Top

അമ്മയും കുഞ്ഞും ശില്പം; കാനായി കരുതിയിരിക്കുക, താങ്കളുടെ യക്ഷിക്ക് മുന്‍പില്‍ ഉടന്‍ തുടങ്ങും ആഭിചാരം

അമ്മയും കുഞ്ഞും ശില്പം; കാനായി കരുതിയിരിക്കുക, താങ്കളുടെ യക്ഷിക്ക് മുന്‍പില്‍ ഉടന്‍ തുടങ്ങും ആഭിചാരം
"ഈ പ്രതിമയ്ക്ക് അനുഗ്രഹശക്തി ഇല്ല, പ്രാര്‍ത്ഥിച്ച് ഉപദ്രവിക്കരുത്." ഇന്ന് മലയാള മനോരമ ദിനപത്രത്തിന്റെ തിരുവനന്തപുരം പ്രാദേശിക പേജില്‍ വന്ന വാര്‍ത്തയാണ്. എന്തുകൊണ്ടും ഒരു സ്റ്റേറ്റ് പേജില്‍ കയാറാന്‍ തക്ക പ്രാധാന്യമുള്ള ഒരു വാര്‍ത്ത. മലയാളിയുടെ കെട്ടിപ്പൊക്കിയ പ്രബുദ്ധതയുടെ പുറംപൂച്ച് അഴിഞ്ഞു വീഴുകയാണ് ഇവിടെ.

തിരുവനന്തപുരം എസ് എ ടി ആശുപത്രിയുടെ മാതൃ-ശിശു കേന്ദ്രത്തിന് മുന്‍പില്‍ ആശുപത്രി സൌന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി സ്ഥാപിച്ച അമ്മയും കുഞ്ഞും പ്രതിമയാണ് വിഷയം. കുറച്ചു കാലമായി ആശുപത്രിയില്‍ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാര്‍ പ്രതിമയ്ക്ക് മുന്‍പില്‍ മെഴുകുതിരിയും ചന്ദനത്തിരിയും കത്തിച്ചുവെക്കാന്‍ തുടങ്ങിയതോടെയാണ് സംഭവം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പെട്ടത്. സംഭവം സമീപ ഭാവിയില്‍ തന്നെ ഒരു ആരാധന കേന്ദ്രമായി മാറും എന്ന ആശങ്കയില്‍ ആശുപത്രി സൂപ്രണ്ട് അറിയിപ്പ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്.

അതിങ്ങനെ: “ഹോസ്പിറ്റല്‍ സൌന്ദര്യവത്ക്കരണത്തിന്റെ ഭാഗമായി ആര്യനാട് രാജേന്ദ്രന്‍ എന്ന ശില്പി തീര്‍ത്ഥ ഒരു പ്രതിമ ആയതിനാലും ഇതിന് സമീപം ഓക്സിജന്‍ പ്ലാന്‍റും കാഷ്വാലിറ്റിയും സ്ഥിതി ചെയ്യുന്നതിനാലും, ഇതിന് മുന്‍പില്‍ മെഴുകുതിരിരി, വിളക്ക്, ചന്ദനത്തിരി എന്നിവ കത്തിക്കുന്നതും ആള് കൂടി തിരക്കാകുന്നതും കര്‍ശനമായി നിരോധിച്ചിരിക്കുന്നു”

കൊള്ളാം കേരളമേ..!

Read More: ആശുപത്രിയിലെ അമ്മയും കുഞ്ഞും പ്രതിമയ്ക്കു മുന്നിലെ പ്രാര്‍ത്ഥന; നിരോധിച്ചിട്ടും ഫലമില്ല


പ്രതിമ ഒരു കോണ്‍ക്രീറ്റ് ശില്പം മാത്രമാണെന്നും ഇവിടെ ചികിത്സ തേടിയെത്തുന്ന രോഗികളും അവരുടെ ബന്ധുക്കളും വഞ്ചിതരാകരുതരുന്നെന്നും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പറഞ്ഞതായി മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

"ഈ പ്രതിമയ്ക്ക് മുന്‍പില്‍ പ്രാര്‍ത്ഥിച്ചാല്‍ സിസേറിയന്‍ കൂടാതെ പ്രസവം നടക്കുമെന്നും മറ്റ് ആഗ്രഹങ്ങളും സഫലമാകുമെന്നുമൊക്കെയുള്ള വിശ്വാസം പരന്നതിനെ തുടര്‍ന്ന് ഒട്ടേറെപ്പേര്‍ ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നത് പതിവായിരിക്കുന്നു” എന്നും മനോരമ റിപ്പോര്‍ട്ടില്‍ പറയുന്നു.

