Top

ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു 'ക്രിമിനല്‍ ഗൂഡാലോചന' തന്നെയാണ്

ആലുവാ ജയിലിലേക്കുള്ള സിനിമാക്കാരുടെ ലോംഗ് മാര്‍ച്ച് ഒരു
പിസി ജോര്‍ജ്ജിന്റെ പരാമര്‍ശം തനിക്ക് മാനഹാനി ഉണ്ടാക്കിയതായി ആക്രമിക്കപ്പെട്ട നടി പോലീസിന് ഇന്നലെ മൊഴി നല്‍കി. "തനിക്കെതിരായ പ്രചാരണത്തിന് ചിലര്‍ ഈ പരാമര്‍ശങ്ങള്‍ ഉപയോഗിച്ചു. വ്യക്തിഹത്യ നടത്തുന്നതിന് തുല്യമായിരുന്നു പ്രസ്താവന. ഇത് സാധാരണക്കാര്‍ക്കിടയില്‍ തന്നെക്കുറിച്ച് സംശയത്തിന് ഇട നല്‍കി. ഇത് ഏറെ വേദനിപ്പിച്ചു"- നടിയുടെ മൊഴി കേരള കൌമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദിലീപിന്റെ 'ഔദാര്യം' പറ്റിയവര്‍ ആലുവ സബ്ജയിലിലേക്ക് മാര്‍ച്ച് ചെയ്യണം എന്ന് എംഎല്‍എയും നടനുമായ ഒരു മഹാന്റെ ആഹ്വാനത്തെ തുടര്‍ന്ന് മലയാള സിനിമയിലെ പ്രമുഖ ദേഹങ്ങള്‍ സഹതാപാതിരേകത്താല്‍ ആലുവയിലേക്ക് കുതിക്കുന്നത് കണ്ട് കേരള ജനത അന്തംവിട്ടു നില്‍ക്കുമ്പോഴാണ് പിസി ജോര്‍ജ്ജ് കേസില്‍
നടിയുടെ മൊഴി
പുറത്തു വരുന്നത്.

സമൂഹം ശ്രദ്ധിക്കുന്ന ആളുകള്‍ കുറ്റാരോപിതന് നല്‍കുന്ന പിന്തുണ സാധാരണക്കാര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുക എന്നു വിശദീകരിക്കേണ്ട കാര്യമില്ലല്ലോ.

Also Read: ‘കടക്ക് പുറത്തെ’ന്നല്ല ‘കിടക്ക് അകത്തെ’ന്നു പറയണം പിസിയോട്; അപമാനിച്ചത് മുഴുവന്‍ സ്ത്രീകളെയും

അതില്‍ നടനും ഭരണ മുന്നണി എംഎല്‍എയും മുന്‍മന്ത്രിയും അമ്മയുടെ വൈസ് പ്രസിഡന്റുമായ കെ ബി ഗണേഷ് കുമാര്‍ ആലുവ സബ്ജയിലിന് മുന്‍പില്‍ വെച്ചു നടത്തിയ പ്രസ്താവനയാണ് പോലീസിനെ ഏറെ അസ്വസ്ഥമാക്കിയിരിക്കുന്നത്.

"കോടതി കുറ്റവാളിയാണെന്ന് പറയുന്നത് വരെ ദിലീപ് നിരപരാധിയാണ്. സുഹൃത്ത് എന്ന നിലയിലാണ് ദിലീപിനെ ജയിലിലെത്തി സന്ദർശിച്ചത്. നടി ആക്രമിക്കപ്പെട്ട കേസിന്‍റെ അന്വേഷണത്തിൽ തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ തിരുത്താൻ മുഖ്യമന്ത്രി തയാറാകണം" - ഗണേഷ് കുമാര്‍ പറഞ്ഞത് ഇതാണ്.

