TopTop
Begin typing your search above and press return to search.

തിരുവനന്തപുരം നായര്‍ക്കുള്ള സ്വച്ഛ്താ പ്രേമലേഖനവും കണ്ണന്താനത്തെ വിലക്കിയ പെരുന്നയിലെ പോപ്പും

തിരുവനന്തപുരം നായര്‍ക്കുള്ള സ്വച്ഛ്താ പ്രേമലേഖനവും കണ്ണന്താനത്തെ വിലക്കിയ പെരുന്നയിലെ പോപ്പും
മോഹന്‍ലാല്‍ തന്റെ ഒരു കടുത്ത ആരാധകനാണ് എന്ന് നവമാധ്യമങ്ങളില്‍ വിരാജിക്കുന്ന പ്രധാന മന്ത്രി മോദിക്ക് അറിയാം. കമല്‍ ഹാസന് പിണറായിയോട് എന്ന പോലെ.

ആ സ്നേഹം ചെമ്പാണോ അതോ തനിതങ്കം തന്നെയോ എന്ന് തെളിയിക്കാന്‍ ഒരു ബാണം തൊടുത്തിരിക്കുകയാണ് മോദി കത്തിന്റെ രൂപത്തില്‍. അതിന്റെ രത്നച്ചുരുക്കം ഇങ്ങനെ.

"മഹാത്മാഗാന്ധിയുടെ ഹൃദയത്തോട് ചേര്‍ന്നു നിന്നിരുന്ന സ്വച്ഛ്താ പദ്ധതിയുമായി ബന്ധപ്പെട്ടാണ് ഇതെഴുതുന്നതെന്ന് പറഞ്ഞാണ് കത്ത് തുടങ്ങുന്നത്. വിവിധ വിഭാഗങ്ങളുടെ കൂട്ടായ്മയിലൂടെ മാത്രമേ രാജ്യത്ത് വൃത്തി സാധിക്കുകയുള്ളൂവെന്നായിരുന്നു ഗാന്ധിജിയുടെ വിശ്വാസം. ഓരോരുത്തരും അതില്‍ പങ്കാളികളാകണം. ഇക്കാര്യം മനസില്‍ വച്ചുകൊണ്ട് ശുചിത്വവിഷയത്തില്‍ ഓരോരുത്തരും തങ്ങളുടെ ഉത്തരവാദിത്ത ബോധം പുതുക്കേണ്ടതുണ്ട്. ശുചിത്വം സേവനമാണ് എന്ന് ഓര്‍ത്തുകൊണ്ടായിരിക്കണം വരും നാളുകളിലെ നമ്മുടെ പ്രവര്‍ത്തനങ്ങള്‍. ഗാന്ധിജയന്തി വരെ രാജ്യമൊട്ടുക്ക് പ്രചരണ പരിപാടികള്‍ നടത്തുന്നത് ഈ ലക്ഷ്യം മുന്നില്‍ക്കണ്ടാണ്.

വൃത്തിഹീനമായ ചുറ്റുപാട് രാജ്യത്തെ ദുര്‍ബല വിഭാഗത്തെയാണ് ഏറ്റവുമധികം ബാധിക്കുകയെന്നും അവര്‍ക്ക് വേണ്ടി ചെയ്യാവുന്ന ഏറ്റവും മഹനീയമായ സേവനം ശുചിത്വമുള്ള ചുറ്റുപാട് സമ്മാനിക്കുകയാണെന്നും കത്തില്‍ പറയുന്നു. സമൂഹത്തില്‍ വന്‍തോതിലുള്ള മാറ്റം കൊണ്ടുവരുന്നതിന് സിനിമയ്ക്ക് സാധിക്കും. ഏറെ ആരാധകര്‍ ഉള്ള നടനെന്ന നിലയ്ക്ക് മോഹന്‍ലാലിന് ജനങ്ങളുടെ ജീവിതത്തില്‍ ക്രിയാത്മകമായ മാറ്റങ്ങള്‍ കൊണ്ടുവരാനാകും”

കത്തിന്റെ ഒറിജിനല്‍ താഴെ കൊടുക്കുന്നു.http://www.azhimukham.com/trending-narendra-modis-letter-to-mohanlal/

മോദിയോടുള്ള തന്റെ മഹത്തായ പ്രണയം ബ്ലോഗ് കുറിപ്പുകളിലൂടെ മോഹന്‍ലാല്‍ രണ്ടു തവണ തുറന്നു പ്രഖ്യാപിച്ചിട്ടുണ്ട്. അന്നൊക്കെ ദോഷൈകദൃക്കുകള്‍ മോഹന്‍ലാല്‍ ഇതാ ബിജെപിയിലേക്ക് ചേരാന്‍ പോകുന്നു എന്നൊക്കെ ആര്‍ത്തുവിളിക്കുകയും ചെയ്തിരുന്നു. അവരതിന് തെളിവായി ലാലിന്റെ പഴയ മീശ പിരിയന്‍ വരിക്കാശേരി തമ്പുരാന്‍ പടങ്ങളുടെ ക്ലിപ്പുകള്‍ ഓരോന്നായി ജനകീയ കോടതിയില്‍ ഹാജരാക്കി. 1990-കള്‍ മുതല്‍ തുടങ്ങിയിരിക്കുന്നു മലയാള സിനിമയിലെ സവര്‍ണ്ണ ഹിന്ദുത്വ ഗൂഡാലോചന. അതിന്റെ പരിണതി ലാലിന്റെ ബിജെപി പ്രവേശത്തിലൂടെ പൂര്‍ത്തിയാകും. അവര്‍ എഴുതുകയും പ്രസംഗിക്കുകയും ചെയ്തു.

