Top

മിടുക്കര്‍ 'കൊല്ലപ്പെടുന്ന' കോഴിക്കോട് എന്‍ഐടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ ആത്മഹത്യ

മിടുക്കര്‍
കോഴിക്കോട് കുന്ദമംഗലം എന്‍ ഐ ടിയില്‍ ഒരു വര്‍ഷത്തിനിടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. തിരുവനന്തപുരം സ്വദേശി അരുണ്‍ കൃഷ്ണയാണ് കോളേജ് ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. നാനോ സയന്‍സ് ടെക്നോളജിയില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അരുണ്‍. കഴിഞ്ഞ ജൂലായില്‍ ആന്ധ്ര സ്വദേശിയായ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ഗോല രാമകൃഷ്ണ പ്രസാദ് സമാനമായ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. മൂന്നുമാസങ്ങള്‍ക്കിടയിലെ രണ്ടാമത്തെ മരണം ഞെട്ടിക്കുന്നതാണ്.

ഇന്നലെ മരിച്ച അരുണ്‍ ബിടെക്കിന് രണ്ടാം റാങ്ക് നേടിയാണ് എന്‍ ഐ ടിയില്‍ പഠിക്കാന്‍ എത്തിയത്. ചെന്നൈയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ഉണ്ടായിരുന്നു. അത് രാജി വെച്ചാണ് ഉന്നത വിദ്യാഭ്യാസം എന്ന സ്വപ്നം സഫലമാക്കാന്‍ ഈ യുവാവ് കോഴിക്കോട് എത്തിയത്. അയാളുടെ സ്വപ്നങ്ങളെ പാതിയില്‍ തല്ലിക്കൊഴിച്ചത് ആരാണ്? എന്തായിരിക്കാം മിടുക്കനായ ഈ വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍? അത് വളരെ സ്വകാര്യമായ ഒന്നാകാം. അല്ലെങ്കില്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ ആത്മഹത്യ ചെയ്ത രോഹിത് വെമൂലയുടേത് പോലെ സാമൂഹിക കാരണങ്ങള്‍ ആകാം.

"പഠിക്കാന്‍ മിടുക്കനും ശാന്ത സ്വഭാവക്കാരനുമായിരുന്നു അരുണ്‍ കൃഷ്ണ എന്നു ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു" -മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും സംശയങ്ങള്‍ ഉണ്ടാവുക സ്വഭാവികം. അത് പോലീസ് ദൂരീകരിച്ചു കൊടുക്കുക തന്നെ വേണം. മരണത്തില്‍ റാഗിംഗ് പോലുള്ള ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടെങ്കില്‍ കണ്ടുപിടിക്കണം. കുറ്റക്കാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരണം.

അതിനേക്കാള്‍ ഉപരി, രാജ്യത്തെ പ്രമുഖ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് കോഴിക്കോട് എന്‍ ഐ ടി. മിടുക്കരായ കുട്ടികളാണ് ഇവിടെ പഠിക്കാന്‍ എത്തുന്നത്. അവര്‍ മരണത്തിലേക്ക് തള്ളിവിടപ്പെടുന്നതിനെ കുറിച്ച് ആ സ്ഥാപന മേലധികാരികള്‍ക്ക് എന്താണ് പറയാനുള്ളത്? മൂന്നു മാസത്തിനിടെയുള്ള സമാനമായ മരണങ്ങള്‍ യാദൃശ്ചികം എന്നു പറഞ്ഞു തള്ളിക്കളയാന്‍ കഴിയുമോ? മരണം ആത്മഹത്യ ആയാലും കൊലപാതകമായാലും അതിലെ സാമൂഹികമായ വേരുകളെ നമുക്ക് എത്രകാലം അഭിസംബോധന ചെയ്യാതിരിക്കാന്‍ കഴിയും? രോഹിത് വെമൂല എന്ന മിടുക്കനായ വിദ്യാര്‍ത്ഥി ഉയയര്‍ത്തിയ ചര്‍ച്ചകള്‍ അതുകൊണ്ട് തന്നെ എന്തുകൊണ്ടും പ്രധാനമാണ്.

ഇതേ വാര്‍ത്ത വന്ന മലയാള മനോരമയുടെ തൊട്ടടുത്ത പേജില്‍ തിരുവനന്തപുരത്ത് സി ഇ ടി എഞ്ചിനീയറിംഗ് കോളേജില്‍ നിന്നുള്ള ഒരു വാര്‍ത്തയുണ്ട്. കോളേജ് മെന്‍സ് ഹോസ്റ്റലിലെ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിക്കുകയും നിര്‍ബന്ധിച്ച് മദ്യം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു എന്നാണ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് റാഗിംഗിന് തുല്യമാണ് എന്നു കുട്ടികള്‍ പറയുന്നു.

