Top

കെ സുരേന്ദ്രന്‍റേത് ഒരിക്കലും ജനാധിപത്യത്തിന്റെ വിജയച്ചിരി ആവില്ല

കെ സുരേന്ദ്രന്‍റേത് ഒരിക്കലും ജനാധിപത്യത്തിന്റെ വിജയച്ചിരി ആവില്ല
“കേരള നിയമസഭയില്‍ രണ്ടാമതൊരു ബിജെപി എം എല്‍ എ കടന്നു വരുന്നത് തടയാന്‍ എല്‍ഡിഎഫും യുഡിഎഫും ഒത്തുപിടിക്കുകയാണ്” കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് നിന്നും 89 വോട്ടിന് ലീഗ് സ്ഥാനാര്‍ത്ഥി പിബി അബ്ദുള്‍റസാഖിനോട് തോറ്റ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സുരേന്ദ്രന്റെ മനസ്സില്‍ ലഡു പൊട്ടിയിരിക്കുകയാണ്. നിയമയുദ്ധത്തില്‍ ജയിച്ച് എംഎല്‍എ കുപ്പായമിടാനുള്ള തയ്യാറെടുപ്പിലാണ് ഈ യുവനേതാവ്. ആ സന്തോഷം മുഖത്ത് കാണാനുമുണ്ട്.

അതേസമയം നിയമയുദ്ധത്തിലൂടെ സുരേന്ദ്രന്‍ ജയിച്ചു വരുന്നതിന് മുന്‍പ് രാജിവെച്ച് ഉപതിരഞ്ഞെടുപ്പിനുള്ള വഴി ഒരുക്കാനാണ് ലീഗ് ശ്രമിക്കുന്നത് എന്ന കിംവദന്തിയും പരക്കുന്നുണ്ട്. ലീഗ് എംഎല്‍എ റസാഖും മുസ്ലീം ലീഗ് അഖിലേന്ത്യാ നേതാവ് കുഞ്ഞാലിക്കുട്ടിയും ഈ വാര്‍ത്തകള്‍ തള്ളിക്കളഞ്ഞിട്ടുണ്ടെങ്കിലും.

കേന്ദ്ര സര്‍ക്കാരിന്റെ സര്‍വ്വ അധികാര ശേഷിയും സുരേന്ദ്രന്‍ ഈ കാര്യത്തില്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് മാധ്യമ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. സുരേന്ദ്രന്‍ സമര്‍പ്പിച്ച കള്ളവോട്ട് നടന്നു എന്നാരോപിക്കുന്ന 259 പേരുടെ പട്ടികയില്‍ 26 പേരുടെ വിവരങ്ങള്‍ കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സി പരിശോധിച്ചു കഴിഞ്ഞു എന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ 6 പേര്‍ മാത്രമാണ് വോട്ടെടുപ്പ് ദിവസം നാട്ടില്‍ ഉണ്ടായിരുന്നത് എന്ന് കണ്ടെത്തിയതായും മനോരമയുടെ റിപ്പോര്‍ട്ടിലുണ്ട്. 45 ആളുകളുടെ പേരില്‍ ലീഗ് കള്ളവോട്ട് ചെയ്തു എന്ന് തെളിഞ്ഞാല്‍ മാത്രം പോര സുരേന്ദ്രന് എംഎല്‍എ ആകാന്‍. കള്ളവോട്ട് വീണിരിക്കുന്നത് കോണിക്കാണെന്ന് തെളിയുകയും വേണം. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിലെ വിവരങ്ങള്‍ ഡീകോഡ് ചെയ്താല്‍ ഈ കാര്യം കണ്ടെത്താന്‍ സാധിക്കും എന്നാണ് മാതൃഭൂമി പറയുന്നത്. മാതൃഭൂമിയാണെങ്കില്‍ തുടക്കം മുതല്‍ ഇക്കാര്യത്തില്‍ സുരേന്ദ്രനെക്കാള്‍ തിടുക്കം കാണിക്കുന്നുണ്ട് താനും. പക്ഷെ, ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഡീകോഡ് ചെയ്തെടുത്ത് ആരാണ് വോട്ട് ചെയ്തതെന്ന് കണ്ടെത്താന്‍ ശ്രമിച്ചാല്‍ രാജ്യത്തെ ജനാധിപത്യ പ്രക്രിയയില്‍ അതുണ്ടാക്കാന്‍ പോകുന്ന ഭവിഷ്യത്തുക്കള്‍ എന്തായാലും മാതൃഭൂമിയുടെ കണ്ണില്‍ പെട്ടിട്ടില്ല.   എന്തായാലും ഇതൊക്കെ നടന്നാല്‍ ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ സുപ്രധാന കേസായി മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കേസ് മാറും എന്ന കാര്യത്തില്‍ സംശയമില്ല.