2014ല്‍ ഇതേ മാസത്തിലായിരുന്നു മോദി എന്ന അത്ഭുത മനുഷ്യനില്‍ അത്ഭുതം കൂറി മോഹന്‍ലാലിലെ കുട്ടി, ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്. അധ്യാപക ദിനത്തില്‍ മോദി കുട്ടികളോട് സംവദിക്കുന്നത് കണ്ടതായിരുന്നു പ്രചോദനം.

ലാല്‍ എഴുതുന്നു, “എന്നെങ്കിലും ഇന്ത്യയുടെ പ്രധാനമന്ത്രിയാകുമെന്ന് താങ്കള്‍ സ്വപ്‌നം കണ്ടിരുന്നോ എന്ന് ഒരു കുട്ടി മോദിയോട് ചോദിച്ചു.” അപ്പോള്‍ മോദിയുടെ മറുപടി ഇങ്ങനെ ആയിരുന്നു, “ആരെങ്കിലും ആകാനല്ല നിങ്ങള്‍ ആഗ്രഹിക്കേണ്ടത്. എന്തെങ്കിലും ആത്മാര്‍ത്ഥമായി ചെയ്യാനാണ് നിങ്ങള്‍ സ്വപ്‌നം കാണേണ്ടത്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുക. അപ്പോള്‍ നിങ്ങള്‍ ആരെങ്കിലും ആകും.”

പിന്നീട് ലാല്‍ മോദിക്ക് വേണ്ടി തൂലിക എടുത്തത് (കു)പ്രസിദ്ധമായ നോട്ട് അസാധുവാക്കല്‍ കാലഘട്ടത്തിലായിരുന്നു.

മോദിയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക് ഒരു 'സത്യസന്ധമായ ഇന്ത്യ' കെട്ടിപ്പടുക്കാനുള്ള ശ്രമമായാണ് ലെഫ്ട്നന്‍റ് കേണല്‍ കൂടിയായ ലാല്‍ വിശേഷിപ്പിച്ചത്. കൂട്ടത്തില്‍ സമ്പൂര്‍ണ്ണ നടന്‍ ഒരു കാര്യം കൂടി പറഞ്ഞു, “ഞാന്‍ വ്യക്തികളെയല്ല ആരാധിക്കുന്നത്, ആശയങ്ങളെയാണ്”.

എന്തൊരു വൈരുദ്ധ്യം അല്ലേ. തനിക്ക് പിന്നില്‍ ലക്ഷങ്ങളെ ചെല്ലും ചെലവും കൊടുത്തു വളര്‍ത്തുന്ന ഒരു താര രാജാവിന്റെ ഒന്നാന്തരം ഫിലോസഫി!

എന്തായാലും നരേന്ദ്ര മോദിയെ തെറ്റ് പറയാന്‍ പറ്റില്ല. അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയാണ് സ്വച്ഛ് ഭാരത്. ദോഷൈക ദൃക്കുകള്‍ കളിയാക്കുന്ന കക്കൂസ് പദ്ധതി. (നിപിന്‍ നാരായണന്‍ എന്ന ചിത്രകാരന്‍ ഇന്ധന വിലയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം കൂടി അതിനെ അതിക്രൂരമായി കളിയാക്കിയത് സോഷ്യല്‍ മീഡിയയില്‍ വലിയ ശ്രദ്ധ നേടുകയുണ്ടായി.)സ്വച്ഛ ഭാരത് വിജയിപ്പിക്കുന്നതിന് വേണ്ടി അദ്ദേഹം ഒരു 'മനോരോഗി'യെ പോലെ ഏത് വഴികളിലൂടെയും സഞ്ചരിക്കും. ഇവിടെ ലാല്‍ ആണെങ്കില്‍ തമിഴ്നാട്ടില്‍ അണ്ണനെ പിടിക്കും. വേണമെങ്കില്‍ തെലുങ്കില്‍ പോയി ബാഹുബലിയെ തന്നെ രംഗത്തിറക്കും.