"റാഗിംഗിന് സമാനമായ പ്രവൃത്തികള്‍ കൊണ്ട് എട്ട് ഒന്നാം വര്‍ഷ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വിട്ട് വാടക വീടുകളിലേക്കും ലോഡ്ജുകളിലേക്കും താമസം മാറിയതായി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ പറയുന്നു" (മനോരമ)രണ്ടു വര്‍ഷം മുന്‍പാണ് ഇവിടെ വിദ്യാര്‍ത്ഥികളുടെ അതിരുവിട്ട ഓണാഘോഷ പരിപാടിക്കിടെ നിയന്ത്രണം വിട്ടെത്തിയ ജീപ്പിടിച്ച് ഒരു വിദ്യാര്‍ഥിനി കൊല്ലപ്പെട്ടത്. അതിനു ശേഷം വലിയ നിയന്ത്രണങ്ങള്‍ കാമ്പസിനകത്ത് കൊണ്ടുവന്നെങ്കിലും അതൊന്നും വലിയ ഫലമില്ലെന്നാണ് ഇപ്പോഴത്തെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്.

ബംഗളൂരുവില്‍ മലയാളിയായ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട വാര്‍ത്ത കൂടി സൂചിപ്പിച്ചുകൊണ്ട് കൊണ്ട് ഈ വിഷയം അവസാനിപ്പിക്കാം. പാലക്കാട് സ്വദേശിയായ ഇന്‍കം ടാക്സ് ഉദ്യോഗസ്ഥന്റെ മകനെ മോചന ദ്രവ്യത്തിന് വേണ്ടിയാണ് ഉറ്റ ചങ്ങാതിയുടെ നേതൃത്വത്തില്‍ തട്ടിക്കൊണ്ടുപോയത്. പണമോ, ആഡംബര ജീവിതത്തിനു വേണ്ടിയും.

ജിഷ്ണു പ്രണോയിയെ നമ്മളാരും മറന്നിട്ടില്ലല്ലോ? തൃശൂരിലെ വിനായക്?

അതേ, മിടുക്കരായ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ആത്മഹത്യ ചെയ്യുകയും പീഡിപ്പിക്കപ്പെടുകയും ചെയ്യുന്നത് തുടരുകയാണ്. ഇവയൊക്കെ സാദാ 'കുറ്റകൃത്യങ്ങള്‍' മാത്രമായി സ്വീകരിച്ച് നിസംഗമാകാന്‍ സമൂഹ മനസ്സ് പാകപ്പെട്ടു കഴിഞ്ഞോ? ഇല്ലാതാകുന്ന കുഞ്ഞുങ്ങളുടെ ബന്ധുക്കളുടെ മാത്രം പ്രശ്നമായി ഇവയെല്ലാം ചുരുങ്ങുകയാണോ?

തോമസ് ചാണ്ടിക്ക് കുരുക്കുമുറുകുമ്പോള്‍

ഇന്നത്തെ പത്രങ്ങളുടെ വെണ്ടയ്ക്ക ലീഡുകള്‍ എല്ലാം തോമസ് ചാണ്ടിയെ ചുറ്റിപ്പറ്റിയാണ്.

രാജിക്കായി സമ്മര്‍ദ്ദം (മലയാള മനോരമ), എല്‍ ഡി എഫ് സമ്മര്‍ദത്തില്‍ (കേരള കൌമുദി) എന്നിവര്‍ ഭരണ മുന്നണി നേരിടുന്ന പ്രതിസന്ധിയെ റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ജന്‍മഭൂമി സിപിഎമ്മിലെ ഛിദ്ര സാധ്യതയാണ് തേടുന്നത്. അവരുടെ തലക്കെട്ട് ഇങ്ങനെയാണ്. 'രാജിക്കാര്യം പ്രമാണിമാര്‍ തീരുമാനിക്കട്ടെ' എന്ന വി എസിന്റെ പ്രസ്താവനയാണ് അത്.

എന്തായാലും വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുന്‍പായി ഒരു അഗ്നിപരീക്ഷണം തന്നെയാണ് പിണറായിക്ക് ചാണ്ടി പ്രശ്നം. അക്കാര്യം മാതൃഭൂമിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. തോമസ് ചാണ്ടി വിഷയത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി വി അനുപമയുടെ അന്വേഷണ റിപ്പോര്‍ട്ട് വേങ്ങര ഉപതിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ എന്നാണ് മാതൃഭൂമി പറയുന്നത്.എന്നാല്‍ വളരെ കൌതുകകരവും ആഹ്ളാദകരവുമായ ലീഡ് നല്‍കി മാതൃഭൂമി ഇന്ന് ഞെട്ടിച്ചു കളഞ്ഞു. 'തെങ്ങിന്റെ ജനിതക രഹസ്യം കണ്ടെത്തി' എന്നതാണ് ആ ലീഡ്. കാസര്‍ഗോഡ് തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിലെയും ശാസ്ത്രജ്ഞന്‍മാര്‍ കൂട്ടായി നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍. യഥാര്‍ത്ഥത്തില്‍ ഈ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയത് കേരളത്തിന്റെ ജനിതക രഹസ്യം തന്നെയാണ്.

Next Story

Related Stories