പ്രസ്താവനയില്‍ പോലീസിനെതിരെയുള്ള പരാമര്‍ശമാണ് അന്വേഷണ സംഘത്തെ പ്രകോപിപ്പിച്ചിരിക്കുന്നത്. ഒരു ഭരണപക്ഷ എംഎല്‍എ കൂടിയായ ഗണേഷ്, ദിലീപിന് നല്‍കിയ ക്ലീന്‍ ചിറ്റിനെതിരെ കോടതിയെ സമീപിച്ചിരിക്കുകയാണ് അന്വേഷണ സംഘം. കൂടാതെ കേസിലെ സാക്ഷികളായ നാദിര്‍ഷാ, നിര്‍മ്മാതാവ് എം രഞ്ജിത്ത് എന്നിവരുടെ സന്ദര്‍ശനവും കേസിനെ പ്രതികൂലമായി ബാധിക്കും എന്നു അന്വേഷണ സംഘം വിലയിരുത്തുന്നു.

Read More: ദിലീപിലൂടെ വെളിപ്പെടുന്ന കേരളം എന്ന ക്രൈം സ്റ്റേറ്റ്

കേസിനെ അട്ടിമറിക്കാനുള്ള ശ്രമം എന്നതിനോടൊപ്പം ഈ സന്ദര്‍ശനങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം എന്താണ് എന്നാണ് പരിശോധിക്കപ്പെടേണ്ടത്. ജയിലില്‍ കിടക്കുന്ന സുഹൃത്തിനെ കുറച്ചു ചങ്ങാതികള്‍ കാണാന്‍ പോകുന്നു എന്ന വിശദീകരണത്തില്‍ അവസാനിപ്പിക്കാവുന്ന അത്ര ലളിതമായ കാര്യമല്ല ഇവിടെ ഉണ്ടായിരിക്കുന്നത്. ജയിലിലേക്ക് ഒഴുകിയവരില്‍ ഏറെയും സിനിമാക്കാരും അതുകൊണ്ട് തന്നെ മാധ്യമ ശ്രദ്ധ കിട്ടുന്നവരുമാണ്. അവര്‍ പറയുന്ന ഓരോ വാക്കും ജനം ശ്രദ്ധയോടെ കേള്‍ക്കുക തന്നെ ചെയ്യും.ഓണക്കോടിയുമായെത്തിയ ജയറാം താന്‍ എല്ലാ വര്‍ഷവും ചെയ്യുന്ന ആചാരം മുറ തെറ്റിക്കാതെ നടത്തുകയായിരുന്നു എന്നു പറയുന്നതും ജയിലില്‍ വന്നു കാണാതെ തന്നെ, ദിലീപ് 'ഇത്തരം മണ്ടത്തരങ്ങള്‍ ചെയ്യില്ലെ'ന്നും ദിലീപിന്റെ 'നിരപരാധിത്വം കാലം തെളിയിക്കുമെന്നും' പറഞ്ഞ നടന്‍ ശ്രീനിവാസനും നിര്‍വഹിക്കുന്നത് ഒരേ ധര്‍മ്മമാണ്. ദിലീപിനെ മിസ്റ്റര്‍ ക്ലീന്‍ ആക്കല്‍. വെളുപ്പിക്കല്‍. കുറ്റ വിമുക്തനാക്കല്‍.

Also Read: അയാള്‍ ശശിയല്ല, ശ്രീനിയെ നിങ്ങള്‍ക്ക് അറിയാഞ്ഞിട്ടാ…


ഇവരില്‍ എത്ര പേര്‍ ഈ ഓണക്കാലത്ത് ആക്രമിക്കപ്പെട്ട നടിയോട് ഐക്യപ്പെട്ട് സംസാരിക്കുകയോ ഓണക്കോടി സമ്മാനിക്കാന്‍ എത്തുകയോ ചെയ്തിട്ടുണ്ട് എന്നതിനെ കുറിച്ച് ആലോചിച്ചാല്‍ മാത്രം മതി ഒരാഴ്ച്ചയ്ക്കിടെ ജയിലില്‍ സന്ദര്‍ശിച്ച അന്‍പതോളം സിനിമാക്കാരുടെ നാടകം കളിയുടെ ലക്ഷ്യം എന്താണെന്ന് മനസിലാക്കാന്‍. നടിക്ക് അനുകൂലമായി പറയുന്ന ഓരോ വാക്കും സമൂഹ മധ്യത്തില്‍ ദിലീപിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാകുമെന്ന് അവര്‍ക്കറിയാം.

