TopTop
Begin typing your search above and press return to search.

നാളെയാണ്... നാളെയാണ്... ഓണം ബമ്പര്‍: ആ ഭാഗ്യാന്വേഷി സര്‍ക്കാര്‍ തന്നെ

നാളെയാണ്... നാളെയാണ്... ഓണം ബമ്പര്‍: ആ ഭാഗ്യാന്വേഷി സര്‍ക്കാര്‍ തന്നെ
ഓണക്കാലത്ത് മലയാളിയും (ഇതര സംസ്ഥാനക്കാരും) വാങ്ങി കൂട്ടിയത് 162.50 കോടി രൂപയുടെ ഓണം ബമ്പര്‍ ലോട്ടറി. എല്ലാ ചിലവും കമ്മീഷനും കഴിച്ച് സര്‍ക്കാരിന് ലാഭം 59 കോടി.

ഇനി ഓണക്കാലത്തെ മറ്റൊരു കണക്ക്.

484.22 കോടിരൂപയുടെ മദ്യമാണ് അത്തം മുതല്‍ തിരുവോണം വരെ മലയാളി കുടിച്ചു തീര്‍ത്തത്. മലയാളി പുരുഷന്‍ എന്നു പറയുന്നതായിരിക്കും കുറച്ചു കൂടി ശരി.

രണ്ടു കണക്കുകളും വെറും സംഖ്യകള്‍ മാത്രമല്ല. എന്താണ് മലയാളി എന്നതിന്റെ നേര്‍ചിത്രമാണ്. ചൂതാട്ടവും സോമരസ പാനവും തമ്മിലുള്ള നാഭീ നാള ബന്ധത്തിന്റെ പ്രാഗ് ചരിത്രത്തെ അത് നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഭാഗ്യത്തിലും ഭാഗ്യദോഷത്തിലും വിധിയിലും നിരാശയിലും അത്യാഹ്ലാദത്തിലും അത്യാര്‍ത്തിയിലും കിടന്നു പുളയുന്ന മനുഷ്യ ജീവിതത്തിന്റെ വിചിത്രതയും. വേണമെങ്കില്‍ അല്പം ദാര്‍ശനികമാകാവുന്ന ജീവിതാവസ്ഥ. അല്ലെങ്കില്‍ രോഗാതുരമെന്ന സാമൂഹ്യ ശാസ്ത്ര ചിന്ത.

"ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 10 കോടിയുടെ ഭാഗ്യവാന്‍ മലപ്പുറത്താണെങ്കിലും ശരിക്കും ഭാഗ്യം തുണച്ചത് സംസ്ഥാന സര്‍ക്കാരിനെയാണ്. 59 കോടിയാണ് സര്‍ക്കാരിന് അടിച്ചിരിക്കുന്നത്"- കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

"സംസ്ഥാന ലോട്ടറിയുടെ 50 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവും മൂല്യമുള്ള സമ്മാനവും ടിക്കറ്റുമാണ് ഇത്തവണത്തെ റെക്കോര്‍ഡ് ലാഭത്തിന് കാരണം"- മലയാള മനോരമയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.മലയാളിയുടെ ഭാഗ്യപ്രതീക്ഷയുടെ കുത്തക സര്‍ക്കാര്‍ ഏറ്റെടുത്തിട്ട് അരനൂറ്റാണ്ടായിരിക്കുന്നു. 1967ല്‍ ഒരു രൂപയുടെ ടിക്കറ്റ് വിറ്റും 50,000 രൂപയുടെ ഒന്നാം സമ്മാനം നല്‍കിയുമാണ് സംസ്ഥാന ലോട്ടറിയുടെ തുടക്കം.

ലോട്ടറി എടുക്കുന്നത് (കള്ളു കുടിക്കുന്നത് പോലെ) ഒരു മോശം സ്വഭാവമാണ് എന്ന സദാചാര ബോധത്തിലാണ് ഈ അരനൂറ്റാണ്ടു കാലം ഓരോ മലയാളിയും വളര്‍ന്നത്. എന്നാല്‍ രണ്ട് കച്ചവടവും നാള്‍ക്കുനാള്‍ പുഷ്ടിപ്പെടുകയല്ലാതെ ക്ഷയിച്ചതായി കണക്കുകള്‍ ഇല്ല. ഉള്ളൂ പൊള്ളയായ ഒരു വലിയ മധ്യവര്‍ഗ്ഗ സമൂഹമാണ് മലയാളി എന്നതിന്റെ പ്രത്യക്ഷ സൂചകങ്ങളില്‍ ഒന്നായി ഭാഗ്യത്തിന്റെയും ഭാഗ്യക്കേടിന്റെയും ഈ വളരുന്ന സ്ഥിതിവിവരക്കണക്കിനെ കാണാവുന്നതാണ്.

