്ക് അത് ഒന്നാം പേജിലെ ഒന്നാം വാര്‍ത്തയായി കൊടുക്കാനുള്ള സാമൂഹ്യ പ്രാധാന്യം ഉണ്ടെന്ന് തോന്നിയില്ല.

മാധ്യമ വിശകലനം അവിടെയിരിക്കട്ടെ, വാര്‍ത്തയിലേക്ക് പോകാം.

മുഖ്യമന്ത്രി സഭയില്‍ അവതരിപ്പിച്ച പ്രമേയത്തിലെ പ്രധാന പോയിന്റുകള്‍ ഇതാണ്.

*വായ്പ കുടിശികയുടെ പേരില്‍ കൃഷിഭൂമിയും കിടപ്പിടവും ഏറ്റെടുക്കുന്നത് തടയും
*ഇതിനായി റവന്യൂ റിക്കവറി നിയമം ഭേദഗതി ചെയ്യും
*5 ലക്ഷം രൂപ വരെയുള്ള വായ്പയുടെ കുടിശികയുള്ളവരാണ് പരിഗണിക്കപ്പെടുക
*ഗ്രാമ പ്രദേശങ്ങളില്‍ ഒരു ഏക്കറും നഗര പ്രദേശങ്ങളില്‍ അര ഏക്കറും വരെയുള്ള കൃഷി ഭൂമിയെ ആണ് റവന്യൂ റിക്കവറി നടപടികളില്‍ നിന്നും ഒഴിവാക്കും.
*കടക്കാരന്റെ ഏക കിടപ്പിടം 1000 ചതുരശ്ര അടിയില്‍ കുറവാണെങ്കില്‍ അതും ജപ്തി നടപടികളില്‍ നിന്നും ഒഴിവാക്കും.
*ബാങ്ക് വായ്പയുടെ പേരില്‍ ചെറുകിടക്കാരുടെ വീട് ജപ്തി ചെയ്യുന്നത് തടയാന്‍ കേന്ദ്രം സര്‍ഫേസി നിയമം ഭേദഗതി ചെയ്യണം എന്നാവശ്യപ്പെടും.എന്നാല്‍ ഈ പ്രമേയം പ്രയോജനം ചെയ്യണമെങ്കില്‍ നിയമങ്ങളില്‍ മാറ്റം വരണം. “ജപ്തി നടത്തുന്ന റവന്യൂ റിക്കവറി നിയമം സംസ്ഥാനവും സര്‍ഫേസി നിയമം കേന്ദ്രവും ഭേദഗതി ചെയ്യണം” എന്നു മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. “സര്‍ക്കാര്‍ സ്ഥാപനങ്ങളും ചില ബാങ്കുകളും റവന്യൂ റിക്കവറി നിയമമാണ് പാലിക്കുന്നത്. ഇതനുസരിച്ച് കളക്ടറാണ് ജപ്തി നടത്തുന്നത്. എന്നാല്‍ പുതു തലമുറ ബാങ്കുകള്‍ ഉള്‍പ്പെടെ മിക്ക ബാങ്കുകളും സര്‍ഫേസി നിയമത്തിലൂടെയാണ് കുടിശ്ശിക ഈടാക്കുന്നത്.” മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്താണ് സര്‍ഫേസി നിയമം?