സിനിമാക്കാരുടെ കൂട്ട തീര്‍ഥാടനത്തെ കുറിച്ച് തിരക്കഥാകൃത്തും വിമന്‍ ഇന്‍ സിനിമ കലക്ടീവ് ഭാരവാഹിയുമായ ദീദി ദാമോദരന്‍ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിക്കുന്നു;

"കുറ്റാരോപിതനുള്ള പിന്തുണയുമായി ചലച്ചിത്ര പ്രവർത്തകരുടെ ജയിലിലേക്കുള്ള കൂട്ടതീർത്ഥയാത്രയിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല . അതു തന്നെയാണവർ പിന്നിട്ട 89 വർഷമായി സിനിമയിലും ചെയ്തു പോന്നിട്ടുള്ളത്. അത് നിർവ്വഹിച്ചു കൊടുക്കുന്ന പണി മാത്രമായിരുന്നു സ്ത്രീകൾക്ക്. ഇപ്പോഴുണ്ടായ വ്യത്യാസം ചരിത്രപരമാണ്. അത് ആക്രമിക്കപ്പെട്ട പെൺകുട്ടി പരാതിപ്പെട്ടു എന്നതാണ്. അവൾക്കൊപ്പം നിൽക്കാൻ ഒരു പെൺകൂട്ട് ഉണ്ടായി എന്നതാണ്. പതിവുകൾ തെറ്റിച്ചു കൊണ്ട് അധികാരികൾ മൂകരും ബധിരരും അല്ലെന്ന് സാക്ഷ്യപ്പെട്ടുത്തി എന്നതാണ്. അത് നാമിന്നോളം കണ്ട ആൺ തിരക്കഥകളിലെ തിരുത്താണ്. ഈ തിരുത്ത് നാളെ ആർക്കു നേരെയും ഉയരാം എന്ന സാധ്യതയാണ് ഭീതിയായി അതിനെ മുളയിലേ നുള്ളാനുള്ള ഈ വ്യഗ്രതയുടെ അടിസ്ഥാനം. കൂട്ട യാത്രയുടെ ഉള്ളടക്കം അതു മാത്രമാണ്. ഈ തിരുത്ത് അവരുടെ ധാർഷ്ട്യത്തിനേറ്റ (ചെറുതെങ്കിലുമായ) ആഘാതമാണ്. ഹൃദയത്തിലുണ്ടായ (മാരകമല്ലാത്തതെങ്കിലും) ഒരു സുഷിരമാണ്. അതെങ്ങനെ അവരെ അങ്കലാപ്പിലാക്കാതിരിക്കും.”ദീദി പറഞ്ഞിടത്ത് മാത്രം ഒതുങ്ങി നില്‍ക്കുന്നതല്ല ഈ അഭിപ്രായ രൂപീകരണ ശ്രമം. തനിക്കേറ്റ ക്രൂര പീഡനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്‍പില്‍ എത്തിക്കാന്‍ സധൈര്യം മുന്നോട്ട് വന്ന ഒരു പെണ്‍കുട്ടിയെ അധീരയാക്കാന്‍ അവരുടെ കൂടി സഹപ്രവര്‍ത്തകരായ ഈ പുരുഷ കേസരികള്‍ നടത്തുന്ന ഒരു ക്രിമിനല്‍ പ്രവര്‍ത്തനം കൂടിയാണ് ഇത്.

Also Read: ഒരു പ്രകാശ് രാജിന്റെ ആര്‍ജ്ജവമൊന്നും നിങ്ങളില്‍ നിന്നു പ്രതീക്ഷിക്കുന്നില്ല, പക്ഷേ സത്യം അറിയാനെങ്കിലും അവള്‍ക്കൊപ്പം നിന്നുകൂടെ; സജിത മഠത്തില്‍

Next Story

Related Stories