ജീവിതത്തില്‍ ഒരിക്കലെങ്കിലും ലോട്ടറി എടുക്കാത്ത മലയാളി അപൂര്‍വ്വമായിരിക്കും. അതിനു പല കാരണങ്ങള്‍ ഉണ്ടാകാം. വലിയ വീട് വെക്കാന്‍, മക്കളെ പഠിപ്പിക്കാന്‍, മകളെ കല്യാണം കഴിപ്പിച്ചയക്കാന്‍, ബിസിനസ് തുടങ്ങാന്‍, കടം വീട്ടാന്‍ അങ്ങനെയങ്ങനെ പോകും കാരണങ്ങള്‍. വരുമാനത്തിന്റെ മുഖ്യ പങ്ക് ലോട്ടറിക്ക് വേണ്ടി ചിലവഴിക്കുന്ന നിരവധിപേരുണ്ട് നമുക്ക് ചുറ്റിലും. ഒന്നോ രണ്ടോ അക്ക വ്യത്യാസത്തില്‍ ഭാഗ്യം കൈ വിട്ടു പോകുമ്പോള്‍ അടുത്ത തവണ എന്ന പ്രതീക്ഷ വീണ്ടും ടിക്കറ്റ് എടുപ്പിക്കും. ലോട്ടറി എടുത്തിട്ടെന്ന പോലെ ലോട്ടറി അടിച്ചും തുലഞ്ഞുപോയ നിരവധി കുടുംബങ്ങള്‍ ഉണ്ട്. അതാണ് പണത്തിന്റെ മഹേന്ദ്രജാലം.എന്നാല്‍ മദ്യത്തെപ്പോലെ ലോട്ടറി വ്യവസായത്തെയും അനുകൂലിക്കുന്ന കാരണങ്ങള്‍ അത് നല്‍കുന്ന തൊഴിലിന്റെ എണ്ണം തന്നെയാണ്. മദ്യത്തെ അപേക്ഷിച്ച് ലോട്ടറിയെ തൊഴിലായി ആശ്രയിക്കുന്നത് സമൂഹത്തിലെ അടിത്തട്ടിലുള്ളവരും അംഗപരിമിതരും അഗതികളായ സ്ത്രീകളും ഒക്കെയാണെന്നതും അതിന്റെ സാമൂഹ്യ അംഗീകാരം വര്‍ദ്ധിപ്പിക്കുന്നു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ലോട്ടറി എടുക്കാത്തയാള്‍ അന്ധനായ ഒരു ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും ലോട്ടറി വാങ്ങിക്കുന്നതിന്റെ മനഃശാസ്ത്രവും അനുകമ്പയുടേതാണ്.

എന്തായാലും ലോട്ടറി വ്യവസായവുമായി പൂര്‍വ്വാധികം ശക്തമായി മുന്‍പോട്ട് പോകാന്‍ തന്നെയാണ് സര്‍ക്കാരിന്റെ തീരുമാനം. “കഴിഞ്ഞ വര്‍ഷം 7,394 കോടിയുടെ ലോട്ടറിയാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് 10,000 കോടിയാണ്” മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. നാലരക്കോടിയുടെ പൂജാ ബംബര്‍ ഇപ്പോള്‍ വിപണിയില്‍ ഇറങ്ങിക്കഴിഞ്ഞു. വേറെ കൃഷിയൊന്നുമില്ലാത്ത കേരള സര്‍ക്കാര്‍ ഓടുന്നത് ഇങ്ങനെയൊക്കെയാണ്.ഇതിനിടയില്‍ അന്യ സംസ്ഥാന ലോട്ടറിയായും ഭൂട്ടാന്‍ ലോട്ടറിയായും ഓണ്‍ലൈന്‍ ലോട്ടറിയായും മലയാളിയുടെ ഭാഗ്യാന്വേഷണ ത്വരയെ കൊള്ളയടിക്കാന്‍ സാന്‍ഡിയാഗോ മാര്‍ട്ടിന്‍മാര്‍ കഴുകന്‍ കണ്ണുമായി കാത്തിരിക്കുന്നതും അഴിമതിയുടെയും തട്ടിപ്പിന്റെയും വാര്‍ത്തകളായി പൊങ്ങിവരുന്നുണ്ട്.

മലബാറില്‍ നിന്നു ഗല്‍ഫിലേക്കും മധ്യ തിരുവിതാംകൂറില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കും തുടരുന്ന പ്രവാസം പോലെ, മദ്യത്തിലൂടെ, ലോട്ടറിയിലൂടെ മലയാളിയുടെ ഭാഗ്യാന്വേഷണം തുടരുകയാണ്..

നാളെയാണ്... നാളയാണ്..

Next Story

Related Stories