സുരേന്ദ്രനോട് പല കാര്യങ്ങളിലും വിയോജിപ്പുണ്ടെങ്കിലും ഇപ്പോള്‍ അദ്ദേഹം ചെയ്തു കൊണ്ടിരിക്കുന്നത് നിയമത്തിന്റെ വഴിയാണ്. അതില്‍ അദ്ദേഹം വിജയിക്കുകയോ തോല്‍ക്കുകയോ ചെയ്യാം. എന്നാല്‍ കോടതി വഴിയാണെങ്കിലും വര്‍ഗ്ഗീയ രാഷ്ട്രീയം വിജയപതാക ഉയര്‍ത്തുന്നു എന്നത് കേരളത്തിന്റെ മതേതര മനസുകളില്‍ ഞെട്ടല്‍ ഉണ്ടാക്കും എന്ന കാര്യത്തില്‍ സംശയമില്ല. “മതേതരക്കാർ നൂറു തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചാലും ഗോഹത്യയെ എതിർക്കും” എന്ന സുരേന്ദ്രന്റെ മെയ് 29ന്റെ ഫേസ്ബുക്ക് പോസ്റ്റ് തന്നെ ഉദാഹരണം. തീവ്ര വര്‍ഗ്ഗീയ രാഷ്ട്രീയം പറയുന്ന, ഊതിക്കാച്ചിയ ഈ ആര്‍എസ്എസുകാരന്‍റെ കലിപ്പ് മതേതര മനുഷ്യരോടാണ് എന്ന് വ്യക്തം.



കള്ളവോട്ട് എന്ന പ്രതിഭാസം ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നേരത്തെ കടലാസ് ബാലറ്റ് ഉള്ളപ്പോള്‍ ശക്തമായിരുന്ന കള്ള വോട്ട്, തിരിച്ചറിയല്‍ കാര്‍ഡ് വന്നതിനു ശേഷം അല്‍പം കുറഞ്ഞിരുന്നെങ്കിലും പൂര്‍ണ്ണമായും അവസാനിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന്റെ വരവോടെ വീണ്ടും കുറവ് വന്നെങ്കിലും ഓരോ പാര്‍ട്ടികളും തങ്ങള്‍ക്ക് ശക്തിയുള്ള കേന്ദ്രങ്ങളില്‍ ഇപ്പോഴും നിര്‍ബാധം കള്ളവോട്ട് നടത്തുന്നുണ്ട്. മഞ്ചേശ്വരം മണ്ഡലത്തില്‍ തങ്ങളുടെ ശക്തി കേന്ദ്രങ്ങളില്‍ ബിജെപി ഒരു കള്ളവോട്ട് പോലും ചെയ്തിട്ടില്ല എന്ന് കെ സുരേന്ദ്രന് നെഞ്ചില്‍ കൈവെച്ച് പറയാന്‍ സാധിക്കും എന്ന് തോന്നുന്നില്ല. ഇതേ ആരോപണം കണ്ണൂരില്‍ എത്തുമ്പോള്‍ സിപിഎമ്മിന് നേരെയും ചില കോണ്‍ഗ്രസ്സ് കേന്ദ്രങ്ങളില്‍ അവരുടെ പേരിലും പ്രയോഗിക്കപ്പെടാറുണ്ട്.

അതേ സമയം കള്ളവോട്ടിനേക്കാള്‍ മാരകമായ ആരോപണമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കെതിരെ ആം ആദ്മി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പാര്‍ട്ടികള്‍ ഉന്നയിച്ചത്. അത് ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ തന്നെ കൃത്രിമം കാണിക്കപ്പെടുന്നു എന്നാണ്. ഇവിടത്തെ ആരോപണം ശാസ്ത്രീയമായി തെളിയിക്കാന്‍ പറ്റിയിട്ടില്ലെങ്കിലും നിരവധി രാജ്യങ്ങള്‍ ഇവിഎം മാറ്റി കടലാസ് ബാലറ്റിലേക്ക് തിരിച്ചു പോയതിന്റെ ചരിത്രം നമ്മുടെ മുന്‍പിലുണ്ട്.

അധികാരവും ധനശേഷിയും ഉണ്ടെങ്കില്‍ എളുപ്പത്തില്‍ അട്ടിമറിക്കാന്‍ പറ്റുന്നതാണ് നമ്മുടെ കൊട്ടിഘോഷിക്കുന്ന ജനാധിപത്യ പ്രക്രിയ എന്നത് ഒരു ഫാസിസ്റ്റ് ഭരണകാലത്ത് തരുന്ന അപകട സൂചന വളരെ വലുതാണ്. അതുകൊണ്ട് തന്നെ കെ സുരേന്ദ്രന്‍ ചിരിച്ചാല്‍ അതൊരിക്കലും ജനാധിപത്യത്തിന്റെ വിജയച്ചിരി ആകില്ല എന്നു തീര്‍ച്ച.

Next Story

Related Stories