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി എം.ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം മഹാഭാരതം എന്ന പേരില്‍ 1000 കോടിയുടെ സിനിമാ പ്രഖ്യാപനം ഉണ്ടായപ്പോള്‍ കട്ട സപ്പോര്‍ട്ട് മോദി പ്രഖ്യാപിച്ചിരുന്നു. അത് മറ്റൊരു സ്വപ്ന പദ്ധതിയായ മേക്കിംഗ് ഇന്ത്യയുടെ പേരിലായിരുന്നു. (നമ്മുടെ ശശികല ടീച്ചറും ടീമും മഹാഭാരതം എന്ന പേരില്‍ സിനിമ ഇറക്കാന്‍ സമ്മതിക്കില്ല എന്ന് പുലമ്പിയെങ്കിലും കേന്ദ്രത്തില്‍ നിന്നും കാവിക്കൊടി വീശിയതു കണ്ടപ്പോള്‍ പിന്‍വലിഞ്ഞു)

http://www.azhimukham.com/film-what-is-the-problem-in-portraying-bheema-by-mohanlal-ajithkumar/

എന്നാല്‍ മോദിയുടെ ലാല്‍ കത്തിന് ഇന്നത്തെ മലയാള പത്രങ്ങള്‍ ഒന്നും എന്തുകൊണ്ടോ അത്ര പ്രാധാന്യം കൊടുത്തു കണ്ടില്ല. എല്ലാവരും നമ്മുടെ അല്‍ഫോണ്‍സ് മന്ത്രിയുടെ പിന്നാലെ ആയിരുന്നു. മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ മറ്റൊരു തുരുപ്പ് ശീട്ട്.

മന്ത്രി അല്‍ഫോണ്‍സ് ജിയുടെ മണ്ടത്തരങ്ങളും നാടകങ്ങളുമൊക്കെയായി ഒരുപാടുണ്ട് ഇന്ന് വായിക്കാന്‍. പണക്കാരായ വാഹന മുതലാളിമാരില്‍ നിന്നും നികുതി വാങ്ങി പാവങ്ങളെ രക്ഷിക്കാനാനാണ് ഇന്ധന വില കൂട്ടുന്നത് എന്ന അധ്വാന വര്‍ഗ്ഗ സിദ്ധാന്തവുമായിട്ടാണ് ആ ദേഹം പറന്നിറങ്ങിയിരിക്കുന്നത്.അതിനിടയില്‍ പഴയ സഖാവായ കടകം പള്ളി മന്ത്രിക്ക് ഒരു പാര പണിയാനും കണ്ണന്താനം മറന്നില്ല. ഗുരുവായൂരില്‍ പോയി കുഴപ്പത്തിലായ കടകംപള്ളിക്ക് കണ്ണന്താനം ഭഗവദ് ഗീതയാണ് സമ്മാനമായി കൊടുത്തതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇനി കടകംപള്ളിക്ക് ഒരു കയ്യില്‍ മൂലധനവും മറുകയ്യില്‍ ഭഗവദ് ഗീതയുമായി വിപ്ലവ നടത്തം. ബൈബിള്‍ എന്തിയുള്ള ലാറ്റിന്‍ അമേരിക്കന്‍ വിമോചന ദൈവശാസ്ത്ര വിപ്ലവ കഥകള്‍ എസ് എഫ് ഐ കാലത്ത് വായിച്ചു ആവേശം കൊണ്ടിട്ടുണ്ടാകുമല്ലോ കടകംപള്ളി. ഒരു ഇന്ത്യന്‍ വേര്‍ഷന്‍. കണ്ണൂരിലെ സഖാക്കളുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് ഒരു പടി മുന്‍പില്‍.

http://www.azhimukham.com/offbeat-kadakampally-surendran-guruvayur-temple-vist-cpim-criticism/

ഇതിനിടയില്‍ സൂസപാക്യം, പാളയം ഇമാം, ശിവഗിരി സ്വാമിമാര്‍ തുടങ്ങിയ സ്ഥലത്തെ ദിവ്യന്‍മാരേയും കണ്ണന്താനം മന്ത്രി കാണുകയുണ്ടായി. അവര്‍ക്ക് എന്തെങ്കിലും സമ്മാനം കൊടുത്തോ എന്നറിയില്ല.

പക്ഷേ ഒരാള്‍ മാത്രം കേന്ദ്രമന്ത്രിക്ക് കാണാന്‍ അനുമതി നല്‍കിയില്ല. അത് മറ്റാരുമല്ല, ഇടതു മുന്നണി അധികാരത്തിലേറിയതിന് ശേഷം മൌനത്തിന്റെ കൂട്ടിലൊളിച്ച പെരുന്നയിലെ പോപ്പ് തന്നെ!അപ്പോള്‍ മോദിയുടെ കത്ത്, മോഹന്‍ലാല്‍... നല്ല എണ്ണം പറഞ്ഞ തിരുവനന്തപുരം നായരായ മോഹന്‍ ലാലിനെ ഉപയോഗിച്ച് പുതിയ രാഷ്ട്രീയ തന്ത്രമോ മറ്റോ ആണോ സ്വച്ഛ്താ പ്രേമലേഖനം. ഇങ്ങനെയും സംശയിക്കാലോ..?

രാഷ്ട്രീയമല്ലേ, വല്ലഭന് പുല്ലും ആയുധം.

http://www.azhimukham.com/newswrap-safron-is-not-my-colour-says-kamalhaasan-after-his-meeting-with-pinarayivijayan-sajukomban/

Next Story

Related Stories