2002ല്‍ വാജ്‌പേയി സര്‍ക്കാരിന്റെ കാലത്താണ് സര്‍ഫേസി നിയമം (സെക്യൂരിറ്റൈസേഷന്‍ ആന്റ് റികണ്‍സ്ട്രക്ഷന്‍ ഓഫ് ഫൈനാന്‍ഷ്യല്‍ അസറ്റ്‌സ് ആന്റ് എന്‍ഫോഴ്‌സ്‌മെന്റ് സെക്യൂരിറ്റി ഇന്ററസ്റ്റ് ആക്ട്) പാസാക്കിയത്. തൊണ്ണൂറുകളോടെ മന്‍മോഹന്‍സിംഗിന്റേയും ചിദംബരത്തിന്റേയും നേതൃത്വത്തില്‍ ഈ നിയമം പാസ്സാക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. വായ്പയെടുത്താല്‍ മൂന്ന് മാസം ഗഡു മുടങ്ങുകയോ, കുടിശ്ശിക വരികയോ ചെയ്താല്‍ വായ്പയുടെ കാലാവധി പോലും പരിഗണിക്കാതെ ബാങ്കുകള്‍ക്ക് വായ്പ എടുത്ത ആളുടെ കിടപ്പാടത്തെ നിഷ്‌ക്രിയാസ്തിയായി പ്രഖ്യാപിച്ച് നേരിട്ട് പിടിച്ചെടുത്ത് സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കാനും ബാങ്കുകള്‍ക്ക് അമിതാധികാരം നല്‍കുന്നതാണ് സര്‍ഫേസി നിയമം.

Also Read: കേരളം മുങ്ങുകയാണ്; ബ്ലേഡ് മാഫിയയും ബാങ്കുകാരും വീതിച്ചെടുക്കുന്ന ജീവിതങ്ങള്‍

കോടിക്കണക്കിനു രൂപ വായ്പ എടുത്തവര്‍ വായ്പ തിരിച്ചടക്കാതെ മുങ്ങി നടക്കുമ്പോഴാണ് സാധാരണക്കാര്‍ ഈ കരിനിയമത്തിന്റെ പേരില്‍ വഴിയാധാരമാക്കപ്പെടുന്നത് എന്നതാണ് വൈരുദ്ധ്യം.

വായ്പ തട്ടിപ്പ് സംഘങ്ങളും ബ്ലേഡ് മാഫിയകളും സര്‍ഫേസി നിയമവും ഒക്കെ ചേര്‍ന്ന് ദരിദ്ര കുടുംബങ്ങളെ സാമ്പത്തിക കുരുക്കില്‍ പ്പെടുത്തിയതിനെ തുടര്‍ന്ന് സര്‍ഫേസി/ബാങ്ക് ജപ്തി വഞ്ചനയ്‌ക്കെതിരായ സമരസമിതിയും, ബ്ലേഡ് ബാങ്ക് ജപ്തിവിരുദ്ധ സമിതിയും മറ്റ് സംഘടനകളും ചേര്‍ന്ന് സര്‍ഫാസി ബാങ്ക് ജപ്തി വഞ്ചനക്കെതിരായ സഹായസമിതി രൂപീകരിക്കുകയുണ്ടായി. 2015 ആഗസ്ത് മാസം മുതല്‍ ഈ സമരസമിതിയുടെ നേതൃത്വത്തില്‍ ഇരുപതോളം വരുന്ന ഇരകള്‍ സമരത്തിലാണ്.

Also Read: ആദ്യം കിടപ്പാടങ്ങള്‍ തിരിച്ചു തരൂ, എന്നിട്ടുമതി അന്വേഷണ ഏജന്‍സികള്‍

കേരളത്തിലെ ചെറുകിട കര്‍ഷകരെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ തീരുമാനമാണ് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. നിയമം നടപ്പിലാക്കുമ്പോള്‍ അതിനു മുന്‍കാല പ്രാബല്യം വേണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യവും ജപ്തി നടപടികള്‍ നടപ്പിലാക്കുന്നതിന് സ്വകാര്യ ഏജന്‍സികളെ ഏല്‍പ്പിക്കുന്ന ചില ബാങ്കുകളുടെ നടപടി ഇല്ലാതാക്കണമെന്ന തിരുവഞ്ചൂര്‍ രാധാകൃഷന്‍, പിടി തോമസ് എന്നിവരുടെ ആവശ്യങ്ങളും സ്വാഗതാര്‍ഹമാണ്.