മലയാള മനോരമ വിശ്വാസം എന്ന വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ശുദ്ധ അസംബന്ധത്തെ അന്ധവിശ്വാസം എന്ന വാക്ക് തന്നെ ഉപയോഗിച്ച് വിശദീകരിക്കാനുള്ള രാഷ്ട്രീയ സാമൂഹിക ബോധം ഇതെഴുതിയ റിപ്പോര്‍ട്ടര്‍ക്ക് ഇല്ലാത്തതില്‍ ഖേദിക്കുന്നു.അതേ സമയം "ശില്‍പ്പം അന്ധവിശ്വാസം ആക്കുന്നു; വിലക്കുമായി അധികൃതര്‍" എന്ന ജന്മഭൂമി തലക്കെട്ട് അഭിനന്ദനം അര്‍ഹിക്കുന്നു.

പ്രതിമയെ കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ അടക്കം തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നുണ്ട് എന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നതും ശ്രദ്ധിക്കണം. ഇപ്പോള്‍ എന്തു തോന്ന്യാസവും നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് ലെജിറ്റിമേറ്റ് ചെയ്യാം എന്ന സാധ്യതയാണ് ഉണ്ടായിരിക്കുന്നത്. നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കിടക്കുന്ന നടന്‍ ദിലീപിനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളില്‍ ആരംഭിച്ച പി ആര്‍ കാമ്പയിനുകള്‍ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരിക്കുകയാണ്.

"എസ് എ ടിയ്ക്ക് മുന്‍പിലെ ശില്‍പ്പത്തിന് മുന്‍പില്‍ വിളക്ക് വെയ്ക്കരുത്" എന്നാണ് ദേശാഭിമാനി വാര്‍ത്തയുടെ തലക്കെട്ട്.

മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ശരീര ഭാഗങ്ങള്‍ വരച്ചു കൊടുക്കുന്ന കലാകാരന്‍ കൂടിയായ ആര്യനാട് രാജേന്ദ്രന്‍ 1990ലാണ് ഈ ശില്പം നിര്‍മ്മിച്ചത്. 27 വര്‍ഷം കൊണ്ട് കേരളം എത്രമാത്രം 'പുരോഗതി' പ്രാപിച്ചിരിക്കുന്നു എന്നാലോചിക്കുക. മുലയൂട്ടുന്ന സമയത്ത് അമ്മയ്ക്ക് കുഞ്ഞിനോടുള്ള സ്നേഹവും പ്രതീക്ഷയും ആവിഷ്ക്കരിക്കാന്‍ ശ്രമിച്ച ശില്‍പത്തിന്റെ ദുര്യോഗം മലയാളി ഇന്നെത്തിയിരിക്കുന്ന മൂല്യ തകര്‍ച്ചയുടെ സൂചന കൂടിയാണ്.

ചേര്‍ത്തല കളവംകോട് കണ്ണാടി പ്രതിഷ്ഠ നടത്തിയ ശ്രീനാരായണ ഗുരുവിന് നാട് നീളെ സിമന്‍റ് പ്രതിമയുണ്ടാക്കിവെച്ച നാടാണ് ഇത്. സര്‍ക്കാര്‍ ഭൂമിയില്‍ കുരിശ് നാട്ടി കയ്യേറുന്ന നാട്. ആള്‍ദൈവങ്ങളുടെ ആലയങ്ങളിലേക്ക് മത്സരിച്ച് ആള് കൂടുന്ന നാട്. അതിന്റെ മറവില്‍ നടക്കുന്ന സാമൂഹ്യ വിരുദ്ധ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളെ കണ്ടില്ലെന്ന് നടിച്ച് എല്ലാം ദൈവിക ആരാധനയും മത വിശ്വാസവുമാണ് എന്ന മട്ടില്‍ അവതരിപ്പിച്ചു ആളുകള്‍ അടിമകളാക്കപ്പെടുന്നു. ലൈംഗിക പീഡനത്തിനൊടുവില്‍ ലിംഗം ഛേദിക്കപ്പെട്ട ഒരു സ്വാമിയുണ്ട് ഈ നാട്ടില്‍. അവിടെ ഇതല്ല ഇതിനപ്പുറവും നടക്കും.

എന്തായാലും കാനായി കുഞ്ഞിരാമന്‍ കരുതി ഇരുന്നു കൊള്ളുക. താങ്കള്‍ മലമ്പുഴയില്‍ സ്ഥാപിച്ച യക്ഷി പ്രതിമയ്ക്ക് മുന്‍പില്‍ എന്തൊക്കെ ആഭിചാരങ്ങളാണ് നടക്കാന്‍ പോകുന്നത് എന്തോ?

Next Story

Related Stories