ജപ്തി സംബന്ധിച്ച നിയമ ഭേദഗതികള്‍ കൊണ്ടുവരുമ്പോള്‍ കര്‍ഷകര്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്ക് വായ്പ ലഭിക്കാത്ത സാഹചര്യം ഉണ്ടാവില്ല എന്നുസര്‍ക്കാര്‍ ഉറപ്പ് വരുത്തേണ്ടതുണ്ട്. വായ്പ തിരിച്ചുപിടിക്കുക ബുദ്ധിമുട്ടാണ് എന്നു മനസിലാക്കിയാല്‍ സ്വാഭാവികമായും വായ്പ അനുവദിക്കാന്‍ ബാങ്കുകള്‍ തയ്യാറാവാത്ത സാഹചര്യം ഉണ്ടാവും. ഇത് കര്‍ഷകരുടെ ഉപജീവനത്തെ ബാധിക്കുകയും അവരെ വീണ്ടും ആത്മഹത്യ മുനമ്പിലേക്ക് തളിവിടുകയും ചെയ്യും.

കേരളത്തില്‍ 5,06,904 പേര്‍ ഭവന രഹിതരാണ് എന്ന മന്ത്രി കെ ടി ജലീല്‍ ഇന്നലെ നിയമസഭയില്‍ പറഞ്ഞതും മുഖ്യമന്ത്രി പറഞ്ഞതിനോട് ചേര്‍ത്ത് വായികേണ്ടതാണ്. കുടുംബശ്രീയുടെ ലൈഫ് മിഷന്‍ നടത്തിയ സര്‍വേയുടെ കണ്ടെത്തലാണ് ഇന്നലെ മന്ത്രി സഭയില്‍ അവതരിപ്പിച്ചത്. “ഇതില്‍ 3,73,138 പേര്‍ ഭൂരഹിത ഭവന രഹിതരും 1,33,766 പേര്‍ ഭൂമിയുള്ള ഭവനരഹിതരുമാണ്” കേരള കൌമുദി റിപ്പോര്ട്ട് ചെയ്യുന്നു.

2016ല്‍ 7000ല്‍ അധികം കര്‍ഷക ആത്മഹത്യകളാണ് രാജ്യത്ത് നടന്നിട്ടുള്ളത്. ഇതില്‍ മറ്റ് സ്റ്റേറ്റുകളെ അപേക്ഷിച്ച് കേരളത്തിന്റെ പങ്ക് താരതമ്യേന കുറവാണെങ്കിലും കര്‍ഷക ആത്മഹത്യ എന്നത് വയനാട്ടിലും ഇടുക്കിയിലും ഒക്കെ സജീവമായി നിലനില്‍ക്കുന്ന പ്രശ്നം തന്നെയാണ്. 2000 മുതല്‍ 2015 വരെയുള്ള കാലഘട്ടത്തില്‍ 16000ത്തോളം കര്‍ഷക ആത്മഹത്യകളാണ് കേരളത്തില്‍ നടന്നിട്ടുള്ളത്.

Also Read: വിദ്യാഭ്യാസ വായ്പയെടുത്ത് കടക്കെണിയിലായവരെ രക്ഷിക്കാന്‍ പദ്ധതി: അറിയേണ്ട 5 കാര്യങ്ങള്‍


ഈ രണ്ട് കണക്കുകളും പരിഗണിക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാരിന്റെ ജപ്തി ഒഴിവാക്കാന്‍ നടത്തുന്ന നിയമ ഭേദഗതി നീക്കം ചരിത്രപരം ആകുന്നത്. ഈ അടുത്ത കാലത്ത് നടപ്പിലാക്കിയ വിദ്യാഭ്യാസ തിരിച്ചടവ് സഹായ പദ്ധതി പോലെ ജനക്ഷേമകരമായ ചുവടുവെയ്പ്പായി ഇതും മാറും എന്ന് പ്രതീക്ഷിക്കാം.

Also Read: കടം എഴുതിത്തള്ളല്‍ മാത്രമാകരുത്; വേണ്ടത് അഭിമാനത്തോടെ തൊഴിലെടുക്കാനുള്ള അവസരം

Next Story

Related Stories